ഇസ്ലാം ഏതെങ്കിലും ജനവിഭാഗത്തിന്റെ സ്വകാര്യ സ്വത്തല്ല എന്ന് വിശ്വസിക്കുന്ന
പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്്‌ലാമി. അത് പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിനെയാണ്. 'മനുഷ്യര്‍ക്കിടയില്‍ സൗഹൃദത്തിന്റെ പാലം പണിയണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന സാമൂഹിക പ്രസ്ഥാനം' എന്ന് ജമാഅത്തെ ഇസ്ലാമിയെ
വിശേഷിപ്പിക്കാം. അത്തരമൊരു പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗം സംസ്ഥാന
പ്രസിഡന്റാണ് പി.ടി.പി സാജിത. സംഘടനയുടെ നയങ്ങളെക്കുറിച്ച്, ഭാവി
പരിപാടികളെക്കുറിച്ച് പങ്കുവെക്കുന്നു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ആദ്യമായി എത്തിച്ചേരുകയാണല്ലോ. പരിചയക്കുറവുണ്ട്. അതിനാല്‍, വ്യക്തി വിശേഷങ്ങളില്‍നിന്ന് ആരംഭിക്കാം:
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വെള്ളൂരിലാണ് വീട്. ദീര്‍ഘകാലം റിയാദിലായിരുന്നു. അവിടെ സോണല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് പ്രവര്‍ത്തന കാലയളവില്‍ വനിതാ വിംഗിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. കഴിഞ്ഞ മീഖാത്തിന്റെ തുടക്കം മുതല്‍ സംസ്ഥാന തലത്തിലെ ചില ഉപ വകുപ്പുകളിലുണ്ട്. കഴിഞ്ഞ പ്രവര്‍ത്തന കാലയളവിലെ രണ്ടാം പാതിയിലാണ് സംസ്ഥാന സമിതിയിലെത്തുന്നത്.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചിട്ട് പതിറ്റാണ്ടുകളായല്ലോ? അതിന്റെ പൊതു സ്വീകാര്യതയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഒരു സ്വതന്ത്ര ഇസ്‌ലാമിക പ്രസ്ഥാനമല്ല. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ വനിതാ വിഭാഗം എന്നതാണ് അതിന്റെ സ്റ്റാറ്റസ്. ജമാഅത്തെ ഇസ്‌ലാമി ഓരോ നാലു വര്‍ഷത്തിലും ദേശീയ- അന്തര്‍ദേശീയ സാഹചര്യങ്ങളെ വിലയിരുത്തി പോളിസിയും പ്രോഗ്രാമും തയ്യാറാക്കുന്ന ഇസ്ലാമിക പ്രസ്ഥാനമാണ്. കഴിഞ്ഞ കാലങ്ങളിലെടുത്ത നയപരിപാടികള്‍ സമൂഹത്തില്‍ എന്ത് സ്വാധീനമുണ്ടാക്കി, അഥവാ നമ്മുടെ ആശയങ്ങളെയും കര്‍മ പദ്ധതികളെയും പൊതു സമൂഹം എത്രത്തോളം സ്വീകരിച്ചു എന്നതിനെക്കൂടി അടിസ്ഥാനമാക്കിയാണ് പുതിയ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത.് രാജ്യ നിവാസികളെ ഒറ്റ സമൂഹമായിക്കണ്ട് പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ പോളിസി രൂപീകരണത്തില്‍ പ്രസ്ഥാനത്തെക്കുറിച്ച പൊതുജനാഭിപ്രായം തീര്‍ച്ചയായും പരിഗണിക്കപ്പെടാറുണ്ട്. വനിതാ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ബാധകമാണ്.
കഴിഞ്ഞ കാലങ്ങളിലെ പ്രസ്ഥാനത്തിന്റെ ഊന്നലുകളെ സമൂഹമേറ്റെടുത്തിട്ടുണ്ട് എന്നാണോ?
