കഷ്ടകാലം തുടങ്ങിയ കൃത്യസമയം പറയാനാവശ്യപ്പെട്ടാല്‍ അമ്മത് പറയും: കണാരന് വിസ കിട്ടിയ സമയം. അതുകൊണ്ടാണല്ലോ കണാരന്‍ തന്റെ 'ഫേയ്മസ് സൗണ്ട്സ്' എന്ന ഉച്ചഭാഷിണിക്കട നോക്കി നടത്താന്‍ അമ്മതിനെ ഏല്‍പിച്ചത്. അതുകൊണ്ടാണല്ലോ മന്ത്രിയുടെ പരിപാടിക്ക് മൈക്ക് സെറ്റ് കൊടുക്കേണ്ടി വന്നത്. അങ്ങനെയാണല്ലോ മന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് അഞ്ചു സെക്കന്‍ഡ് നേരം കൂവാനിടയായത്. അതുകൊണ്ടാണല്ലോ പോലീസ് മൈക്ക് സെറ്റിനെ കസ്റ്റഡിയിലെടുത്ത് കേസാക്കിയത്.
മൈക്കിനെ വെറുതെ വിടുകയായിരുന്നല്ലോ. പക്ഷേ, അമ്മതിനെ പൂട്ടാന്‍ മൈക്ക് കേസ് തന്നെ വേണമെന്നില്ല.
കാരണം, കണാരന് വിസ കിട്ടുന്നതിനു മുമ്പും ശേഷവും അമ്മതിന്റെ തൊഴില്‍ നല്ലൊരു ഡ്രൈവിംഗ് സ്‌കൂളിന്റെ നടത്തിപ്പാണ്. സ്വന്തം ഡ്രൈവിംഗ് സ്‌കൂള്‍.
റോട്ടില്‍നിന്ന് കാണാവുന്ന സ്ഥലത്താണ് ഡ്രൈവിംഗ് സ്‌കൂളിന്റെ കെട്ടിടം. പുറത്തുതന്നെ ഒരു ബോര്‍ഡുണ്ട്: '18 വയസ്സു തികഞ്ഞവര്‍ക്കു മാത്രം.' ഒരു ഭാഗത്തെ ചുമരില്‍ വലിയ ഭൂപടം. ഈ മാപ്പില്‍ കേരളത്തിലെ പ്രധാന ജില്ലകളും റോഡുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ചുമരില്‍ വിവിധ ട്രാഫിക് ചിഹ്നങ്ങള്‍... സാധാരണ റോട്ടില്‍ കാണുന്നതും അല്ലാത്തതും.
പത്തുവര്‍ഷമായി നടത്തുന്ന സ്‌കൂളില്‍ പഠിച്ച് ലൈസന്‍സ് സമ്പാദിച്ച ആയിരക്കണക്കിനാളുകളുടെ പേരും വിവരങ്ങളും കുറിച്ച രജിസ്റ്ററാണ് ഓഫീസിലെ പ്രധാന ചരിത്രരേഖ. പിന്നെ, ഈ പൂര്‍വ വിദ്യാര്‍ഥികള്‍ പല പല സ്ഥലങ്ങളില്‍ ഡ്രൈവ് ചെയ്യുന്ന ഫോട്ടോകളുടെ ആല്‍ബവും.
മൈക്കിനെ വെറുതെ വിട്ട പോലീസ്, ഡ്രൈവിംഗ് സ്‌കൂളിലേക്കാണ് പിന്നെ വന്നത്. അതിന്റെ വാര്‍ത്ത നിങ്ങള്‍ കണ്ടിരിക്കും. ഇങ്ങനെയാണത്:
'മണ്‍കുഴിക്കല്‍ അമ്മത് (47) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതി ഇപ്പോള്‍ കസ്റ്റഡിയിലാണ്.' ഡ്രൈവിംഗ് സ്‌കൂളിന്റെ മറവില്‍ നടന്നുവന്ന വിധ്വംസക പരിശീലനങ്ങളുടെ തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരെ മാത്രമാണ് പരിശീലനത്തിന് ചേര്‍ത്തിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. പ്രവര്‍ത്തനങ്ങളുടെ ഗൗരവ സ്വഭാവമാണിത് തെളിയിക്കുന്നത്.'
