മലര്‍വാടിയുടെ പിറവിയും ഇ.വി അബ്ദുവും

ശൈഖ് മുഹമ്മദ് കാരക്കുന്ന് No image

കേരളീയ ഇസ്‌ലാമിക സമൂഹത്തെ  സാഹിത്യ സാംസ്‌കാരിക ലോകവുമായി അടുപ്പിക്കുന്നതിന് തുടക്കം കുറിച്ചതും അതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഇ.വി അബ്ദു സാഹിബാണ്. കുറിയ ശരീരം, വലിയ മനസ്സ,് മുഖത്ത് സദാ ചെറുചിരി,  നര്‍മം കലര്‍ന്ന സംസാരം, കൊച്ചുകൊച്ചു വാചകങ്ങള്‍, അര്‍ഥപൂര്‍ണമായ സാമൂഹിക വിമര്‍ശനം, സമുദായത്തിന്റെ പിന്നാക്കാവസ്ഥ ഓര്‍ത്തുള്ള അടക്കാനാവാത്ത ആധി, സൗഹൃദപരമായ പെരുമാറ്റം, വശ്യമായ സമീപനം ഇതൊക്കെയും ഇപ്പോഴും ഇ.വിയെക്കുറിച്ച ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ആ ചെറിയ, വലിയ മനുഷ്യന്റെ സ്‌നേഹം ആസ്വദിക്കാന്‍ പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. ഐ.പി.എച്ചിന്റെ ചുമതല വഹിക്കവെ ഇടക്കിടെ ബന്ധപ്പെടേണ്ടി വന്നിരുന്നു. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസുമായി ബന്ധപ്പെട്ട വിഷയത്തിന് എപ്പോള്‍ വിളിച്ചാലും ഓടിയെത്തുമായിരുന്നു. ദീര്‍ഘമായ ഞങ്ങളുടെ സൗഹൃദ സംഭാഷണത്തിനിടയില്‍ നിരവധി തവണ സംവാദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. യോജിപ്പുള്ള വിഷയങ്ങളെക്കാളേറെ വിയോജിപ്പുള്ള വിഷയത്തെകുറിച്ച് സംസാരിക്കാനായിരുന്നു എപ്പോഴും അദ്ദേഹത്തിന് താല്‍പര്യം. അതേസമയം ഭിന്നാഭിപ്രായം എത്ര ശക്തമായും തീവ്രമായും അവതരിപ്പിച്ചാലും ഒട്ടും പ്രകോപിതനാവുകയുമില്ല. എന്നല്ല,വീക്ഷണ വ്യത്യാസമുള്ള വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ച എപ്പോഴും സൗഹൃദബന്ധത്തിന് കൂടുതല്‍ കരുത്തുപകരുകയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍, എന്‍.പി മുഹമ്മദ്, യു.എ ഖാദര്‍ ഡോ: എം.എം ബഷീര്‍ പോലുള്ള എഴുത്തുകാരുമായി എന്നെയും എന്നെപ്പോലുള്ളവരെയും ബന്ധിപ്പിച്ച കണ്ണിയാണ് ഇ.വി അബ്ദു സാഹിബ്.
കേരളത്തിലെ പ്രമുഖരായ എഴുത്തുകാരോടെല്ലാം അദ്ദേഹം വളരെ സൗഹൃദം പുലര്‍ത്തി. എം.ടി വാസുദേവന്‍ നായരെപോലുള്ളവരുടെ അടുത്ത കൂട്ടുകാരനായിരുന്നു അബ്ദുസാഹിബ്. അതിനാലാണ് അദ്ദേഹത്തിന് എം.ടിയെക്കൊണ്ട് മലര്‍വാടിക്കു വേണ്ടിയുള്ള നോവല്‍ 'ദയ എന്ന പെണ്‍കുട്ടി' എന്ന നോവല്‍ എഴുതിക്കാന്‍ സാധിച്ചത്.
വിചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തരുത്. സ്വതന്ത്രചിന്തയെ പരമാവധി പ്രോത്സാഹിപ്പിക്കണം. ഖുര്‍ആനെ പോലെ ചിന്തിക്കാനും പഠിക്കാനും ആവശ്യപ്പെടുന്ന വേറൊരു ഗ്രന്ഥവും ലോകത്തില്ല, എന്നാലിന്ന് അതിന്റെ അനുയായികളെ പോലെ ആ രംഗത്ത് വിമുഖത കാണിക്കുന്നവരും വേറെയില്ല. ഇ.വി എപ്പോഴും പരാതിപ്പെടുമായിരുന്നു. ചിന്തക്കെന്തിന് കൂച്ചുവിലങ്ങിടണം? അബ്ദുസാഹിബിന്റെ ചോദ്യം ചങ്ങാതിമാരിലേക്ക് ആളിപ്പടരുകയായിരുന്നു. ഇന്നത്തെ മതപണ്ഡിതന്മാരില്‍ ഏറെപേര്‍ക്കും മതത്തിന്റെ മര്‍മമറിയില്ലെന്ന്അബ്ദുസാഹിബ് സദാ പരിഭവിക്കുമായിരുന്നു.
സമൂഹത്തില്‍ ആരോഗ്യകരമായ മാറ്റമുണ്ടാകണമെങ്കില്‍ വരും തലമുറയെ സ്വാധീനിക്കണം. അത് സാധ്യമാകണമെങ്കില്‍ കുട്ടികളെ കൈയിലെടുക്കണം. ഇസ്‌ലാമിന്റെ പക്ഷത്തുനിന്ന് അവരെ ആകര്‍ഷിക്കാന്‍ പറ്റുന്ന പുസ്തകങ്ങളൊന്നുമില്ല. മുസ്‌ലിം എഴുത്തുകാരുടെ കൃതികളൊന്നും അവര്‍ക്ക് മനസ്സിലാവുകയില്ല. അഥവാ മനസ്സിലാകുമെങ്കില്‍ തന്നെ അവരാരും അത് വായിക്കുകയോ തൊടുകയോ ഇല്ല. അവയുടെ ഭാഷയോ ഉള്ളടക്കമോ കെട്ടും മട്ടുമോ ഒന്നും ആകര്‍ഷകമല്ലെന്നത് തന്നെ കാരണം. ഈ ശൂന്യത നികത്താന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന നിര്‍ബന്ധം ഇ.വിക്കുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം പ്രബോധനത്തില്‍ 'ഒരു പിതാവ് മകനയച്ച കത്തുകള്‍' എന്ന പരമ്പര ആരംഭിച്ചത്. ആ പംക്തി ബാലമനസ്സുകളെ നന്നായി ആകര്‍ഷിച്ചു. ചിലരെയെങ്കിലും പ്രബോധനവുമായി അടുപ്പിക്കാന്‍ അത് കാരണമാവുകയും ചെയ്തു. അതില്‍ പ്രസിദ്ധീകൃതമായ ലേഖനങ്ങളുടെ സമാഹാരമാണ് പിന്നീട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച 'ജീവിതാനന്ദം'. ബാലമനസ്സുകളെ ആകര്‍ഷിക്കുന്ന മൂല്യവത്തായ ഒരു പ്രസിദ്ധീകരണം എന്ന ആശയം അബ്ദു സാബിഹ് തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ക്രമേണ അതൊരു ചര്‍ച്ചയായി. അവസാനം ഗൗരവപൂര്‍ണമായ ആലോചനകളും പഠനവും നടന്നു. അങ്ങനെയാണ് 1980-ല്‍ കുട്ടികള്‍ക്കായി 'മലര്‍വാടി' ബാലമാസിക വെളിച്ചം കാണുന്നത്. എം.ടിയുടെ 'ദയ എന്ന പെണ്‍കുട്ടി' മലര്‍വാടിയെ ഏറെ ശ്രദ്ധേയവും ആകര്‍ഷകവുമാക്കി. അബ്ദുസാഹിബായിരുന്നു ആദ്യകാലത്തെല്ലാം. മലര്‍വാടിയുടെ സര്‍വസ്വം. അതിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കുമായി അദ്ദേഹം സ്വന്തത്തെ സമര്‍പ്പിച്ചു.
