ശങ്കര്‍പ്പൂര്‍ ഗ്രാമത്തില്‍
കെ.വി സഫിയ /യാത്ര
2015 ഏപ്രില്‍
ഞങ്ങളുടെ ആതിഥേയര്‍ക്കൊപ്പം ശങ്കര്‍പ്പൂര്‍ ഗ്രാമത്തിലാണ് അന്നത്തെ യാത്ര അവസാനിച്ചത്. കേരളത്തില്‍ അഞ്ഞൂറിലേറെ പേര്‍ ഈ
ഞങ്ങളുടെ ആതിഥേയര്‍ക്കൊപ്പം ശങ്കര്‍പ്പൂര്‍ ഗ്രാമത്തിലാണ് അന്നത്തെ യാത്ര അവസാനിച്ചത്. കേരളത്തില്‍ അഞ്ഞൂറിലേറെ പേര്‍ ഈ ഗ്രാമത്തില്‍നിന്ന് വന്നവരാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച മൗണ്ട്ഹിറാ ഗ്രൂപ്പ് പരിമിതികള്‍ ഏറെ ഉണ്ടെങ്കിലും ഇവിടെ ഭംഗിയായി പ്രവര്‍ത്തിക്കുന്നു.
ഞങ്ങളെ സല്‍ക്കരിച്ച ഹസ്‌റത്ത് ബിലാലിന്റെ ഉമ്മയും ആ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളും പാരമ്പര്യ വേഷത്തിലാണെങ്കിലും പ്ലസ്‌വണ്ണില്‍ പഠിക്കുന്ന ഉമ്മു ഹബീബയും സിദ്‌റത്തുല്‍ മുന്‍തഹയും അവരുടെ കൂട്ടുകാരികളും വേഷത്തിലും പെരുമാറ്റത്തിലും ഞങ്ങളുടെ മനംകവര്‍ന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസേന സംസാരിക്കുന്ന അവര്‍ കേരളത്തില്‍ ജോലിചെയ്യുന്ന സ്വന്തം സഹോദരങ്ങളുടെ ക്ഷേമമന്വേഷിച്ചു. നിരക്ഷരരായ ഒരു സമൂഹത്തില്‍ ഇത്രയും യോഗ്യരായ പുതിയ തലമുറ വിദ്യാലയത്തിന്റെ ലക്ഷ്യം സാക്ഷാല്‍കരിക്കുമെന്നതിന് തെളിവാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃഛികമായി ഇവിടം സന്ദര്‍ശിച്ചപ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ രംഗത്തെ ഗുരുതരമായ പിന്നാക്കാവസ്ഥ മനസ്സിലാക്കിയ ചില മലയാളികള്‍ ഈ ഗ്രാമത്തെ ദത്തെടുക്കുകയായിരുന്നു. 2003-ല്‍ മൗണ്ട് ഹിറാ സ്‌കൂള്‍ മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഒരു എല്‍.പി സ്‌കൂളിനുള്ള സൗകര്യംപോലുമില്ലാത്ത ഈ കെട്ടിടത്തില്‍ എല്‍.കെ.ജി മുതല്‍ പത്താംക്ലാസ് വരെയുള്ള ക്ലാസുകള്‍ നടക്കുന്നു. പല ക്ലാസ് മുറിയിലും നിലത്തിരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്. എത്രയോ അധികം കുട്ടികള്‍ സ്‌കൂളിന്റെ പടികാണാതെ പാടത്തും കുളങ്ങളിലും കളിച്ചുനടക്കുന്നതും കാണാമായിരുന്നു.
