ഒഴിവ് ദിനങ്ങളും ആഘോഷങ്ങളും കഴിയുമ്പോള്‍ കഴിച്ച ഭക്ഷണം കാരണം കലോറി ഒരു
പാട് കൂടിപ്പോയോ എന്ന ആശങ്കയുണ്ടോ? വിരസതകളിലേക്ക് വീണ്ടും മടങ്ങിപ്പോകുമെന്ന മടുപ്പ് മനസ്സിനെ മൂടിയിട്ടുണ്ടോ? ഒന്ന് മനസ്സ് വെച്ചാല്‍ എല്ലാം ഒന്ന് മാറ്റിയെടുക്കാം. ജിമ്മിലേക്ക് ഓടുകയോ പലതരം ഡയറ്റുകളുടെ പിന്നാലെ പായുകയോ വേണ്ട, അല്പം റിലാക്സ് ചെയ്താല്‍ മാത്രം മതി. ജീവതത്തെ ആനന്ദമാക്കാന്‍ ജീവിതചര്യകള്‍ ഒന്ന് അടുക്കിപ്പെറുക്കി വെച്ചാല്‍ മതി. ഭക്ഷണത്തിലും വ്യായാമത്തിലും കുറച്ചു കൂടി ശ്രദ്ധിക്കാം.
വെറുതെയിരിക്കാം
ആദ്യം നമുക്ക് മനസ്സിനെ ആശങ്കകളെല്ലാം ഒഴിവാക്കി ശുദ്ധീകരിക്കാം. വീട്ടുജോലികളില്‍ നിന്നും ഓഫീസ് ജോലികളില്‍ നിന്നും അല്പം മാറി ഒരു കസേരയില്‍ കുറച്ചു നേരം വെറുതെ ഇരിക്കുക. ഇത് ഒരു ദിവസം പല തവണ എന്ന മട്ടില്‍ ശീലിക്കാം. വെറുതെ ഇരിക്കുമ്പോള്‍ പല ചിന്തകളും മനസ്സിലേക്ക് കടന്നുവരും. അപ്പോള്‍ പോസിറ്റീവ് ചിന്തകളിലേക്ക് മാത്രം മനസ്സിനെ തിരിച്ചു വിടാന്‍ ശ്രദ്ധിക്കുക.
നേരത്തെ എണീക്കാം
സാധാരണ എണീക്കുന്നതിലും കുറച്ചു നേരത്തെ എണീക്കാന്‍ ശ്രദ്ധിക്കണം. എണീറ്റ ഉടനെ ഫോണും ടിവിയും ശ്രദ്ധിക്കുകയേ വേണ്ട. എണീറ്റ ഉടനെ രണ്ട് ഗ്ലാസ് വെള്ളം കുടിച്ച് അതിനുശേഷം വിശാലമായ ഒരു കുളിയും പാസാക്കി അന്നത്തെ ദിവസം തുടങ്ങി നോക്കൂ. തുടക്കം നന്നായാല്‍ അതിന്റെ ഉന്മേഷം ആ ദിവസം മുഴുവന്‍ നിലനില്ക്കും. ചെറിയ രീതിയില്‍ വ്യായാമം ചെയ്യുകയോ മുറ്റത്തും പറമ്പിലും അല്പനേരം നടക്കുകയോ ചെയ്താല്‍ വളരെ നല്ലതാണ്.
നന്നായി ഉറങ്ങുക
എന്നും ഒരേ സമയത്ത് തന്നെ ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇത് ശരീരത്തിലെ ആന്തരിക ഘടികാരം തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഉറക്കം സമയം തെറ്റാതെ വരികയും ചെയ്യും.
കിടപ്പുമുറിയില്‍ തണുപ്പ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. അല്പമൊന്നു മൂടിപ്പുതച്ചു കിടക്കുന്നതാകും നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുക. കിടക്കുന്നതിനു മുമ്പ് ഫോണ്‍ ഉപയോഗിക്കുന്നതും ത്രില്ലറുകള്‍ വായിക്കുന്നതും മനസ്സിനെ ഉന്മേഷത്തിലാക്കി നിര്‍ത്തും. അത് ഉറക്കത്തെ ബാധിക്കുന്നതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കിടക്കാന്‍ നേരത്ത് ഒഴിവാക്കണം. കിടക്കാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മുറിയിലെ കണ്ണില്‍ കുത്തുന്ന വെളിച്ചവും കെടുത്തണം. ഇരുട്ടുള്ള മുറിയാണ് ഉറങ്ങാന്‍ നല്ലത്.
