പപ്പായക്ക, തോപ്പക്കായ, കപ്ലങ്ങ, കര്‍മൂസ, ഓമക്കായ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പപ്പായ ഏതാണ്ട് 16-ാം നൂറ്റാണ്ടിലാണ്
പപ്പായക്ക, തോപ്പക്കായ, കപ്ലങ്ങ, കര്‍മൂസ, ഓമക്കായ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പപ്പായ ഏതാണ്ട് 16-ാം നൂറ്റാണ്ടിലാണ് തെക്കെ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയത്. സ്വാദിഷ്ടവും പോഷകസമ്പന്നവുമായ പപ്പായയെ പോഷക പദാര്‍ഥങ്ങളുടെ നിറകുടമെന്ന് വിശേഷിപ്പിക്കാം. ധാരാളം ധാതുലവണങ്ങളും എ, ബി, ബി2, സി, ജി എന്നീ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പച്ചക്കായയില്‍ പപ്പയിനും കാത്സ്യവും ഫോസ്ഫറസും ഇരുമ്പും പഴുത്ത കായയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കാണപ്പെടുന്നുണ്ട്. പച്ചക്കായകള്‍ പച്ചക്കറിയായും ഉപയോഗിക്കുന്നു. ഇതിന്റെ ഇലകള്‍ നല്ല ഒരു വിരനാശിനിയാണ്. ഇലയില്‍ കാര്‍പ്പിന്‍ എന്ന ഒരു ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്.
'പപ്പയിന്‍' എന്ന എന്‍സൈം ഉള്ളതിനാല്‍ ദഹനത്തിനും സഹായകമാകും. വിത്തില്‍ 'കാരിസിന്‍' എന്ന എണ്ണയുടെ സാന്നിധ്യമുണ്ട്. ഇതിന് ഉദരകൃമികളെ ശമിപ്പിക്കാനുള്ള ശേഷിയുണ്ട്. പപ്പായക്കറ പുറമെ പുരട്ടിയാല്‍ പുഴുക്കടി ശമിക്കും. പുഴുക്കടിക്ക് പപ്പായക്കുരു അരച്ചു ലേപനം ചെയ്യാവുന്നതാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടത് വിറ്റാമിന്‍ എ ആണല്ലോ. അത് പപ്പായയില്‍ വേണ്ടത്രയുണ്ട്. മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒരു പഴവര്‍ഗമാണിത്.
പപ്പായയില്‍നിന്ന് എടുക്കുന്ന ഔഷധപ്രാധാന്യമുള്ള മറ്റൊരു വസ്തു പപ്പയിന്‍ ആണ്. നല്ല പഴുത്ത പപ്പായയുടെ പാല്‍ ഉണക്കി എടുക്കുന്നതാണിത്. ഇത് മാംസം മാര്‍ദവമുള്ളതാക്കുവാന്‍ ഉപയോഗിക്കുന്നു. മരത്തിന്റെ ഇലയോ പച്ചക്കായയുടെ കഷ്ണമോ തുണികള്‍ കഴുകുമ്പോള്‍ വെള്ളത്തിലിട്ടാല്‍ അഴുക്ക് നല്ലപോലെ ഇളകിവരുന്നത് കാണാം.
നല്ലപോലെ പഴുത്ത പപ്പായ കൊണ്ട് ജാം, ജെല്ലി, അച്ചാര്‍ എന്നിവ ഉണ്ടാക്കാം. അധികം ആയാസം കൂടാതെ എല്ലാ കാലത്തും ഫലം തരുന്ന ഒരു പഴച്ചെടി നട്ടുവളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം പപ്പായക്കു നല്‍കാം. കേരളത്തിലെ മണ്ണും കാലാവസ്ഥയും പപ്പായയുടെ സമൃദ്ധമായ വളര്‍ച്ചക്ക് പറ്റിയതുമാണ്.
ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തിലാണ് തൈകള്‍ വളര്‍ത്തി പപ്പായക്കൃഷി ആരംഭിക്കേണ്ട സമയം. വിത്ത് മുളപ്പിച്ചുണ്ടാക്കിയ തൈകള്‍ നടാന്‍ ഉപയോഗിക്കുന്നു. വിത്ത് പോളിത്തീന്‍ കവറുകളില്‍ പാകി മുളപ്പിക്കുക. രണ്ടുമാസം പ്രായമായ തൈകള്‍ ഇടവപ്പാതിക്ക് മുന്നോടിയായി ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണ്, ചാണകം (കമ്പോസ്റ്റ്), ചകിരിച്ചോറ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് നടുക.
പപ്പായക്ക് വലിയ തോതിലുള്ള വളപ്രയോഗം ആവശ്യമില്ല. വളര്‍ച്ചക്കനുസരിച്ച് ജൈവവളം ചുവട്ടില്‍ ചേര്‍ത്തുകൊടുക്കാം. വേനല്‍കാലത്ത് ആഴ്ചയില്‍ ഒരുതവണ നനച്ചുകൊടുക്കണം. വെള്ളക്കെട്ടുണ്ടായാല്‍ അഴുകല്‍ രോഗം ഉണ്ടാകാനിടയുണ്ട്. നീര്‍വാര്‍ച്ചാ സൗകര്യം ഉണ്ടാക്കിയും ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിച്ചും ഇത് ഒഴിവാക്കാം. ചെറുകായ്കള്‍ ധാരാളമായി കൊഴിഞ്ഞുപോകുന്നത് കണ്ടാല്‍ ബോര്‍ഡോ മിശ്രിതം തളിക്കുന്നതാണ് നല്ലത്. പൂസാഡ്വാര്‍ഫ്, പൂസാനന്ഹ എന്നിവ വീട്ടുവളപ്പില്‍ കൃഷിചെയ്യാവുന്ന കുള്ളന്‍ ഇനങ്ങളാണ്. സോളോ, റാഞ്ചി എന്നിവയും നടാം. ശരാശരി 50 കിലോഗ്രാം പപ്പായ ഒരു ചെടിയില്‍നിന്ന് വിളവെടുക്കാം.
മണ്ണിര കമ്പോസ്റ്റ്
മണ്ണിന്റെ ഉപരിതലത്തില്‍ ജൈവാംശം ആഹാരമാക്കി കഴിയുന്ന മണ്ണിരയുടെ വിസര്‍ജ്ജ്യമാണ് മണ്ണിര കമ്പോസ്റ്റ്. ജൈവകൃഷിക്ക് ഉപയോഗിക്കുന്ന ഒന്നാംതരം വളം കൂടിയാണ് മണ്ണിര കമ്പോസ്റ്റ്. ഓരോ മണ്ണിരയും ജൈവവസ്തുക്കളെ എളുപ്പത്തില്‍ ജീര്‍ണ്ണിപ്പിക്കുവാന്‍ ആവശ്യമായ ലക്ഷക്കണക്കിനു ബാക്ടീരിയകളെ അവയ്ക്ക് ചുറ്റും വളര്‍ത്തുന്നു. ഈ ബാക്ടീരിയകളെ ജൈവ വസ്തുക്കള്‍ക്കൊപ്പം മണ്ണിര ഭക്ഷിക്കുന്നു. മണ്ണിര കമ്പോസ്റ്റില്‍ ധാരാളം എന്‍സൈമുകളും ആന്റിബയോട്ടിക്കുകളും ഹോര്‍മോണുകളും വിറ്റാമിനുകളും സസ്യപോഷകങ്ങളും അടങ്ങിയിരിക്കുന്നു.