തീര്‍ച്ചയായും. മുസ്ലിം സ്ത്രീകളുടെ വിശ്വാസപരവും ധാര്‍മികവുമായ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സമൂഹത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ നീതിയുടെ പക്ഷം ചേര്‍ന്നുകൊണ്ട് പ്രസ്ഥാനം നടത്തിയിട്ടുള്ള ഇടപെടലുകളും സമൂഹം ഇരു കരവും നീട്ടി സ്വീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലൂന്നിയുള്ള കാമ്പയിനുകളും സമ്മേളനങ്ങളും വലിയ വിജയമാവുന്നത് പ്രവര്‍ത്തകരുടെ അധ്വാനത്തോടൊപ്പം നാം മുന്നോട്ടുവെക്കുന്ന ആശയങ്ങളെ സമൂഹം ഏറ്റെടുക്കുന്നു എന്നതുകൊണ്ട് കൂടിയാണല്ലോ.
പുതിയ പോളിസിയും പ്രോഗ്രാമും രൂപപ്പെട്ട് കഴിഞ്ഞുവോ? എന്തൊക്കെയാണ് പ്രോഗ്രാമുകള്‍?
രൂപപ്പെടുത്തി വരികയാണ്. അതിനാവശ്യമായ ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ദേശീയ പോളിസി രൂപപ്പെട്ടിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയുള്ള കര്‍മ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരുടെ അഭിപ്രായങ്ങളെയും പ്രവര്‍ത്തക നിര്‍ദേശങ്ങളെയും മുഖവിലക്കെടുത്തുകൊണ്ടാണ് കര്‍മ പദ്ധതി ആവിഷ്‌കരിക്കുന്നത്. മുസ്ലിം സമൂഹത്തില്‍ ചില വിഷയങ്ങള്‍ ഫോക്കസ് ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യ ശ്രദ്ധ കൊടുക്കാനുള്ളത്. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നവ ലിബറല്‍ ആശയങ്ങളും നാസ്തിക നിരീശ്വരവാദങ്ങളും കുത്തിവെക്കാനുള്ള ശ്രമങ്ങളും, അതിന്റെ സ്വാധീനത്തില്‍ പെട്ട് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള ആളുകള്‍ മതനിരാസത്തിലേക്ക് നീങ്ങുകയോ മതത്തോടും മത ചിഹ്നങ്ങളോടും ആഭിമുഖ്യം കുറഞ്ഞവരാവുകയോ ചെയ്യുന്ന പ്രവണതയെ ഗൗരവത്തിലാണ് കാണുന്നത്. ആശയ തലത്തില്‍ ഇതിനെ പ്രതിരോധിക്കാനാവശ്യമായ പരിപാടികള്‍ക്കാണ് മുഖ്യ ഊന്നല്‍ നല്‍കുന്നത്. ഒരു പൊളിറ്റിക്കല്‍ ഇഷ്യു എന്ന നിലയില്‍ അഭിമുഖീകരിക്കുന്നതിന് പകരം മതപരമായ വിഷയം എന്ന നിലയില്‍ അതിന്റെ വൈജ്ഞാനിക തലത്തില്‍ നിന്നുകൊണ്ട് വിശദീകരിക്കപ്പെടുകയും, ഓരോ സ്ത്രീയേയും നവീന ചിന്താഗതിക്കാര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍ വൈജ്ഞാനികമായും സാംസ്‌കാരികമായും ശാക്തീകരിക്കുകയും ചെയ്യാനുള്ള കര്‍മപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
*കുടുംബ ഘടന അസ്ഥിരമാകുന്നതല്ലേ യഥാര്‍ഥത്തില്‍ പ്രശ്‌നം?
അസ്ഥിരമാകുന്നു എന്നതിനെക്കാള്‍ അസ്ഥിരമാക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങളുണ്ടാവുന്നു എന്നതാണ് നമ്മള്‍ ഈ കാലത്ത് അഡ്രസ് ചെയ്യേണ്ട സുപ്രധാന വിഷയം. നോക്കൂ എല്‍.ജി.ബി.ടി.ക്യൂ ആത്യന്തികമായി കുടുംബത്തെയല്ലേ ബാധിക്കുന്നത്? ജെന്റര്‍ ഇക്വാലിറ്റി, ട്രാന്‍സ് ജെന്റര്‍ തുടങ്ങിയ വിഷയങ്ങളുടെ മറവില്‍ ജന്ററില്‍ അരക്ഷിതാവസ്ഥയുള്ള ഒരു തലമുറയെ സൃഷ്ടിക്കാനല്ലേ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? എത്രമാത്രം അപകടകരമാണ് ഈ പ്രവണത. ഒരു കുട്ടിയില്‍ ഇതുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് സമൂഹം ഇനിയും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ലെന്ന് വേണം കരുതാന്‍. ഒരു നിമിഷം ഒരാള്‍ അനുഭവിക്കേണ്ടിവരുന്ന സ്വത്വപ്രതിസന്ധിയെക്കുറിച്ച് ആലോചിക്കുന്ന ആരും എല്‍.ജി.ബി.ടി.ക്യൂ... അനുകൂല വാദത്തിന്റെ കൂടെ നില്‍ക്കില്ല. സര്‍ക്കാര്‍ ചെലവില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഈ ആശയം കടത്തിവിടാനുള്ള ശ്രമങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ തന്നെ പരാജയപ്പെടുത്തണം.
