കാഴ്ചയുടെ കാണാപ്പുറങ്ങള്‍

ദേവദാസ് പേരാമ്പ്ര
2013 സെപ്റ്റംബര്‍
കേരളീയ കുടുംബങ്ങളുടെ സായന്തനത്തിന്റെ സ്വകാര്യതകളെ എപ്പിസോഡുകളായി അപഹരിക്കുന്ന വര്‍ത്തമാനകാല ദുരന്തക്കാഴ്ചകളായി നമ്മുടെ ചാനല്‍ പരമ്പരകള്‍ മാറുമ്പോള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നത് കേരളീയ കുടുംബബന്ധങ്ങളുടെ ആരോഗ്യകരമായ കെട്ടുറപ്പിനെയാണ്.

കേരളീയ കുടുംബങ്ങളുടെ സായന്തനത്തിന്റെ സ്വകാര്യതകളെ എപ്പിസോഡുകളായി അപഹരിക്കുന്ന വര്‍ത്തമാനകാല ദുരന്തക്കാഴ്ചകളായി നമ്മുടെ ചാനല്‍ പരമ്പരകള്‍ മാറുമ്പോള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നത് കേരളീയ കുടുംബബന്ധങ്ങളുടെ ആരോഗ്യകരമായ കെട്ടുറപ്പിനെയാണ്.
ജീവസന്ധാരണത്തിനായുള്ള നെട്ടോട്ടങ്ങള്‍ക്കൊടുവില്‍ ഒരു ശരാശരി കേരളീയകുടുംബത്തെ സംബന്ധിച്ചിടത്തോളം ജീവിതസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കങ്ങളില്‍നിന്നും അല്‍പ്പം ആശ്വാസമായി കിട്ടുന്നത് രാത്രിനേരങ്ങളിലെ ഗൃഹാന്തരീക്ഷമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത, ആരോഗ്യം മുതലായ കാര്യങ്ങളെ സംബന്ധിച്ച് കുടുംബങ്ങളില്‍ തുറന്ന സംവാദം നടക്കേണ്ട സമയം. ഏതു കുടുംബത്തിന്റേയും സര്‍ഗാത്മകമായ കെട്ടുറപ്പിന് ഇത്തരം സംവാദങ്ങളും ചര്‍ച്ചകളും അനിഷേധ്യഘടകങ്ങളാണെന്ന തിരിച്ചറിവിലേക്കെത്താന്‍ ഇനിയും നാം താമസിച്ചുകൂടാ... എന്നാല്‍ ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും നടക്കേണ്ട കുടുംബങ്ങളുടെ ഒരാഴ്ചയിലെ 26 മണിക്കൂറുകളാണ് നമ്മുടെ സ്വാഭാവിക യുക്തിബോധത്തെ കൊഞ്ഞനംകുത്തുന്ന അസംബന്ധ പരമ്പരകളിലൂടെ ചാനലുകള്‍ അപഹരിക്കുന്നത്. നാം തിരിച്ചറിയേണ്ടത് ഇതൊരു വിനോദകാഴ്ചയേ അല്ല എന്നതാണ്. ഇതിലൂടെ നടപ്പാക്കപ്പെടുന്നത് ആഗോളീകരണ മാധ്യമ അജണ്ടയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന അണുകുടുംബങ്ങളുടെ അഭിരുചികളെ തങ്ങളുടെ വിപണിതാല്‍പ്പര്യങ്ങള്‍ക്ക് അടിമപ്പെടുത്തുക എന്നതുതന്നെയാണ് ആ അജണ്ട.
30 മിനുട്ട് ദൈര്‍ഘ്യമുള്ള പരമ്പരകളിലെ 20 മിനിട്ട് പരസ്യങ്ങളിലൂടെ മാധ്യമങ്ങള്‍ നടപ്പാക്കുന്നത്, ഒരു പെണ്ണിന്റെ കാലും മുലയുമുണ്ടെങ്കില്‍ ഞാന്‍ ഈ ലോകം മാറ്റിമറിക്കും എന്നു പറഞ്ഞ മാധ്യമഭീകരന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ തിയറിയാണ്.
മിനിസ്‌ക്രീനിന്റെ മുന്നിലിരുന്ന് കണ്ണീരൊഴുക്കുന്ന കര്‍ഷകത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും നിഷ്‌കളങ്കതകൊണ്ട് അറിയാതെ പോകുന്ന ഒരു കാര്യം, ഈ പരമ്പരകളിലൊന്നിലും തങ്ങളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഒരു കഥാസന്ദര്‍ഭമോ, കഥാപാത്രമോ ഒരിക്കലുമുണ്ടാകില്ല എന്നതാണ്. മറിച്ച് റോയല്‍ ഫാമിലികളിലെ പൊങ്ങച്ചങ്ങളും അവ സൃഷ്ടിക്കുന്ന ജീവിതസംഘര്‍ഷങ്ങളും എപ്പിസോഡുകളാക്കി നമ്മുടെ കണ്‍മുന്നിലെ കാഴ്ചകളാക്കി മാറ്റുന്നു.
