തുടര്‍ക്കഥയാവുന്ന സ്ത്രീധന ദുരന്തങ്ങള്‍
ഹബീബ് റഹ്മാന്‍, കരുവമ്പൊയില്‍
January 2022
പെണ്‍കുട്ടികള്‍ക്കുള്ള സമ്മാനം എന്ന പേരില്‍ വ്യത്യസ്തങ്ങളായ രീതിയില്‍ ഇപ്പോഴും സ്ത്രീധനം വാങ്ങലും കൊടുക്കലും അഭംഗുരം തുടരുന്നു.
നിലവിളിയിലും കൊലവിളിയിലും ഒടുങ്ങുന്ന പെണ്‍ശബ്ദങ്ങള്‍ക്ക് കേരളത്തില്‍ ഒരു കുറവുമില്ല. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 70-ഓളം സ്ത്രീധന പീഡന മരണങ്ങള്‍. ഇതില്‍ ആത്മഹത്യയും കൊലപാതകവുമെല്ലാമുണ്ട്. മരണകാരണം വ്യക്തമല്ലാതെ മരിച്ചു പോയവര്‍ പിന്നെയുമുണ്ട്. ഇതൊക്കെ കേവലം ഔദ്യോഗിക കണക്ക് മാത്രം. എണ്ണത്തില്‍ പെടാത്തതും പുറം ലോകമറിയാത്തതുമായവ വേറെയുമുണ്ട്.
മലയാളികള്‍ എന്തൊക്കെ പുരോഗമനം പറഞ്ഞാലും വിവാഹത്തിന്റെയും സ്ത്രീധനത്തിന്റെയും കാര്യത്തില്‍ ഇപ്പോഴും ചിന്ത പഴയതു തന്നെയാണെന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 10 പേര്‍ വിവാഹം കഴിക്കുമ്പോള്‍ അതില്‍ എഴ് പെണ്‍കുട്ടികള്‍ക്കും പല പേരുകളില്‍ സ്ത്രീധനം എന്ന ദുരാചാരത്തിന് ഇരയാകേണ്ടി വരുന്നുണ്ടത്രെ. പെണ്‍കുട്ടികള്‍ക്കുള്ള സമ്മാനം എന്ന പേരില്‍ വ്യത്യസ്തങ്ങളായ രീതിയില്‍ ഇപ്പോഴും സ്ത്രീധനം വാങ്ങലും കൊടുക്കലും അഭംഗുരം തുടരുന്നു.
സ്ത്രീധന നിരോധന നിയമങ്ങളൊക്കെ ഇപ്പോഴും പ്രഹസനമായി തുടരുന്നു. സ്ത്രീധനം വാങ്ങുകയോ വാങ്ങാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ 5 വര്‍ഷം തടവ്, 15000 രൂപ പിഴ; വധുവിന്റെ മാതാപിതാക്കളോടു സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവ്, 10,000 രൂപ പിഴ. 2007 ജൂലൈക്കു ശേഷം വിവാഹിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നല്‍കണം; ഇതില്‍ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും ഒപ്പിടേണ്ടതുണ്ട്. വിവാഹത്തിനു ശേഷം ഭര്‍തൃവീട്ടില്‍ വച്ച് 7 വര്‍ഷത്തിനുള്ളില്‍ ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ കേസ് എടുക്കാം. ഇങ്ങനെ പോകുന്നു നിയമങ്ങള്‍.
ഇതൊന്നും പോരാഞ്ഞ് ഇപ്പോഴിതാ അറ്റമില്ലാതെ തുടരുന്ന ഈ സ്ത്രീധന പീഡനങ്ങള്‍ക്കറുതി വരുത്താനെന്നവണ്ണം വിദ്യാഭ്യാസ വിദഗ്ധയും നാഷണല്‍ കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ സ്‌കൂള്‍ സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിര രാജന്റെ പോരാട്ട ഫലമായി നവംബര്‍ 26 സ്ത്രീധന വിരുദ്ധദിനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുക കൂടി ചെയ്തിരിക്കുന്നു.
ഞെട്ടിക്കുന്ന കൊടും ക്രൂതകളും പീഢനങ്ങളുമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. പല കൊലപാതകങ്ങളുടെയും കാരണങ്ങല്‍ നിസ്സാരമാണ്.