കുടുംബ ഘടന ശക്തിപ്പെടുത്താനാവശ്യമായ വല്ല ഊന്നലുകളും പുതിയ പ്രോഗ്രാമിലുണ്ടോ?
കുടുംബ സംസ്‌കരണത്തിലും ശാക്തീകരണത്തിലും ഊന്നി പ്രോഗ്രാമുകളിലേറെയും ഡിസൈന്‍ ചെയ്യാമെന്നാണ് കരുതുന്നത്. കുടുംബങ്ങളെ ദീനീ അടിത്തറകളില്‍ കെട്ടിപ്പടുക്കാന്‍ സഹായകമായ വിശ്വാസപരവും വൈജ്ഞാനികവുമായ പരിപാടികളുണ്ടാവും. ഉത്തരവാദിത്വ ബോധമുള്ളവരാക്കി കുടുംബിനികളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബത്തിലെ ഓരോ അംഗത്തിനും വലിയ പ്രാധാന്യമാണ് ഇസ്‌ലാം നല്‍കുന്നത്. കൂടിയാലോചനകള്‍ നടക്കുകയും സൗഹൃദാന്തരീക്ഷങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന മാതൃകാ സ്ഥാപനങ്ങളായി കുടുംബം പരിവര്‍ത്തിപ്പിക്കപ്പെടേണ്ടതുണ്ട്. വളര്‍ന്നുവരുന്ന തലമുറക്ക് അനിവാര്യമായ അടിസ്ഥാന ദീനീ വിജ്ഞാനങ്ങള്‍ കുടുംബത്തിലൂടെ തന്നെ കൈമാറ്റം ചെയ്യപ്പെടണം. നന്മ- തിന്മകള്‍ വേര്‍തിരിച്ച് മനസ്സിലാക്കാനും നന്മ തെരഞ്ഞെടുക്കാനുമുള്ള ചോദനകള്‍ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തിലൂടെ പകര്‍ന്നുകിട്ടേണ്ടതാണ്. കുടുംബാന്തരീക്ഷം സ്ത്രീ സൗഹൃദമാവണമെന്നത് ഈ വിഷയത്തില്‍ ചേര്‍ത്തുവെക്കാനുള്ള പ്രധാന നിര്‍ദേശങ്ങളിലൊന്നാണ്.
നമ്മുടെ സാമൂഹിക അന്തരീക്ഷം സ്ത്രീ സൗഹൃദപരമല്ല എന്നത് പലവട്ടം ചര്‍ച്ച ചെയ്യപ്പെടുകയും പരിഹാരം കാണാതെ പോവുകയും ചെയ്യുന്ന വിഷയമാണ്. സമൂഹത്തിന്റെ പരിഛേദമാണല്ലോ കുടുംബം. അവിടത്തെ നന്മകള്‍ ഇവിടെയും നന്മകളാണ്. അവിടത്തെ തിന്മകള്‍ കുടുംബത്തിലെയും തിന്മകളാണ്. നമ്മുടെ അടുക്കളകള്‍ പോലും സ്ത്രീ സൗഹൃദപരമല്ല എന്നഭിപ്രായപ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്.
സംസാരത്തിന്റെ തുടക്കം മുതല്‍ വൈജ്ഞാനിക ശാക്തീകരണത്തെ കുറിച്ച് പറയുന്നുണ്ടല്ലോ. ആ വഴിക്ക് വല്ല ചുവടും വെക്കുന്നുണ്ടോ?