''ഇയാള്‍ നടത്തുന്ന സ്ഥാപനത്തിന് ചുറ്റും കാടും മരങ്ങളുമാണ്. ഇത് ഒളിപ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച സാഹചര്യമൊരുക്കുന്നതായി ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നു. മുന്‍വശത്ത് കാടിനു പകരം തുറന്ന സ്ഥലമാക്കി അതില്‍ വെളുത്ത വരകള്‍കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. അങ്ങിങ്ങായി നിലത്ത് തറച്ചുവെച്ച കമ്പിക്കഷ്ണങ്ങള്‍ തീവ്രപരിശീലനത്തിന്റെ സൂചന നല്‍കുന്നു എന്നാണ് വിലയിരുത്തല്‍. '
''സ്ഥാപനത്തിന്റെ പിന്‍വശത്ത് കൂട്ടിയിട്ട ഉരുണ്ട വസ്തുക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. സ്ഥാപനത്തിന്റെ അകത്തെ ചുമരില്‍നിന്ന്, കേരളത്തിലെ ഹൈവേകള്‍ അടങ്ങുന്ന ഭൂപടം കണ്ടെടുത്തു. ആക്രമണം നടത്തേണ്ട കേന്ദ്രങ്ങളും അവിടങ്ങളിലേക്കുള്ള വഴികളുമാണ് ഇതിലുള്ളതെന്ന് പോലീസ് കരുതുന്നു. '
''സ്ഥാപനത്തിന്റെ മറ്റൊരു ചുമരില്‍ നിഗൂഢമായ കുറെ ചിത്രങ്ങള്‍ ഉണ്ട്. ഇവ പ്രത്യേക ഭാഷയോ കോഡുകളോ ആകാമെന്നാണ് നിഗമനം. '
''കൂടുതല്‍ അന്വേഷണം നടക്കുന്നു. പ്രതി എല്ലാം സമ്മതിച്ചതായി പോലീസ് അറിയിച്ചു.''
ഇതാണ് വാര്‍ത്ത. വ്യാജം ഒട്ടുമില്ലാത്ത വാര്‍ത്ത. അമ്മത് എല്ലാം സമ്മതിച്ചു എന്നതടക്കം സത്യമാണ്. ആ ചോദ്യം ചെയ്യല്‍ താഴെ പറയും പ്രകാരമായിരുന്നു:
ചോദ്യം 1: നിങ്ങളുടെ സ്ഥാപനത്തില്‍ എന്താണ് നടക്കുന്നത്?
ഉത്തരം: അവിടെ ഡ്രൈവിംഗ് പഠിപ്പിക്കുകയാണ്.
ചോ 2: നിങ്ങള്‍ പ്രായപൂര്‍ത്തിയായ, നല്ല കാഴ്ചശക്തിയും സ്വബോധവുമുള്ള ചെറുപ്പക്കാരെയല്ലേ പരിശീലനത്തിന് എടുക്കുന്നത്?
ഉ: 18 വയസ്സും കാഴ്ചയുമുള്ളവരെയല്ലേ ഡ്രൈവിംഗ് പഠിപ്പിക്കാനാകൂ, സാറേ?
ചോ 3: ഇങ്ങോട്ട് ചോദ്യം വേണ്ട. പ്രായപൂര്‍ത്തിയായവരെ മാത്രമാണ് പരിശീലനത്തിനെടുക്കുന്നത്. അല്ലേ?
ഉ: അതെ. (പോലീസുകാരന്‍ നോട്ട് ചെയ്യുന്നു.)
ചോ 4: നിങ്ങളുടെ സ്ഥാപനത്തിന്റെ പിന്നിലും വശങ്ങളിലും കാടുമൂടിക്കിടക്കുന്നില്ലേ?
ഉ: സാറേ, അതൊന്നും എന്റെ സ്ഥലമല്ല. അതിന്റെ ഉടമ ഗള്‍ഫിലാണ്. എന്റെ സ്ഥലത്ത് കാടില്ല.
ചോ. 5: ചോദിച്ചതിന് മാത്രം മറുപടി തന്നാല്‍ മതി. സ്ഥാപനത്തിന്റെ പിന്നിലും വശങ്ങളിലും കാടില്ലേ?
ഉ: ഉണ്ട്. (പോലീസുകാരന്‍ രേഖപ്പെടുത്തുന്നു)
ചോ. 5: സ്ഥാപനക്കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് തുറന്ന സ്ഥലത്ത് വെളുത്ത വരകള്‍ വരക്കുകയും കമ്പികള്‍ കുത്തിനിര്‍ത്തുകയും ചെയ്തിട്ടില്ലേ?
ഉ: സാര്‍ അത്....
ചോ. 6: ഉണ്ടോ ഇല്ലേ?
ഉ: ഉണ്ട്. (പോലീസ് രേഖപ്പെടുത്തുന്നു.)
ചോ. 7: ഇത്തരം കമ്പികള്‍ ആയുധമാക്കി ഉപയോഗിക്കാന്‍ പറ്റുന്നതല്ലേ?
ഉ: ആയുധമോ? എന്തിന്?
ചോ. 8: പറ്റുമോ, ഇല്ലേ?
ഉ: പറ്റുമായിരിക്കും. (പോലീസ് കുറിച്ചെടുക്കുന്നു.)
ചോ. 9: നാടന്‍ ബോംബെന്ന് കരുതാവുന്ന കുറെ ഉരുണ്ട വസ്തുക്കള്‍ നിങ്ങളുടെ കെട്ടിടത്തിന്റെ പിന്‍വശത്തു കിടക്കുന്നുണ്ട്. ഉണ്ടോ ഇല്ലേ?