വഹീദ സുല്‍ത്താനയും ഭര്‍ത്താവും അനിയനും കുടുംബവും താമസിക്കുന്ന വീട് ഞങ്ങള്‍ക്ക് വേണ്ടി ഒഴിഞ്ഞുതരികയായിരുന്നു. ബാത്‌റൂം സൗകര്യമുള്ള അപൂര്‍വ്വ വീടുകളിലൊന്നായിരുന്നു അത്. വെള്ളമെടുക്കാന്‍ കുഴല്‍ക്കിണറിന്റെ ഹാന്‍ഡ്പമ്പ് അമര്‍ത്തണമായിരുന്നു. അടുത്ത ദിവസം പലരുടെയും വീട് സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. മിക്കതും ഒറ്റമുറിക്കുടിലുകളാണ്. മണ്‍ചുമരുകളില്‍ പുല്ലോ തകരഷീറ്റോ ഇട്ട മേല്‍ക്കൂരയുള്ള വീടുകളോട് ചേര്‍ന്നുതന്നെ ആടുമാടുകള്‍ക്കും കോഴികള്‍ക്കും വാസസ്ഥലമൊരുക്കിയിരിക്കുന്നു. നാലും അഞ്ചും വീടുകള്‍ക്ക് ഒരടുക്കളയും പത്തിലേറെ വീടുകള്‍ക്ക് ഒരു കുഴല്‍ക്കിണറും. കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളമെടുക്കാന്‍ ഹാന്‍ഡ്പമ്പുകള്‍ ചലിപ്പിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഇവിടത്തെപ്പോലെ ആശുപത്രികളില്‍ പോകേണ്ട ഗതികേടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം പതിനേഴായിരത്തിലേറെ ജനസംഖ്യയുള്ള ഈ ഗ്രാമത്തില്‍ ഒരു ആശുപത്രി പോലുമില്ലാത്തതും. ജനനവും മരണവും വീടുകളില്‍ തന്നെയാണ് നടക്കുന്നത്.
നമ്മുടെത്‌പോലെ പത്തിരിയും തേങ്ങയിടാത്ത പുട്ടുമൊക്കെ തന്നെയാണ് പ്രാതലിന്റെ വിഭവങ്ങള്‍. മധുരപ്രിയരായതുകൊണ്ട് മിക്ക ഭക്ഷണത്തോടൊപ്പവും രസഗുളയും ഗുലാബ് ജാമും അടക്കമുള്ള പലഹാരങ്ങള്‍ ഉണ്ടാക്കും. ഒരുതരം കരിമ്പനത്തേങ്ങയുടെ ചകിരിക്കുള്ളിലെ കായവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന നെയ്യപ്പവും പ്രധാന ഭക്ഷണമായ മുഡിയും വീടുകളില്‍ തന്നെയുണ്ടാക്കുന്നു. നോക്കെത്താദൂരത്തോളം കൊയ്യാറായ നെല്‍വയലുകളും മത്സ്യം വളര്‍ത്തുന്ന ചെറുതും വലുതുമായ കുളങ്ങളും അധ്വാനിക്കുന്ന മനുഷ്യരും യാത്രയിലെ പതിവു കാഴ്ചകളാണ്.
ഗ്രാമത്തോട് വിടപറയുമ്പോള്‍ സ്‌നേഹിക്കാനും സല്‍ക്കരിക്കാനും മാത്രമറിയുന്ന സഹോദരിമാര്‍ ഹൃദയത്തിന്റെ ഭാഷയില്‍ യാത്രാമംഗളം നേരുന്നുണ്ടായിരുന്നു.
ശാന്തിനികേതന്‍
ബംഗാളി ഭാഷയില്‍ എനിക്കറിയാവുന്ന ഒരു ഗാനമേയുള്ളൂ. 'ജനഗണമന'. ടാഗോര്‍ സ്ഥാപിച്ച ശാന്തി നികേതന്‍ പ്രശസ്തമായ യൂനിവേഴ്‌സിറ്റിയാണ്. ശങ്കര്‍പൂരില്‍നിന്ന് നോക്കെത്താദൂരം വ്യാപിച്ച് കിടക്കുന്ന വയലുകളിലെ നാട്ടുപാതയിലൂടെ രണ്ട് മണിക്കൂറിലേറെ സഞ്ചരിക്കണം ശാന്തിനികേതനിലെത്താന്‍. നെല്ലും കരിമ്പും ചണയും പച്ചക്കറികളും കൃഷിചെയ്യുന്ന പാടങ്ങളും കുടിലുകള്‍ തിങ്ങിയ ഗ്രാമങ്ങളും പിന്നിട്ടപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞതറിഞ്ഞില്ല.
