നമ്മുടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഫെമിനിസത്തെ കുറിച്ചും സാമൂഹിക ലിംഗനീതിയെ കുറിച്ചുമെല്ലാം ചോദിക്കുമ്പോള്‍, ഇതൊക്കെയാണ് ദീന്, അതിനെ കുറിച്ചൊന്നും ചോദിക്കരുത്, കല്പിച്ചതിന് വഴങ്ങിക്കൊടുത്താല്‍ മതി എന്നൊന്നും പറയാതെ അവരുടെ ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്; അതാണ് പ്രവാചക മാതൃക.
പ്രവാചക ജീവിതംകൊണ്ട് ചരിത്രമായ സ്ത്രീകള്‍
പൊതുസമൂഹത്തില്‍ മുസ്ലിം സ്ത്രീകളുടെ പങ്കെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സച്ചരിതരായ സ്വഹാബി വനിതകളുടെ ജീവിതം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തങ്ങളുടെതായ കൈയൊപ്പുകള്‍ ചാര്‍ത്തിയവരായിരുന്നു അവര്‍. റസൂലി(സ)ന്റെ ശിക്ഷണം ലഭിച്ച പത്നിമാരും പെണ്മക്കളും സ്വഹാബി വനിതകളും ഇസ്ലാമിന്റെ സത്യസാക്ഷ്യങ്ങളാണ്. വ്യത്യസ്ത വ്യക്തിത്വവും സ്വഭാവവുമുള്ളവരായിരുന്നുവെങ്കിലും മതസാമൂഹികകുടുംബവൈജ്ഞാനിക മേഖലകളില്‍ തിളങ്ങുന്ന താരങ്ങളും ഉദാത്ത മാതൃകകളുമായിരുന്നു അവര്‍.
ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളില്പെട്ട ഖദീജ (റ)യും ആഇശ (റ)യും വ്യത്യസ്ത നിലകളിലുള്ളവരായിരുന്നു.
ഖദീജ (റ) നാട്ടിലെ പ്രമാണിയായിരുന്നു. അവര്‍ പ്രവാചകനെ വിവാഹം ചെയ്യുമ്പോള്‍ മുമ്പ് രണ്ട് തവണ വിവാഹിതയാവുകയും അതില്‍ മക്കളുണ്ടാവുകയും ചെയ്തിട്ടുണ്ട്. റസൂലിന്റെ ജീവിതത്തില്‍ തന്നെ വലിയൊരു മാറ്റമായിരുന്നു അവരോടൊപ്പമുള്ള ജീവിതം. അവര്‍ റസൂലിനെ വിവാഹം കഴിക്കുമ്പോള്‍ വമ്പിച്ച സ്വത്തിനുടമയായിരുന്നു. എന്നിട്ടും അവര്‍ അല്ലാഹുവിന്റെ റസൂലിനെ സേവിച്ചു. എല്ലാവിധ സ്ത്രൈണ ഗുണങ്ങളുടെയും യഥാര്‍ഥ സൗന്ദര്യമായിരുന്നു ഖദീജ എന്നാണ് പ്രവാചകന് (സ) അവരെ വര്‍ണിച്ചത്. അവരാകട്ടെ പ്രവാചകനോട് ഒരിക്കല്‍ പോലും മോശമായി സംസാരിക്കുകയോ കോപത്തോടെ നോക്കുകയോ ചെയ്തിട്ടില്ല. ഏത് സമയത്തും നബിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് വളരെ നര്മോക്തിയോടു കൂടിയാണ് അവര്‍ റസൂലിനെ സ്നേഹിച്ചിരുന്നത്.
പലതരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവരായിരുന്നു അവര്‍. ഞെരുക്കങ്ങളും ബുദ്ധിമുട്ടുകളും അവര്‍ക്ക് ആസ്വാദ്യകരമായി. അനേകം സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നിട്ടും കുടുംബ കാര്യങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടി ഏറെ ചെലവഴിച്ചവരായിരുന്നു അവര്‍. സ്ത്രീകള്‍ തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങള്‍ അവരോട് ചെന്ന് പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തെ സാമ്പത്തിക ഊരുവിലക്കിന് ശേഷം ജീവിതത്തിന്റെ അവസാന നാളുകളില്‍ അല്ലാഹു അവരോട് സലാം പറയുന്ന സംഭവമുണ്ട്.
റസൂലി (സ)നു വേണ്ടി ഖദീജ (റ) പ്രത്യേക വിഭവം ഉണ്ടാക്കുകയാണ്; റസൂല്‍ തന്റെ വീട്ടിലേക്കുള്ള വഴിയിലും. ഈ സമയം ജിബ് രീല്‍ (അ) വന്നു റസൂലിനോട് പറഞ്ഞു: 'യാ റസൂലല്ലാഹ്, ഖദീജ താങ്കള്‍ക്കു വേണ്ടി പ്രത്യേക തരം ഭക്ഷണം പാകം ചെയ്യുന്നുണ്ട്. നിങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. അവരോട് പറയാന്‍ വേണ്ടി ഒരു സന്ദേശം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍ അല്ലാഹു അവരോട് സലാം പറഞ്ഞിരിക്കുന്നു.' അല്ലാഹു തന്റെ അടിമയോട് സലാം പറയുന്നതിനുവേണ്ടി മലക്കിനെ അയച്ചിരിക്കുന്നു! അല്ലാഹു അവരെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്.
ആഇശ (റ)യെ റസൂല്‍ (സ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ ചെറുപ്പമായിരുന്നു. ഊര്‍ജസ്വലയും വിജ്ഞാനകുതുകിയുമായിരുന്നു. എല്ലാ മേഖലയിലും അവരുടേതായ മുദ്രകള്‍ പതിപ്പിച്ചു. ഒരു മുഫ്തിക്ക് നമ്മള് കണക്കാക്കുന്ന എല്ലാ കഴിവുകളും അവര്‍ക്കുണ്ടായിരുന്നു. ശരീഅത്തുമായി ബന്ധപ്പെട്ടതാകട്ടെ, കര്‍മശാസ്ത്ര വിഷയങ്ങളാകട്ടെ, എല്ലാറ്റിലും ജ്ഞാനിയായിരുന്നു അവര്‍. ഒരു പ്രത്യേക വിഷയത്തെ നബി (സ) എങ്ങനെ സമീപിച്ചു എന്നറിയണമെങ്കില്‍ നിങ്ങള്‍ ആഇശയെ പഠിച്ചാല്‍ മതി എന്നാണ് പറയാറുള്ളത്. ആരോപണ വിധേയയായ സമയത്ത് പ്രവാചകന് (സ) ഒരു സ്വഹാബിയോട് 'നിനക്കെന്തെങ്കിലും അവളെ കുറിച്ച് മോശമായത് അറിയുമോ' എന്ന് ചോദിച്ചപ്പോള്‍, 'അല്ലാഹുവാണ, ആടുകള്‍ വന്ന് റൊട്ടി തിന്ന് പോവുന്നത് വരെ അധിക നേരം ഉറങ്ങാറുണ്ട് എന്നതല്ലാതെ മറ്റൊരു ന്യൂനതയും എനിക്കവരെ പറ്റി അറിയില്ല' എന്നായിരുന്നു മറുപടി. ഒരിക്കല്‍, ആഇശ (റ) യുടെ വീട്ടില്‍ കുറച്ച് അതിഥികള്‍ വന്നു. ആഇശ വലിയ പാചകക്കാരിയല്ലെന്ന് അറിയുന്നതുകൊണ്ട് മറ്റൊരു പത്നി അവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തു നല്കി. ഇതുകണ്ട ആഇശ (റ) ആ പാത്രം കമഴ്ത്തിവെച്ച് താന്‍ പാകം ചെയ്ത പാത്രത്തിലെ ഭക്ഷണം അവര്‍ക്ക് നല്‍കുകയാണ്. ഇതുകണ്ട റസൂല്‍ (സ) 'ഇത് നിങ്ങളുടെ ഉമ്മയുടെ അസൂയയാണ്, നിങ്ങള്‍ ഭക്ഷണം കഴിക്കുക' എന്ന് പറയുകയായിരുന്നു. എത്ര മനോഹരമായിട്ടാണ് റസൂല്‍ ആ സാഹചര്യം കൈകാര്യം ചെയ്തതെന്ന് നോക്കുക. ചെറുപ്രായത്തിലുള്ള ഭാര്യയുടെ മനസ്സ് എപ്രകാരമായിരിക്കും എന്ന് മനസ്സിലാക്കി അതിനനുസൃതമായി ഇടപെടുകയാണ് ചെയ്തത്.
