തിരുമേനിയുടെ ദൃഷ്ടി സമയത്തിന്റെയും സാഹചര്യങ്ങളുടെയും ബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞു, സഹസ്രാബ്ദങ്ങളുടെ തിരശ്ശീലകള്‍ കീറിമുറിച്ച് മുന്നോട്ട് കുതിക്കുകയാണ്. അങ്ങനെ അദ്ദേഹം എല്ലാ കാലത്തും എല്ലാ പരിതഃസ്ഥിതികളിലും മനുഷ്യനും അവന്റെ ജീവിതത്തിനും ഒരേപോലെ പ്രസക്തവും പ്രയോജനകരവുമായ ധാര്‍മികവും പ്രായോഗികവുമായ
നിര്‍ദേശങ്ങള്‍ നല്കുന്നു.
മുഹമ്മദ് നബി അദ്വിതീയ ചരിത്രപുരുഷന്, വിപ്ലവകാരി
മാനവ ചരിത്രത്തിന്റെ ദൃശ്യ മണ്ഡപത്തില്‍ നമ്മുടെ നബിയോളം ഉന്നതമായൊരു വ്യക്തിത്വം എവിടെ കാണാന്‍ സാധിക്കും? ചരിത്രാരംഭം മുതല്‍ ഇന്നേവരെയുള്ള ലോകത്തിലെ വീരേതിഹാസ പുരുഷന്മാരായി (Heroes) അറിയപ്പെടുന്ന എല്ലാവരെയും വരി നിറുത്തി അവര്‍ക്കെതിരെ പ്രവാചകനെയും കൊണ്ട് നിറുത്തുക. പ്രവാചകന്റെ മുന്നില്‍ അവരൊക്കെയും കുള്ളന്മാരായതായി കാണാം. ലോകത്തിലെ മഹാപുരുഷന്മാരില് ആരെ എടുത്ത് പരിശോധിച്ചാലും അവരുടെ പൂര്‍ണതയുടെ തിളക്കം മനുഷ്യ ജീവിതത്തിലെ ഒന്നോ രണ്ടോ മേഖലകള്‍ക്കപ്പുറം മുമ്പോട്ട് പോയതായി കാണാന്‍ സാധിക്കുകയില്ല. ചിലര്‍ സിദ്ധാന്തങ്ങളുടെ ചക്രവര്‍ത്തിമാരാകും. പക്ഷേ, പ്രായോഗിക സിദ്ധി കമ്മിയായിരിക്കും. ചിലര്‍ അത്യന്തം പ്രവര്‍ത്തന ക്ഷമതയുള്ളവരായിരിക്കും. പക്ഷേ, ചിന്ത ദുര്‍ബലമായിരിക്കും. രാഷ്ട്രീയ തന്ത്രങ്ങളില്‍ പരിമിതമായിരിക്കും ചിലരുടെ പൂര്‍ണതകള്‍. വേറെ ചിലരുടെ മിടുക്ക് സൈനിക രംഗത്ത് മാത്രമായിരിക്കും. സാമൂഹിക ജീവിതത്തിലെ ഏതെങ്കിലുമൊരു വശത്തിലായിരിക്കും ചിലരുടെ അഗാധ ദൃഷ്ടി പതിഞ്ഞിട്ടുണ്ടാവുക. എന്നാല്‍, മറ്റു രംഗങ്ങളൊക്കെ അയാളുടെ ദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമായിരിക്കും. സ്വഭാവ ധര്‍മങ്ങളും ആത്മീയതയും അവഗണിച്ചവരായിരിക്കും ചിലര്‍.
