പന്നിപ്പനിയെക്കുറിച്ച് കേട്ട് പേടിച്ചു പനിച്ചുകൊണ്ടിരിക്കുകയാണ് മലയാളികള്‍.
പന്നിപ്പനിയെക്കുറിച്ച് കേട്ട് പേടിച്ചു പനിച്ചുകൊണ്ടിരിക്കുകയാണ് മലയാളികള്‍.
മെക്‌സിക്കോയില്‍ 2009 ഏപ്രില്‍ 18-ാം തിയ്യതിയാണ് പന്നിപ്പനി ആദ്യമായി കണ്ടത്. 2009 മെയ് 13-ാം തിയ്യതി ഹൈദരാബാദില്‍ വിമാനമിറങ്ങിയ അമേരിക്കന്‍ വിദ്യാര്‍ഥിയായ ഒരു 24 കാരനിലാണ് ഇന്ത്യയില്‍ ആദ്യമായി പന്നിപ്പനി കണ്ടെത്തിയത്.
ഇന്‍ഫ്‌ളുവന്‍സ A-H1N1 എന്നു പേരുള്ള വൈറസാണ് ഈ രോഗമുണ്ടാക്കുന്നത്. ആദ്യകാലത്ത് ഇത് പന്നികളുമായുള്ള സമ്പര്‍ക്കം കൊണ്ട് മനുഷ്യനു ലഭിച്ചു എന്നതിനാലാണ് ഇത് പന്നിപ്പനിയായത്. പക്ഷേ, ഇതിനു ശേഷം ആ വൈറസിന് ജനിതകമായ പല മാറ്റങ്ങളുമുണ്ടായി ഇന്‍ഫ്‌ളുവന്‍സ A-H1N1 എന്ന പുതിയ വൈറസ് ജന്മമെടുത്തു. ഈ വൈറസ് മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരുന്നതാണ്.
പകരുന്നതെങ്ങനെ?
പന്നിപ്പനിയുള്ള രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും പുറത്തുവരുന്ന സ്രവങ്ങളിലെ വൈറസുകള്‍ വായുവില്‍ കലരുകയും അത് ശ്വസിക്കുമ്പോള്‍ മറ്റുള്ളവരിലേക്കു പകരുകയും ചെയ്യുന്നു. അതിനു പുറമെ രോഗിയുടെ തുപ്പല്‍, കഫം തുടങ്ങിയവ പുരണ്ട വസ്തുക്കള്‍ തൊടുന്നതിലൂടെയും രോഗം പകരാം. മാര്‍ക്കറ്റ്, വിവാഹസ്ഥലം, സിനിമാഹാള്‍, ഷോപ്പിങ് മാളുകള്‍ എന്നിങ്ങനെ ആളുകള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളിലും രോഗം പകരാനുള്ള സാധ്യത വര്‍ധിക്കുന്നു.
പന്നിയുമായുള്ള സമ്പര്‍ക്കംകൊണ്ടോ പന്നിമാംസം കഴിക്കുന്നതുകൊണ്ടോ പന്നിപ്പനി ഉണ്ടാവുന്നില്ല. ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് ഒരു ദിവസം മുമ്പു മുതല്‍ ലക്ഷണമുണ്ടായി ഏഴുദിവസം വരെ രോഗം പകരാന്‍ സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
സാധാരണ ഫഌ അഥവാ വൈറല്‍പ്പനിയുടെ ലക്ഷണങ്ങള്‍ പന്നിപ്പനിയിലും കാണാം. പനി, ശരീരവേദന, പേശികളില്‍ വേദന, സന്ധിവേദന, ക്ഷീണം, രുചിയില്ലായ്മ, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ഛര്‍ദ്ദി, കുളിരും വിറയലും, ഓക്കാനം, വയറിളക്കം എന്നിവ ലക്ഷണങ്ങളില്‍ പെടുന്നു. ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഏഴു ദിവസത്തോളം നീണ്ടുനിന്നേക്കാം.
