ചില തീരുമാനങ്ങളെ  സംശയിക്കണം

January 2022
ചലനങ്ങളെല്ലാം പുരുഷനെപ്പോലെ ആക്കി വ്യക്തിത്വത്തെ ഹനിച്ചുകൊണ്ടല്ല സ്ത്രീയെ ശാക്തീകരിക്കേണ്ടത്. അതവളുടെ ജൈവികതയിലും വ്യക്തിത്വത്തിലുമുള്ള കടന്നുകയറ്റമാണ്.

ലിംഗ സമത്വ- സ്ത്രീശാക്തീകരണ മുറവിളികളും നിയമങ്ങളുമാണ് വീണ്ടും ചര്‍ച്ച. പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിച്ച് ആശയറ്റവളായി മാറുന്നതാണ് നിലവിലെ ഇന്ത്യന്‍ സ്ത്രീ സാമൂഹികാവസ്ഥ. നിലവിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെല്ലാം പെണ്ണിന്റെ ചോരയുടെയും കണ്ണീരിന്റെയും മേല്‍ ഉണ്ടാക്കിയതാണ്. പോഷകാഹാരം, അടിസ്ഥാനവിദ്യാഭ്യാസം, തൊഴില്‍, സുരക്ഷ മുതലായവയില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ വളരെ പിന്നോക്കമാണ് നാം. ഏതൊരു ഗവണ്‍മെന്റും പ്രഥമ പരിഗണന നല്‍കേണ്ട വിഷയങ്ങളാണിത്. പല റിപ്പോര്‍ട്ടുകളും ഗവണ്‍മെന്റിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് ജയജയ്റ്റ്ലി അധ്യക്ഷയായ പഠന സമിതി. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം രൂപീകരിച്ച ഈ സമിതിയുടെ അന്വേഷണം ലിംഗസമത്വം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, ശിശുമരണനിരക്ക്, വിദ്യാഭ്യാസം, സാമ്പത്തിക സ്വാശ്രയത്വം, ലൈംഗിക വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയവയെക്കുറിച്ചായിരുന്നു. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ടായിരുന്നു അത്.
വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ ഉറപ്പുവരുത്തുക എന്നതായിരുന്നു അതിലെ കാതലായ നിര്‍ദേശം. ഇത് ഉറപ്പുവരുത്തുന്നതിനു വേണ്ടി വിവാഹപ്രായം ഉയര്‍ത്താം എന്നായിരുന്നു ആ റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ദേശം. സ്ത്രീകളെ പടിപടിയായി ഉയര്‍ത്താനുള്ള എല്ലാ പദ്ധതികളും മാറ്റിവെച്ച് ജനസംഖ്യ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടാനുളള തീരുമാനമാണ് ഭരണകൂടത്തിന്റെത്. ഈ ചിന്ത സംശയാസ്പദമാണ്.
വോട്ടവകാശം, കരാറുകളില്‍ ഒപ്പിടാനുള അവകാശം, സ്വത്ത് കൈമാറ്റം ചെയ്യാനുള്ള അവകാശം എന്നിവയെല്ലാം പുരുഷനെപ്പോലെ സ്ത്രീക്കും 18 വയസ്സില്‍ സാധ്യമാകുന്ന നിയമമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സാമ്പത്തിക സാമൂഹിക സുരക്ഷ ഊന്നിപ്പറഞ്ഞ റിപ്പോര്‍ട്ടിലെ അത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കാതെ വിവാഹപ്രായം മാത്രം പരിഗണനാ വിഷയമാക്കുന്നതാണ് പ്രശ്നം. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുക എന്ന ഫാസിസ്റ്റ് ആശയവും ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ ഏക സിവില്‍കോഡിലേക്കുള്ള മുന്നൊരുക്കമായി ഭയപ്പെടണം.
ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പെടാനുള്ള പ്രായപരിധി നിയമപ്രകാരം പതിനാറ് വയസ്സാണ്. വിവാഹ പ്രായം ഉയര്‍ത്തുന്നതോടെ കുടുംബ സംവിധാനത്തിനകത്ത് സാധ്യമാവേണ്ട ലൈംഗികത അതിനപ്പുറത്തേക്ക് പോകാനുള്ള സാധ്യത ഏറും. കുറ്റവാളികളെ സൃഷ്ടിക്കുന്ന സാമൂഹിക അവസ്ഥയാണ് ഇതുണ്ടാക്കുക.
ആണിനും പെണ്ണിനുമിടയില്‍  ലിംഗവ്യത്യാസം ഇല്ലാതിരിക്കാന്‍ ഒരേപോലെ വസ്ത്രമിടീപ്പിക്കാനുള്ള ശ്രമമാണ് വേറൊരു ചര്‍ച്ച. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കാമ്പസുകളിന്ന് നല്ലൊരു പരീക്ഷണശാല കൂടിയാണ്. സദാചാര, പ്രകൃതി ജൈവികതയെ അംഗീകരിക്കാതെ തങ്ങള്‍ക്ക് വേണ്ടതുപോലെ തൊഴില്‍ശാലയിലേക്കുള്ള നല്ല മസ്തിഷ്‌ക്കങ്ങള്‍ മാത്രമാകുന്ന നാളത്തെ യുവത്വത്തെ മാറ്റിയെടുക്കുന്ന പരീക്ഷണശാല. സമത്വവാദ മറവില്‍ സ്ത്രീയുടെ സ്ത്രൈണതയെയും ജൈവികതയെയും അംഗീകരിക്കാനും മാനിക്കാനും കഴിയാത്ത  അസഹിഷ്ണുതയാണ് യഥാര്‍ഥത്തില്‍ ഇത്. ചലനങ്ങളെല്ലാം പുരുഷനെപ്പോലെ ആക്കി വ്യക്തിത്വത്തെ ഹനിച്ചുകൊണ്ടല്ല സ്ത്രീയെ ശാക്തീകരിക്കേണ്ടത്. അതവളുടെ ജൈവികതയിലും വ്യക്തിത്വത്തിലുമുള്ള കടന്നുകയറ്റമാണ്. 'നിന്നെ നീയായി അംഗീകരിക്കാനാവില്ല, നീ എന്നെപ്പോലെയാവൂ' എന്ന ആണ്‍പറച്ചിലാണിവിടെ മേല്‍ക്കൈ നേടുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media