ഇടതൂര്‍ന്ന മരങ്ങളുള്ള കാമ്പസ് പേരിനെ അന്വര്‍ഥമാക്കുന്നു. സമയത്തിന്റെ പരിമിതി മൂലം കാമ്പസ് വിശദമായി കാണാന്‍ കഴിയാത്തതുകൊണ്ട് ദേശീയ കവിയുടെയും മറ്റൊരു വിഖ്യാത ബംഗാളി കവി ഖാസി നസ്‌റുല്‍ ഇസ്‌ലാമിന്റെയും വിശ്രമസ്ഥലങ്ങളോട് ഞങ്ങള്‍ വിടപറഞ്ഞു. ശങ്കര്‍പ്പൂരിലെ ബിലാലിന്റെ ഉമ്മ നിര്‍ബന്ധിച്ച് തന്നയച്ച ചോറും കോഴിക്കറിയും കഴിച്ച് ഞങ്ങള്‍ ന്യൂ ജല്‍പായ്ഗുരിയിലേക്കുള്ള കാഞ്ചന്‍ജംഗ എക്‌സ്പ്രസിലെ ബര്‍ത്തില്‍ ഉറക്കംപിടിച്ചു; അടുത്ത ലക്ഷ്യസ്ഥാനമായ ഗ്യാങ്‌ടോക്കിനെ സ്വപ്‌നം കണ്ടുകൊണ്ട്.
ഗ്യാങ്‌ടോക്ക്
രാവിലെ ഏഴുമണിക്ക് എന്‍.ജെ.പിയിലെത്തുമ്പോള്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. നല്ല തണുപ്പും അനുഭവപ്പെട്ടു. ഗ്യാങ്‌ടോക്കിലേക്കുള്ള നാലര മണിക്കൂര്‍ നീണ്ട യാത്ര വളഞ്ഞു പുളഞ്ഞു പോകുന്ന ഘാട്ട് റോഡിലൂടെയായിരുന്നു. കാടുകളും നീര്‍ച്ചാലുകളും നിറഞ്ഞ പ്രകൃതിയുടെ നേര്‍ക്കാഴ്ച യാത്രയുടെ മുഷിപ്പകറ്റി. സിക്കിമിന്റെ തലസ്ഥാന നഗരിയില്‍ നട്ടുച്ചക്കും നല്ല തണുപ്പനുഭവപ്പെട്ടു. നഗരത്തിലെ ഒട്ടെല്ലാ കെട്ടിടങ്ങളും കുന്നിന്‍ ചെരുവുകളില്‍ അടുക്കുകളായാണ് നിര്‍മ്മിച്ചത്. കച്ചവടസ്ഥാപനങ്ങളിലും ഹോട്ടലുകളിലും മാത്രമല്ല, സ്‌കൂളിലും ഓഫീസുകളിലും ചെന്നെത്താന്‍ നിരവധി പടികള്‍ കയറുകയോ ഇറങ്ങുകയോ വേണം. എന്നാല്‍ മൂന്നു ചതുരശ്ര കിലോമീറ്ററോളം വിസ്തീര്‍ണ്ണമുള്ള എം.ജി മാര്‍ഗ് സമതലമാണ്. ഒട്ടുമിക്ക സാധനങ്ങളും ലഭ്യമായ ഈ മാര്‍ക്കറ്റില്‍ നല്ല ജനത്തിരക്ക് അനുഭവപ്പെട്ടെങ്കിലും ഇന്ത്യയിലെ മറ്റേത് പട്ടണത്തെയും പിന്നിലാക്കുന്ന ശുചിത്വവും സൗന്ദര്യവും കാണാമായിരുന്നു.
അടുത്ത ദിവസം പൂര്‍ണമായും കാഴ്ചകള്‍ കണാനാണ് ചെലവഴിച്ചത്. ഹിമാലയത്തില്‍നിന്നും ഉല്‍ഭവിക്കുന്ന ടിസ്‌ക, രംഗിത തുടങ്ങിയ നദികള്‍ സിക്കിമിലൂടെയാണ് ഒഴുകുന്നത്. ചെങ്കുത്തായ മലകളില്‍നിന്ന് പാറക്കൂട്ടങ്ങളിലേക്ക് പതിക്കുമ്പോള്‍ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുകയും സൂര്യകിരണങ്ങളേറ്റ് മഴവില്ലുകള്‍ വിരിയുകയും ചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്.
ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളുമാണ് ഗ്യാങ്‌ടോക്കിലെ മറ്റൊരു കാഴ്ച. ഉയരം കൂടിയ ഒരു കുന്നിലാണ് സുഖ്ഘാകാജ് എന്ന ഏറ്റവും വലിയ ബുദ്ധക്ഷേത്രം സ്ഥിതിചെയ്യുന്നത്. പല പ്രായത്തിലുള്ള ബുദ്ധ സന്യാസിമാര്‍ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടുന്നു. സ്‌തോത്രങ്ങള്‍ ഉരുവിടുന്നതിനു പകരം പാലി ഭാഷയിലും മറ്റും എഴുതി സ്ഥാപിച്ച വലുതും ചെറുതുമായ ലോഹ സിലിണ്ടറുകള്‍ കറക്കുകയാണ് ചെയ്യുക. ചെറിയവ കൈകള്‍കൊണ്ടും വലിയവ കയറുപയോഗിച്ചും കറക്കുന്നതിലൂടെ പുണ്യം നേടാമെന്നാണ് വിശ്വാസം. മലഞ്ചെരിവുകളില്‍ തോരണം പോലെ തൂക്കിയിട്ട വിവിധ നിറങ്ങളിലുള്ള തൂണുകളിലും സ്‌തോത്രങ്ങളും ദിക്‌റുകളും എഴുതിവെച്ചിട്ടുണ്ട്. അവ കാറ്റിലാടുമ്പോള്‍ പുണ്യം ലഭിക്കുമത്രെ! വിഹാരങ്ങളില്‍ മതഭൗതിക വിദ്യാഭ്യാസം സൗജന്യമാണ്. എന്നാല്‍ എവിടെയും പെണ്‍കുട്ടികളെ കാണാന്‍ കഴിഞ്ഞിട്ടില്ല.
ഉയരമുള്ള രണ്ട് മലകള്‍ക്കിടയില്‍ ബന്ധിപ്പിച്ച റോപ്‌വേയില്‍നിന്നുള്ള വീക്ഷണം നല്ല അനുഭവമായിരുന്നു.
ഗ്യങ്‌ടോക്കില്‍നിന്ന് ഡാര്‍ജിലിംഗിലേക്കുള്ള ദേശീയപാത നിരവധി ഹെയര്‍പിന്‍ വളവുകളും പേടിപ്പെടുത്തുന്ന കൊക്കകളും ഉള്ളതാണ്. എന്നാല്‍ ഒരിടത്തും ട്രാഫിക് സിഗ്‌നലുകള്‍ ഇല്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തും. ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധമതി വാഹനം നൂറുകണക്കിനടി താഴെ കൊക്കകളില്‍ പതിക്കാന്‍. നാലുമണിക്കൂറോളമുള്ള യാത്ര ഡാര്‍ജിലിംഗില്‍ അവസാനിക്കുമ്പോള്‍ രാത്രി എട്ടുമണി കിഞ്ഞിരുന്നു. നേരത്തെ ബുക്ക്‌ചെയ്ത ഗസ്റ്റ്ഹൗസില്‍ ചെന്ന് എത്രയും പെട്ടെന്ന് ഉറങ്ങേണ്ടതുണ്ടായിരുന്നു. മൂന്നു മണിക്കുണര്‍ന്ന് ടൈഗര്‍ഹില്ലില്‍ ചെന്ന് സൂര്യോദയം കാണുക എന്നതായിരുന്നു പിറ്റേന്നത്തെ ആദ്യ പരിപാടി.