ചികിത്സ
പനി തുടങ്ങി 48 മണിക്കൂറിനുള്ളില്‍ ചികിത്സ തുടങ്ങുന്നതാണ് നല്ലത്.
രോഗമുണ്ടോ എന്നു സംശയമുള്ളവരെയും രോഗമുണ്ടെന്ന് തെളിയിക്കപ്പെട്ട രോഗികളെയും പ്രത്യേകം മുറിയില്‍ മാറ്റിത്താമസിപ്പിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകാതെ ശ്രദ്ധിക്കണം.
$ രോഗികള്‍ വായും മൂക്കും മൂടുന്ന മാസ്‌ക്കുകള്‍ (മുഖാവരണങ്ങള്‍) ധരിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും കര്‍ച്ചീഫോ ടിഷ്യൂ പേപ്പറോ കൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുക. ടിഷ്യൂ പേപ്പര്‍ ഉപയോഗശേഷം നശിപ്പിക്കുക.
$രോഗികള്‍ സോപ്പും വെള്ളവും കൊണ്ടോ ആല്‍ക്കഹോള്‍ കലര്‍ന്ന അണുനാശിനി കൊണ്ടോ കൈകള്‍ ഇടക്കിടെ കഴുകി വൃത്തിയാക്കണം. കൈ കഴുകാതെ കണ്ണുകളും മൂക്കും വായും തൊടുന്നത് ഒഴിവാക്കുക.
$പുകവലിയും മദ്യപാനവും ഒഴിവാക്കുക.
$രോഗികള്‍ക്ക് പൂര്‍ണ്ണമായ വിശ്രമവും ഉറക്കവും ലഭിക്കണം.
$പോഷകാഹാരങ്ങള്‍ കഴിക്കുകയും നന്നായി വെള്ളം കുടിക്കുകയും ചെയ്യണം.
$ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുക. ആസ്പിരിന്‍, ബ്രൂഫെന്‍ പോലുള്ള വേദനാസംഹാരികള്‍ ഒഴിവാക്കുക. (പ്രത്യേകിച്ച് കുട്ടികളും കൗമാരക്കാരും ഈ മരുന്നുകള്‍ പനിയുള്ള സമയത്ത് കഴിക്കാന്‍ പാടില്ല).
$പനി മാറിയാലും ഒരാഴ്ചക്കു ശേഷം മാത്രമേ ആളുകളോട് ഇടപഴകാനും പൊതു സ്ഥലങ്ങളില്‍ പോകാനും പാടുള്ളൂ.
പകരാന്‍ സാധ്യത കൂടുതലുള്ളവര്‍
$പ്രമേഹം, വൃക്ക രോഗങ്ങള്‍, പൊണ്ണത്തടി, കരളിനെ ബാധിക്കുന്ന രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍, രക്തത്തില്‍ തകരാറുണ്ടാക്കുന്ന രോഗങ്ങള്‍ എന്നിവയുള്ളവര്‍.
$ഗര്‍ഭിണികള്‍
$ആസ്തമ രോഗികള്‍
$ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍
$പ്രതിരോധശക്തി കുറഞ്ഞവര്‍ (അതായത്, എയ്ഡ്‌സ് പോലെ പ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗമുള്ളവര്‍, പ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനം കുറക്കുന്ന സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍)
$65 വയസ്സിലധികം പ്രായമുള്ളവര്‍
$അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ (പ്രത്യേകിച്ചും രണ്ടുവയസ്സില്‍ കുറഞ്ഞ പ്രായമുള്ള കുഞ്ഞുങ്ങള്‍)
$വിദേശയാത്ര കഴിഞ്ഞെത്തിയവര്‍
$19 വയസ്സിന് താഴെയുള്ളവരും ദീര്‍ഘകാലം ആസ്പിരിന്‍ ഗുളിക (ചികിത്സയുടെ ഭാഗമായി) കഴിക്കുന്നവരുമായ കുട്ടികള്‍
$രോഗികളെ ശുശ്രൂഷിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നവര്‍
പന്നിപ്പനി തടയുന്നതെങ്ങനെ?