ക്ഷീണം മാറ്റാം
ആരോഗ്യപ്രദമായ ഡയറ്റ് ശീലിച്ചാല്‍ ദിവസം മുഴുവനും കൂടുതല്‍ ഊര്‍ജസ്വലതയോടെ ഇരിക്കാം. ശരീരഭാരം കൂടുമോ എന്ന ടെന്‍ഷന്‍ വേണ്ട. മധുരമില്ലാത്ത ചായ കുടിക്കുന്നതിന് പകരം, ഒരു കപ്പ് ചീര, ഒരു ചുവന്ന ആപ്പിള്‍, ഒരു പഴം, പകുതി ഗ്രീന്‍ ആപ്പിള്‍, രണ്ട് കപ്പ് സോയ മില്‍ക്ക്, ഒരു വലിയ സ്പൂണ്‍ നാരങ്ങാനീര്, സെലറി അരിഞ്ഞത് മൂന്ന് ചെറിയ സ്പൂണ്‍ ഇതെല്ലാം കൂടി മിക്സിയില്‍ അടിക്കാം. ഒരു ദിവസത്തേക്ക് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഡ്രിങ്ക് റെഡി. തയാറാക്കി 20 മിനിറ്റിനുള്ളില്‍ കുടിക്കണം.
മീന്‍ തിന്നാം
ആഴ്ചയില്‍ ഒരുദിവസം മീന്‍ കഴിച്ചിരുന്നവര്‍ അത് രണ്ടും മൂന്നും ദിവസമായി കൂട്ടുക. ഒമേഗ 3 അടങ്ങിയ മത്തി പോലുള്ളവ വേണം കഴിക്കാന്‍. വറുക്കാതെ കറിയാക്കി കഴിക്കാന്‍ ശ്രദ്ധിക്കുക.
എണ്ണയില്‍ വറുത്ത പലഹാരങ്ങളും ചീസും ബട്ടറും അമിതമായി കഴിക്കുന്നത് ഒഴിവാക്കി നല്ല കൊഴുപ്പും പ്രോട്ടീനും കഴിച്ച് ശീലിക്കാം. മുട്ട, ചെമ്മീന്‍, ധാന്യങ്ങള്‍, സാലഡുകള്‍, നട്ട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വെള്ളം വേണം
ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് ഇടവേളകളില്‍ സ്നാക്സ് കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കും. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
കഴിക്കുന്നതിന് തൊട്ടുമുന്‍
പ് ഒരു നിമിഷം ചിന്തിക്കുക, വിശന്നിട്ടാണോ ഞാന്‍ കഴിക്കുന്നത്, അതോ ബോറടിച്ചിട്ടാണോ?
ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിച്ചിട്ട് മാത്രം കഴിക്കുന്നത് വിശക്കുമ്പോള്‍ മാത്രം ആവശ്യത്തിന് കഴിക്കുന്ന ശീലം ഉണ്ടാക്കും.
അറിഞ്ഞു കഴിക്കുക
ടീവിയും കമ്പ്യൂട്ടറും ഫോണും നോക്കി ഭക്ഷണം കഴിക്കുന്ന ശീലം നല്ലതല്ല. ഭക്ഷണത്തിന്റെ ഭംഗി കാണുക. അതിന്റെ മണം അനുഭവിക്കുക. രുചി അറിയുക. അങ്ങനെയായാല്‍ കഴിക്കുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കാനാവും. മാനസിക തൃപ്തിയും കിട്ടും.
എന്നും ചെയ്യുന്ന കൊച്ചുകൊച്ചു കാര്യങ്ങള്‍ നന്നായി ചെയ്തു ഒന്ന് ഉഷാര്‍ ആയാലോ? ജോലി സ്ഥലത്ത് കുറെ സമയം ഇരിക്കേണ്ടിവരുന്നെങ്കില് ഒരു മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേറ്റ് നടക്കണം നടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എഴുന്നേറ്റു
നില്‍ക്കുകയെങ്കിലും വേണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടിയാല്‍ പ്രമേഹവും കൊളസ്ട്രോളിന്റെ അളവും കൂടാം. ഫാറ്റ് അടിഞ്ഞുകൂടി ശരീരത്തിന്റെ ഷേപ്പ് നഷ്ടപ്പെടുകയും ചെയ്യും.