വിഷയങ്ങളെ ഉപരിപ്ലവമായി മാത്രം സമീപിക്കുന്ന രീതികള്‍ മാറണം. ഫെമിനിസത്തിന്റെ ഇസ്ലാമിക ബദലാണ് ഇസ്ലാമിക ഫെമിനിസം എന്നൊരു തോന്നല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറിയ തോതിലെങ്കിലും അഭ്യസ്തവിദ്യരായിട്ടുള്ള മുസ്ലിം യുവതികള്‍ ഈ ആശയഗതിയിലേക്ക് വഴുതിപ്പോവുന്നുണ്ട.് ഇസ്ലാമിക ആശയലോകത്ത് നിന്നുകൊണ്ട് ഇവ വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള പഠനങ്ങളുടെ പരിമിതിയാണ് പ്രധാന പ്രശ്‌നമെന്ന് മനസ്സിലാക്കുന്നു. ഇസ്ലാമിക ആശയഗതിയില്‍നിന്ന് ഫെമിനിസം വേര്‍പിരിയുന്ന അതിരുകള്‍ വിശദീകരിക്കപ്പെടുകയും, സ്ത്രീകള്‍ പുരോഗമനമായി മനസ്സിലാക്കുന്ന പലതിനോടുമുള്ള ഇസ്ലാമിക സമീപനം വ്യക്തമാക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ചുരുക്കത്തില്‍, മറ്റൊന്നിന്റെയും കടം കൊള്ളലുകളില്ലാതെ ഇസ്ലാമിക ആശയ ഭൂമികയില്‍ നിന്നുകൊണ്ടുതന്നെ അഭിമാന പൂര്‍വമുള്ള പെണ്‍ ജീവിതം സാധ്യമാണ് എന്ന് ബോധ്യപ്പെടും വിധമുള്ള വൈജ്ഞാനിക പരിപാടികള്‍ ആവിഷ്‌കരിക്കും. ഇപ്പോള്‍ വനിതകള്‍ക്ക് മാത്രമായി നടക്കുന്ന തംഹീദുല്‍ മര്‍അഃയെ കാര്യക്ഷമമായി കൊണ്ടുപോകും. ഖുര്‍ആന്‍ പഠന സംവിധാനങ്ങളെ ശക്തിപ്പെടുത്തും. ശാന്തപുരം അല്‍ജാമിഅയുമായി സഹകരിച്ച് ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ സാധ്യമാണോയെന്ന് പരിശോധിക്കും. ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ സാധ്യതകളെ ഈ വിഷയത്തില്‍ പരമാവധി പ്രയോജനപ്പെടുത്തും. പ്രവര്‍ത്തകരില്‍ ആഴത്തിലുള്ള പഠനം പ്രോത്സാഹിപ്പിക്കും.
പുറമെ നിന്നുള്ള ഇത്തരം ചിന്താ സ്വാധീനത്തിനപ്പുറം, ഇസ്ലാമിന്റെ മൗലികാധ്യാപനങ്ങളില്‍ നിന്നും ഏതു തരം വ്യതിചലനമാണ് സമുദായം അഭിമുഖീകരിക്കുന്നത്? ഇതിനെ പ്രതിരോധിക്കാന്‍ താഴെ തട്ടുമുതല്‍ ഏതു തരം പ്രവര്‍ത്തനമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്്?
വിശ്വാസ വ്യതിചലനങ്ങള്‍ സമുദായത്തിനകത്ത് ശക്തമാണ്. സ്ത്രീ ശാക്തീകരണത്തിന്റെ വര്‍ത്തമാന കാലത്തും സമുദായത്തിനകത്ത് വലിയ തോതില്‍ സ്വാധീനമുള്ള മത സംഘടനകള്‍ക്ക് സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടിതമായ സംഘടനാ സംവിധാനങ്ങളില്ല എന്നത് ആലോചിക്കേണ്ട കാര്യമാണ്. അന്ധവിശ്വാസങ്ങള്‍ വിശ്വാസമെന്ന വ്യാജേന എഴുന്നള്ളിച്ചു കൊണ്ടുവരാനുള്ള വലിയ തോതിലുള്ള ശ്രമങ്ങളാണ് ചില മത പുരോഹിതന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സംഘടിതരല്ലാത്തതിനാല്‍ വലിയ വിഭാഗം സ്ത്രീ സമൂഹത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വാധീനിക്കുന്നു എന്നത് ഗൗരവത്തില്‍ കാണേണ്ടതാണ്. പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ വിശ്വാസ വ്യതിചലനങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രസ്ഥാനം വലിയ തോതിലുള്ള ബോധവല്‍ക്കരണങ്ങള്‍ നടത്തിപ്പോന്നിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. നിരന്തര ബോധവല്‍ക്കരണങ്ങളിലുടെ വിശ്വാസ വ്യതിചലനത്തില്‍നിന്നും അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്നും സമുദായത്തെ രക്ഷിച്ചെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ത്രീകള്‍ സമുദായത്തിനകത്തുനിന്ന് അനുഭവിക്കുന്ന വിവേചനങ്ങളെയും അഡ്രസ് ചെയ്യേണ്ടതുണ്ടെന്ന് കരുതുന്നു. ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറിയതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വിവാദം പോലുള്ള നിലപാടുകളെ മത നേതൃത്വവും സംഘടനകളും പുനരാലോചനക്ക് വിധേയമാക്കണം.
