ആരാമം പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കുക

പി.മുജീബ് റഹ്‌മാന്‍, അമീര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള
സെപ്റ്റംബര്‍ 2023

ആരാമമുള്ള കേരളത്തിന് 38 വയസ്സായിരിക്കുന്നു. മുസ്ലിം സ്ത്രീയുടെ വായനാബോധത്തിലും അവളുടെ ഭാവുകത്വ പരിണാമങ്ങളിലും ആരാമം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അറിവധികാരത്തിന്റെ പാരമ്പര്യത്തില്‍നിന്നും ചരിത്രത്തില്‍നിന്നും വേരറ്റുപോയിക്കൊണ്ടിരുന്ന മുസ്ലിം സ്ത്രീയുടെ സര്‍ഗാവിഷ്‌കാരങ്ങളുടെ തിരിച്ചുപിടിത്തമായിരുന്നു ആരാമമെന്ന അക്ഷരസാക്ഷ്യം. അറിവിന്റെ ലോകത്ത് മുസ്ലിം വനിതക്ക് പുതിയ ആകാശവും ഭൂമിയും സ്വപ്നവും നല്‍കാനായി എന്നതുതന്നെ ആരാമം കൈവരിച്ച വിപ്ലവമായിരുന്നു. മുസ്ലിം പെണ്‍മനസ്സിന് അവരുടെ സര്‍ഗസിദ്ധികളെ കരുതിവെപ്പില്ലാതെ പുറത്തെടുക്കാന്‍ ആരാമത്തിന്റെ അക്ഷരലോകം സഹായകമായി. അടുക്കളയിലെ രുചിഭേദങ്ങള്‍ മുതല്‍ സാമ്രാജ്യത്വ അധിനിവേശ ഭൂമിയിലെ പുകപടലങ്ങള്‍ വരെ ആരാമത്തിന്റെ അകത്താളുകളില്‍നിന്ന് കേരളീയ സ്ത്രീസമൂഹം വായിച്ചനുഭവിച്ചു.
ലിബറലിസവും കമ്പോള സംസ്‌കാരവും സൃഷ്ടിച്ച കെടുതികള്‍ മലയാളി ജീവിതത്തെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യക്തിവാദവും അതിന്റെ ഭാഗമായുള്ള ലൈംഗിക വാദങ്ങളും സാംസ്‌കാരിക പുഴുക്കുത്തുകളായി കേരളീയ പൊതുമണ്ഡലത്തെ കാര്‍ന്നുതിന്നു തുടങ്ങിയിരിക്കുന്നു. പുറമെ, ലിംഗനീതിയും ലിംഗ സമത്വവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ അക്കാദമിക മേഖലയെ ഇന്ന് സജീവമാക്കിയിരിക്കുന്നു. ലിംഗനീതിയും ലിംഗപദവിയും നിര്‍ണയിക്കുന്നത് പുരുഷാധിപത്യ വ്യവസ്ഥയാണെന്നും അതിനെതിരായി രൂപപ്പെട്ടുവരേണ്ടത് സ്ത്രീ ആധിപത്യമാണെന്നുമുള്ള ആത്യന്തിക വാദങ്ങളാണ് ഇരുപക്ഷത്തു നിന്നുമായി ഉയര്‍ന്നുകേള്‍ക്കുന്നത്. തന്റെ ശരീരത്തിന്റെ അവകാശം തനിക്കാണെന്നും തന്റെ ശരീരം വെച്ച് തനിക്ക് തോന്നിയതെല്ലാം ചെയ്യാമെന്നുമാണ് അതിന്റെയെല്ലാം ഭാഗമായി വികസിച്ചു വരുന്നത്. ഇസ്ലാമില്‍ മനുഷ്യസ്വാതന്ത്ര്യമെന്നത് നിസ്സീമമല്ല. മറിച്ച്, അതിന് ചില അതിരുകള്‍ ഇസ്ലാം ക്രമപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ അതിരുകള്‍ (ഹുദൂദുല്ലാഹ്) എന്ന സംജ്ഞയില്‍ സദാചാരത്തിന്റെ അതിരടയാളങ്ങള്‍ ഇസ്ലാമില്‍ ഭദ്രമാണ്. ആ അതിരുകള്‍ ഭേദിക്കപ്പെടുമ്പോള്‍ മനുഷ്യബന്ധങ്ങളുടെയും സാമൂഹികബോധങ്ങളുടെയും അടിവേരിളകും. മനുഷ്യ ജീവിതത്തിന്റെ മൗലികമായ ഈ പ്രകൃതിപാഠം സമൂഹത്തെ ചൊല്ലിപ്പഠിപ്പിക്കാനാണ് ആരാമം ശ്രമിക്കുന്നത്. ലജ്ജയുടെ അവസാന പുടവയും വലിച്ചുകീറപ്പെട്ട സമകാലിക ലോകത്ത് വിശുദ്ധിയുടെ പെണ്‍പ്രതിനിധാനം എങ്ങനെയാകണം എന്ന് ആരാമം വരച്ചുകാട്ടുന്നു. സമൂഹത്തില്‍ നിലനില്‍ക്കേണ്ട അനിവാര്യമായ സ്ഥാപനമാണ് കുടുംബമെന്ന പാഠവും കുടുംബത്തില്‍ സ്ത്രീക്കും പുരുഷനും നിര്‍വഹിക്കാനുള്ള ധര്‍മങ്ങള്‍ വ്യത്യസ്തവും അതേസമയം പരസ്പരപൂരകവുമാണെന്ന യാഥാര്‍ഥ്യവും ആരാമം അതിന്റെ വായനക്കാരെ ആഴത്തില്‍ ബോധവല്‍ക്കരിക്കുന്നു.
ആരാമം അതിന്റെ ഉള്ളടക്കത്തിലും വിഷയങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. അതിനനുസൃതമായ ഒരു വായനാവട്ടത്തെ രൂപപ്പെടുത്താന്‍ നമുക്കാകണം. ആരാമം പരിചയപ്പെടാന്‍ അവസരം കിട്ടാത്ത വ്യക്തികളില്‍, കുടുംബങ്ങളില്‍, കാമ്പസുകളില്‍ ആരാമമെത്തി എന്ന് നാം ഉറപ്പുവരുത്തണം. പുതിയ കാലം തുറന്നുവെക്കുന്ന അറിവധികാരങ്ങള്‍ നേടിയെടുത്ത് ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാലത്തെയും സമൂഹത്തെയും വായിക്കാനാകുന്ന പെണ്‍ലോകത്തെ സൃഷ്ടിക്കുക എന്ന ആരാമത്തിന്റെ നിയോഗലക്ഷ്യത്തെ കൂടുതല്‍ ചടുലതയോടെ നാം മുന്നോട്ടു കൊണ്ടുപോകണം. ആ ഉദ്ദേശ്യത്തോടെയാണ് സെപ്റ്റംബര്‍ 15 മുതല്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ കാമ്പയിന്‍ നാം സംഘടിപ്പിക്കുന്നത്.  മലയാളിയുടെ കുടുംബ ജീവിതത്തിന്റെ വഴികാട്ടി എന്ന നിലയില്‍ കൊളുത്തിവെക്കപ്പട്ട ആരാമമെന്ന അക്ഷര വിളക്ക് കൂടുല്‍ പ്രകാശപൂര്‍ണമായി ജ്വലിച്ചു നില്‍ക്കുന്നതില്‍ നിങ്ങളും നിങ്ങളുടെ പങ്കാളിത്തം നിര്‍വഹിക്കുക.

പി.മുജീബ് റഹ്‌മാന്‍
അമീര്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media