നല്ലപാതി നയിച്ച വഴിയെ- 2

ഫാത്തിമാ മൂസ No image

1975 ആഗസ്റ്റ് 30-ന് ഞാന്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി- ശാക്കിര്‍ അഹമ്മദ്. കുട്ടിക്ക് ആറുമാസമായപ്പോള്‍ അടുത്ത പ്രദേശത്തെ എല്‍.പി സ്‌കൂളില്‍ ഒരു ലീവ് വേക്കന്‍സിയില്‍ -പത്തു വര്‍ഷത്തെ ലീവിന് ആ സ്‌കൂളിലെ അധ്യാപകന്‍ ഗള്‍ഫില്‍ പോയ ഒഴിവില്‍- നിയമനം ലഭിച്ചു. ഇതിനിടക്ക് ഇക്കയെ ഇസ്‌ലാഹിയക്കാര്‍ കുമരനെല്ലൂരിലേക്ക് കൊണ്ടുവന്നു. അന്ന് അത് സലഫിക്കാരുടേതായിരുന്നില്ല.
വീട്ടില്‍നിന്ന് രണ്ടര മൈല്‍ ദൂരമുണ്ട്. എങ്കിലും പോയിത്തുടങ്ങി. ആദ്യം മൂന്നുമാസത്തിനായിരുന്നു. പിന്നീട് 1976 ഒക്ടോബറിലാണ് തുടര്‍ന്ന് ചേരുന്നത്. ഈ ഒമ്പത് വര്‍ഷത്തിനിടക്ക് ഞാന്‍ മൂന്ന് പ്രസവിച്ചു. അങ്ങനെ നാലു പെണ്ണും ഒരാണും. ഞാന്‍ പറഞ്ഞല്ലോ, നടന്നാണ് പോകാറ് എന്ന.് പോകുന്ന വഴിയിലുള്ളവരുമായൊക്കെ പരിചയപ്പെടും. രോഗികളെ സന്ദര്‍ശിക്കും. കുറെ സ്ഥലം വയലാണ്. നെല്ല് വിളഞ്ഞു നില്‍ക്കുന്ന നീണ്ട വയല്‍വരമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോഴായിരുന്നു ഞാന്‍ പ്രസംഗം പഠിച്ചിരുന്നത്. ഓരോ നെല്‍ക്കതിരും എന്റെ മുന്നിലെ ശ്രോതാവാണ്. ആരും കാണാനും കേള്‍ക്കാനുമില്ലാത്തതുകൊണ്ട് കൈകൊണ്ട് ആംഗ്യം കാണിച്ചും ശബ്ദമുയര്‍ത്തിയും പറഞ്ഞുകൊണ്ടിരിക്കും. നടത്തത്തിന്റെ ക്ഷീണമോ ഒറ്റക്കുള്ള യാത്രയുടെ ഭയമോ കാണില്ല. ഇപ്പോഴും ആ വഴി കടന്നുപോകുമ്പോള്‍ അന്ന് പ്രസംഗിച്ചുനടന്നത് ഓര്‍മയിലെത്തും.
ഇക്ക പൊന്നാനിയിലെ ഐ.എസ്.എസില്‍ പ്രിന്‍സിപ്പലായി. ഒരു ദിവസം ഐ.എസ്.എസില്‍ നിന്നും മടങ്ങി വരുമ്പോള്‍ ഇക്കക്ക് ആക്‌സിഡന്റ് പറ്റി. നാലുമാസം കൈ പ്ലാസറ്ററിട്ടു. വലത് കൈയായതിനാല്‍ എല്ലാത്തിനും പരസഹായം വേണ്ടിവന്നു. അക്കാലത്താണ് ഞാന്‍ താടിയും മുടിയും വെട്ടിക്കൊടുക്കാന്‍ തുടങ്ങിയത്. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇക്കാലത്താണ് ഞാന്‍ ഫാത്തിമാ ഉമറുമായി കുടുതല്‍ അടുക്കുന്നതും അവര്‍ എന്നെ പരിപാടികള്‍ക്ക് കൊണ്ടുപോകുന്നതും. അന്ന് മക്കനയിട്ട് സാരിയുടുത്ത് അവര്‍ കാറോടിച്ച് പോകുന്നത് പലരും അസൂയയോടെ നോക്കിനില്‍ക്കാറുണ്ട്. അവരുടെ കൂടെ കാറില്‍ യാത്ര ചെയ്യുന്നത് ഞങ്ങള്‍ക്കും വലിയ ഗമയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ അവരും അരികില്‍ അവരുടെ ഭര്‍ത്താവ് സി.വി ഉമര്‍ സാഹിബും പിറകില്‍ ഞങ്ങളും. എന്റെ പ്രസംഗം കഴിഞ്ഞാല്‍ ഞാന്‍ പറഞ്ഞതിലെ പോരായ്മകള്‍ അവര്‍ നികത്തും. ജീവിതത്തിലെ സുന്ദര കാലമായിരുന്നു ആ നാളുകള്‍.
തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍നിന്ന് നഗരത്തിലെ സൗന്ദര്യത്തിലേക്ക് വന്ന എനിക്ക് ഒരു മാതാവിന്റെ സ്‌നേഹവും വാത്സല്യവും സഹായങ്ങളും അവര്‍ നല്‍കി. പൊന്നാനിയിലാകുമ്പോള്‍ ഞങ്ങളെ സഹായിച്ച നല്ലവരായ ഒട്ടേറെ പേരുണ്ട്. കുഞ്ഞിമാള്‍ത്ത, നബീസത്ത, നൂര്‍ജ, സാറമ്മ തുടങ്ങിയ അയല്‍വാസികളും ഐ.എസ്.എസിലെ ടീച്ചര്‍മാരും ഇസ്‌ലാമിക പ്രവര്‍ത്തകരും. പ്രത്യേകിച്ച്, നഴ്‌സിംഗ് ടീച്ചറായ നസീമ ടീച്ചര്‍; അവരുടെ സഹായസഹകരണമില്ലെങ്കില്‍ തുടരെയുള്ള പ്രസവം, ജോലി, പ്രസ്ഥാനപ്രവര്‍ത്തനം, കുട്ടികളുടെ വിദ്യാഭ്യാസം, വീട്, ഭരണം തുടങ്ങിയവ ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലായിരുന്നു.
1980 ആഗസ്റ്റില്‍ ഞാന്‍ നാലാമത്തെ മകളെ പ്രസവിച്ചു. കൂട്ടുജീവിതത്തില്‍നിന്നും വന്ന ഞാന്‍ ഒറ്റപ്പെടലില്‍നിന്ന് രക്ഷ നേടിയത് പ്രവര്‍ത്തനമേഖലയില്‍ സജീവമായതോടെയാണ്. നസീമടീച്ചറുമൊന്നിച്ചായിരുന്നു പരിപാടിക്ക് പോയിരുന്നത്. ഞങ്ങള്‍ പോകാത്ത വീടുകളും ലഘുലേഖകള്‍ കൊടുക്കാത്ത പ്രദേശങ്ങളും പൊന്നാനിയില്‍ അന്നുണ്ടായിരുന്നില്ല.
അഖിലേന്ത്യാ സമ്മേളനം
1981 ഫെബ്രുവരിയില്‍ ഹൈദരാബാദിലെ വാദിഹുദയില്‍ വെച്ചാണ് അഖിലേന്ത്യാ സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഈ കാലത്താണ് എനിക്ക് അംഗത്വം ലഭിച്ചത്. അന്ന് വനിതാ റുക്‌നുകള്‍ എട്ടോ ഒമ്പതോ പേര്‍ മാത്രം. ഒരു ട്രെന്‍ വാടകക്കെടുത്താണ് അന്ന് പ്രവര്‍ത്തകര്‍ സമ്മേളനത്തിന് പോയത്. ആറുമാസം പ്രായമായ മകളുമായി ഞാനും ഇക്കയും മറ്റു പ്രവര്‍ത്തകരോടൊപ്പം പൊന്നാനിയില്‍നിന്നും യാത്രയായി. പാലക്കാട് നിന്നാണ് ട്രെയിന്‍ യാത്ര. അമീര്‍ കൊണ്ടോട്ടി അബ്ദുറഹിമാന്‍ സാഹിബ്. പുറപ്പെടും മുമ്പ് നടന്ന അദ്ദേഹത്തിന്റെ ഹൃദയസ്പൃക്കായ ഉപദേശവും പ്രാര്‍ഥനയും ഇന്നും എന്റെ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്നുണ്ട്. ദുസ്സഹമായിരുന്നു