ഖുര്‍ആനും പ്രവാചകനും നിഷ്‌കര്‍ഷിക്കാത്ത നിബന്ധനകള്‍ പൊതുമണ്ഡലങ്ങളിലുള്ള സ്ത്രീ സാന്നിധ്യത്തിനെതിരെ അടിച്ചേല്‍പിക്കുന്നത് പൗരോഹിത്യ താല്‍പര്യങ്ങളെ താങ്ങിനിര്‍ത്താന്‍ മാത്രമാണ്. അതൊരിക്കലും മുഖവിലക്കെടുക്കാന്‍ ആഗ്രഹിക്കുന്നേയില്ല.
കുടുംബ സംസ്‌കരണത്തില്‍ കുറെയേറെ ചെയ്യാനുള്ള ഇടമാണല്ലോ മഹല്ല് സംവിധാനം. ആ വഴിക്ക് വല്ല പ്രവര്‍ത്തനങ്ങളും ശ്രദ്ധയിലുണ്ടോ?
കുടുംബ സംസ്‌കരണവുമായി ബന്ധപ്പെട്ട് മഹല്ലുകള്‍ക്ക് ഏറെ ചെയ്യാനുണ്ട്. മഹല്ലിലെ സ്ത്രീകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍, വിരലിലെണ്ണാവുന്ന മഹല്ലുകളില്‍ മാത്രമേ കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യമുള്ളൂ. അത് ഉടന്‍ പരിഹരിക്കേണ്ട വിഷയമാണ്. മഹല്ലിലെ എന്ത് വിഷയമായിരുന്നാലും അതിലെ വലിയൊരു ഭാഗം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരിക്കും.
അത്തരം സ്ത്രീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് പോലും സ്ത്രീ പ്രാതിനിധ്യമില്ല എന്നത് എന്തുമാത്രം ദുഃഖകരമാണ്. മഹല്ല് കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റികളെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വഴിയാത്രക്കാരായ സ്ത്രീകള്‍ക്ക് പള്ളികളോടനുബന്ധമായി ഉണ്ടാക്കിയിട്ടുള്ള നമസ്‌കാര സ്ഥലങ്ങളിലെ സൗകര്യങ്ങള്‍ അധിക ഇടങ്ങളിലും അപര്യാപ്തമാണ്. സ്ത്രീകളോട് റസൂല്‍ (സ) കാണിച്ച മാന്യത മഹല്ല് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും കാണിക്കണം. സ്ത്രീകളുടെ കഴിവുകള്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ മഹല്ലിലുണ്ടാവണം.
ഫാമിലി കൗണ്‍സലിംഗ്, നിയമസഹായ സമിതികള്‍ എന്നിവയില്‍ നിപുണരായവരുടെ കഴിവുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തണം.
വ്യത്യസ്ത സംവിധാനങ്ങളുടെ നായകസ്ഥാനത്തുള്ള സ്ത്രീകളുടെ ശേഷികള്‍ മഹല്ലിന് കൂടി പ്രയോജനപ്പെടണം.