മറ്റൊരു പത്നി സൗദ (റ) തൊലികറുത്ത ഒരു എത്യോപ്യന്‍ സ്ത്രീയായിരുന്നു. ഇന്ന് കാണുന്ന എല്ലാവിധ വംശീയതക്കും എതിര്‍പ്പിനുമുള്ള മറുപടി കൂടിയാണ് ആ ദാമ്പത്യം. സ്വന്തം മക്കളുടെ കൂടെ ഖദീജ(റ)യുടെ മക്കളെയും വളര്‍ത്തിയത് അവരായിരുന്നു. പ്രവാചകന്റെ നാലാം ഭാര്യ ഉമറുബ്നുല്‍ ഖത്താബി(റ)ന്റെ മകള്‍ ഹഫ്സയാകട്ടെ, ചെറുപ്പക്കാരിയും വിജ്ഞാനകുതുകിയും ദീനില്‍ അടിയുറച്ച നിലപാടുള്ളവരുമായിരുന്നു. ചരിത്ര കുതുകികള്‍ പറയുന്നത് അവരും ആഇശ (റ)യും തമ്മിലുള്ള വ്യത്യാസം ആഇശ (റ) വളരെ മൃദുവായി പെരുമാറുന്നവരായിരുന്നു എന്നാണ്. ഹഫ്സ (റ), ഉമര്‍ (റ)ന്റെ മകളായതുകൊണ്ടുതന്നെ ഈ ഭിന്ന പ്രകൃതയായിരുന്നു. പ്രവാചകന്റെ അവസാന നാളുകളില്‍ പരിശുദ്ധ ഖുര്‍ആനിന്റെ ഏടുകള്‍ സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്നത് ഹഫ്സ(റ)യുടെ കൈകളിലായിരുന്നു.
വിഷയങ്ങള്‍ പഠിക്കുന്നതില്‍ പരസ്പരം മത്സരിച്ചിരുന്നവരായിരുന്നു നബിപത്നിമാര്‍. ഉമ്മുസലമ(റ) എന്ത് സംശയമുണ്ടെങ്കിലും റസൂലിനോട് നേരിട്ട് ചോദിക്കുക പതിവായിരുന്നു. ഒരിക്കല്‍ അവര്‍ പ്രവാചകരോട്, എന്തുകൊണ്ടാണ് 'യാ അയ്യുഹല്ലദീന ആമനൂ', 'യാ അയ്യുഹന്നാസ്', 'യാ അയ്യുഹല്‍ മുഅ്മിനൂന്'... എന്നുതുടങ്ങുന്ന ആയത്തുകളിലെല്ലാം അല്ലാഹു പുരുഷനെ മാത്രം അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് എന്നു ചോദിച്ച് ഖുര്‍ആനിലെ ലിംഗനീതിയെ ചോദ്യം ചെയ്ത സന്ദര്‍ഭമുണ്ട്. റസൂല്‍ (സ) അവരെ സമാശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: 'അങ്ങനെയല്ല, അല്ലാഹു പുരുഷനും സ്ത്രീയുമടങ്ങുന്ന മനുഷ്യകുലത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത്.' എന്നിട്ടും അവര്‍ സംതൃപ്തയായില്ല. അപ്പോള്‍ തന്നെ സൂറത്തുല്‍ അഹ്സാബിലെ 'ഇന്നല് മുസ്ലിമീന വല്മുസ്ലിമാത്തി വല്‍ മുഅ്മിനീന വല്മുഅ്മിനാത്ത്...' എന്ന ആയത്ത് ഇറങ്ങുകയും