ഒരൊറ്റ സ്ത്രീപീഡന കേസുകളിലും ഒരാളും വേണ്ടവിധം ശിക്ഷിക്കപ്പെടുന്നില്ല. സ്വാധീനമോ നിയമത്തിന്റെ നൂലാമാലകളോ ഉപയോഗിച്ച് സര്‍വരും രക്ഷപ്പെടുന്നു. വനിതാ കമ്മീഷന്‍ മുന്‍അംഗം നൂര്‍ബിന റഷീദിന് പറയാനുള്ളത് നമ്മുടെ സംവിധാനങ്ങള്‍ സ്ത്രീകളോടു കാണിക്കുന്ന അനീതിയെ കുറിച്ചാണ്. 'വൈകി കിട്ടുന്ന നീതി ഒരിക്കലും നീതിയാകില്ല. കുറ്റവാളികള്‍ കൃത്യമായി ശിക്ഷിക്കപ്പെടാത്തത് കുറ്റകൃത്യങ്ങള്‍ പെരുകാനുള്ള കാരണമാകുന്നു. മരണത്തിനു തൊട്ടു മുമ്പ് സ്ത്രീധനത്തിനു വേണ്ടിയോ സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരതയ്‌ക്കോ പീഡനത്തിനോ വിധേയമാക്കിയാല്‍ അതു സ്ത്രീധന മരണമായി കണക്കാക്കുമെന്നാണു ശിക്ഷാനിയമത്തിലുള്ളത്. ക്രൂരതയും പീഡനവും മരണത്തിനു തൊട്ടു മുമ്പ് തന്നെയാകണമെന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്രൂരതയും അതിക്രമവും സ്ത്രീധനത്തിന്റെ പേരിലായിരുന്നുവെന്നു സ്ഥാപിക്കാനും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമുള്ള പങ്ക് സ്ഥിരീകരിക്കാനും പ്രോസിക്യൂഷനു കഴിയണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു'.
സ്ത്രീധന പീഡനത്തിന് ഇരയായി പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ മരിച്ചാല്‍ പലപ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടാറില്ല. ആദ്യമുണ്ടാകുന്ന കോലാഹലത്തിനപ്പുറം കൃത്യമായി കേസ് നടത്താനോ കോടതിയെ തെളിവു സഹിതം ബോധ്യപ്പെടുത്തി പ്രതിക്കു ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയാറില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പലപ്പോഴും പാവങ്ങളായിരിക്കും. ഇവര്‍ക്കു കേസ് നന്നായി നടത്താന്‍ കഴിയില്ല. പൊലീസ് അന്വേഷണത്തിലും കോടതിയില്‍ കേസ് വാദിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ക്കുമുണ്ടാകുന്ന വീഴ്ച മുതലെടുത്തു പ്രതികള്‍ രക്ഷപ്പെടുന്ന സംഭവവുമുണ്ട്. ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുത്താല്‍ 60 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്ന് പറയുമ്പോള്‍ ആറ് വര്‍ഷം കഴിഞ്ഞാലും തീര്‍പ്പാകാത്ത അവസ്ഥയാണ്. ഭര്‍തൃഗൃഹത്തില്‍ പീഡനം അനുഭവിക്കുന്നവര്‍ ആവശ്യപ്പെട്ടാല്‍ അടിയന്തരമായി കൊടുക്കേണ്ട ഉത്തരവു പോലും 15 തവണ ഹിയറിംഗ് നടത്തിയാല്‍ പോലും തീരുമാനമാകുന്നില്ല.
കേരള ഗവണ്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം മൂന്നുവര്‍ഷത്തിനിടെ 34-ഓളം സ്ത്രീകള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് കൊല ചെയ്യപ്പെടുകയുണ്ടായി. പക്ഷേ ഒരാളും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇതില്‍ ഇരുപതോളം കേസുകളില്‍ ഐ.പി.സി. സെക്ഷന്‍ 304 (ബി) പ്രകാരം ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടും ഒരാളെയും നിയമത്തിനുമുമ്പില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ച കണക്കുപ്രകാരം 2018-ല്‍ 18 കേസുകളും 2019-ല്‍ 10 കേസുകളും 2020-ല്‍ 6 കേസുകളുമാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. പക്ഷേ സംസ്ഥാന വനിതാ കമ്മീഷന്റെ കണക്ക് പ്രകാരം സ്ത്രീധനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ഈ പത്തുവര്‍ഷത്തിനിടെ വളരെ ഉയര്‍ന്നതായും ആയിരത്തിലധികം കേസുകള്‍ നേരിട്ട് തന്നെ കൈകാര്യം ചെയ്തതായും വെളിപ്പെടുത്തുന്നുണ്ട്.
