ഗാര്‍ഹിക കൂടുകളില്‍ കോഴിവളര്‍ത്തല്‍
ഡോ. പി. കെ. മുഹ്‌സിന്‍
2015 ഡിസംബര്‍
ചുരുങ്ങിയ ചെലവില്‍ ഏറെ പോഷകങ്ങള്‍ തരുന്ന കോഴിമുട്ടയെപ്പോലെ മറ്റൊരു ആഹാരപദാര്‍ഥവുമില്ല. പ്രോട്ടീന്‍ ഘടകങ്ങളുടെ സന്തുലിതാവസ്ഥകൊണ്ട് മീനിനേയും ഇറച്ചിയേയും പിന്നിലാക്കുന്ന മാംസ്യസമ്പത്താണ് മുട്ട.
ചുരുങ്ങിയ ചെലവില്‍ ഏറെ പോഷകങ്ങള്‍ തരുന്ന കോഴിമുട്ടയെപ്പോലെ മറ്റൊരു ആഹാരപദാര്‍ഥവുമില്ല. പ്രോട്ടീന്‍ ഘടകങ്ങളുടെ സന്തുലിതാവസ്ഥകൊണ്ട് മീനിനേയും ഇറച്ചിയേയും പിന്നിലാക്കുന്ന മാംസ്യസമ്പത്താണ് മുട്ട. സമൃദ്ധമായ അളവില്‍ കൊഴുപ്പും ധാതുലവണങ്ങളും ''വൈറ്റമിന്‍ സി'' ഒഴികെയുള്ള വൈറ്റമിനുകളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു.
പ്രതിദിനം കേരളീയര്‍ക്കാവശ്യമായ 120 ലക്ഷം കോഴിമുട്ടകളില്‍ 80 ലക്ഷവും അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് വരുന്നത്. ആരോഗ്യവിദഗ്ധര്‍ പ്രതിവര്‍ഷം 180 മുട്ടകള്‍ കഴിക്കണമെന്ന് ഉപദേശിക്കുമ്പോള്‍ നാം കഴിക്കുന്നത് നാല്‍പതോളം മുട്ടകള്‍ മാത്രമാണ്.
സാധാരണയായി കോഴികളെ വളര്‍ത്തുന്നത് ഡീപ്പ് ലിറ്റര്‍ സമ്പ്രദായം, കേജ് സമ്പ്രദായം, അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ എന്നീ രീതികളിലാണ്. അടുത്തകാലത്തായി മുട്ടക്കോഴി വളര്‍ത്താനായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്ന ഒരു പദ്ധതിയാണ് ഗാര്‍ഹിക കൂടുകളിലെ കോഴിവളര്‍ത്തല്‍. ഈ സമ്പ്രദായപ്രകാരം തീറ്റയും വെള്ളവും കൊടുത്ത് കൂട്ടില്‍തന്നെ നാലോ അഞ്ചോ കോഴികളെ വളര്‍ത്തുന്നു. ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴിവളര്‍ത്തല്‍ നടത്താവുന്ന ഒരു പദ്ധതിയാണ് ഇത്. ഈ സമ്പ്രദായത്തില്‍ കൂട്ടില്‍തന്നെ സമീകൃത തീറ്റ നല്‍കേണ്ടതുകൊണ്ട് ചെലവ് കൂടുതലാണ്. ചെറിയ അളവില്‍ അടുക്കള അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും നല്‍കി തീറ്റച്ചെലവ് കുറക്കാം. ഭക്ഷണാവശ്യത്തിനുമാത്രം മുട്ട ഉല്‍പാദിപ്പിക്കേണ്ടതുകൊണ്ട് പൂവന്‍കോഴികളെ വളര്‍ത്തേണ്ടതില്ല. ചുരുങ്ങിയത് 3 മാസം തന്നെയെങ്കിലും പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുകയാണ് നല്ലത്. കൂട്ടില്‍ തീറ്റയും വെള്ളവും പ്രത്യേക പാത്രങ്ങളിലായിവെക്കുന്നു. കോഴികളുടെ കാഷ്ഠം ശേഖരിക്കാനായി കൂടിന്നടിയിലായി ഒരു ട്രേ വെച്ചിരിക്കണം. ഇത് ദിനംപ്രതി എടുത്തുമാറ്റി വൃത്തിയാക്കണം. വെള്ളപ്പാത്രവും തീറ്റപ്പാത്രവും ദിനംപ്രതി വൃത്തിയാക്കി പുതിയ തീറ്റയും വെള്ളവും വെച്ചുകൊടുക്കണം. കൂടുകളുടെ പുറത്തായിട്ടാണ് നീളത്തിലുള്ള വെള്ളപ്പാത്രവും തീറ്റപ്പാത്രവും ഉറപ്പിക്കുന്നത്. വെള്ളം മലിനമാകാതിരിക്കാന്‍, തീറ്റപ്പാത്രത്തിനു മുകളിലാണ് വെള്ളപ്പാത്രം വെക്കുന്നത്. തീറ്റയില്‍ വെള്ളം കലരാതിരിക്കാനും ശ്രദ്ധിക്കണം. കോഴികള്‍ക്ക് ഇഷ്ടപ്രകാരം വെള്ളംകുടിക്കാനുതകുന്ന ഓട്ടോമാറ്റിക് നിപ്പിള്‍ സംവിധാനവും ഒരുക്കാവുന്നതാണ്. 5 കോഴികള്‍ക്ക് രണ്ടടി നീളവും ഒന്നേകാല്‍ അടി വീതിയും ഒന്നര അടി പൊക്കവുമുള്ള കൂടുകളാണ് സാധാരണഗതിയില്‍ നിര്‍മിക്കുന്നത്.
ഗാര്‍ഹിക കൂടുകളിലെ കോഴിവളര്‍ത്തല്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരുപോലെ പ്രായോഗികമാണ്. കേരള വെറ്റിനറി സര്‍വകലാശാല വികസിപ്പിച്ചെടുത്ത 'അതുല്യ' കോഴികളാണ് ഇതിനു കൂടുതല്‍ അനുയോജ്യം. മുട്ടയുല്‍പാദനത്തിന് മികച്ച ഇവ, വര്‍ഷത്തില്‍ 303 മുട്ടകള്‍വരെ ഉല്‍പാദിപ്പിക്കുന്നു.
അതുല്യ കോഴികളേയും, ഉചിതമായ കൂടും, ഗുണനിലവാരമുള്ള തീറ്റയും വിതരണം ചെയ്തുകൊണ്ട് കേരള വെറ്റിനറി സര്‍വകലാശാല നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് 'ഐശ്വര്യ പദ്ധതി'. ഉല്‍പാദിപ്പിക്കുന്ന മുട്ടകള്‍ വിപണന ശൃംഖലകള്‍വഴി ഏകോപനം നടത്തി വിതരണം നടത്താനും ഈ പദ്ധതിയില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ പദ്ധതി വ്യാപകമാകുമ്പോള്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് കോഴിമുട്ട ഉല്‍പാദനത്തില്‍ നാം സ്വയംപര്യാപ്തത നേടുമെന്ന് പ്രത്യാശിക്കാം.