കാലിഗ്രഫിയില്‍ വിസ്മയം തീര്‍ത്ത്
മുഹ്‌സിന ഇരിക്കൂര്‍
January 2022
ചെറുപ്പം മുതലേ നിറം ചാര്‍ത്തിയ വരകളുടെ ലോകത്ത് വിരാജിക്കുന്ന കണ്ണൂര്‍കാരി മസ്‌യൂന നൈനാര്‍.
അക്ഷരങ്ങള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ച് ചിഹ്നങ്ങളോ പ്രതീകങ്ങളോ ഉപയോഗിച്ച് മൊഞ്ചുള്ള ചിത്രമാക്കിമാറ്റുന്ന കാലിഗ്രഫി കലാകാരന്മാരെക്കുറിച്ച് കേട്ടിട്ടില്ലേ. അങ്ങനെയൊരു കുഞ്ഞു കലാകാരിയുണ്ട്; ചെറുപ്പം മുതലേ നിറം ചാര്‍ത്തിയ വരകളുടെ ലോകത്ത് വിരാജിക്കുന്ന കണ്ണൂര്‍കാരി മസ്‌യൂന നൈനാര്‍. നിറങ്ങളുടെ ലോകത്തായിരിക്കുമ്പോള്‍ മണിക്കൂറുകള്‍ പോകുന്നത് അവളറിയാറില്ല. വരകളിലുള്ള അതീവ താല്‍പര്യമാണ് മസ്‌യൂനയെ കാലിഗ്രഫിയുടെ ലോകത്തേക്കെത്തിക്കുന്നത്.
ലോക്ക്ഡൗണ്‍ സമയത്ത് സംസ്ഥാന തലത്തില്‍ ഒരു കാലിഗ്രഫി മത്സരത്തിന് പങ്കെടുത്തതാണ് മസ്‌യൂനയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പ്രായപരിധി ഇല്ലാത്ത ആദ്യ മത്സരത്തില്‍തന്നെ ഒമ്പതാം ക്ലാസ്സുകാരിക്ക് മൂന്നാം സ്ഥാനം കിട്ടി. അന്ന് ഒന്നാം സ്ഥാനക്കാരനായ അന്‍ഫസ് വണ്ടൂരുമായി ബന്ധം സ്ഥാപിക്കാന്‍ ബാപ്പ നൈനാര്‍ ശ്രദ്ധ ചെലുത്തി. അങ്ങനെയാണ് കാലിഗ്രഫി കുറേ നിയമങ്ങളുള്ള ഒരു കലയാണെന്നും 'ഖലം' വെച്ചാണ് എഴുതുകയെന്നുമൊക്കെ അറിയുന്നത്. അതുവരെ ഖലം, ടൂള്‍, ഇങ്ക് എന്നിവയെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഖത്തറില്‍ ഗ്രാഫിക് ഡിസൈനറായ നൈനാര്‍ ഇതൊക്കെ അന്വേഷിച്ച് മകള്‍ക്കായി ഒരുക്കി കൊടുത്തു. പിന്തുണയുമായി ഉമ്മ ശംനയും. കാലിഗ്രഫിയില്‍ തന്നെ വീണ്ടും മത്സരങ്ങളില്‍ പങ്കെടുത്തപ്പോള്‍ അതില്‍ വിധികര്‍ത്താവായി എത്തിയത് പ്രശസ്ത കാലിഗ്രഫി കലാകാരന്‍ കരീംഗ്രഫിയായിരുന്നു. അദ്ദേഹം നൈനാറിനോട് മകളെ കാലിഗ്രഫി പഠിപ്പിക്കണമെന്നും നന്നായി പരിശീലിപ്പിക്കണമെന്നും ഉപദേശിച്ചു. ആ സമയത്താണ് മലപ്പുറത്തുള്ള അന്‍ഫസ് വണ്ടൂര്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നത്. ഓരോ അക്ഷരങ്ങളെഴുതാനും പ്രത്യേകം രീതികളുണ്ടെന്ന് മനസ്സിലാക്കിയത് ആ ക്ലാസ്സിലൂടെയാണ്. കണ്ണൂര്‍ പയ്യാമ്പലം ബീച്ച് ഹോട്ടലില്‍ വെച്ച് നടന്ന കരീംഗ്രഫിയുടെ കാലിഗ്രഫി വര്‍ക്ക്‌ഷോപ്പിലൂടെയും കാലിഗ്രഫി ലോകത്തെ പുതിയ പല കാര്യങ്ങളും പഠിക്കാനായി.