നന്നായി ഇരിക്കുക
ഇരിക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം നട്ടെല്ല് നിവര്‍ന്നു തന്നെ ഇരിക്കണം. നിവര്‍ന്ന് ഇരിക്കുന്നത് തന്നെ ആളുകളുടെ കോണ്‍ഫിഡന്‍സ് കൂട്ടും. കാല്പാദങ്ങളും വിരലുകളും ഇടക്ക് മസാജ് ചെയ്യുന്നത് ശരീരത്തിനാകെ ഗുണംചെയ്യും. കാല്പാദത്തിനടിയില് ഒരു ബോട്ടില്‍ വെള്ളമോ ടെന്നീസ് ബോളോ കൊണ്ട് മുകളിലേക്കും താഴേക്കും ഉരുട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.
റിലാക്സ്
മനസ്സിനും ശരീരത്തിനും വിശ്രമവും ഉന്മേഷവും നല്കുന്നവയാണ് യോഗയും മെഡിറ്റേഷനും.
ചുമരിന് അരികിലായി കിടന്ന് കാലുകള്‍ ചുമരിനു ലംബമായി ഉയര്‍ത്തി വെക്കുക. യോഗ മാറ്റിലോ പായയിലോ കിടന്നിട്ട് വേണം ഇത് ചെയ്യാന്‍. ഇങ്ങനെ പത്തു പതിനഞ്ചു മിനിറ്റ് നേരം ശ്വാസം വലിച്ചു വിടാം. മനസ്സിന്റെ പിരിമുറുക്കം അകലും. ഉച്ചമയക്കം കഴിഞ്ഞ് എണീറ്റ പോലെ ഉന്മേഷവും കിട്ടും.
പോപ്പ് അപ് (10 തവണ)
കാലുകള്‍ അല്പം അകത്തി കസേരയില്‍ ഇരിക്കുക. കൈ കുത്താതെ എഴുന്നേറ്റു നിന്നശേഷം പതിയെ കസേരയില്‍ ഇരിക്കും പോലെ ചെയ്യുക. കസേരയില്‍ ശരീരം മുട്ടാതെ ശ്രദ്ധിക്കുക.
ടോ ടച്ച് (മൂന്ന് തവണ)
നിവര്‍ന്നുനില്‍ക്കുക. ഇനി നടു വളയ്ക്കാതെ കൈ വിരലുകള്‍കൊണ്ട് കാല്‍വിരലില്‍ തൊടാന്‍ ശ്രമിക്കുക ഈ പൊസിഷനില്‍ നിന്ന് നാല് തവണ ദീര്‍ഘമായി ശ്വസിക്കുക.
ബാക്ക് അറ്റാക്ക് (15 തവണ)
കസേരയിലിരുന്ന് കാല്പാദം നിലത്തു ഉറപ്പിച്ച് വെക്കുക. നടു വളയ്ക്കാതെ പതിയെ മുന്നോട്ട് കുനിയാം. കൈരണ്ടും താഴേക്ക് തൂക്കിയിടുക. മുഷ്ടിചുരുട്ടി മുട്ടു കൈ പിന്നിലേക്ക് വലിച്ച് തമ്മില്‍ അടുക്കും പോലെ വരുത്തുക.
വാള് പുഷ്അപ് (15 തവണ)
ചുമരില്‍ നിന്ന് ഒരടി അകലെ നിന്ന് മുന്നിലെ ഭിത്തിയിലേക്ക് കൈപ്പത്തി വെക്കുക. തോളിനേക്കാള്‍ അല്പം അകലത്തില്‍ തോളിനു താഴെയായി വേണം കൈ വെക്കാന്‍. എന്നിട്ട് കൈ മടക്കി നിവര്‍ത്തി മുന്നോട്ടും പിന്നോട്ടും ആയുക.
ഓപ്പണ്‍ വൈഡ് (മൂന്ന് തവണ)
കൈകള്‍ എതിര്‍ദിശയിലേക്ക് നിവര്‍ത്തി കൈപ്പത്തി മുന്നോട്ടാക്കി ശക്തമായി പിന്നിലേക്ക് തള്ളുക. നെഞ്ച് വിടര്‍ന്നു വരും. ഇങ്ങനെ നിന്ന് നാലുതവണ ശ്വാസം വലിച്ചു വിടാം.
സ്വയം സന്തോഷിക്കുക എന്നതാണ് ശരീരത്തിന്റെയും മനസ്സിന്റെയും വിജയത്തിന്റെ ഫോര്‍മുല.