ആ യാത്ര. വെള്ളം, ഭക്ഷണം, വെളിച്ചം ഇവയൊന്നും പലപ്പോഴും ലഭിച്ചില്ല. കുട്ടികളും പ്രായമുള്ളവരും വളരെ കഷ്ടപ്പെട്ടു. പലരും തളര്‍ന്നുപോയി. ഈ സമ്മേളനത്തിന്റെ മുഖ്യാതിഥി സൈനബുല്‍ ഗസ്സാലിയായിരുന്നു. ഈജിപ്തിലെ ജയിലനുഭവങ്ങള്‍ അക്കാലത്ത് പ്രബോധനത്തിലൂടെ വായിച്ചതു കാരണം ഓരോ പ്രവര്‍ത്തകരുടെയും മനസ്സില്‍ അവരെക്കുറിച്ച ജിജ്ഞാസയുണ്ടായിരുന്നു; അവരെ കാണാന്‍ ഉല്‍ക്കടമായ ആഗ്രഹവും. രണ്ടാം ദിവസം അവരുടെ പ്രസംഗമുണ്ടായിരുന്നു. എല്ലാവരും കാതുകൂര്‍പ്പിച്ചിരുന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ കൂട്ടത്തോടെ സ്ത്രീകള്‍ അവരെ കാണാനും സലാം ചൊല്ലാനും ആവേശം കാട്ടിയിരുന്നു.
മറ്റൊരു സംസ്ഥാന സമ്മേളനമാണ് മലപ്പുറം ദഅ്‌വത്ത് നഗറില്‍ നടന്നത്. പ്രത്യേക വനിതാസമ്മേളനത്തിലെ അതിഥി സല്‍മ ഗരോഡിയാണെന്നാണ് ഓര്‍മ്മ. അന്നും ഞാന്‍ ഗര്‍ഭിണിയാണ്; അഞ്ചാമത്തെ മകളെ. എന്റെ ഔദ്യോഗിക ജീവിതത്തിന് വിഘ്‌നം വരുത്തിക്കൊണ്ട് മുന്‍നിശ്ചയിച്ചതിന് ഒരു വര്‍ഷം മുമ്പെ അധ്യാപകന്‍ തിരിച്ചുവന്ന് ജോലിയില്‍ കയറി. അക്കാലത്ത് ഇക്ക കണ്ണൂരിലെ നാസിമായിരുന്നു. പഴയങ്ങാടി വാദിഹുദയില്‍ എനിക്കൊരു ജോലി വി.കെ ഹംസ സാഹിബ് തരപ്പെടുത്തി. ആഴ്ചയില്‍ നാല് ദിവസം സ്‌കൂള്‍ ടീച്ചറായിട്ട്. ബാക്കി മൂന്ന് ദിവസം പ്രസ്ഥാനപ്രവര്‍ത്തനം. മൂത്ത മകളെ ചേന്ദമംഗല്ലൂരില്‍ ചേര്‍ത്തു; രണ്ടാമത്തവള്‍ വീട്ടിലും. മറ്റുള്ള ചെറിയ കുട്ടികളുമായി കണ്ണൂരിലേക്ക് വണ്ടികയറി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ക്വാഡ്, വനിതാ ക്ലാസ്, രാത്രി വഅള് മുതലായവയുമായി. ആ വര്‍ഷം കണ്ണൂര്‍ ജില്ലയിലെ ഏതാണ്ട് എല്ലായിടത്തും ഓടിയെത്തി. ആ ഓട്ടത്തില്‍ പല രസകരങ്ങളായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സ്‌ക്വോഡ് പോയ വീട്ടില്‍നിന്ന് പട്ടിയെപ്പോലെ ആട്ടിയകറ്റിയതും വീട്ടിലേക്ക് കയറാതിരിക്കാന്‍ വാതിലടച്ചതും യാഥാസ്ഥിതികര്‍ എനിക്കെതിരെ വഅള് പറഞ്ഞതുമെല്ലാം. മാട്ടൂല്‍, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ മൂന്നും നാലും ദിവസം ഞാന്‍ വഅള് നടത്തിയിരുന്നു. അതിനെതിരെയായിരുന്നു അവരുടെ രോഷം. ആണും പെണ്ണുമല്ലാത്ത ഒന്ന് ളലാലത്തിന്റെ പാര്‍ട്ടിയില്‍ രൂപംകൊണ്ടിരിക്കുന്നു. അവര്‍ സ്ത്രീകളെ വഴിതെറ്റിക്കുന്നു. അവരുടെ മുസീബത്തില്‍നിന്നും പിന്തിരിയലും നാടിനെ രക്ഷിക്കലും നമ്മുടെ ബാധ്യതയാണെന്ന് അവര്‍ പറഞ്ഞു നടന്നു. മാട്ടൂലിലായിരുന്നു കൂടുതല്‍ പ്രശ്‌നം. പടന്നയില്‍ വനിതാ പരിപാടി നടത്താന്‍ ചെന്നപ്പോള്‍ അവര്‍ കൂട്ടത്തോടെ എതിര്‍ത്ത് വന്ന സ്ത്രീകളെ മടക്കിയയച്ചു. ഇതേ ഘട്ടത്തില്‍ത്തന്നെ ഫറൂഖ്, കക്കോടി, കോലളമ്പ് തുടങ്ങിയ സ്ഥലങ്ങളിലും രാത്രി വഅള് പരമ്പര സംഘടിപ്പിച്ച് പ്രസംഗിച്ചിരുന്നു. 80-84 കാലഘട്ടത്തില്‍ ഐ.എന്‍.എലിന്റെ ഒരാള്‍ ഞങ്ങളുടെ സ്‌കൂളില്‍ ഉണ്ടായിരുന്നു അവരുടെ ലീഗ് ടൈംസ് എന്ന പത്രത്തിലും പ്രബോധനത്തിലും ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. അത് മുസ്‌ലിം ലീഗിലെ ചില അധ്യാപകര്‍ക്ക് പിടിച്ചില്ല. അവര്‍ ഊമക്കത്തുകളിലൂടെ അസഭ്യവര്‍ഷം ചൊരിഞ്ഞുകൊണ്ട് നാണംകെടുത്തി. എന്നിട്ടും തുടര്‍ന്ന് പല ലേഖനങ്ങളും എഴുതുകയുണ്ടായി.
1984-ല്‍ ജി.ഐ.ഒ രൂപീകരിച്ചു. കൊണ്ടോട്ടി അബ്ദുറഹിമാന്‍ സാഹിബിനായിരുന്നു അതിന്റെ ചുമതല. അദ്ദേഹം കേരളം മുഴുവന്‍ ഓടിനടന്നു. പ്രസ്ഥാനപ്രവര്‍ത്തകരുള്ളിടത്ത് സ്ത്രീകളെയും വിദ്യാര്‍ഥികളെയും സംഘടിപ്പിച്ചു. അതില്‍ നിന്നാണ് ജി.ഐ.ഒ നിലവില്‍ വന്നത്. കെ.കെ സുഹ്‌റ ടീച്ചര്‍ ആയിരുന്നു ആദ്യ പ്രസിഡന്റ്. പിന്നീട് വനിതാ പ്രവര്‍ത്തനം കാര്യക്ഷമമായി ജി.ഐ.ഒവിലൂടെയായി. 1986-ല്‍ ആണ് കേരളീയ സ്ത്രീത്വത്തിന് ദിശകാണിക്കുന്ന ആരാമം പിറവിയെടുക്കുന്നത്.