തറനിരപ്പില്‍നിന്നും 60 സെ.മി ഉയരത്തില്‍ സൗകര്യപ്രദമായ നീളത്തിലും ഒരു മീറ്റര്‍ വീതിയിലുമുള്ള ടാങ്കുകള്‍ സിമന്റ് കട്ട, ഇഷ്ടിക, ചെങ്കല്ല് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് തണലുള്ളതും വെള്ളക്കെട്ടുണ്ടാവാത്തതുമായ സ്ഥലത്ത് നിര്‍മിക്കാം. സില്‍പോളിന്‍ ടാങ്കിലും അല്ലെങ്കില്‍ കൃഷിസ്ഥലത്ത് ചതുരാകൃതിയില്‍ കുഴിയെടുത്തും നിര്‍മ്മിക്കാവുന്നതുമാണ്. ടാങ്കിനകത്ത് ഒരു ഭിത്തികെട്ടി രണ്ടറകളാക്കി മാറ്റുക. തറക്ക് ഒരു ഭാഗത്തേക്ക് അല്‍പം ചെരിവ് കൊടുക്കണം. ഈ ചെരിവില്‍ കൂടി ലഭിക്കുന്ന ജലം (മണ്ണിര കമ്പോസ്റ്റിന്റെ സത്ത്- വെര്‍മിവാഷ്) പി.വി.സി പൈപ്പ് ഉപയോഗിച്ച് ശേഖരിക്കാവുന്നതാണ്. പൈപ്പ് തുറക്കാനും അടക്കാനുമുള്ള അടപ്പ് ഉണ്ടായിരിക്കണം. ഉറുമ്പുകള്‍ മണ്ണിര കമ്പോസ്റ്റില്‍ പ്രവേശിക്കാതിരിക്കാന്‍ ചുറ്റും ചാലുകള്‍ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്താവുന്നതാണ്.
അഴുകാത്ത വസ്തുക്കള്‍ അഴുകുന്നതുവരെ ഒന്നാമത്തെ അറക്കകത്ത് സൂക്ഷിക്കുക. അഴുകിയതിനു ശേഷം രണ്ടാമത്തെ അറയിലേക്ക് മാറ്റുക. വീട്ടിലെയും കൃഷിയിടത്തിലേയും ജൈവാവശിഷ്ടങ്ങള്‍ (പ്ലാസ്റ്റിക് ഇടരുത്), വാഴയുടെ തട്ട കഷ്ണങ്ങളാക്കിയത്, ചപ്പുചവറുകള്‍ എന്നിവ കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കാം. ഇടക്ക് ചാണകക്കുഴമ്പ് തളിച്ചു കൊടുക്കണം. ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം കുടഞ്ഞു കൊടുക്കണം. 40-45 ദിവസത്തിനകം മണ്ണിരക്കമ്പോസ്റ്റ് തയ്യാറായിക്കിട്ടും.
മണ്ണിര കമ്പോസ്റ്റുണ്ടാക്കാന്‍ 'യൂഡ്രീല്ലസ് യൂജിനീയേ' എന്ന ആഫ്രിക്കന്‍ മണ്ണിരയെയാണ് ഉപയോഗിക്കുന്നത്. ഇത്തരം മണ്ണിരകള്‍ ഇട്ട ശേഷം തണുത്ത ചാക്ക്, അല്ലെങ്കില്‍ ഓല എന്നിവ ഉപയോഗിച്ച് ടാങ്ക് മൂടുക. 45 ദിവസം കഴിഞ്ഞതിനു ശേഷം ചാക്ക് മാറ്റിയാല്‍ മണ്ണിര താഴേക്ക് പോയിത്തുടങ്ങും. പ്രകാശമേല്‍ക്കുമ്പോള്‍ മണ്ണിര അടിയിലേക്ക് പോകും. അതിന് ശേഷം മുകള്‍ഭാഗത്തു നിന്ന് കമ്പോസ്റ്റ് വാരിമാറ്റേണ്ടതാണ്. വീണ്ടും ഉപയോഗിക്കാന്‍ മണ്ണിരയെ എടുത്ത് ടാങ്കിലേക്ക് നിക്ഷേപിക്കണം. മണ്ണിരയില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, കാത്സ്യം, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ് എന്നീ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു.
വെര്‍മി വാഷ്
മണ്ണിര ടാങ്കിലെ പൈപ്പ് മുഖേന ശേഖരിക്കുന്ന മണ്ണിര കമ്പോസ്റ്റിന്റെ സത്തിനെയാണ് വെര്‍മിവാഷ് എന്ന് പറയുന്നത്. ഈ വെര്‍മി വാഷ് അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ വിളകളുടെ വളര്‍ച്ച ഉത്തേജിപ്പിക്കാം.