ഞങ്ങള്‍ മൂന്നര മണിക്ക് തന്നെ കാറില്‍ കയറി. നല്ല തണുപ്പ്, കുത്തനെയുള്ള മലകയറ്റം. നിരവധി വാഹനങ്ങള്‍ വരിവരിയായി നീങ്ങുകയാണ്. അരമണിക്കൂറിലേറെ സമയമെടുത്തു ടൈഗര്‍ഹില്ലിലെത്താന്‍. അപ്പോഴേക്കും നൂറുകണക്കിനാളുകള്‍ വ്യൂപോയന്റില്‍ സ്ഥലംപിടിച്ചു കഴിഞ്ഞിരുന്നു. ഫ്‌ളാസ്‌കില്‍ ചായയും ചൂടുകടലയും ഒക്കെയായി വില്‍പനക്കാരികളുടെ പൊടിപൊടിച്ച കച്ചവടം നടക്കുന്നു. വിദേശികള്‍ കുറവായിരുന്നെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പല പ്രായക്കാരായ ആളുകളുടെ ഒത്തുചേരല്‍ ഹൃദ്യമായ അനുഭവമായി മാറി.
ഗ്യാങ്‌ടോക്കിലേതുപോലെ കുന്നിന്‍മുകളിലെ ബുദ്ധവിഹാരങ്ങളാണ് അവിടെയും കാണുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും കഴിഞ്ഞാല്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് ബുദ്ധമതക്കാരെങ്കിലും ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേസ്‌റ്റേഷന്‍ ഡാര്‍ജിലിംഗിലാണുള്ളത്. സിലിഗുരിയില്‍നിന്ന് ഡാര്‍ജിലിഗിലേക്ക് 84 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച narrow rail -ലൂടെ ടോയ് ട്രെയിനുകള്‍ സഞ്ചരിച്ചിരുന്നെങ്കിലും ഇപ്പോള്‍ പകുതി ദൂരത്തോളമേ യാത്രാവണ്ടികളോടുന്നുള്ളൂ. കുന്നിന്‍ ചെരിവുകളിലൂടെയും റോഡരികിലൂടെയും കൊച്ചു പാലങ്ങളിലൂടെയുമുള്ള ട്രെയിന്‍ യാത്ര ഏറെ ഹൃദ്യമാണ്.
തിസ്ത, മേചി തുടങ്ങി നാലു നദികളാല്‍ ജലസംപുഷ്ടമായ 3149 ച.കി.മി വിസ്തീര്‍ണ്ണമുള്ള ഡാര്‍ജിലിംഗ് ജില്ലയില്‍ വിവിധ ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷിചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തേയില കൃഷിചെയ്യുന്ന ജില്ലയാണിത്. മലഞ്ചെരുവുകളില്‍ മാത്രമല്ല, വയലുകളിലും സമതലങ്ങളിലും കണ്ണെത്താദൂരത്ത് വ്യാപിച്ചുകിടക്കുന്ന ചായത്തോട്ടങ്ങള്‍ കാണുമ്പോള്‍ നമ്മുടെ സങ്കല്‍പങ്ങള്‍ മാറ്റേണ്ടി വരും. ജയ്പാല്‍ഗുരിയിലേക്കുള്ള റോഡുയാത്ര മണിക്കൂറുകളോളം 'തേയിലപ്പാട'ങ്ങള്‍ക്ക് നടുവിലൂടെയായിരുന്നു.
ഇന്ത്യയിലെ വന്‍ നഗരങ്ങളിലൊന്നായ കൊല്‍ക്കത്തയും ഏറ്റവും പിന്നാക്കമായ ബംഗാള്‍ ഗ്രാമങ്ങളും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളും കണ്ടു മടങ്ങവെ, 'നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക, ചരിത്രപാഠമുള്‍ക്കൊള്ളുക'' എന്ന വിശുദ്ധ ഖുര്‍ആന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനം എത്ര മഹത്തരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.