വിവാഹമോചിതക്കും പറയാനുണ്ട്
വിവാഹമോചിതരോടുള്ള സമൂഹത്തിന്റെ സമീപനം ഇനിയെങ്കിലും മാറണം.
ഏതൊരു പെണ്ണിന്റെയും സ്വപ്‌നമാണ് നല്ല ദാമ്പത്യവും കുടുംബവും. തനിക്ക് സ്‌നേഹിക്കാനും തന്നെ സ്‌നേഹിക്കാനും ഒരു ഇണയും മക്കളും. ഈ സ്വപ്‌നങ്ങളുമായി ദാമ്പത്യത്തിലേക്ക് കടക്കുന്ന ചിലര്‍ക്കെങ്കിലും പൊരുത്തക്കേടുകള്‍ സംഭവിക്കുന്നു. പ്രശ്‌നങ്ങളുണ്ടാകുന്നു. എന്നാലും ജീവിതത്തിലേക്ക് വന്ന പുരുഷന്‍, ജനിച്ച മക്കള്‍, മാതാപിതാക്കള്‍, കുടുംബത്തിന്റെ അഭിമാനം എല്ലാം ഓര്‍ത്ത് അവര്‍ കഴിവിന്റെ പരമാവധി ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുക. എത്ര അന്വേഷിച്ചാലും സംസാരിച്ചാലും കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ വിവാഹ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ ചുരുളഴിയുന്നതു കാണാം. ചിലപ്പോഴത് ഇനിയൊരു പരിഹാരം സാധിക്കാത്ത വിധം വിവാഹമോചനത്തിലേക്ക് നയിക്കുകയും ചെയ്യും. എല്ലാ വിവാഹ മോചനങ്ങളെയും ഒരുപോലെ കാണാന്‍ സാധിക്കില്ല. ചിലത് സ്വയം വിളിച്ച് വരുത്തിയവയായിരിക്കും. എന്നാല്‍ ചിലത് ഒഴിച്ച് കൂടാനാകാത്തതും. ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യവും വിധിയും അനുസരിച്ചായിരിക്കും പര്യവസാനങ്ങള്‍. അതുകൊണ്ട് വിവാഹമോചിതരെല്ലാം മോശക്കാരാണ്ണെന്നോ കുഴപ്പം ഉള്ളവരാണ്ണെന്നോ ദാമ്പത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തവരാണ്ണെന്നോ മുദ്ര കുത്തുന്നത് അനീതിയാണ്.
ചില സന്ദര്‍ഭങ്ങളില്‍ വിവാഹമോചനം ഒരു പരിഹാരമാണ്. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചതും അതുതന്നെ. രണ്ട് കൂട്ടര്‍ക്കും നീതി ലഭിക്കുന്ന രീതിയിലാണ് അല്ലാഹുവിന്റെ നിയമങ്ങള്‍.
എന്നെ ഏറ്റവും കൂടുതല്‍ അലട്ടിയത് വിവാഹമോചനത്തോട് സമൂഹം സ്വീകരിക്കുന്ന സമീപനങ്ങളാണ്. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ കൂടെ ഇനി തുടര്‍ന്ന് പോകാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കി മോചനം ആവശ്യപ്പെടുമ്പോള്‍ അതിനെ ശരിയായ രീതിയില്‍ കാണാനോ അവരുടെ പ്രയാസങ്ങള്‍ പഠിച്ച് മനസ്സിലാക്കാനോ അവര്‍ക്ക് നീതി നേടിക്കൊടുക്കാനോ ആളുകള്‍ ശ്രമിക്കുന്നില്ല. വിവാഹമോചനം എന്ന് കേള്‍ക്കുമ്പോഴേക്ക് തന്നെ അതിനോടുള്ള പ്രതികരണങ്ങള്‍ വളരെ വൈകാരികമായിരിക്കും. ഒരു കുടുംബം തകര്‍ന്ന് പോവുന്നത് ആര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമല്ല. പക്ഷെ അതിലേക്ക് നയിക്കുന്ന ന്യായമായ കാരണങ്ങള്‍ പഠിക്കുമ്പോള്‍ അതിനെ ബുദ്ധിപരമായി സമീപിക്കാനും ഒത്തുതീര്‍പ്പിന് ശ്രമിക്കാനുമാണ് അല്ലാഹു പറയുന്നത്. വിവാഹമോചനത്തിലൂടെ ഒരു തരം ശത്രുതാ മനോഭാവമാണ് രണ്ട് കുടുംബക്കാര്‍ തമ്മില്‍ വെച്ചുപുലര്‍ത്തുന്നത്. സൂറ നിസാഅ് 128-ാം ആയത്തില്‍ അല്ലാഹു പറയുന്നു: ''ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍നിന്ന് വിട്ടുമാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.''