ഏത് പുതിയതിനെയും എതിര്‍ക്കുക എന്ന സമീപനം സ്വീകരിച്ച മതനേതാക്കളും പണ്ഡിതന്മാരും 'മലര്‍വാടി'യെയും വെറുതെ വിട്ടില്ല. അതില്‍ പൂച്ചയുടെയും നായയുടെയും കുറുക്കന്റെയും കാര്‍ട്ടൂണ്‍ ഉണ്ടായിരുന്നുവെന്നതാണ് കാരണം പറഞ്ഞത്. പക്ഷേ കാലമേറെ കഴിയുംമുമ്പേ എല്ലാ മതസംഘടനകളും ബാലമാസികകള്‍ ആരംഭിച്ചു. അവയിലൊക്കെ കുറുക്കന്റെയും പൂച്ചയുടെയും പട്ടിയുടേയുമൊക്കെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുമൊക്കെ അച്ചടിച്ചു വന്നു. മലര്‍വാടി പ്രസിദ്ധീകരണമാരംഭിച്ചപ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ പ്രശംസിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. അദ്ദേഹം അന്ന് പറഞ്ഞു: ''അര നൂറ്റാണ്ടിനിടയില്‍ കാക്കമാരും കാക്കത്തികളും ചെയ്ത നല്ല കാര്യം''.
'മലര്‍വാടി' ഇന്നും കേരളീയ സമൂഹത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പ്രസിദ്ധീകരണമായി നിലകൊളളുന്നു. അതിന് ഒന്നിലേറെ പിന്‍ഗാമികളുണ്ടായെങ്കിലും ചിലത് പിടിച്ചുനില്‍ക്കാനാവാതെ സ്ഥലം വിട്ടു. അബ്ദുസാഹിബ് തുടക്കം കുറിച്ച ഇസ്‌ലാമിക ബാലസാഹിത്യകൃതികള്‍ക്ക് കേരളീയ സമൂഹത്തില്‍ നല്ല സ്വാധീനം നേടാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ധാരാളം കൃതികള്‍ ഈ രംഗത്ത് വെളിച്ചം കാണുകയുണ്ടായി. അവയുടെ തുടക്കക്കാരന്‍ ഇ.വിയാണെന്നത് അനിഷേധ്യമത്രെ.
അബ്ദുസാഹിബിനെക്കാള്‍ വായനാ തല്‍പരതയും വായനാ ശീലവുമുള്ള പലരെയും പരിചയമുണ്ട്. പക്ഷേ തെരഞ്ഞെടുത്ത കൃതികളുടെ പാരായണത്തില്‍ അദ്ദേഹത്തെ കവച്ചുവെക്കുന്നവര്‍ പരിചിതവൃത്തത്തിലില്ല. ദാര്‍ശനിക ഗ്രന്ഥങ്ങളും ക്ലാസ്സിക് കൃതികളുമായിരുന്നു ഇ.വിക്ക് ഏറെയിഷ്ടം. ഇമാം ഗസ്സാലിയുടെയും ഇബ്‌നുഖയ്യിമിന്റെയും രചനകള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമായിരുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ ഉള്ളടക്കം നിശിതമായ വിചാരണക്ക് വിധേയമാക്കിയ ശേഷമേ കൊള്ളുകയോ തള്ളുകയോ ചെയ്തിരുന്നുള്ളൂ. പുതിയ പുസ്തകങ്ങളിലെ ഉള്ളടക്കം കൂട്ടുകാരുമായി പങ്കുവെക്കുന്നതിലും അബ്ദുസാഹിബ് ആനന്ദം കണ്ടെത്തി.
ഐ.പി.എച്ചിന്റെ ചുമതലക്കാരനെന്ന നിലയില്‍ സംസാരിക്കുമ്പോഴെല്ലാം സര്‍ഗസാഹിത്യം പുറത്തിറക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. വൈജ്ഞാനിക കൃതികളുടെ പ്രസിദ്ധീകരണത്തില്‍ ഒതുങ്ങിനില്‍ക്കാതെ കഥയും കവിതയും നോവലും ചിത്രകഥകളുമൊക്കെ ഇസ്‌ലാമിക് പബ്ലിഷിംഗ്  ഹൗസിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ശഠിക്കുകയായിരുന്നു. നല്ല രചനകള്‍ ലഭിക്കാത്തതുകാരണം ആ സര്‍ഗധരനന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം അംഗീകരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നത് ഇന്നും ഒരു ദുഖമായി നിലനില്‍ക്കുന്നു.
ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ അബ്ദുസാഹിബിന്റെ ഓര്‍മ തെളിമയോടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ അനശ്വര സുകൃതമായി 'മലര്‍വാടി'  സുഗന്ധം പ്രസരിപ്പിച്ച് സമൂഹത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പുതു തലമുറക്ക് ഒട്ടേറെ പഠിക്കാനും പകര്‍ത്താനുമുള്ള അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവല്ലോ ഇ.വി.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top