ഉറക്കം അനുഗ്രഹം

എന്‍.പി. ഹാഫിസ് മുഹമ്മദ്‌ No image

റക്കത്തിന്റെ കാര്യത്തില്‍ ഞാനൊരു മഹാത്ഭുതമാണ്. ഉറങ്ങണമെന്ന് വിചാരിച്ചാല്‍ ഇരുന്നുറങ്ങും, നിന്നുറങ്ങും, നടന്നിട്ടുമുറങ്ങും. പാറപ്പുറത്തോ പലകക്കണ്ടത്തിലോ കിടക്കും. പതിനഞ്ചു വീതിയുള്ള അരച്ചുമരില്‍ അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ വീഴാതെ ഉറങ്ങിയിട്ടുണ്ട്. ബഹളത്താല്‍ തിളച്ചു മറിയുന്ന റെയില്‍വെസ്റ്റേഷനില്‍ ദിനപത്രം വിരിച്ച് ഉറങ്ങാനോ കടലോരത്ത് പൂഴിമണലില്‍ മലര്‍ന്ന് കിടന്നുറങ്ങാനോ വിഷമമില്ല. നട്ടുച്ചക്കുറങ്ങും, രാത്രി സുഖമായുറങ്ങും. എന്റെ എളാപ്പ പറഞ്ഞിട്ടുണ്ട്: ''നീയൊരപൂര്‍വ ജീവി തന്നെ.''
എളാപ്പക്കുറങ്ങാന്‍ കുറെ നേരത്തെ ഒരുക്കം വേണം. മുറിയിലിരുട്ട് വേണം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്നാല്‍ കറുത്ത കര്‍ട്ടനുകളിട്ട് മുറിയില്‍ ഇരുട്ടുണ്ടാക്കുന്നു. മുറിയില്‍ ഉറുമ്പരിക്കരുത്. ഒരു കുഞ്ഞിന്റെ കരച്ചില്‍ പോലും പാടില്ല. ഉറക്കത്തില്‍ നിന്നെണീറ്റാല്‍ പിന്നെ ഉറക്കവുമില്ല. ഒരുനാള്‍ രാത്രിയെങ്ങാനും പാതിയുറക്കം നഷ്ടപ്പെട്ടാല്‍ പിറ്റേന്ന് കടം വീട്ടാതെ അടുത്തൊരു നാളിനെ അഭിമുഖീകരിക്കാനും പറ്റില്ല. എളാപ്പയെപ്പോലെ മറ്റ് പലരും എന്റെ സ്വസ്ഥപൂര്‍ണമായ ഉറക്കം കണ്ട് ചോദിച്ചിരിക്കുന്നു: ''ഇതെങ്ങനെ സാധിക്കുന്നു?''
എനിക്കുറക്കം പരിശീലിപ്പിച്ചെടുത്തത് അരുമയായ ഒരു പൂച്ചക്കുഞ്ഞാണ്. ഉറക്കം മുടങ്ങുന്ന സന്ദര്‍ഭങ്ങള്‍ ഇല്ലെന്നല്ല. മനസ്സിനെ വല്ലാതെയലട്ടുന്ന പ്രശ്‌നങ്ങള്‍ വന്നാല്‍ രാത്രിയുറക്കം നഷ്ടപ്പെടാറുണ്ട്. അസ്വസ്ഥതയാല്‍ എരിയും. അത് പരിഹരിക്കാനോ അഭിമുഖീകരിക്കാനോ നടത്തുന്ന ശ്രമം വിജയിച്ചു തുടങ്ങുമ്പോള്‍ ഉറക്കവും തിരിച്ചുവരുന്നു. മൂന്നോ നാലോ ദിവസങ്ങള്‍ക്കപ്പുറമത് നീണ്ടുനില്‍ക്കാറില്ല. നഷ്ടപ്പെടുന്ന ഉറക്കത്തെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടാറുമില്ല.