വനിതാ രൂപീകരണം
കെ.സി അബ്ദുല്ല മൗലവി അമീറായ കാലത്ത് 1992-ല്‍ കൂട്ടായ്മ ആവശ്യമെന്ന് കരുതി മലബാര്‍ മേഖലയിലെ കഴിവുറ്റ കുറച്ച് വനിതകളെ രാമനാട്ടുകരയിലെ പള്ളിയില്‍ വിളിച്ചുചേര്‍ത്തു. പന്ത്രണ്ടുപേരടങ്ങുന്ന ഒരു ഘടകത്തിന് രൂപം നല്‍കി. എങ്കിലും അത് കാര്യക്ഷമമായില്ല. 1993-ല്‍ സിദ്ധീഖ് ഹസ്സന്‍ സാഹിബ് അമീറായ ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാനതലത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കിയത്. പതിനാല് അംഗസമിതി നിലവില്‍വന്നു. അതിന്റെ അധ്യക്ഷയായി ഈയുള്ളവളെ തെരഞ്ഞെടുത്തു. അതോടു കൂടി ജി.ഐ.ഒയുടെയും വനിതകളുടെയും നാസിമായി ഇക്കയെയും ചുമതലപ്പെടുത്തി. ഇന്നത്തെ പോലെ ജമാഅത്ത് അംഗങ്ങള്‍ മാത്രമായിരുന്നില്ല സംസ്ഥാനസമിതിയില്‍. പ്രവര്‍ത്തന രംഗത്ത് സജീവരായ ജി.ഐ.ഒവിലൂടെ വളര്‍ന്നവരായിരുന്നു അതിലുണ്ടായിരുന്നത്. രണ്ടുവര്‍ഷത്തേക്കായിരുന്നു ഓരോ നിയമനവും. വനിതാപ്രവര്‍ത്തനം ഞങ്ങളിരുവരിലുമായപ്പോള്‍ കുട്ടികളുടെ പഠനം, സംരക്ഷണം മുതലായ കാര്യങ്ങള്‍ അമീറിന്റെ മുമ്പില്‍വെച്ചു. അമീര്‍ പറഞ്ഞു 'മക്കളെ പ്രസ്ഥാനം ഏറ്റെടുക്കുന്നു' എന്ന്. അതോടുകൂടി എല്ലാം അല്ലാഹുവിലര്‍പ്പിച്ച് ഞങ്ങള്‍ പ്രസ്ഥാനരംഗത്തേക്കിറങ്ങി. കുട്ടികളെ ഹോസ്റ്റലുകളില്‍ ചേര്‍ത്ത് ആദ്യപടിയായി ചെയ്തത് ജില്ലകള്‍ തോറും തെരഞ്ഞെടുത്ത സ്ത്രീകളുടെ ജില്ലാസമിതി, ഏരിയാസമിതി, പ്രാദേശിക ഘടകങ്ങള്‍ സജീവമാക്കലായിരുന്നു.
തുടര്‍ന്നങ്ങോട്ട് യാത്രകളും പരിപാടികളും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ വര്‍ഷത്തില്‍ നാല് പ്രാവശ്യമെങ്കിലും ജില്ലകള്‍ സന്ദര്‍ശിക്കുകയും പരിപാടികള്‍ക്ക് രൂപംകാണുകയും ചെയ്യും. കേരളത്തിന് പുറത്ത് കര്‍ണ്ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങി മലയാളികള്‍ ഉള്ളിടത്തൊക്കെ വിവിധ പരിപാടികള്‍. പ്രസ്ഥാനം വളര്‍ത്താനും അത് പ്രചരിപ്പിക്കാനും പറ്റിയ ഒരു മേഖലയും ഞങ്ങള്‍ ഒഴിവാക്കിയില്ല. ജില്ല, ഏരിയ, പ്രാദേശികം എന്നിവ സജീവമാക്കി. വനിതാ ഓഫീസ് വ്യവസ്ഥ ചിട്ടപ്പെടുത്തി. വനിതകള്‍ക്ക് മാത്രമായി സര്‍ക്കുലറുകള്‍ തയ്യാറാക്കി. മാതൃകാപരമായ റിപ്പോര്‍ട്ടയക്കാന്‍ പരിശീലിപ്പിച്ചു. ജി.ഐ.ഒ വനിതാ ഓഫീസില്‍ സെക്രട്ടറിമാരെ നിശ്ചയിച്ചു. വേറെവേറെ സര്‍ക്കുലറും റിപ്പോര്‍ട്ടും ചിട്ടപ്പെടുത്തി. തര്‍ബിയ്യത്ത് യോഗങ്ങള്‍, മുഖാമുഖം, സെമിനാര്‍, വിവിധ നേതാക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയവയും സ്ത്രീപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ തൊട്ട് മുഖ്യമന്ത്രിയെ വരെ കാണലും മെമ്മോറാണ്ടം നല്‍കലും, വിവിധ വിഷയങ്ങളില്‍ കാമ്പയിന്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ എണ്ണമറ്റ പരിപാടികള്‍ ആസൂത്രണം ചെയ്തു. അതോടെ പ്രാദേശിക ഘടകങ്ങളും ഏരിയാ കാര്‍കുനുകള്‍, റുകുനുകള്‍ വര്‍ധിച്ചു.