ചെയ്തു. ഖുര്‍ആനിലെ ലിംഗഭാഷയെ കുറിച്ചറിയാന്‍ വ്യഗ്രതപ്പെട്ട ഒരു സ്ത്രീക്കുള്ള മറുപടിയായിട്ടാണ് ഈ ആയത് ഇറങ്ങുന്നത്. നമ്മുടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഫെമിനിസത്തെ കുറിച്ചും സാമൂഹിക ലിംഗനീതിയെ കുറിച്ചുമെല്ലാം ചോദിക്കുമ്പോള്‍, ഇതൊക്കെയാണ് ദീന്, അതിനെ കുറിച്ചൊന്നും ചോദിക്കരുത്, കല്പിച്ചതിന് വഴങ്ങിക്കൊടുത്താല്‍ മതി എന്നൊന്നും പറയാതെ അവരുടെ ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്; അതാണ് പ്രവാചക മാതൃക. അവരുടെ മാതാവ് ചോദിച്ചത് പോലുള്ള ചോദ്യങ്ങളാണ് അവരും ഉന്നയിക്കുന്നത്. അതിനുള്ള ഉത്തരം നല്കപ്പെടാന് അവര്‍ക്ക് അര്‍ഹതയുമുണ്ട്. ഈ കാലത്ത് സംഭവങ്ങളുടെ സ്ഥിതി ഇങ്ങനെയൊക്കെ ആയിരിക്കുമെന്നും ഇതെല്ലാം ഒരു മുഖ്യ വിഷയമായിരിക്കുമെന്നും അല്ലാഹുവിന് അറിയാവുന്ന സംഗതി തന്നെയാണല്ലോ.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥ പറയാം.
ഉഹുദ് യുദ്ധരംഗത്ത്, ഉമ്മു അമ്മാറ പരിക്കേറ്റവര്‍ക്ക് വെള്ളം കൊടുത്തും മുറിവുകള്‍ വെച്ച് കെട്ടിയും ശുശ്രൂഷിക്കുകയാണ്. ഈ സമയത്താണ് പ്രവാചകന് മലമുകളില്‍ നിര്‍ത്തിയ അമ്പെയ്ത്തുകാര്‍ യുദ്ധം വിജയിച്ചെന്ന് കരുതി തിരിച്ചറങ്ങുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. പ്രവാചകന്റെ ഉത്തരവ് ലംഘിക്കാതെ മലമുകളില്‍ തന്നെ ഉറച്ചുനിന്നവര്‍, കല്പന കിട്ടാതെ പോകരുതെന്ന് അവരോട് പറയുന്നുണ്ട്. അപ്പോള്‍ തിരിച്ചിറങ്ങുന്നവര്‍ നബി പറഞ്ഞത് ഇങ്ങനെ വ്യാഖ്യാനിച്ചു: 'യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇവിടുന്ന് നീങ്ങരുതെന്നേ റസൂല്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ യുദ്ധം കഴിഞ്ഞല്ലോ, ഇനി നമുക്ക് ഇറങ്ങാം.' അവര്‍ യുദ്ധമുതല്‍ ശേഖരിക്കുന്നതിനായി ഇറങ്ങുകയും താഴ്ഭാഗത്തുനിന്ന് ഇതുകണ്ട ശത്രുക്കള്‍ പിന്നിലൂടെ വരാന്‍ തുടങ്ങുകയും ചെയ്തു.