എന്നാല്‍, എല്ലാ പൂര്ണതകളും ചരിത്രത്തില്‍ ഒന്നിച്ചു മേളിച്ച ഏക വ്യക്തി പ്രവാചകന് മാത്രമേയുള്ളൂ. സ്വ േത ജ്ഞാനിയും ദാര്‍ശനികനുമായ നബിതിരുമേനി തന്റെ ദര്‍ശനം പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കുക കൂടി ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹം രാഷ്ട്ര തന്ത്രജ്ഞനും സൈനിക നേതാവുമായിരുന്നു. നിയമ നിര്‍മാതാവും സദാചാര ഗുരുവുമായിരുന്നു. മതനേതാവും ആത്മീയാചാര്യനുമായിരുന്നു. അദ്ദേഹത്തിന്റെ ദൃഷ്ടി മനുഷ്യജീവിതത്തിലാസകലം വ്യാപിച്ചിരുന്നു. നിസ്സാരങ്ങളില്‍ നിസ്സാരമായ വിശദാംശങ്ങളില്‍ വരെ അത് ചെന്നെത്തിയിരുന്നു. അന്നപാനങ്ങളുടെ മര്യാദകള്‍ മുതല്‍, ശരീര ശുചീകരണ രീതികള്‍ മുതല്‍, അന്താരാഷ്ട്ര ബന്ധങ്ങള്‍ വരെ ഓരോരോ സംഗതികളെ കുറിച്ചും അദ്ദേഹം ആജ്ഞകളും മാര്‍ഗനിര്‍ദേശങ്ങളും നല്കുകയുണ്ടായി. തന്റെ സിദ്ധാന്തങ്ങള്ക്കനുസൃതമായ ഒരു തനത് സംസ്കാരനാഗരികത ലോകത്തിന് അദ്ദേഹം ഉണ്ടാക്കി കാണിച്ചുകൊടുത്തു. ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിലെല്ലാം എവിടെയും യാതൊരു ഏറ്റപ്പറ്റുമില്ലാത്തവിധം ശരിയായ സന്തുലിതത്വം സ്ഥാപിച്ചു. ഇങ്ങനെയൊരു സമഗ്രത സമര്‍പ്പിക്കാന്‍ ലോകത്ത് മറ്റേതെങ്കിലും വ്യക്തിക്ക് സാധിക്കുകയുണ്ടായോ?
ലോകത്തിലെ മഹാപുരുഷന്മാരില് കൂടിയോ കുറഞ്ഞോ തങ്ങളുടെ ചുറ്റുപാടുകളാല്‍ സ്വാധീനിക്കപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, ഈ നബിയുടെ അവസ്ഥ അവര്‍ക്കൊക്കെയും അപവാദമാണ്. അദ്ദേഹത്തെ നിര്‍മിച്ചെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ചുറ്റുപാടുകള്‍ക്ക് എന്തെങ്കിലും പങ്കുള്ളതായി കാണാന്‍ സാധിക്കില്ല. അറബികളുടെ ചുറ്റുപാടുകള്‍ ആ ചരിത്ര സന്ദര്‍ഭത്തില്‍ അത്തരമൊരു മനുഷ്യന്റെ സൃഷ്ടിയെ തേടിയിരുന്നു എന്ന് ഒരു തെളിവുകൊണ്ടും സ്ഥാപിക്കാനാവില്ല. ഗോത്ര ശൈഥില്യം തുടച്ചുമാറ്റി ഒരു സമുദായത്തെ നിര്‍മിക്കുകയും, രാജ്യങ്ങള്‍ ജയിച്ചടക്കി സാമ്പത്തിക ക്ഷേമ സാമഗ്രികള്‍ ഒരുക്കുകയും ചെയ്യുന്ന ഒരു നേതാവിന്റെ ആഗമനം താല്പര്യപ്പെടുന്ന ചരിത്രപരമായ കാരണങ്ങള്‍ അറബ് സമൂഹത്തില്‍ ഉണ്ടായിരുന്നു എന്നതിനപ്പുറം ഒന്നും, എത്ര മലക്കം മറിഞ്ഞാലും പറയാന്‍ സാധിക്കുകയില്ല അതായത് അക്കാലത്തെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന, അക്രമവും ക്രൂരതയും രക്തച്ചൊരിച്ചിലും വഞ്ചനയും സ്വാര്ഥതയുമെല്ലാം, സാധ്യമായ എല്ലാ മാര്‍ഗേണയും ഉഛാടനം ചെയ്ത് തന്റെ സമുദായത്തിന് ക്ഷേമൈശ്വര്യ സമ്പൂര്‍ണമായ ഒരു ഭരണകൂടം സൃഷ്ടിച്ചുകൊടുത്ത്, പിന്നാക്കാവസ്ഥയില്‍നിന്ന് മോചിപ്പിക്കുന്ന ഒരു ദേശീയ നേതാവ്. ഇതല്ലാതെ, അക്കാലത്തെ അറബ് ചരിത്രം മറ്റൊരു നേതാവിനെ തേടിയിരുന്നതായി സ്ഥാപിക്കുന്ന ഒരു തെളിവും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുകയില്ല.