മഹല്ലിന്റെ പരിഗണനയില്‍ വരേണ്ട മറ്റൊരു പ്രധാന വിഷയമാണ് സ്ത്രീകളുടെ ആരോഗ്യ മേഖല. നിലവിലുള്ള പൊതു ഫിറ്റ്‌നസ് സെന്ററുകള്‍ സ്ത്രീകള്‍ക്ക് വലിയ തോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നവയല്ല, മഹല്ലിന്റെ നേതൃത്വത്തില്‍ സ്ത്രീ സംഘാടന സാധ്യതകളുപയോഗിച്ച് ഫിറ്റ്‌നസ് സെന്ററുകള്‍ തുറക്കുകയാണെങ്കില്‍ വലിയ പ്രയോജനം ചെയ്യും.
മാനവ സൗഹാര്‍ദത്തിന് വലിയ പ്രാധാന്യമാണല്ലോ പ്രസ്ഥാനം നല്‍കുന്നത്?
കഴിഞ്ഞ കാലങ്ങളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവും.
'സൗഹൃദ കേരളം പെണ്‍കൂട്ടായ്മ' എന്ന തലക്കെട്ടില്‍ നാമുണ്ടാക്കിയ, വ്യത്യസ്ത ആശയഗതിക്കാരെ ചേര്‍ത്തുകൊണ്ടുള്ള കൂട്ടായ്മ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അതിന്റെ ചാപ്റ്ററുകള്‍ പരമാവധി സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ ശ്രമം നടത്തും. ഒരു വര്‍ഗീയതക്കും തോല്‍പിക്കാന്‍ കഴിയുന്നതല്ല കേരളത്തിന്റെ സൗഹൃദ അന്തരീക്ഷം. അത്രമേല്‍ ആഴത്തില്‍ വേരുള്ളതാണ് കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം.
അത് ഇഷ്ടപ്പെടാത്ത അസൂയാലുക്കളാണ് സംശയവും വെറുപ്പും സൃഷ്ടിച്ച് അകല്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഈ ശ്രമങ്ങളെ ഒന്നിച്ചിരുന്നാണ് പരാജയപ്പെടുത്താനാവുക. എല്ലാ മതങ്ങളുടെ ആഘോഷ വേളകളെയും പാരസ്പര്യത്തിന്റെയും പങ്കുവെക്കലിന്റെയും അവസരങ്ങളാക്കി മാറ്റാന്‍ നമ്മുടെ ഭാഗത്തുനിന്ന് വലിയ ശ്രമങ്ങളുണ്ടാവും.
പ്രഫഷണലുകളായ മുസ്ലിം സ്ത്രീകളെ അഡ്രസ് ചെയ്യാനുള്ള വല്ല ഫോര്‍മുലയും?
പ്രസ്ഥാനത്തിനകത്തുള്ള പ്രഫഷണലുകള്‍ക്ക് വേണ്ടി രൂപംകൊടുത്ത കൂട്ടായ്മയാണ് 'വിംഗ്‌സ്.' നിലവില്‍ അധിക ജില്ലകളിലും അതിന് ചാപ്റ്ററുകളുണ്ട്. ഇത്തരം വ്യക്തികളുടെ ശേഷിയെ സമൂഹത്തിന് പ്രയോജനപ്രദമായ വിധത്തില്‍ വിനിയോഗിക്കുക എന്നതും അവരെ പ്രാസ്ഥാനികമായി ശാക്തീകരിക്കുക എന്നതും കൂട്ടായ്മയുടെ ലക്ഷ്യമാണ്. ഈ കൂട്ടായ്മയെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പ്രഫഷണലുകളായ സ്ത്രീകളിലേക്ക് നമുക്ക് കടന്നുചെല്ലാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ പരിഗണനയിലാണ് കലാ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കണ്ടിട്ടുള്ളത്. ഇസ്ലാമിനെക്കുറിച്ച ഇത്തരം ആളുകളുടെ തെറ്റിദ്ധാരണകള്‍ തിരുത്തി അവരുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ആവശ്യമെങ്കില്‍ അത്തരം മേഖലകളില്‍ വിദഗ്ധരെ ഉപയോഗപ്പെടുത്തി കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കും.
ഉന്നത മതകലാലയങ്ങള്‍ ഏറെയുള്ളതാണ് നമ്മുടെ നാട്. ഒട്ടനേകം സ്ത്രീകള്‍ പഠിതാക്കളായിട്ടുണ്ട്. മതകലാലയങ്ങളില്‍ നിന്നുവരുന്ന ഈ പെണ്‍കുട്ടികളെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ സമൂഹത്തിന് സാധിക്കാത്തതെന്തുകൊണ്ടാണ്?