ഇനിയും തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിനരാത്രങ്ങളില്‍ നമ്മുടെ മുന്നിലെത്തുന്ന കഥകളും കഥാപാത്രങ്ങളും മാറില്ല. കാരണം. മാധ്യമങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങളുമായി ഇവ ബന്ധപ്പെട്ടുകിടക്കുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത് പരസ്യങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ഉല്‍പ്പന്നങ്ങളിലേക്കും അതിന്റെ പരസ്യക്കാഴ്ചകളിലേക്കുമാണ്. പ്രായോജകരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എപ്പിസോഡുകളുടെ എണ്ണം ആയിരം കടന്നതും, കൂടാതെ പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടതുമായ അനവധി പരമ്പരകളിലെ കഥാപാത്രങ്ങളുടെ ആത്മാവുകള്‍ ഗതികിട്ടാതെ അലയുന്ന കാഴ്ചയും നാം കാണുന്നു.
രാത്രി 10 മണിക്ക് ദര്‍ശനസൗഭാഗ്യങ്ങളുമായി ഹൈടെക് ഫ്‌ളാറ്റുകളില്‍നിന്ന് പോസ്റ്റ് മോഡേണ്‍ ഭാഷ സംസാരിച്ചെത്തുന്ന ഈശ്വരന്മാരെ, ഒരു പുരാണേതിഹാസത്തിലും കേട്ടുകേള്‍വിപോലുമില്ലാത്ത കഥാസന്ദര്‍ഭങ്ങളൊരുക്കി സാക്ഷാല്‍ ദൈവങ്ങളെപോലും പരിഹസിച്ചുകൊണ്ട് ശ്രീകോവിലിലും, ഫീല്‍ഡിലും പ്രവര്‍ത്തിക്കുന്ന ദേവീ മഹാത്മ്യങ്ങളിലൂടെ യഥാര്‍ത്ഥ വിശ്വാസികളുടെ ആത്മീയബോധത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഇടവേളകളിലെ പരസ്യങ്ങളിലൂടെ ചെയ്യുന്നത്; തീര്‍ത്തും ദൈവനിഷിദ്ധവും. ഈ മായക്കാഴ്ചയ്ക്കു മുന്നില്‍ നാം വിസ്മരിക്കുന്നത് സമകാലിക കേരളത്തിന്റെ ദുരന്തക്കാഴ്ചകളെയാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഭ്രൂണാവസ്ഥയിലിരിക്കുന്ന കുഞ്ഞൊഴികെ ഇടം നഷ്ടപ്പെട്ട ഒരു ശാപജന്മമായി സ്ത്രീ മാറുന്നു. ഇരുനൂറുപേര്‍ക്ക് സ്വന്തം മകളെ കാഴ്ചവെച്ച അച്ഛന്‍ ജീവിക്കുന്നത് കേരളത്തിലാണ്. കൂടാതെ സ്വന്തം മക്കളാല്‍ ഗര്‍ഭം ധരിക്കേണ്ടിവന്ന 40 അമ്മമാര്‍ മലബാറില്‍ മാത്രം ജീവിക്കുന്നു. 45 ദിവസം മാത്രം പ്രായമുള്ള ശിശുമുതല്‍ 93 വയസ്സുള്ള വയോവൃദ്ധവരെ ലിംഗഭേദത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു. 13 വയസ്സുകാരന്‍ 10 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്നത് യാദൃച്ഛികമല്ല. അച്ഛനും അമ്മയും ബ്ലൂഫിലിം കാണുന്നത് ഒളിച്ചിരുന്ന് മകനും കാണുന്നു. അങ്ങനെ ആ കുട്ടിയുടെ മനസ്സില്‍ രൂപംകൊണ്ട അപക്വമായ ലൈംഗികബോധം ആ 13 വയസ്സുകാരനെ കൊലപാതകിയാക്കി മാറ്റി. വിദ്യാര്‍ത്ഥിനിയെ ലാബിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുന്ന അദ്ധ്യാപകന്‍, സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സീരിയല്‍ നിര്‍മ്മാതാക്കള്‍... ഇങ്ങനെ സ്ത്രീയുടെ ശവശരീരത്തിനുപോലും കാവലേര്‍പ്പെടുത്തേണ്ട ഒരു നാടായി കേരളം മാറുമ്പോള്‍ പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി പീഡനകഥകള്‍ മാറുന്നു.
ദുരന്തവാര്‍ത്തകളെ നിസ്സംഗതയോടെ വായിച്ചുതള്ളുന്ന മലയാളി, നിഷ്‌ക്രിയമായ ഒരു തലമുറയുടെ പരിച്ഛേദമായി മാറുമ്പോള്‍ നാം അറിയേണ്ടത് നാളത്തെ വിസ്‌ഫോടനത്തിന്റെ വഴിമരുന്നായി ഈ നിസ്സംഗത മാറുമെന്നതാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media