കിടക്കുക, നല്ല സ്വപ്നങ്ങള്‍ കണ്ടുറങ്ങുക, ഇത് പലരുടേയും സ്വപ്നമാണ്. ഈ മോഹമാകട്ടെ, ഒരു മനുഷ്യനെ സംബന്ധിച്ച് അനിവാര്യമായ ശാരീരികവും മാനസികവുമായ അവസ്ഥയാണ്. ഉറക്കത്തിന്റെ ശരീരശാസ്ത്രബന്ധമായ അനിവാര്യതയില്‍ ഇരുപക്ഷമില്ല. രക്തധമനികളുടെയും കോശങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ഉറക്കം അനിവാര്യമാണ്. ദഹനം, രക്തചംക്രമണം, ശ്വസനം തുടങ്ങിയ ശാരീരിക പ്രക്രിയകള്‍ക്കൊക്കെയും ആര്‍ജവം വീണ്ടെടുക്കാന്‍ ഉറക്കം വേണം. സന്ധികളുടെയും പേശികളുടെയും ആരോഗ്യാവസ്ഥ നിലനിര്‍ത്താനും ഉറക്കം അനിവാര്യം. ആന്തരിക നാഡീവ്യൂഹങ്ങളുടെയും പേശികളുടെയും ഗ്രന്ഥികളുടെയും സുഗമമായ പ്രവര്‍ത്തനത്തിനും വിശ്രമം വേണം. ഭൗതികമായ ആലോചനക്കും സര്‍ഗാത്മകമായ രചനക്കും ശരീരവും മനസ്സും ആവശ്യത്തിന് വിശ്രമിച്ചേ പറ്റൂ. ഉറക്കമില്ലാതെ പോകുമ്പോള്‍ മാനസികമായി തളരുകയും നനഞ്ഞ പഴയ തുണിപോലെയായി തീരുകയും ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്.
സിംഹാസനവും സുഖഭോഗങ്ങളും കൈപ്പിടിയിലുള്ള ഒരാള്‍ക്ക് പോലും ഉറക്കമില്ലാതായാല്‍ വരുന്ന ദുരവസ്ഥയറിയാനാവും. മക്കളുടെ പരീക്ഷക്കാലത്തും, മകളുടെ വിവാഹം നീണ്ടു പോകുമ്പോഴും, പ്രിയപ്പെട്ടയാളിന് രോഗം വരുമ്പോഴും, അച്ഛന്‍ മദ്യത്തിന് കീഴ്‌പ്പെടുമ്പോഴും, വീടെടുക്കുന്ന നാളിലും ഉറക്കം നഷ്ടപ്പെട്ടവര്‍ മുന്നിലെത്തിയിട്ടുണ്ട്. ഭാര്യയുടെ ദാരുണ മരണം നേരിട്ട് കണ്ട് ആഴ്ചകളോളം ഉറക്കമില്ലാതായ ഭര്‍ത്താവ് ഒരു കുട്ടിയെപ്പോലെ കരഞ്ഞു പറഞ്ഞതോര്‍ക്കുന്നു: ''അവളും പോയി ഉറക്കവും പോയി.'' മകള്‍ ഒരു രാത്രിയില്‍ അടുത്തു കിടന്ന് മരിച്ചതറിഞ്ഞ് ആത്മഹത്യാ ശ്രമം നടത്തിയ മനുഷ്യന്റെ ഉറക്കമില്ലായ്മയും അറിഞ്ഞിട്ടുണ്ട്. സാധാരണ ജീവിതത്തിലെ സാധാരണ നിമിഷങ്ങളിലെ വേവലാതികള്‍ ഒന്നോ രണ്ടോ ദിവസത്തെ ഉറക്കമില്ലാതാക്കുന്നുവെങ്കില്‍, അസാധാരണമായ സന്ദര്‍ഭങ്ങള്‍ കുറേ നാളത്തെ ഉറക്കം കെടുത്തുന്നു. ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറേ നാളത്തെ ഉറക്കം ഇല്ലാതാക്കുകയും, തുടര്‍ന്ന് കൊണ്ടേയിരിക്കുകയും ചെയ്യുമ്പോള്‍ ചികിത്സ അനിവാര്യമായി വരുന്നു. ദുരന്തമുണ്ടാക്കിയ ആഘാതത്തിന്റെ തീവ്രത കുറക്കാനും മനസ്സിന്റെ ആരോഗ്യാവസ്ഥ വീണ്ടെടുക്കാനും സഹജീവികളുടെ സമ്പര്‍ക്കത്താലുള്ള ആശ്വാസവും മനഃശാസ്ത്രപരമായ ചികിത്സയും പ്രയോജനപ്പെടുന്നു.