വളരെ പ്രാധാന്യപൂര്‍വം ആലോചനാ വിധേയമാക്കേണ്ട വിഷയമാണിത്. പെണ്‍കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കാന്‍ വ്യത്യസ്ത പേരുകളില്‍ ധാരാളം സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തില്‍ നടത്തപ്പെടുന്നുണ്ട്. അവിടുന്ന് പഠനം പൂര്‍ത്തിയാക്കിയവരെ പിന്നീട് അധികമൊന്നും കാണാറില്ല. ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കൈയില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ ഈ പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളേറെ നടക്കുന്നുണ്ട്. സ്‌കൂളുകളില്‍ മോറല്‍ അധ്യാപികമാരായും മദ്‌റസകളില്‍ വലിയൊരു ശതമാനം അധ്യാപികമാരായും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ഖുര്‍ആന്‍ പഠന വേദികള്‍, തംഹീദുല്‍ മര്‍അഃ പോലുള്ള കോഴ്‌സുകള്‍ എന്നിവയില്‍ അധ്യാപികമാരായും ഇവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
മഹല്ല് സംവിധാനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് മദ്‌റസകളില്‍ അധ്യാപികമാരായി നിയമിച്ചാല്‍ തന്നെ വലിയൊരു അളവു വരെ ഇവരുടെ ശേഷി സമുദായത്തിന് പ്രയോജനപ്പെടും. ഈ വഴിക്കൊരാലോചന മഹല്ല് കമ്മിറ്റികള്‍ നടത്തുന്നില്ല എന്നത് അല്‍ഭുതപ്പെടുത്തുന്നു. ഈ കാര്യങ്ങള്‍ മതനേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും.
ഫാഷിസ്റ്റുകളും ലിബറലുകളും മുസ്ലിം സ്ത്രീയെ 'രക്ഷിച്ചെടുക്കാനുള്ള' വ്യഗ്രതയിലാണ്. സ്വത്വബോധമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ പൊതുഇടത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നം എങ്ങനെയാണ് അഡ്രസ്സ് ചെയ്യേണ്ടത്?
മുസ്ലിം സ്ത്രീകളുടെ രക്ഷാ കര്‍തൃത്വം ഏറ്റെടുക്കാന്‍ വേണ്ടിയുള്ള മത്സരമാണ് നടക്കുന്നത്. ത്വലാഖ് ചെയ്യപ്പെടുകയും വിധവയാക്കപ്പെടുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍. പെണ്ണിനെ മഫ്തയില്‍ കെട്ടിപ്പൂട്ടി വെക്കുന്നതില്‍നിന്ന് മോചിപ്പിക്കാനാണ് നവ ലിബറലുകളുടെ അക്ഷീണ യത്‌നം. ഫ്‌ളാഷ് മോബ് കളിപ്പിച്ചും 'മൈ ബോഡി മൈ ചോയ്‌സ്' പോലുള്ള മുദ്രാവാക്യങ്ങളേറ്റെടുപ്പിച്ചും അവരും സംരക്ഷക വേഷം നന്നായി അഭിനയിക്കുന്നുണ്ട്.
ഇസ്ലാമിന്റെ ജീവിത സൗന്ദര്യവും സാംസ്‌കാരിക ഔന്നത്യവും പകര്‍ന്നുനല്‍കി, ഇസ്ലാമിക ജീവിത ശീലങ്ങളില്‍ അഭിമാനം കൊള്ളുന്നവരാക്കി പുതിയ തലമുറയെ മാറ്റിയെടുത്താണ് ഇതിനെ മറികടക്കാനാവുക എന്നാണ് കരുതുന്നത്. കാമ്പസിനകത്തും പുറത്തും ആ നിലയില്‍ അഭിമാനപൂര്‍വം ഇസ്ലാമിക പ്രതിനിധാനം നിര്‍വഹിക്കുന്ന ധാരാളം പെണ്‍കുട്ടികളുണ്ട്. അവര്‍ ഈ വിഷയത്തില്‍ അനുകരണീയ മാതൃകയാണ്. ഇന്ത്യക്കകത്തും പുറത്തും ഇത്തരം ധാരാളം മാതൃകകളുണ്ട്.