ഉ: സാറേ അത് വീട്ടിലേക്ക് വേണ്ടി വാങ്ങിവെച്ച പൊളിച്ച തേങ്ങയാണ്. അത് ബോംബല്ല.
ചോ. 10: ബോംബാണോ അല്ലേ എന്നത് അന്വേഷണത്തില്‍ കണ്ടെത്തിക്കൊള്ളും. ഇത്തരം വസ്തുക്കള്‍ അവിടെ കിടക്കുന്നുണ്ടോ ഇല്ലേ?
ഉ: ഉണ്ട്. (പോലീസ് രേഖപ്പെടുത്തുന്നു.)
ചോ. 11: നിങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമായ കെട്ടിടത്തിന്റെ ചുമരില്‍ കേരളത്തിന്റെ ഒരു മാപ്പ് കണ്ടെടുത്തതായി കാണുന്നു. ശരിയല്ലേ?
ഉ: ശരിയാണ്. (പോലീസ് രേഖപ്പെടുത്തുന്നു.)
ചോ. 12: ആ ഭൂപടത്തില്‍ പ്രധാന റോഡുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തെത്തുന്നതിന് ഇത്തരം മാപ്പുകള്‍ സഹായിക്കും. ഇല്ലേ?
ഉ: അതെ. (പോലീസ് രേഖപ്പെടുത്തുന്നു.)
ചോ. 13: STOP, PARKING തുടങ്ങിയ എഴുത്തുകളോടെയും അതിനു പകരം പലതരം ചിത്രങ്ങളോടെയുമുള്ള ചിഹ്നങ്ങള്‍ നിങ്ങളുടെ ചുമരില്‍, എളുപ്പം പഠിച്ചെടുക്കാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള രഹസ്യ ഭാഷയാണെന്ന് ആഭ്യന്തരവകുപ്പ് സംശയിക്കുന്നു. ഇത്തരം ചിത്രങ്ങള്‍ ചുമരിലുണ്ടെന്നത് ശരിയല്ലേ?
ഉ: എന്റെ സാറേ അതെല്ലാം ട്രാഫിക് ചിഹ്നങ്ങളാണ്. പഠിപ്പിക്കാനുള്ളതാണ്.
ചോ. 14: അതെ, പഠിപ്പിക്കാനുള്ള കുറെ ചിഹ്നങ്ങള്‍ മുറിക്കകത്ത് ചുമരിലുണ്ട് എന്ന് നിങ്ങള്‍ സമ്മതിക്കുന്നു, അല്ലേ?
ഉ: അതെ. (പോലീസ് രേഖപ്പെടുത്തുന്നു.)
ചോ. 15; അടുത്ത ചോദ്യം ശ്രദ്ധയോടെ കേട്ട്, വ്യക്തമായി ഉത്തരം തരണം. നിങ്ങള്‍ ആളുകളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്ന അത്യാധുനിക വാഹനങ്ങളുണ്ടല്ലോ. അവ നിമിഷനേരം കൊണ്ട് അനേകം ജീവന്‍ നഷ്ടപ്പെടാനും ഇടവരുത്താറില്ലേ?
ഉ: ശരിയല്ലാതെ ഡ്രൈവ് ചെയ്താല്‍...
ചോ. 16: അവക്ക് ജീവന്‍ അപഹരിക്കാന്‍ കഴിവില്ലേ എന്നാണ് ചോദ്യം.
ഉ: ഉണ്ട്. (പോലീസ് രേഖപ്പെടുത്തുന്നു.)
*** ***
അമ്മതിനെക്കൊണ്ട് ഒപ്പിടീപ്പിച്ച ഈ 'കുറ്റസമ്മത'ത്തിന്റെ ചുരുക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.
അതുകൂടി കാണുക:
'പ്രതിയുടെ ഓഫീസില്‍നിന്ന് പോലീസ് മൊബൈല്‍ ഫോണുകളും എ.ടി.എം കാര്‍ഡും കണ്ടെടുത്തു. പല വിദൂരസ്ഥലങ്ങളിലേക്ക് ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ഉണ്ട്.'
''പരിശീലനം നേടി വിവിധ നാടുകളിലേക്ക് പോയവരുടെ പേരുവിവരമടങ്ങുന്ന രജിസ്റ്റര്‍ സ്ഥാപനത്തിന്റെ ഉള്ളില്‍ പൂട്ടിട്ട് സൂക്ഷിക്കുന്ന സ്റ്റീല്‍ അലമാരയില്‍നിന്ന് കണ്ടെടുത്തു. ഒരു ഫോട്ടോ ആല്‍ബവും ഇങ്ങനെ ഭദ്രമായി സൂക്ഷിക്കുന്നതായും കണ്ടെത്തി.''
കണ്ടില്ലേ, സകല തീവ്രവാദ ബന്ധങ്ങളും തുടങ്ങിയത് കണാരന്റെ വിസയിലാണ്. അമ്മത് അതിനെ കഷ്ടകാലമെന്ന് വിളിക്കുന്നു.