സാഹസികത നിറഞ്ഞ ഹജ്ജ് യാത്ര

നൂറുദ്ദീന്‍ ചേന്നര / ചരിത്രം കഥ പറയുന്നു No image

യ്യിദ് അഹ്മദ് ശഹീദിന്റെ ഹജ്ജ് യാത്രയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്.
ആരാണീ സയ്യിദ് അഹ്മദ് ശഹീദ്?
ഇന്ത്യയില്‍ ഇസ്‌ലാമിക തത്ത്വങ്ങളിലധിഷ്ഠിതമായ ഭരണക്രമം സ്ഥാപിക്കുകയും അതിന്റെ നിലനില്‍പിനായി രക്തസാക്ഷിയാവുകയും ചെയ്ത ധീരാത്മാവാണ് സയ്യിദ് അഹ്മദ്.
അഹ്മദ് ശഹീദ് റായ് ബറേലിയിലാണ് ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ കളിയിലും സാഹസികതയിലുമായിരുന്നു അഹ്മദ് ശഹീദിന് താല്‍പര്യം. അസാമാന്യ കായികശേഷിയുണ്ടായിരുന്ന അദ്ദേഹം കൗമാരകാലത്ത് ഗ്രാമീണര്‍ക്ക് സേവനം ചെയ്യുന്നതില്‍ മുഴുകിയിരുന്നു. അയല്‍ക്കാര്‍ക്ക് വെള്ളം കൊണ്ടുവന്നു കൊടുക്കുക, ഗ്രാമീണര്‍ക്കുവേണ്ടി കാട്ടില്‍പോയി വിറകു ശേഖരിക്കുക തുടങ്ങിയവയില്‍ ആ ബാലന്‍ ആനന്ദം കെത്തിയിരുന്നു. ഗ്രാമത്തിലാര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ സയ്യിദ് അഹ്മദ് അവിടെ ഓടിയെത്തും. ഗ്രാമീണരുടെ ദുരിതങ്ങളും പ്രയാസങ്ങളും സ്ഥലത്തെ പണക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തി അവരെ സഹായിക്കാന്‍ സയ്യിദ് അഹ്മദ് പ്രേരിപ്പിക്കുമായിരുന്നു.
സയ്യിദ് അഹ്മദ് വലുതായപ്പോള്‍ ശാഹ് അബ്ദുല്‍ അസീസ് എന്ന പണ്ഡിതന്റെ ശിഷ്യനാവുകയുണ്ടായി. പിന്നീട് സൈനികവിദ്യകള്‍ അഭ്യസിക്കുന്നതിനായി ഒരു നാട്ടുരാജാവിന്റെ പട്ടാളത്തില്‍ ചേര്‍ന്നു. തന്റെ രാജാവായ നവാബ് അമീര്‍ഖാന്‍ ബ്രിട്ടീഷുകാരുമായി സഖ്യത്തിലേര്‍പ്പെട്ടതില്‍ പ്രതിഷേധിച്ച് പട്ടാളത്തില്‍നിന്ന് സയ്യിദ് അഹ്മദ് പുറത്തുപോന്നു.
ഇനി നമുക്ക് ഹജ്ജ് യാത്രയെക്കുറിച്ച് പറയാം.
പണ്ടുകാലത്ത് ഹജ്ജ് യാത്രയ്ക്കായി ഇന്ത്യയ്ക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് കപ്പലുകളെയായിരുന്നു. ഇന്ത്യ ബ്രിട്ടീഷുഭരണത്തിലായിരുന്ന കാലത്ത് കരയിലെന്നപോലെ കടലിലും വിദേശികള്‍ക്കായിരുന്നു ആധിപത്യം. കടലില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത് പോര്‍ച്ചുഗീസുകാരായിരുന്നു. അന്യമതവിദ്വേഷം കലര്‍ന്ന അവരുടെ ആക്രമണത്തിന്റെ പ്രധാന ഇരകള്‍ മുസ്‌ലിം വ്യാപാരികളും ഹജ്ജ് തീര്‍ഥാടകരുമൊക്കെയായിരുന്നു. സത്രീകളും വൃദ്ധരുമടക്കമുള്ള ഹജ്ജ് തീര്‍ഥാടകരെ കപ്പലിനു തീ കൊളുത്തി ജീവനോടെ ചുട്ടെരിക്കുകയെന്നത് പോര്‍ച്ചുഗീസ് നാവികരുടെ വിനോദമായിരുന്നു.
ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ഥാടകര്‍ ഇതുമൂലം വളരെയധികം വിഷമിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ലെന്ന് വിധിക്കാനും പണ്ഡിതന്മാര്‍ തയ്യാറായി. പണ്ഡിതന്മാരുടെ ഫത്‌വകള്‍ അംഗീകരിച്ചുകൊണ്ട് ആളുകള്‍ ഹജ്ജില്‍നിന്ന് പിന്തിരിയാന്‍ തുടങ്ങി.
പക്ഷേ, സാമാന്യജനത്തെ കൈയിലെടുക്കാന്‍ കെല്പുള്ളവരായിരുന്നു ഫത്‌വകള്‍ പുറപ്പെടുവിച്ചവര്‍. അവരില്‍ ചിലര്‍ സുരക്ഷിതമല്ലാത്ത ഈ കാലത്ത് ഇന്ത്യക്കാര്‍ ഹജ്ജു ചെയ്യുന്നത് ഹറാം (നിഷിദ്ധം) ആണെന്നുവരെ പറഞ്ഞുകളഞ്ഞു!
കാര്യം അത്ര പന്തിയല്ലല്ലോ എന്നു ചിന്തിച്ച ഒരു സംഘം ആളുകളുണ്ടായിരുന്നു. താരീഖെ മുഹമ്മദിയ്യ എന്നായിരുന്നു ആ സംഘത്തിന്റെ പേര്‍. സയ്യിദ് അഹ്മദ് ആയിരുന്നു  ആ സംഘം സ്ഥാപിച്ചത്.
തന്റെ സുഹൃത്തുക്കളും പണ്ഡിതന്മാരുമായ ശാഹ് ഇസ്മാഈല്‍, ശാഹ് അബ്ദുല്‍ അസീസ്, മൗലാനാ അബ്ദുല്‍ ഹയ്യൂം തുടങ്ങിയവരുമായി സയ്യിദ് അഹ്മദ് കൂടിയാലോചിച്ചു.
“''ഇസ്‌ലാമിലെ അടിസ്ഥാനവിശ്വാസങ്ങളിലൊന്നായ ഹജ്ജ് ജനങ്ങള്‍ക്കിടയില്‍നിന്ന് മാഞ്ഞുപോവുമോ എന്നാണെന്റെ പേടി.'' ശാഹ് ഇസ്മാഈല്‍ അഭിപ്രായപ്പെട്ടു.
''ആളുകളുടെ സൗകര്യത്തിനനുസരിച്ച് ഫത്‌വകളുണ്ടാക്കാന്‍ ഈ പണ്ഡിതന്മാര്‍ക്കെങ്ങനെ ധൈര്യം വരുന്നു? മൗലവി യാര്‍ അലിയുടെ ഫത്‌വ നിങ്ങള്‍ കേട്ടോ, ഹജ്ജ് ഹറാമാണു പോലും! '' സയ്യിദ് അഹ്മദ് പറഞ്ഞു.
''കേട്ടു. ഹജ്ജ് ഹറാമാണെന്നതിന് തെളിവായി അദ്ദേഹം പറയുന്ന വാദമാണ് രസം! നിങ്ങള്‍ നാശത്തിലേക്ക് സ്വയം എടുത്തുചാടരുത് എന്ന് ഖുര്‍ആന്‍ സൂക്തമാണത്രേ അതിന് തെളിവ്!'' മൗലാനാ അബ്ദുല്‍ ഹയ്യൂം പറഞ്ഞു.
''നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ പാണ്ഡിത്യം കൊണ്ട് ഈ വാദങ്ങളെ എതിര്‍ക്കണം. പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മറുപടി കൊടുത്താല്‍ ജനങ്ങളെങ്കിലും സത്യം മനസ്സിലാക്കുമല്ലോ.'' സയ്യിദ് അഹ്മദ് തന്റെ സുഹൃത്തുക്കളായ പണ്ഡിതന്മാരോട് പറഞ്ഞു.