ഇതിനിടക്ക് ആറു മാസത്തോളം ഇക്കയുടെ അസുഖത്തെ തുടര്‍ന്ന് നേതൃത്വത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു. അന്ന് കെ. അബ്ദുറഹിമാന്‍ സാഹിബിനെ ചുമതലപ്പെടുത്തി. രോഗശമനത്തിനു ശേഷം ഞങ്ങള്‍ വീണ്ടും രംഗത്തുവന്നു. രോഗം മാറിയെങ്കിലും പലപ്പോഴും എന്റെ സഹായം ആവശ്യമായിരുന്നു. ഒറ്റക്കുള്ള യാത്രകള്‍ കുറച്ചു. അങ്ങനെയാണ് ഡല്‍ഹിയില്‍ നടക്കുന്ന നുമാഇന്നഗാന്‍ സമ്മേളനത്തില്‍ പോകാന്‍ ഞാനും കൂടി വരണമെന്ന ആവശ്യം പ്രസ്ഥാനം അംഗീകരിച്ച് അനുമതി നല്‍കിയത്. ആ സമയത്ത് വീട്ടില്‍ ഗര്‍ഭിണിയായ മകള്‍ പ്രസവമടുത്ത് നില്‍ക്കുകയായിരുന്നു. കുടുംബക്കാരും അയല്‍വാസികളും പ്രസ്ഥാനബന്ധുക്കളില്‍ കുറേ പേരും എന്റെ യാത്ര ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിനോടുള്ള ബാധ്യതയാണ് ഏറ്റവും പ്രധാനം എന്ന നബിവചനമോര്‍ത്ത് മകളെ മൂത്തവളുടെ അടുത്താക്കി ഞങ്ങള്‍ ഡല്‍ഹിയിലേക്ക് പോയി. എനിക്ക് കൂട്ടിന് റുഖിയ റഹീം ഉണ്ടായിരുന്നു. നേതാക്കന്മാരുടെ കൂടെയുള്ള എന്റെ കന്നിയാത്ര എന്തുകൊണ്ടും പഠനാര്‍ഹവും മാതൃകാപരവുമായിരുന്നു. യാത്രയിലും മറ്റും ഞങ്ങള്‍ രണ്ടുപേര്‍ ആണുങ്ങള്‍ക്ക് ശല്യമാണെന്ന് തോന്നിയെങ്കിലും ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ കാലത്ത് ഞങ്ങളുടെ കട്ടന്‍ ചായയും പൊടിയരിക്കഞ്ഞിയും ചമ്മന്തിയുമെല്ലാം പല നേതാക്കള്‍ക്കും ഉപകാരപ്പെട്ടു. അതവര്‍ തുറന്നുപറയുകയും ചെയ്തു.
ഹിറാ സമ്മേളനം
ചരിത്രപ്രസിദ്ധമായ ഹിറാ സമ്മേളനം സ്ത്രീസാന്നിധ്യംകൊണ്ട് പ്രസിദ്ധമായി. രണ്ട് ദിവസമാണ് പരിപാടിയെങ്കിലും വര്‍ഷം മുഴുവന്‍ അതിന്റെ പ്രചാരണത്തില്‍ പ്രവര്‍ത്തകര്‍ മുഴുകി. അതിനാല്‍ സമ്മേളനം കഴിഞ്ഞ് ഒരു വര്‍ഷത്തോളം കേരളം മുഴുവന്‍ അതിന്റെ അലയൊലി നിലനിന്നു. അന്ന് ഹിറയില്‍ മുതിര്‍ന്ന പ്രസ്ഥാന നായകരെ ആദരിച്ചിരുന്നു. അവരില്‍ എണ്ണമറ്റ നായകന്മാരും പ്രവര്‍ത്തകരും ഇന്നില്ല. ഞങ്ങള്‍ വനിതാവകുപ്പ് ഏറ്റടുത്ത ശേഷം നടത്തിയ പ്രധാന കാമ്പയിനുകളില്‍ 'ശരീഅത്ത് സംവാദം' 'മദ്യത്തിനെതിരെ ധൂര്‍ത്തും ധുര്‍വ്യയവും' 'നല്ല കുടുംബം നല്ല സമൂഹം' 'സ്ത്രീ പള്ളിപ്രവേശം' 'സ്ത്രീജന്മം പാപമോ' തുടങ്ങിയ തലക്കെട്ടുകളില്‍ നടത്തിയ ജില്ലാ സമ്മേളനങ്ങള്‍ ചിലതുമാത്രം.