ജൈവ വളങ്ങള്‍
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ജൈവ വസ്തുക്കള്‍ അഴുകുമ്പോള്‍ ലഭിക്കുന്നവയാണ് ജൈവ വളങ്ങള്‍. ഇവ ആരോഗ്യമുള്ള മണ്ണിന് അത്യന്താപേക്ഷിതമാണ്. മണ്ണിന്റെ നൈസര്‍ഗിക സ്വഭാവങ്ങള്‍ സംരക്ഷിക്കുന്നതിനും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിനും ജലം ആഗിരണം ചെയ്യുന്നതിനും മണ്ണിലടങ്ങിയ കോടാനുകോടി ജീവാണുക്കളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും എല്ലാറ്റിനുമുപരി ചെടിയുടെ വളര്‍ച്ചക്കാവശ്യമായ സസ്യപോഷകങ്ങള്‍ നല്‍കുന്നതിനും ജൈവ വളങ്ങള്‍ സഹായിക്കുന്നു.
പച്ചില വളങ്ങള്‍, കോഴിവളം, കാലിവളം, വിവിധതരം കമ്പോസ്റ്റുകള്‍, പിണ്ണാക്കുകള്‍, എല്ലുപൊടി, മത്സ്യവളം, അസോള, ചാരം, ജീവാണു വളങ്ങള്‍ എന്നിവയാണ് മികച്ച ജൈവ വളങ്ങള്‍.
പച്ചില വളങ്ങള്‍
പുരാതനകാലം മുതല്‍ മനുഷ്യന്‍ വളമായി ഉപയോഗിക്കുന്നതാണ് പച്ചില വളങ്ങള്‍. ഇവ മണ്ണിന്റെ ഘടനയും വെള്ളം പിടിച്ചുവെക്കാനുള്ള കഴിവും പോഷകഗുണവും മെച്ചപ്പെടുത്തുന്നു. വന്‍പയര്‍, ശീമക്കൊന്ന, മരുത, ഇരുള്‍ തുടങ്ങിയവ മികച്ച പച്ചില വളങ്ങളാണ്.
കാലിവളം
ചാണകം, ഗോമൂത്രം എന്നിവ അടങ്ങിയതാണ് കാലിവളം. പോഷക ഘടകങ്ങളാല്‍ സമ്പന്നമാണിത്. കാലിവളം ഉണക്കി പൊടിയാക്കിയതോ കമ്പോസ്റ്റാക്കി മാറ്റിയതോ ആണ് ഉപയോഗിക്കാന്‍ നല്ലത്. ചാണകത്തില്‍ ഫോസ്ഫറസ്, പൊട്ടാഷ്, നൈട്രജന്‍ എന്നിവ അടങ്ങിയിരിക്കുന്നു.
സാധാരണ കമ്പോസ്റ്റ്
ജൈവവളങ്ങളുടെ സമ്മിശ്ര ശേഖരമാണ് കമ്പോസ്റ്റ്. ജൈവാവശിഷ്ടങ്ങളില്‍ ചാണകക്കുഴമ്പും ഗോമൂത്രവും ചേര്‍ത്ത് തണലുള്ള ഒരു സ്ഥലത്ത് അരയടി ഉയരത്തില്‍ നിരത്തിയിടുക. അതിനു മീതെ ഗോമൂത്രം നേര്‍പ്പിച്ച് തളിക്കണം. ദിവസവും ഇതിനു മീതെ ജൈവാവശിഷ്ടം നിറച്ച് ഗോമൂത്രം തളിക്കണം. ഇങ്ങനെ രണ്ടാഴ്ചവരെ പല അട്ടിയായി ജൈവാവശിഷ്ടം നിരത്തി ഗോമൂത്രവും ചാണകക്കുഴമ്പും തളിക്കണം. ഒരു മാസം അട്ടി അനക്കാതെ സൂക്ഷിക്കണം. അതുകഴിഞ്ഞ് അട്ടി ഇളക്കുക. വീണ്ടും ഒരു മാസം കളിയുമ്പോള്‍ കമ്പോസ്റ്റ് തയ്യാറാകും.