താരീഖെ മുഹമ്മദ് എന്ന സംഘത്തിലെ പ്രഗദ്ഭരായ പണ്ഡിതന്മാരായിരുന്ന മൗലാനാ അബ്ദുല്‍ ഹയ്യും ശാഹ് ഇസ്മാഈലും ഹജ്ജിനെ നിരുത്സാഹപ്പെടുത്തുന്ന മതപണ്ഡിതന്മാരുടെ ഫത്‌വകള്‍ക്ക് വിശ്വാസപ്രമാണങ്ങളുടെ വെളിച്ചത്തില്‍ മറുപടി പറഞ്ഞു. എങ്കിലും ജനങ്ങളില്‍ അത് കാര്യമായ പ്രതികരണങ്ങളുണ്ടാക്കിയില്ല.
''ജനങ്ങള്‍ ഇളവുകളാണ് ഇഷ്ടപ്പെടുന്നത്. പണ്ഡിതന്മാര്‍ പിന്തുണക്കാനുണ്ടാവുമ്പോള്‍ സാമാന്യജനങ്ങള്‍ സ്വാഭാവികമായും ഇങ്ങനെയേ ചിന്തിക്കൂ.'' മൗലാനാ അബ്ദുല്‍ ഹയ്യ് സയ്യിദ് അഹ്മദിനോട് പറഞ്ഞു.
''മുസ്‌ലിംകളുടെ ആത്മവീര്യമുയര്‍ത്തുന്ന എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇത്തരം ഫത്‌വകളെ തടയേണ്ടത് വാക്കുകള്‍കൊണ്ടല്ല, ധീരമായ പ്രവൃത്തികളിലൂടെയാണ്.'' സയ്യിദ് അഹ്മദ് എന്തോ ചിന്തിച്ചുറപ്പിച്ചപോലെ പറഞ്ഞു.
''താങ്കളെന്താണ് ഉദ്ദേശിക്കുന്നത്?'' ശാഹ് ഇസ്മാഈല്‍ ചോദിച്ചു.
''ഞാന്‍ ഹജ്ജിന് പുറപ്പെടാന്‍ തീരുമാനിച്ചു. എന്നോടൊപ്പം ഹജ്ജിന് പുറപ്പെടാന്‍ തയ്യാറുള്ളവരൊക്കെ വന്നുകൊള്ളട്ടെ.'' സയ്യിദ് അഹ്മദ് ആവേശത്തോടെ പറഞ്ഞു.
സയ്യിദ് അഹ്മദ് ഒരു വിളംബരം പുറപ്പെടുവിപ്പിച്ചു.
''പരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഞാന്‍ പുറപ്പെടാന്‍ തീരുമാനിച്ച വിവരം നാട്ടുകാരായ എല്ലാവരെയും അറിയിക്കുന്നു. ഇസ്‌ലാമിലെ നിര്‍ബന്ധകര്‍മമായ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹമുള്ളവര്‍ എന്നോടൊപ്പം പുറപ്പെടാന്‍ തയ്യാറാവുക. നിങ്ങളുടെ കൈവശം ഹജ്ജ് നിര്‍വഹിക്കാനാവശ്യമായ ചെലവിലേക്കുള്ള പണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് എന്നോടൊപ്പം വരാം.''  
ഇതായിരുന്നു വിളംബരത്തിലെ ഉള്ളടക്കം.
1821 ജൂലൈ 30 ന് സയ്യിദ് അഹ്മദ് പരിശുദ്ധഹജ്ജിനായി പുറപ്പെടാനൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ എത്രപേരാണുണ്ടായിരുന്നതെന്നോ? നാനൂറോളം പേര്‍. ഹിജ്‌റ 1236 ശവ്വാല്‍ മാസത്തിലെ അവസാനദിവസമായിരുന്നു അത്. ഐതിഹാസികവും അതിസാഹസികവുമായ ആ യാത്ര സയ്യിദ് അഹ്മദിന്റെ ജന്മനാടായ റായ് ബറേലിയില്‍നിന്ന് പുറപ്പെട്ടു. അവരില്‍ ഭൂരിഭാഗം പേരുടെ കൈയിലും പണമുണ്ടായിരുന്നില്ല. ഒരു മണി ധാന്യം പോലും ആ യാത്രാസംഘത്തിന്റെ കൈവശമുണ്ടായിരുന്നില്ല. സയ്യിദ് അഹ്മദ് നല്‍കിയ ധൈര്യവും ആത്മവിശ്വാസവും അല്ലാഹുവില്‍ എല്ലാം അര്‍പ്പിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ആ സംഘത്തെ പ്രാപ്തരാക്കി.