ദുബൈയില്‍ വെച്ച് നടന്ന ഇസ്‌ലാമിക് ഇല്ലുമിനേഷന്‍ എന്ന പാഷാ നെഹ്‌രിയുടെ ഓണ്‍ലൈന്‍ ക്ലാസ്സ് കരീംഗ്രഫി ഓഫര്‍ ചെയ്തു. അതില്‍ ഖുര്‍ആന്‍ ആയത്തുകളുടെ സൈഡില്‍ ഉണ്ടാവുന്ന വരകളൊക്കെ ദശു ഠീീഹ കൊണ്ടാണ് എഴുതുന്നതെന്ന് മനസ്സിലായി.
കാലിഗ്രഫിയിലെ പ്രോപ്പര്‍ റൂള്‍സ് ഒരാളുടെ കീഴില്‍ പഠിക്കണമെന്നറിഞ്ഞ് ബാംഗ്ലൂരിലുള്ള മുഖ്താര്‍ അഹ്മദ് എന്ന മാസ്റ്ററിനെ കണ്ടു. തുര്‍ക്കിയില്‍ പോയി പഠിച്ച് കാലിഗ്രഫിയില്‍ ഇജാസ (സര്‍ട്ടിഫിക്കറ്റ് ഓഫ് പെര്‍മിഷന്‍) ലഭിച്ച വ്യക്തിയാണദ്ദേഹം. ഇന്ത്യയില്‍ ആദ്യമായി ക്ലാസ്സിക് കാലിഗ്രഫിയില്‍ ഇജാസ ലഭിച്ചത് മാസ്റ്റര്‍ മുഖ്താര്‍ അഹ്മദിനാണ്. ഇപ്പോള്‍ ദിവസേന നാലു മണിക്കൂറോളം പരിശീലനം തുടരുന്നു.
കോഴിക്കോട് 'കഗ്രാട്ടില്‍' വെച്ച് കരീംഗ്രഫി നടത്തിയ കാലിഗ്രഫി പരിശീലന പരിപാടിയില്‍ മലയാളം കാലിഗ്രഫിയില്‍ നാരായണ ഭട്ടതിരിയുടെ ശിക്ഷണവും ലഭിച്ചു.
ബന്ധുക്കള്‍ക്ക് ക്ഷണക്കത്തുകളിലും മറ്റും മസ്‌യൂന കാലിഗ്രഫി വിസ്മയം വിരിയിക്കാറുണ്ട്. പുസ്തകങ്ങളുടെ ടൈപോഗ്രഫിയും, ഷോപ്പുകളുടെയും ലോഗോയും പാട്ടുകളുടെ ടൈറ്റില്‍ വര്‍ക്കുകളും ചെയ്തിട്ടുണ്ട് ഈ മിടുക്കി.
മണിക്കൂറുകളോളം ഭക്ഷണവും ഉറക്കവും ഇല്ലാതെ വരക്കുന്ന മസ്‌യൂനക്ക് കൂട്ട് ഉമ്മ തന്നെയാണ്. ഉമ്മയുടെയും ഉപ്പയുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് മസ്‌യൂന നൈനാറിന് ഈ നിലയില്‍ ശോഭിക്കാന്‍ അവസരമുണ്ടാക്കിയത്. പ്രോത്സാഹനമായി സഹോദരങ്ങളായ മുഹമ്മദും മര്‍സിയയും കൂടെയുണ്ട്.