ഹെഗലിന്റെ ചരിത്രദര്‍ശനവും മാര്‍ക്സിന്റെ ചരിത്രവ്യാഖ്യാന വീക്ഷണകോണും ഉപയോഗിച്ചാല്‍ തന്നെയും പരമാവധി പറയാന്‍ സാധിക്കുക അക്കാലത്തെ ചുറ്റുപാടില്‍ ഒരു രാഷ്ട്രശില്പി പ്രത്യക്ഷപ്പെടേണ്ടതുണ്ട്, അല്ലെങ്കില്‍ അതിന് സാധ്യതയുണ്ട് എന്ന് മാത്രമാണ്. അക്കാലത്ത് ആ ചുറ്റുപാടില്‍ ഉത്തമ സ്വഭാവഗുണങ്ങള്‍ പഠിപ്പിച്ച, മാനവതയെ സംസ്കാരം ചമയിച്ച, മനുഷ്യ മനസ്സുകളെ സംസ്കരിക്കുന്ന, പ്രാഗ് ഇസ്ലാമിക കാലത്തിലെ മിഥ്യാധാരണകളും പക്ഷപാതങ്ങളും തുടച്ചുനീക്കിയ, വംശത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ വിട്ടുകടന്ന് സ്വന്തം ദൃഷ്ടികള്‍ മുഴുവന്‍ മനുഷ്യ സഞ്ചയത്തിലേക്കും വ്യാപിക്കുന്ന, സ്വന്തം സമുദായത്തിന് പകരം മാനവ ലോകത്തിന് മുഴുവനായി ഒരു ധാര്‍മിക, ആത്മീയ, നാഗരിക, രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാനം പാകിയ, രാഷ്ട്രീയ, സാമ്പത്തിക, നാഗരിക വ്യവഹാരങ്ങള്‍ക്കും അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കും സങ്കല്പ ലോകത്തിന് പകരം സംഭവ ലോകത്ത് തന്നെ ധാര്മികാടിത്തറകള് നല്കി സ്ഥാപിച്ചു കാണിച്ച, അക്കാലത്തെന്ന പോലെ ഇന്നും തത്ത്വജ്ഞാനത്തിന്റെയും വിവേകത്തിന്റെയും രാജപാതയായി നിലനില്‍ക്കുന്ന, ആത്മീയതയുടെയും ഭൗതികതയുടെയും സന്തുലിത സമ്മിശ്രം സംഭാവന ചെയ്ത ഇതുപോലുള്ള ഒരു പ്രതിഭാശാലിയെ പരിതഃസ്ഥിതിയുടെ സൃഷ്ടി എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമോ?
നബി തിരുമേനി തന്റെ ചുറ്റുപാടുകളുടെ സൃഷ്ടിയായിരുന്നില്ല എന്ന് മാത്രമല്ല, തിരുമേനിയുടെ സംഭാവനകളെ കുറിച്ചു ചിന്തിച്ചാല്‍ അതിനുമപ്പുറം തിരുമേനി സ്ഥലകാല ചങ്ങലകളില്നിന്നുകൂടി സ്വതന്ത്രനായിരുന്നുവെന്ന് നമുക്ക് ബോധ്യപ്പെടുന്നതാണ്. തിരുമേനിയുടെ ദൃഷ്ടി സമയത്തിന്റെയും സാഹചര്യങ്ങളുടെയും ബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞു, സഹസ്രാബ്ദങ്ങളുടെ തിരശ്ശീലകള്‍ കീറിമുറിച്ച് മുന്നോട്ട് കുതിക്കുകയാണ്. അങ്ങനെ അദ്ദേഹം എല്ലാ കാലത്തും എല്ലാ പരിതഃസ്ഥിതികളിലും മനുഷ്യനും അവന്റെ ജീവിതത്തിനും ഒരേപോലെ പ്രസക്തവും പ്രയോജനകരവുമായ ധാര്‍മികവും പ്രായോഗികവുമായ നിര്‍ദേശങ്ങള്‍ നല്കുന്നു. ചരിത്രം പുരാതനമാക്കിയ ആളുകളിലൊരാളായിരുന്നില്ല തിരുമേനി. അവരുടെ കാലത്ത് ഒന്നാംതരം നേതാക്കളായിരുന്നുവെന്ന് നമ്മള് പരിചയപ്പെടുത്തുന്നവരുടെ കൂട്ടത്തിലല്ല അദ്ദേഹം. ഗതകാല ചരിത്രത്തിലെ ഓരോ ഘട്ടത്തിലും മുന്‍തലമുറക്ക് എപ്രകാരം പുത്തനായനുഭവപ്പെട്ടോ അതേപോലെ പുതുപുത്തനായി അനുഭവപ്പെട്ട, മറ്റെല്ലാ നേതാക്കളില്‍നിന്നും വ്യതിരിക്തമായ, ചരിത്രത്തോടൊപ്പം സഞ്ചരിച്ച് മാനവതക്ക് മാര്‍ഗദര്‍ശനം നല്കിയ, സര്‍വരില്‍നിന്നും വ്യതിരിക്തമായ വ്യക്തിത്വമാണ് തിരുമേനി.