കല്‍കത്ത ലക്ഷ്യമാക്കിയാണ് ആ തീര്‍ഥാടകസംഘം മുന്നേറിയത്. കല്‍കത്തയില്‍നിന്ന് കപ്പല്‍ കയറുകയെന്നതായിരുന്നു ഉദ്ദേശ്യം. ഹജ്ജ് യാത്രാസംഘം വരുന്നതറിഞ്ഞ് പോകുന്ന വഴിയിലെല്ലാം ജനങ്ങള്‍ സ്വീകരിക്കാനുണ്ടായിരുന്നു. അപകടസാധ്യതകളെ അവഗണിച്ച് ഹജ്ജ് കര്‍മം ചെയ്യാന്‍ മുന്നോട്ടു വന്ന ആ സംഘത്തെ ജനങ്ങള്‍ മനസ്സാ ആദരിച്ചു. ധാരാളം ആളുകള്‍ ഹജ്ജ് ചെയ്യാന്‍ തയ്യാറായി അവരോടൊപ്പം ചേര്‍ന്നു. അവര്‍ക്ക് ജനങ്ങള്‍ പണവും ഭക്ഷണവും നല്‍കി. കൂലിപ്പണി ചെയ്തും മറ്റു ഉപജീവനവഴികള്‍ തേടിയും യാത്രയ്ക്കിടെ സംഘാംഗങ്ങള്‍ പണം വേറെയും സമ്പാദിച്ചു.  
മൂന്നു മാസം അവര്‍ കല്‍കത്തയില്‍ തങ്ങി. ഇക്കാലമത്രയും ധനസമ്പാദനത്തിനും ഹജ്ജിന്റെ പ്രചാരത്തിനും ഇസ്‌ലാമികസമൂഹത്തില്‍ ആത്മവിശ്വാസമുയര്‍ത്തുന്നതിനുമാണ് സംഘം ചെലവഴിച്ചത്. ജനങ്ങള്‍ക്കിടയില്‍ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘാംഗങ്ങളെ യഥാര്‍ഥചൈതന്യത്തോടെ ഹജ്ജ് നിര്‍വഹിക്കാന്‍ പരിശീലനങ്ങള്‍ നല്‍കാനും ഈ സമയം സയ്യിദ് അഹ്മദ് ഫലപ്രദമായി ഉപയോഗിച്ചു. വിശുദ്ധയാത്രയ്ക്കുള്ള സന്നാഹങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴേക്കും തീര്‍ഥാടകസംഘത്തിലെ അംഗങ്ങളുടെ എണ്ണം 753 ആയിക്കഴിഞ്ഞിരുന്നു.  അവരെ യാത്രയയ്ക്കാന്‍ അനേകം പേര്‍ കല്‍കത്താ തുറമുഖത്ത് അണി നിരന്നിരുന്നു.
 തുറമുഖത്തുനിന്ന് പത്തുകപ്പലുകളിലായി അവര്‍ മക്കയിലേക്ക് പുറപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന കടല്‍യാത്ര കപ്പല്‍ യാത്രികര്‍ക്ക് ഒരനുഭൂതിയായി. ഭയം അവരെ വിട്ടൊഴിഞ്ഞു. അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച അവരെ അല്ലാഹു കൈവെടിഞ്ഞില്ല. പോര്‍ച്ചുഗീസുകാരുടെയോ കടല്‍കൊള്ളക്കാരുടെയോ ആക്രമണങ്ങള്‍ക്ക് അവര്‍ ഇരയായില്ല. അവര്‍ സുരക്ഷിതരായി യമനിന്റെ തീരത്തെത്തി.
യാത്രാസംഘത്തിന് മൊത്തം ചെലവായ ഒരു ലക്ഷം രൂപ കഴിഞ്ഞ് പിന്നെയും പതിനായിരം രൂപ ബാക്കിയായിരുന്നു! രണ്ടു വര്‍ഷവും പത്തുമാസവും നീണ്ട ഹജ്ജ് യാത്രയ്ക്കുശേഷം ഹിജ്‌റ 1239 ശഅ്ബാന്‍ 29 ന് അവര്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി ഒരു വന്‍ജനാവലി അവരെ എതിരേല്‍ക്കാനുണ്ടായിരുന്നു. ഭീരുക്കളായ പണ്ഡിതന്മാര്‍ക്കുള്ള ഉചിതമായ മറുപടിയായി അവരുടെ ശബ്ദഘോഷങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെങ്ങും അലകള്‍ സൃഷ്ടിച്ചു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top