ഗള്‍ഫുയാത്ര
പ്രസ്ഥാന പരിപാടി ലക്ഷ്യമാക്കി ഖത്തര്‍, ബഹ്‌റൈന്‍, മസ്‌കറ്റ്, സലാല തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ലക്ഷദ്വീപിലും പതിനഞ്ച് ദിവസത്തോളം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
2003-ലെ തെരഞ്ഞെടുപ്പില്‍ കെ.കെ സുഹ്‌റ ടീച്ചറെ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തു. എട്ട് വര്‍ഷത്തിനു ശേഷം ഞാന്‍ വര്‍ക്ക് ചെയ്ത സ്‌കൂളിലെ അധ്യാപകന്‍ റിട്ടയറായി. പകരം ഞാന്‍ ജോലിയില്‍ കയറി. ഏറ്റവും ചുരുങ്ങിയ കാലം മാത്രമേ ഞാന്‍ ആ മേഖലയില്‍ ഇരുന്നുള്ളൂ. എങ്കിലും അവിടെയും എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരം തന്നെ. പ്രിയപ്പെട്ട കുട്ടികള്‍, സഹാധ്യാപകര്‍ എല്ലാവരുടെയും സ്‌നേഹോഷ്മളമായ പെരുമാറ്റംഇന്നും മനസ്സിലുണ്ട്. 2007-ല്‍ ഞാന്‍ റിട്ടയറായി. ആ വര്‍ഷംതന്നെ ഹജ്ജിനും പോയി.
അതുകഴിഞ്ഞ് പ്രസിഡണ്ടല്ലായിരുന്നെങ്കിലും സജീവമായി സമ്മേളന പരിപാടികളില്‍ പങ്കെടുത്തു. ഉടനെയാണ് കുറ്റിപ്പുറം സഫാ സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകണ്ടത്. ഇതിനിടക്കാണ് മൂത്തമകനും കുടുംബവും മസ്‌കറ്റിലേക്ക് ഞങ്ങളെ കൊണ്ടുപോയത്. രണ്ടുവര്‍ഷത്തേക്കാണെങ്കിലും മൂന്നുമാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നാട്ടിലേക്കു പോന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം ചരിത്രപ്രസിദ്ധമായ വനിതാ സമ്മേളനം സഫാ നഗറില്‍. ലക്ഷക്കണക്കിനു വനിതകള്‍ പങ്കെടുത്ത വനിതകളാല്‍ നടത്തപ്പെട്ട സമ്മേളനം. അല്‍ഹംദുലില്ലാഹ്. പിറകിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വളരെ സന്തോഷം. പ്രസ്ഥാന മേഖലയില്‍ ഓടിയ ഓട്ടത്തില്‍ ഒരുപാടാളുകളെ മനോമുകുരത്തില്‍ തെളിഞ്ഞുകാണുന്നു. അവരുടെ എല്ലാ സഹായവും സഹകരണവുമില്ലെങ്കില്‍ ഞങ്ങള്‍ക്കിതൊന്നും സാധിക്കില്ല. സര്‍വോപരി അധ്യാപകനും നേതാവും മാര്‍ഗദര്‍ശിയും അതിലുപരി ഭര്‍ത്താവുമായ ഇക്കയുടെ താങ്ങും തണലും. ഇന്ന് സംസ്ഥാന സമിതിയിലും ജില്ലാ സമിതിയിലും ഉണ്ടെങ്കിലും വേണ്ടത്ര പ്രവര്‍ത്തന മേഖലയില്‍ ശോഭിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. ഇന്ന് ഞാന്‍ വലിയൊരു കുടുംബത്തിന്റെ അധിപയാണ്. ഭര്‍ത്താവും ആറ് മക്കളും ആറ് മരുമക്കളും 21 പേരക്കുട്ടികളും അവരുടെ കുട്ടികളുമായി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top