മറക്കാനും പൊറുക്കാനുമാകുന്ന മനുഷ്യാവസ്ഥക്ക് ആഴങ്ങളിലാണ്ടു പോയ ഉറക്കത്തെ തട്ടിയെടുത്തുയര്‍ത്താന്‍ പറ്റുന്നു. വിശേഷിച്ചൊരു കാരണവുമില്ലാതെ ആശിക്കുന്ന പോലെ ഉറങ്ങാനാവാത്തവരുമുണ്ട്. എല്ലാമുണ്ടായിട്ടും ഉറക്കം കിട്ടാതെ പോകുന്നല്ലോ എന്നവര്‍ പരിതപിക്കുന്നു.
ഉറക്കം മതിയാകാതെ പോവുകയോ ഉറക്കഭംഗം കൊണ്ട് സ്വസ്ഥത നഷ്ടപ്പെടുകയോ ചെയ്യുന്നവര്‍ ഉറക്കത്തിനായി നാല് ഘടകങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. കിടക്കുന്ന ഇടം: അനുയോജ്യമായ സ്ഥലവും സൗകര്യവും ആധുനിക മനുഷ്യന് ഉറങ്ങാനാവശ്യമാണ്. ശുദ്ധവായു ലഭിക്കുന്ന, തണുപ്പുകാലമാണെങ്കില്‍ ശീതക്കാറ്റ് പ്രവേശിക്കാത്ത, ചൂടുകാലമാണെങ്കില്‍ തീച്ചൂട് കേറാത്ത ഒരു മുറി. കിടക്കാന്‍ ഒരു കട്ടില്‍. കിടക്കയും സുഖകരമായ ഉറക്കവും തമ്മില്‍ ബന്ധമുണ്ട്. പ്രകൃതിദത്തമായ വസ്തുക്കളാലുള്ള കിടക്ക കൂടുതല്‍ ആരോഗ്യകരമാണ്. തലയണയുടെ വണ്ണവും നീളവും വ്യക്തിഭിന്നമായ ആവശ്യമാണ്. കഴുത്തിന് അസുഖകരമായ ഒരവസ്ഥ ഉണ്ടാകാത്ത തലയണയാണുചിതം. വൃത്തിയും വെടിപ്പുമുള്ള കിടക്കവിരിപ്പും ഉറക്കത്തെ ക്ഷണിക്കുന്നു.
2. വെളിച്ചത്തിലുള്ള ക്രമീകരണം: ഇരുട്ടാണ് ഉറക്കത്തിനിണങ്ങിയത്. രാത്രി ഉറക്കത്തിന്റെ ദിവസപ്പാതിയാകുന്നതിനത് കാരണമാകുന്നുണ്ട്. കടുത്ത വിളക്കുകള്‍ കത്തിച്ച് കിടക്കാതിരിക്കുക. ബെഡ്‌റൂം ലൈറ്റ് ആവശ്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. രാവിലെ വെളിച്ചം ആശിക്കാതെ കേറി വരുന്നുവെങ്കിലതിലും തടസ്സം വേണം.
3. നിശബ്ദത: ശാന്തമായതും ഭംഗം വരാത്തതുമായ ഉറക്കത്തിന് ശബ്ദരഹിതമായ സന്ദര്‍ഭത്തില്‍ ചിലര്‍ക്ക് ശീലം കൊണ്ട് ഉറങ്ങാനായേക്കും. എന്നാല്‍ ഉറക്കം മുറിഞ്ഞ് പോകുന്നവര്‍ക്കോ ഉറക്കം കുറഞ്ഞവര്‍ക്കോ ശബ്ദരഹിതമായ മുറി നിര്‍ബന്ധമായും ഉണ്ടാവേണ്ടതുണ്ട്.
4. അന്തരീക്ഷ താപനില: ഭൂമിശാസ്ത്രപരമായ ഘടകങ്ങളോട് ബന്ധപ്പെട്ട് നില്‍ക്കുന്ന കാര്യമാണിത്. പൊതുവെ രാത്രിയിലെ താപനില കുറഞ്ഞിരിക്കുന്നതിനാല്‍ അമിതമായ ചൂട് സുഖകരമായ ഉറക്കത്തിന് അനുയോജ്യമല്ല. കിടപ്പുമുറിയോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിയിലെ താപനില കുറക്കാനും ഓക്‌സിജന്‍ മുറിയിലുണ്ടാകാനും സഹായിക്കുന്നു.