ചരിത്രം സൃഷ്ടിച്ചവര്‍ എന്ന് നാം ഉദാരനിര്ഭരമായി വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചരിത്രത്തിന്റെ നിര്‍മിതികള്‍ മാത്രമാണ്. മനുഷ്യ ചരിത്രം മുഴുവന്‍ പരിശോധിച്ചാലും, സത്യത്തില്‍ ചരിത്രം സൃഷ്ടിച്ച ഒരു വ്യക്തിയെ മാത്രമേ നമുക്ക് കണ്ടെത്താന്‍ കഴിയൂ. ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച എത്ര നേതാക്കളുണ്ടോ അവരുടെയെല്ലാം ജീവിതാവസ്ഥകള്‍ അന്വേഷണത്തിന് വിധേയമാക്കിയാല്‍ വിപ്ലവം നടന്ന സ്ഥലങ്ങളില്‍ വിപ്ലവം നടക്കുന്നതിന് മുമ്പുതന്നെ അതിനുള്ള കാരണങ്ങള്‍ സംജാതമായിരുന്നെന്നും, വിപ്ലവം നടക്കാനാവശ്യമായ ആ കാരണങ്ങളാണ് അതിന്റെ ദിശയും പാതയും നിര്‍ണയിച്ചിരുന്നതെന്നും കാണാം.
വിപ്ലവ നേതാവ് ഒരു കാര്യം മാത്രമാണ് ചെയ്തത്. സാഹചര്യങ്ങളുടെ താല്പര്യം ഉള്‍വഹിക്കുന്ന ശക്തിക്ക് കര്‍മാവിഷ്കാരം നല്‍കുക മാത്രമായിരുന്നു അവര്‍. അതായത്, സ്റ്റേജും റോളുമെല്ലാം നേരത്തെ തന്നെ നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. നടന്റെ ആക് ഷന് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ചരിത്രം സൃഷ്ടിച്ച, അല്ലെങ്കില്‍ വിപ്ലവം പൂര്‍ത്തീകരിച്ച മുഴുവന്‍ സംഘത്തെയും അണിനിരത്തിയാല്‍ പ്രവാചകനെ അവരില്‍ നിന്നെല്ലാം വേറിട്ട് നില്ക്കുന്നതായി കാണാവുന്നതാണ്. വിപ്ലവത്തിന്റെ നിമിത്തങ്ങള്‍ ഇല്ലാത്തിടത്തൊക്കെ പ്രവാചകന് അവ സ്വയം സൃഷ്ടിച്ചെടുത്തു. വിപ്ലവത്തിന്റെ സാമഗ്രികള്‍ ഇല്ലാത്തിടത്ത് അവ സ്വയം സജ്ജമാക്കി. ആളുകളില്‍ വിപ്ലവത്തിന്റെ ചൈതന്യവും കര്മസന്നദ്ധതയുമില്ലാത്തിടങ്ങളിലെല്ലാം അത്തരം ആളുകളെ അദ്ദേഹം തയാറാക്കിയെടുത്തു. തന്റെ വ്യക്തിത്വം ഉരുക്കിയെടുത്ത് അത് ആയിരക്കണക്കിലാളുകളുടെ മൂശയില്‍ ഒഴിച്ച്, താനാഗ്രഹിക്കുംവിധം അവരെ വാര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ ഊര്‍ജവും ഇഛാശക്തിയും തന്നെ വിപ്ലവസജ്ജീകരണങ്ങള് ഒരുക്കൂട്ടി അതിന്റെ രൂപവും സ്വഭാവവും സ്വയം നിര്‍ണയിച്ചു. സ്വയം തന്നെ തന്റെ ഇഛാശക്തി ഉപയോഗിച്ച് സാഹചര്യങ്ങളുടെ ഗതി താനുദ്ദേശിക്കുന്ന വഴിയിലേക്ക് തിരിച്ചുവിട്ടു. ഇവ്വിധമൊരു ചരിത്രപുരുഷനും ഇവ്വിധമൊരു വിപ്ലവ സ്വഭാവവും മറ്റെവിടെയാണ് കാണാന്‍ കഴിയുക?
(വിവ: ഷഹ് നാസ് ബീഗം)