ഈ സമയം തന്റെ അനുയായികള്‍ ചിതറുന്നത് കണ്ട് പ്രവാചകന് മലമുകളിലേക്ക് കയറി അവരെ തിരിച്ചു വിളിക്കാന്‍ തുടങ്ങി. താഴെ നില്‍ക്കുകയായിരുന്ന ഉമ്മു അമ്മാറ, ഒരു ഭാഗത്ത് പ്രവാചകന് തനിച്ചു നില്ക്കുന്നതും മറുഭാഗത്ത് ശത്രുക്കള്‍ കൂട്ടംകൂട്ടമായി വരുന്നതും മുകളില്‍ നിര്‍ത്തിയവര്‍ താഴേക്ക് ഇറങ്ങുന്നതും കാണുകയാണ്. തക്കസമയത്ത് അവര്‍ മലമുകളിലേക്ക് ഓടി പ്രവാചകന്റെയും ശത്രുക്കളുടെയും ഇടയില്‍ വഴിതടയും വിധത്തില്‍ നിന്നു. തന്റെ എല്ലാവിധ സൈനിക ആയോധന പാടവവും പുറത്തെടുത്ത്, സ്വയം മറന്ന് റസൂലിനെ അവര്‍ ശത്രുക്കളില്‍നിന്ന് കാത്തു. പിന്തിരിഞ്ഞു പോയവരില്‍ ചിലര്‍ ഇത് കണ്ട് ഓടിയെത്തി പ്രവാചകന്നും ഉമ്മു അമ്മാറക്കും സംരക്ഷണ വലയം തീര്‍ത്തു. പ്രവാചകന് പറയുകയുണ്ടായി 'ഞാനെന്റെ ഇടത്തോട്ട് നോക്കുമ്പോഴും വലത്തോട്ട് നോക്കുമ്പോഴും ഉമ്മു അമ്മാറയുടെ വാള് കാണാമായിരുന്നു.' യുദ്ധത്തില്‍ അവര്‍ക്ക് പന്ത്രണ്ട് മുറിവുകളേറ്റു. അതില്‍ തോളത്തേറ്റ മുറിവ് വളരെ ഗുരുതരമായിരുന്നു. ഒന്നിലധികം ദിവസം ബോധരഹിതയായി അവര്‍ കിടന്നു. പ്രവാചകന് ഉമ്മു അമ്മാറയെ അന്വേഷിക്കുകയും അവരുടെ അടുത്തിരുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. അവര്‍ ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ റസൂല്‍ ചോദിച്ചു 'യാ ഉമ്മു അമ്മാറ, എന്റെ ജീവന് സംരക്ഷിച്ചതിന് നിനക്കെന്താണ് നല്‍കേണ്ടത്?' 'യാ റസൂലുല്ലാഹ്... എനിക്ക് അങ്ങയുടെ കൂടെ സ്വര്‍ഗം മതി.' 'നീ അത് നേടിയിരിക്കുന്നു, ഉമ്മു അമ്മാറാ.'
ഇതുപോലെ ദീന് പഠിപ്പിക്കാന്‍ വേണ്ടി സ്പെയിന് പോലുള്ള രാജ്യങ്ങളിലേക്ക് പോയ സ്വഹാബി വനിതകളെയും മെഡിക്കല്‍ രംഗത്തും ബിസിനസ് രംഗത്തും സജീവമായിട്ടുള്ള മുസ്ലിം സ്ത്രീകളെയും, ഇനിയൊരു വീട്ടമ്മയാണെങ്കില്‍ കൂടി ഇസ്ലാമിന്റെ എല്ലാ കോണുകളിലും വ്യാപരിക്കുന്ന വ്യത്യസ്ത വ്യക്തിത്വങ്ങളെയും നമുക്ക് കാണാനാവും.
മൊഴിമാറ്റം: നാജിയ നസ്റീന് അല്‍ ജാമിഅ, ശാന്തപുരം