ഉറക്കം പ്രശ്‌നമായവരും സ്വസ്ഥമായ ഉറക്കം ആഗ്രഹിക്കുന്നവരും ഉറക്കത്തിനനുകൂലമായ ഒരുക്കങ്ങള്‍ പകലേ ചെയ്യേണ്ടതുണ്ട്. ഉറക്കം ദിനചര്യയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭക്ഷണവുമായി അതിന് ബന്ധമുണ്ട്. കഴിയാവുന്നതും കൃത്യ നേരങ്ങളില്‍ പകല്‍ ഭക്ഷണം കഴിച്ചിരിക്കണം. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് വിഭവസമൃദ്ധമായ ഭക്ഷണം ഒഴിവാക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂറെങ്കിലും മുമ്പ് രാത്രിഭക്ഷണം കഴിക്കുന്നതാണ് നല്ലത്; ഭക്ഷണം ദഹിക്കാനും ഉറക്കം ലഭിക്കാനും. രാത്രി കാപ്പിയോ ചോക്ലേറ്റോ കഴിക്കുന്നത് ഒഴിവാക്കുക. ഒഴിഞ്ഞ വയറോടെ കിടക്കുന്നതും ഉറക്കമുണ്ടാക്കുന്നില്ല.
വൈകുന്നേരങ്ങളിലെ വ്യായാമം സ്വസ്ഥപൂര്‍ണമായ ഉറക്കം പ്രദാനം ചെയ്യുന്നു. രാത്രി വൈകി ശാരീരികമായി കടുപ്പമുള്ള ഏര്‍പ്പാടുകളില്‍ വ്യാപൃതരാകുമ്പോള്‍ ഉറക്കത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഉറക്കത്തിന് തൊട്ടുമുമ്പ് വ്യായാമം, യോഗ എന്നിവ നടത്തരുത്. രാത്രിയുറക്കം കുറഞ്ഞവര്‍ ഉച്ചയുറക്കം ഒഴിവാക്കുക. സ്വസ്ഥപൂര്‍ണമായ ഉറക്കത്തെ അരമണിക്കൂറിലധികമുള്ള ഉച്ചയുറക്കം ബാധിക്കാനിടയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ഉച്ചയുറക്കം നടത്തുന്നവര്‍ക്ക് രാത്രിയുറക്കത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍, ഉച്ചയുറക്കം മാറ്റിയെടുക്കേണ്ടതുമില്ല.
ഉറങ്ങാന്‍ തുടങ്ങും മുമ്പേ, കഴിയുമെങ്കില്‍ സന്ധ്യയോടെ, കിടപ്പുമുറി ഒരുക്കിയിരിക്കണം. ഉറങ്ങാന്‍ തലചായ്ക്കുമ്പോള്‍ ''ഒരു മിനുട്ട് ഇതൊന്ന് വിരിച്ചോട്ടെ'' ''ഒന്ന് പൊടി തട്ടി വൃത്തിയാക്കട്ടെ'' തുടങ്ങിയ പ്രസ്താവനകള്‍ ഉള്ള ഉറക്കത്തെ കെടുത്തും. കുത്തി മറിച്ചിട്ട കിടക്കയോ, ഇഷ്ടമില്ലാത്ത നിറങ്ങളിലുള്ള കിടക്ക വിരിപ്പോ നല്ല ഉറക്കത്തിന് പച്ചക്കൊടി വീശുന്നില്ല. നേര്‍ത്ത നിറങ്ങളിലുള്ള പൂക്കളും ഡിസൈനും ചേര്‍ന്ന മൃദുലതയുള്ള പുതപ്പാണ് ഉചിതം. ഉറക്കമുറിയില്‍ ആസ്വാധ്യകരമായ ഗന്ധം തങ്ങിനില്‍ക്കുന്നത് ശയനാസക്തിയെ വിളിച്ചുവരുത്തും. ഇളം തെന്നലും രാത്രി വിരിയുന്ന പൂക്കളുടെ മണവും കിടപ്പുമുറിയിലേക്കൊഴുകി വരുമ്പോള്‍ മനം നിറയും. ഒരു കൊച്ചു പൂപാത്രത്തില്‍ രാത്രി മുല്ലയോ ലില്ലിപ്പൂവോ ഇലഞ്ഞിപ്പൂവോ ഒരുക്കിവെക്കുമ്പോള്‍ ആനന്ദകരമായ ഉറക്കത്തിനുള്ള അന്തരീക്ഷമാണ് എളുപ്പം ഉണ്ടാക്കിയെടുക്കുന്നത്. കിടപ്പറയിലെ മേശ, അലമാറ, വിഴുപ്പുകൊട്ട, അയല്‍ എന്നിവയും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം.