പ്രസിദ്ധ ക്രിമിനോളജിസ്റ്റ് ജെയിംസ് വടക്കുംചേരിയുടെ ഒരു വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. 'വിവാഹത്തിനു ശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ വധു അസ്വഭാവികമായ രീതിയില്‍ മരണപ്പെട്ടാല്‍ അത് സ്ത്രീധന മരണമായി കണക്കാക്കുമെന്ന കോടതി വിധിക്ക് ശേഷം വരനും വരന്റെ വീട്ടുകാരുമിപ്പോള്‍ പുതിയൊരു രീതി തെരഞ്ഞെടുത്തിരിക്കുന്നു. അതായത് വധുവിനെ നേരിട്ട് വധിക്കാതെ, അവളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ട് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പൈശാചിക രീതിയാണ്'
വിവാഹസമയത്ത് സ്വര്‍ണവും പണവും ചോദിച്ചുവാങ്ങി ബുദ്ധിമുട്ടിക്കുന്നതു മാത്രമല്ല സ്ത്രീധന പീഡനം. വധുവിന്റെ മാതാപിതാക്കളെ ആജീവനാന്തം പിഴിഞ്ഞെടുക്കുന്നതും സ്ത്രീധന പീഡനം തന്നെയാണ്. പെണ്‍കുട്ടിയും ഭര്‍ത്താവും പുതിയ വീടു വെച്ചു മാറുമ്പോള്‍ ആ വീട്ടിലേക്കു വേണ്ട മുഴുവന്‍ സാധനങ്ങളും വാങ്ങിക്കൊടുക്കേണ്ടത് വധുവിന്റെ വീട്ടുകാരുടെ മാത്രം ഉത്തരവാദിത്തമാകുന്ന ചില സ്ഥലങ്ങളുണ്ട്. വാങ്ങേണ്ട ടിവിയുടെ ബ്രാന്‍ഡ് വരെ ഉള്‍പ്പെടുത്തി വലിയൊരു പട്ടികയാണ് വധുവിന്റെ കൈവശം വീട്ടിലേക്കു കൊടുത്തുവിടുന്നത്. ഇത്തരം ദുരാചാരങ്ങളും മാമൂലുകളും മൂലം മൂന്നോ നാലോ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ കടക്കെണിയിലേക്കു വീണുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് ആകെയുള്ള കിടപ്പാടം വിറ്റ് വാടകവീടുകളില്‍ കഴിയുന്ന എത്രയോ കുടുംബങ്ങളുണ്ട്. ഇപ്പോള്‍ ഒടുവിലിതാ സഹോദരിയുടെ വിവാഹത്തിന് സ്ത്രീധനമൊപ്പിക്കാന്‍ കഴിയാത്ത മനോവേദനയില്‍ തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി പി.വി വിപിന്‍ ജീവനൊടുക്കിയ വേദനയിലാണ് നാം.
കുടുംബ ജീവിതമുണ്ടാകേണ്ടത് സ്ത്രീയുടെ മാത്രം ആവശ്യമല്ല എന്നു പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞാലേ ഈ ദുരാചാരത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിയൂ. ഒരു തരത്തിലും കൂട്ടിയോജിപ്പിക്കാന്‍ കഴിയില്ല എന്നു തോന്നിയാല്‍ വീണ്ടും മകളെ ഉന്തിത്തള്ളി ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കേണ്ടതില്ല. ഭര്‍ത്താവ് എന്തു തരം സ്വഭാവക്കാരനാണെന്ന് വിദഗ്ധരായ കൗണ്‍സിലര്‍മാരില്‍ നിന്നും മനസിലാക്കി പരിഹാരം കണ്ടെത്തണം. എല്ലാ കേസുകളും ഒരു പോലെയല്ല. പുതിയൊരു വീട്ടിലേക്കു മാറുമ്പോഴുണ്ടാകുന്ന അല്ലറ ചില്ലറ പിണക്കങ്ങള്‍ പോലെയല്ല സ്വഭാവ വൈകല്യമുള്ള ഒരാള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ആദ്യം പറഞ്ഞ കേസാണെങ്കില്‍ പറഞ്ഞു നേരെയാക്കാമെങ്കിലും രണ്ടാമത്തെ സംഭവം അങ്ങനെയല്ല. സ്വഭാവവൈകല്യങ്ങളുള്ള ഒരാള്‍ക്കൊപ്പവും ഒരിക്കലും സമരസപ്പെടാന്‍ കഴിയാത്ത വീട്ടുകാര്‍ക്കൊപ്പവും പീഡനം സഹിച്ചു ജീവിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹമോചനവും അനുയോജ്യമായ പുനര്‍ വിവാഹവുമാണ്. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ ജീവിതം നരകതുല്യമായിത്തീരുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്‌തേക്കാം.