ഞാന്‍, എന്റേത് എന്ന സ്വാര്‍ഥ മനോഭാവം വെടിഞ്ഞ് ഏറ്റവും നല്ല തീരുമാനങ്ങളില്‍ എത്താനാണ് അല്ലാഹു പറയുന്നത്. കുട്ടികള്‍ ഉള്ള ദാമ്പത്യമാകുമ്പോള്‍ സ്വാര്‍ഥ മനോഭാവങ്ങള്‍ അവരെ ബാധിക്കും. പരമാവധി ഒരു വിവാഹമോചനത്തില്‍ എത്താതെ നോക്കണം എന്ന് റിലേഷന്‍ഷിപ്പ് എക്‌സ്‌പേര്‍ട്ട്‌സ് പറയുമ്പോള്‍, പറ്റുമെങ്കില്‍ അവരെ തന്നെ റീമാരി ചെയ്യണം എന്ന് ബ്രോക്കണ്‍ ഫാമിലിയെക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ആരാണ് ശരി, ആരെ തെരഞ്ഞെടുക്കണം, ഇങ്ങനെയൊക്കെയാണ് ദാമ്പത്യം എന്നിങ്ങനെയുള്ള ആശയക്കുഴപ്പങ്ങള്‍ കുട്ടികളെ മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്റെ എക്‌സ്പാര്‍ട്ട്ണറോട് എത്ര വെറുപ്പാണെങ്കിലും കുട്ടികളെയും അവരുടെ നല്ല ഭാവിയെയും ഓര്‍ത്ത് സൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ആരോഗ്യകരമായി മുന്നോട്ട് കൊണ്ടു പോകണം. രണ്ട് മാതാപിതാക്കളുടെ കൂടെയും നല്ലൊരു സമയം സമാധാനപരമായി ചിലവഴിക്കാനും രണ്ട് പേരും കുട്ടികളോട് അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതിരിക്കാനും ശ്രമിക്കണം. ഇയാള്‍ ഇനിയെന്റെ ജീവിത പങ്കാളി അല്ല, പക്ഷെ, എന്റെ കുട്ടികളുടെ പാരന്റ് എന്ന നിലയില്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട് എന്ന് ഉള്‍ക്കൊള്ളാന്‍ ഇരുകൂട്ടര്‍ക്കും സാധിക്കണം. കുട്ടികള്‍ക്ക് വേണ്ടി അല്‍പം അഭിനയിച്ചിട്ടാണെങ്കിലും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ല എന്ന് കാണിക്കണം. അല്ലാത്ത പക്ഷം അവരുടെ നല്ല ഭാവിയെ അത് വളരെ ദോഷകരമായി ബാധിക്കും.
നമ്മള്‍ പൊതുവെ പരിചയിച്ച് പോന്ന രീതിയില്‍നിന്നും വ്യത്യസ്തമാണ് ഇസ്‌ലാമിലെ വിവാഹമോചനം. സമൂഹം വിവാഹമോചിതരെ മറ്റൊരു കണ്ണിലൂടെ കാണുമ്പോള്‍ അല്ലാഹു അവരെ കുറിച്ച് സൂറ നിസാഅ് ആയത്ത് 130-ല്‍ പറയുന്നു: ''ഇനി അവര്‍ ഇരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു തന്റെ വിശാലമായ കഴിവില്‍നിന്നും അവര്‍ ഓരോരുത്തര്‍ക്കും സ്വാശ്രയത്വം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും യുക്തിമാനുമാണ്.''
അല്ലാഹു ഒരിക്കലും വിവാഹമോചിതരെ കൈയൊഴിയുന്നില്ല. എന്നാല്‍ വിവാഹമോചനത്തോടെ കുടുംബവും സമൂഹവും അവരെ കൈയൊഴിയുന്നു. സ്വന്തം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്താലും അയാളുടെ മാതാപിതാക്കളുമായുള്ള ബന്ധം അപ്പോഴും നിലനില്‍ക്കുന്നു. ഇതിലൂടെയെല്ലാം സ്ത്രീക്ക് ഒരു കുടുംബത്തിന്റെ തണല്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണ് ഇസ്‌ലാം. അല്ലാഹുവിന്റെ അധ്യാപനങ്ങള്‍ ശരിക്ക് മനസ്സിലാകാത്തത് കൊണ്ടുമാണ് അവന്റെ കല്‍പനകള്‍ അനുസരിക്കാത്തത് കൊണ്ടും ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരെ മോശമായ പെരുമാറ്റങ്ങളുണ്ടാകുന്നത്. വിവാഹമോചന വേളകളില്‍. ഇതിലുള്‍പ്പെടുന്ന രണ്ട് കുടുംബങ്ങളും പിന്നെ കണ്ടാല്‍ മിണ്ടേണ്ടതില്ല എന്നും പരസ്പരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല എന്നും കുട്ടികളുടെ ചിലവിന് നല്‍കേണ്ടതില്ല എന്നുമൊക്കെ ധരിച്ച് വശാകുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ പലരും മറന്ന് പോകുന്നു. സ്വന്തം മക്കളുടെ ഭാഗത്താണ് പ്രശ്‌നം എന്ന് മനസ്സിലായാല്‍ പോലും അത് അംഗീകരിക്കുകയോ ഒരു ചര്‍ച്ചക്കോ കൗണ്‍സലിംഗിനോ ഒത്തുതീര്‍പ്പിനോ ശ്രമിക്കില്ലില്ല. ഇവിടെയെല്ലാം അല്ലാഹുവിന്റെ നിയമങ്ങളെയാണ് കാറ്റില്‍ പറത്തുന്നത്. ഒന്നുകില്‍ ന്യായമായ നിലയില്‍ ജീവിക്കുക, അല്ലെങ്കില്‍ ന്യായമായ നിലയില്‍ വിട്ടയക്കുകഎന്നതാണ് അല്ലാഹു പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ അനീതിക്ക് ഇരയാവാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് അല്ലാഹു വളരെ ഗൗരവത്തില്‍ തന്നെ ഈ കാര്യങ്ങള്‍ ഖുര്‍ആനിലൂടെ ഉണര്‍ത്തുന്നത്. സൗഹാര്‍ദപരമായ സമീപനങ്ങള്‍ സാധ്യമാണെന്നും വിവാഹമോചിതരാവുന്നത് ആ ദമ്പതികള്‍ മാത്രമാണ് രണ്ട് കുടുംബക്കാര്‍ അല്ലെന്നും മാതൃകാപരമായി ജീവിച്ച് കാണിക്കേണ്ടവരാണ് മുസ്‌ലിംകള്‍.
ഒറ്റപ്പെട്ട സ്ത്രീകളെ അവസരമായി കരുതുന്ന പുരുഷന്മാര്‍ ധാരാളമുള്ള ലോകത്താണ് നാം. വിവാഹമോചിതയാണെന്ന് അറിയുമ്പോഴേക്ക് സൗഹാര്‍ദം നടിച്ച് കിന്നാരം പറഞ്ഞിരിക്കാന്‍ വിവാഹിതരായ പുരുഷന്മാര്‍ പോലും ശ്രമിക്കുന്നു. അതേ സമയം ഇത്തരം സ്ത്രീകളെ ഒരു ഉത്തരവാദിത്തമായി കണ്ട് അവരെ വിവാഹം കഴിച്ച് മാതൃക കാണിച്ച് തന്നിട്ടുണ്ട് പ്രവാചകന്‍(സ)യും സഹാബികളും. വിവാഹമോചിത എന്നത് മാറ്റിനിര്‍ത്തപ്പെടേണ്ട ലേബല്‍ അല്ലെന്നും ഈ സ്ത്രീകളെല്ലാം പുനര്‍ വിവാഹത്തിന് അനുയോജ്യരാണ് എന്നുമാണ് നബി മാതൃക. വിവാഹമോചനം മാനസികമായ പല വിഷമാവസ്ഥകളിലേക്കും സ്ത്രീകളെ എത്തിക്കുന്നു. തുടര്‍ന്നൊരു ദാമ്പത്യം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും തന്റെ മുന്‍ ദാമ്പത്യ അനുഭവങ്ങളും മക്കളുടെ സുരക്ഷിതത്വവും സാമ്പത്തിക ബാധ്യതകളുമെല്ലാം പലരെയും ഏകാന്ത ജീവിതത്തിന് നിര്‍ബന്ധിക്കുന്നു. വീട്ടിലിരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകളാണെങ്കില്‍ പോലും പ്രാരാബ്ധങ്ങളും ജീവിത സാഹചര്യങ്ങളും അവളെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുന്നു. സ്‌നേഹത്തിനും സംരക്ഷണത്തിനും വേണ്ടി അങ്ങേയറ്റം കൊതിച്ചാല്‍ പോലും തന്റെ യൗവനവും ഏറ്റവും ഫെര്‍ട്ടിലിറ്റിയുള്ള പ്രായവും ദാമ്പത്യം നിഷേധിക്കപ്പെട്ട് ഏകാന്തമായി തള്ളി നീക്കേണ്ടി വരുന്നു. ചിലര്‍ ഈ ഏകാന്ത ജീവിതമാണ് തനിക്കിനി വിധിച്ചിട്ടുള്ളതെന്ന് സ്വയം വിശ്വസിച്ച് വിവാഹമോചിതരായി മരണം വരെ തുടരുന്നു. ഇതുമൂലം സാമ്പത്തികമില്ലാത്ത, മാതാപിതാക്കളും സഹോദരങ്ങളും സംരക്ഷിക്കാനില്ലാത്ത സ്ത്രീകള്‍ പൂര്‍ണമായും ഒറ്റപ്പെടുന്നു. വിവാഹമോചിതരോടുള്ള സമൂഹത്തിന്റെ സമീപനം ഇനിയെങ്കിലും മാറണം.