സംഗീതം മുറിയിലലയടിക്കുന്നത് പലര്‍ക്കും ഇഷ്ടമാണ്. പഴയകാല ഗാനങ്ങളോ വാദ്യസംഗീതമോ പലര്‍ക്കും താരാട്ടായി ഭവിക്കുന്നു. വലിയ ഒച്ചയിലോ ദ്രുതതാളത്തിലോ ഉള്ള ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നവരുണ്ടെങ്കിലും പലര്‍ക്കും ഉറക്കഭംഗത്തിനാണത് കാരണമാകുന്നത്. കിടക്കയില്‍ കിടന്ന് വായന ഒഴിവാക്കുക. കിടപ്പറ ഇണചേരാനും ഉറങ്ങാനുമുള്ളതായിരിക്കണം. സൗകര്യം കുറഞ്ഞ വീടും മുറിയുമുണ്ടെങ്കില്‍ അതിനനുസരിച്ച് മറ്റുകാര്യങ്ങള്‍ ചിട്ടപ്പെടുത്തുക. കിടന്നും ഇരുന്നും ടി.വി കാണുക, ലാപ്‌ടോപ്പ്, ഐപാഡ്, മൊബൈല്‍ തുടങ്ങിയവ ഉറക്കം വരും വരെ ഉപയോഗിക്കുക എന്നീ ശീലങ്ങള്‍ ഒരു കാരണവശാലും നന്നല്ല.
ഭാര്യാഭര്‍ത്താക്കന്മാര്‍ കഴിയുന്നതും ഒന്നിച്ചുറങ്ങാന്‍ തുടങ്ങുക. 'നിങ്ങള്‍ കിടന്നോ'' ''ഞാനിപ്പം വരാം'' തുടങ്ങിയ പ്രസ്താവനകള്‍ ആരോഗ്യകരമായ ഭാര്യാഭര്‍തൃ ബന്ധത്തിനും ഉറക്കത്തിനും വഴിയേകുന്നില്ല. ഇനിയഥവാ ഒരാള്‍ക്കുറക്കം വരുന്നില്ലെങ്കില്‍, തിരിഞ്ഞും മറിഞ്ഞും പിറുപിറുത്തും കിടക്കുന്നതും ഇണയെ വിളിച്ചുണര്‍ത്തി അസ്വസ്ഥത പങ്കിടുന്നതും രണ്ടു പേരുടേയും ഉറക്കം കെടുത്തും. അങ്ങനെ വരുമ്പോള്‍ വേവലാതിപ്പെടാതെ മെല്ലെ എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് നീങ്ങി, വായിക്കുകയോ പാട്ടു കേള്‍ക്കുകയോ ചെയ്യുക. ഇതൊരു ശീലമാക്കാന്‍ പാടില്ലാത്തതാണ്.
ഉറക്കത്തിന് പലര്‍ക്കും ഒരു ചക്രമുണ്ട്. ഉറക്കമില്ലായ്മയുടെ ചെറിയ ഇടവേളകള്‍ ചിലര്‍ക്ക് തുടക്കത്തിലുണ്ടാവും. ഒരു തിരപോലെ കുറച്ച് നേരത്തേക്ക് നീണ്ടുനിന്നേക്കും. തിരയടങ്ങുമ്പോള്‍ ഉറക്കത്തിന്റെ തേരിലേറ്റപ്പെടുന്നു. എന്നാല്‍ ഉറക്കമില്ലായ്മയുടെ ഇടവേളകള്‍ നീണ്ടുപോവുകയും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യുമ്പോള്‍, സ്വസ്ഥകരമായ ഉറക്കത്തിനുള്ള ചികിത്സ അനിവാര്യമാണെന്ന് സ്വയം മനസ്സിലാക്കുക. ഉറക്കമറ്റ രാവുകള്‍ ആവര്‍ത്തിക്കപ്പെടുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്വയം മരുന്ന് കഴിച്ച് കിടന്നു പൊരിഞ്ഞ് ശരീരം അപായപ്പെടുത്താതെ വിദഗ്ധരായ മനഃശാസ്ത്രജ്ഞരെയോ കൗണ്‍സിലര്‍മാരെയോ കാണുന്നതാണ് വിവേകം.