എല്ലാ സാംക്രമിക രോഗങ്ങളിലുമെന്ന പോലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പനി പകരുന്നത് തടയാനാകും.
$രോഗിയും രോഗിയെ ശുശ്രൂഷിക്കുന്നവരും സന്ദര്‍ശകരും മാസ്‌ക് ധരിക്കണം.
$ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങണം.
$പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക.
$പരസ്പരം കാണുമ്പോള്‍ ചുംബിക്കുന്നതും കൈപിടിച്ച് കുലുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കുക.
$രോഗം ബാധിച്ച സ്ഥലങ്ങളില്‍ പോകാതിരിക്കുക.
$തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.
$കൈവിരല്‍കൊണ്ട് കണ്ണും മൂക്കും തൊടുന്നത് ഒഴിവാക്കുക. കൈ കഴുകിയ ശേഷം മാത്രമേ മുഖം, മൂക്ക്, കണ്ണ് എന്നിവ തൊടാവൂ.
$പൊതുജനങ്ങള്‍ തൊടാന്‍ സാധ്യതയുള്ള വാതില്‍പടി, ടോയ്‌ലറ്റ് ഫ്‌ളഷുകള്‍, ടാപ്പുകള്‍, ഏണിപ്പടിയുടെ കൈവരികള്‍ എന്നിങ്ങനെയുള്ള വസ്തുക്കള്‍ തൊടുന്നത് ഒഴിവാക്കുകയും തൊടേണ്ടിവന്നാല്‍ കൈകള്‍ വൃത്തിയായി കഴുകുകയും ചെയ്യുക. ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളെ ശുശ്രൂഷിക്കേണ്ടി വരുമ്പോള്‍ നീണ്ട കൈയുള്ള ഗൗണ്‍, കൈയുറകള്‍, ഷൂസ്, തൊപ്പി, കണ്ണട (ഗോഗിള്‍സ്), മാസ്‌ക് എന്നിവ ധരിക്കണം (മൂന്നു പാളികളുള്ള മാസ്‌കും N-95 മാസ്‌കുമാണ് ഏറ്റവും നല്ലത്). കൈകള്‍ ഇടക്കിടെ അണുനാശിനി ഉപയോഗിച്ച് കഴുകാന്‍ ശ്രദ്ധിക്കുക.
$സന്തുലിതാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. അതോടൊപ്പം വ്യായാമവും വേണ്ടത്ര ഉറക്കവും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമാണ്.
കൈ കഴുകുക
കൈകളിലൂടെ രോഗങ്ങള്‍ പകരാന്‍ ഇടയുള്ളതിനാല്‍ കൈകള്‍ കഴുകുന്ന കാര്യം വളരെ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം പാകംചെയ്യുന്നതിന് മുമ്പും ശേഷവും പാകംചെയ്യുന്ന സമയത്തും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ നന്നായി സോപ്പിട്ട് കഴുകണം. അതിനു പുറമെ, രോഗിയെ തൊടുന്നതിന് മുമ്പും ശേഷവും, മുറിവുണ്ടെങ്കില്‍ അത് കഴുകി വൃത്തിയാക്കുന്നതിന് മുമ്പും ശേഷവും, മലവിസര്‍ജ്ജനത്തിന് ശേഷം, കുഞ്ഞുങ്ങളുടെ ഡയാപ്പര്‍ മാറ്റിയതിന് ശേഷം, മലവിസര്‍ജ്ജനം കഴിഞ്ഞാല്‍ കുട്ടിയെ കഴുകി വൃത്തിയാക്കിയതിന് ശേഷം, മൂക്ക് ചീറ്റിയ ശേഷം- എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം തന്നെ കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകിയാല്‍ രോഗാണുബാധ ഒരു പരിധിവരെ തടയാന്‍ കഴിയും.