ഫോണും വാട്‌സാപ്പും ഫെയ്‌സ്ബുക്കും വഴിയും അല്ലാതെയുമുള്ള പ്രണയ വിവാഹങ്ങള്‍ പെരുകിയതും ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാണ്. പരസ്പരം വ്യക്തിപരമോ കുടുംബപരമോ സാമൂഹികമോ ആയ അന്വേഷണങ്ങളോ പൊരുത്തപ്പെടലുകളോ ഉണ്ടാകുന്നില്ല. സ്വയം കാണുകയും ഇഷ്ടപ്പെടുകയും തീരുമാനിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്നു. ഇതിന്റെ പരിണിതിയും ഗുരുതരമായിരിക്കും. മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇടം നല്‍കാത്തതോ ഇഷ്ടമില്ലാത്തതോ ആയ ബന്ധങ്ങള്‍ സ്വാഭാവികമായും ദൃഢതയില്ലാത്തതും ഹൃസ്വവുമായിരിക്കും. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഈ ബന്ധങ്ങള്‍ മിക്കവാറും ശിഥിലമാകും. പിന്നെ പിണക്കങ്ങളും അസ്വാരസ്യങ്ങളും അനിഷ്ടങ്ങളും ഉടലെടുക്കുകയായി. അപ്പോള്‍ വീട്ടുകാരോ കുടുംബക്കാരോ പിന്തുണക്കാതിരിക്കുക സ്വാഭാവികം.
ഭര്‍തൃ വീടുകളില്‍നിന്നുമുണ്ടാകുന്ന പീഡനങ്ങളും ക്രൂരമായ അവമതികളും മിക്ക സ്ത്രീകളും മറച്ചുവെക്കുകയോ സ്വയം സഹിക്കുകയോ ചെയ്യുന്നു. മാതാപിതാക്കളും ബന്ധുക്കളും അറിഞ്ഞാലും അവ പരിഗണിക്കാതിരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു. ഇതും ഒരു പരിധിവരെ സ്ത്രീ പീഡകര്‍ക്ക് വളമാകുന്നുണ്ട്.
ലൈംഗികതയുടെ പേരിലുള്ള പീഢനങ്ങളും ഇന്ന് സര്‍വ സാധാരണമായിരിക്കുന്നു. വ്യപകമായിക്കൊണ്ടിരിക്കുന്ന നീല ചിത്രങ്ങളും പോണ്‍ വീഡിയോകളും അശ്ലീല കമ്പ്യൂട്ടര്‍ ഗെയ്മുകളും അനിയന്ത്രിതമായ സെക്‌സ് ഇളക്കിവിടുന്നു. സ്വന്തം ഇണയില്‍ നിര്‍ലജ്ജം ഇവയൊക്കെ പ്രാക്ടീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ പരസ്പരമുള്ള മാന്യതയും ആദരവും കളഞ്ഞുകുളിക്കാന്‍ കാരണമാവുന്നു. അത് പിന്നീട് പീഡനത്തിലേക്കും സ്ത്രീധന വിലപേശലുകളിലേക്കും വഴിമാറുന്നു.
ലോകം മുഴുവന്‍ ഇണകളായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതേപോലെത്തന്നെയാണ് മനുഷ്യനും. ആണും പെണ്ണും പരസ്പര പൂരകമായി ജീവിക്കേണ്ടവരും വര്‍ത്തിക്കേണ്ടവരുമാണ്. ഒരാളും തന്നെ മറ്റൊരാളേക്കാള്‍ താഴെയോ മുകളിലോ അല്ല. അവര്‍ ഒപ്പം നടക്കേണ്ടവരാണ്. അതിനാല്‍ തന്നെ ലോകത്തെ ഏറ്റവും മനോഹരമായ സങ്കല്‍പവും യഥാര്‍ഥ്യവും ജീവിതവുമാണ് ദാമ്പത്യം. ഇത്രയും മനോഹരവും സന്തോഷകരവും സുന്ദരവുമായ കാല്‍പനിക ഭാവത്തെയാണ് ചില ആളുകളെങ്കിലും നരക തുല്യമാക്കുന്നത്.
മനുഷ്യകുലത്തിന്റെ അടിത്തറയാണ് വിവാഹവും കുടുംബവും. ആണിന് പെണ്ണും പെണ്ണിന് ആണും അമൂല്യമായ നിധിയും ധനവുമാണ്. ഈ പരിപാവനവും മഹനീയവുമായ ബന്ധത്തോടാണ് യാതൊരടിസ്ഥാനവുമില്ലാത്ത 'സ്ത്രീധനം' എന്ന അശ്ലീലത്തെ ചേര്‍ത്തുവെക്കുന്നത്.