ശേഷക്രിയ

1. കഴിയുന്നതും ഉറക്കത്തിന് ഒരു കൃത്യസമയം ശീലമാക്കുക. ഉറങ്ങാന്‍ വൈകിയാലും അല്‍പം നേരത്തെ കിടന്നാലും ഒരേ സമയത്ത് എഴുന്നേല്‍ക്കുക. അവധി ദിവസവും അങ്ങനെ ചെയ്യുക.
2. ഉറക്കത്തിന് മുമ്പ് ശരീരം വെടിപ്പുള്ളതാക്കണം. നേര്‍ത്ത ചുടുവെള്ളത്തില്‍ ഉറക്കത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് കുളിക്കുക.
3. ഉറക്കത്തിന് മുമ്പ് ചൂടാക്കിയാറ്റിയ പാല്‍ കുടിക്കാവുന്നതാണ്. ഹോട്ട് ചോക്ലേറ്റ്, ചായ, കാപ്പി തുടങ്ങിയവ കുടിക്കാതിരിക്കുക.
4. ഉറക്കത്തിന് മുമ്പ് പത്തു മിനുട്ടോളം കാലടിയിലും തലയിലും സ്വയം മസാജ് നടത്തുന്നത് നല്ലതാണ്. കാലുറ ഉപയോഗിക്കാം.
5. ആന്തരിക സംഘര്‍ഷം, അത്യുല്‍ക്കണ്ഠ, വേവലാതി എന്നിവ ഉറക്കത്തെ കെടുത്തും. അത്തരം സന്ദര്‍ഭങ്ങളില്‍ അതിന് താല്‍ക്കാലിക പരിഹാരമോ ആശ്വാസമോ കിട്ടുന്ന പരിഹാരം ചെയ്ത് ഉറങ്ങാന്‍ തുനിയുക. ഉറക്കമെണീറ്റ് വേവലാതിപ്പെടുകയോ ചെയ്യുമെന്ന് മനസ്സില്‍ ആവര്‍ത്തിച്ച് പറയുക.
6. കിടക്കാനുള്ളിടം ജീവിതപങ്കാളിക്കൊപ്പം ചേരാനും ഉറങ്ങാനുമുള്ളതാണ്. രാത്രി ഉറങ്ങും മുമ്പ് കിടക്കയില്‍ വെച്ച് മറ്റൊരു കാര്യവും ചെയ്യാതിരിക്കുക.
7. അല്‍പം ചെരിഞ്ഞ് കിടക്കുന്നതാണ് പലര്‍ക്കും ചേര്‍ന്നത്. എന്നാല്‍ കൈയിലെ രക്തയോട്ടം നിലക്കുമാറ് കിടക്കരുത്. വയറമര്‍ത്തിക്കിടക്കുന്നത് നല്ലതല്ല. കിടപ്പിന്റെ രീതിയാണ് കൂര്‍ക്കം വലിക്ക് കാരണമാകുന്നത്. കടുത്ത കൂര്‍ക്കം വലിക്ക് ചികിത്സ നടത്തുക.
8. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം കിട്ടുന്നില്ല എന്നാണെങ്കില്‍ മറ്റൊരു മുറിയില്‍ പോയിരുന്ന് അല്‍പസമയം ചെലവഴിക്കുക. വായിക്കുകയോ പാട്ടു കേള്‍ക്കുകയോ ആവാം.
9. ഉറക്കമില്ലായ്മക്ക് ഒരിക്കലും ടാബ്ലറ്റുകള്‍ സ്ഥിരമായോ ഡോക്ടറുടെ നിര്‍ദേശമില്ലാതെയോ കഴിക്കരുത്. ഉറക്കത്തിന് മുമ്പ് മയക്കുമരുന്ന്, പുകവലി, മുറുക്ക് എന്നിവ കൂടുതല്‍ അപകടകരമാണ്.
10. ഉറക്കപ്രശ്‌നമുള്ളവര്‍ ഒരു കൗണ്‍സിലറുടെയോ യോഗാ തെറാപിസ്റ്റിന്റയോ മനഃശാസ്ത്രജ്ഞന്റെയോ നിര്‍ദേശങ്ങളോടെ റിലാക്‌സേഷന്‍ തെറാപ്പി പരിശീലിക്കുക, ദിവസവും നടത്തുക.   
                       

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top