ഇവിടെ ഇങ്ങനെ ഒരു കവി

ഫൈസൽ എളേറ്റിൽ
2013 സെപ്റ്റംബര്‍
മാപ്പിളപ്പാട്ടിന്റെ ഒരു വരി പോലും ഞാന്‍ എഴുതിയിട്ടില്ല, കാസറ്റിലോ സീ.ഡിയിലോ പാടിയിട്ടില്ല, ഒന്നിനും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുമില്ല. പിന്നെ എങ്ങനെ ഈ രംഗത്ത് സജീവമായി എന്ന് ചോദിച്ചാല്‍ എനിക്കുത്തരവുമില്ല.

മാപ്പിളപ്പാട്ടിന്റെ ഒരു വരി പോലും ഞാന്‍ എഴുതിയിട്ടില്ല, കാസറ്റിലോ സീ.ഡിയിലോ പാടിയിട്ടില്ല, ഒന്നിനും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുമില്ല. പിന്നെ എങ്ങനെ ഈ രംഗത്ത് സജീവമായി എന്ന് ചോദിച്ചാല്‍ എനിക്കുത്തരവുമില്ല. എല്ലാം ദൈവനിശ്ചയം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ദൃശ്യമാധ്യമരംഗത്ത്. ആദ്യം കൈരളി ചാനലിലെ പട്ടുറുമാലിലും ഇപ്പോള്‍ മീഡിയാ വണ്‍ ടി.വിയിലെ പതിനാലാം രാവിലും എന്റെ സാന്നിധ്യം ഉണ്ടായപ്പോള്‍ അതുവഴി എനിക്കു ലഭിച്ച ഏറ്റവും വലിയ കാര്യമെന്തെന്നാല്‍ ഈ രംഗത്തെ മഹാരഥന്മാരായ പ്രതിഭകളെ അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞതും നാട്ടിലും മറുനാട്ടിലുമായി നല്ല കുറെ സുഹൃത്തുക്കള്‍ ഉണ്ടായതുമാണെന്ന് ഞാന്‍ നിസ്സംശയം പറയും.
നാട്ടിലെ ചില മെഹ്ഫില്‍ സദസ്സുകളില്‍ പാടുമായിരുന്നെങ്കിലും പാട്ടിന്റെ മറ്റൊരു വഴിയില്‍ സഞ്ചരിക്കാനാണ് എന്നും ഇഷ്ടപ്പെട്ടത്. പാട്ട് പാടുന്നതിനേക്കാള്‍ അതിന്റെ പിന്നിലെ മനോഹരമായ സ്രഷ്ടാവിനേയും അതുവഴി ആ സര്‍ഗാത്മകതയേയും അടുത്തറിയുക എന്നത് പണ്ടേ ഒരു ശീലമായിരുന്നു. ദൃശ്യമാധ്യമ രംഗത്ത് സജീവമായപ്പോള്‍ കുട്ടിക്കാലം മുതല്‍ മനസ്സില്‍ താരങ്ങളായിക്കണ്ട പ്രതിഭകളെ അടുത്ത് പരിചയപ്പെടാന്‍ സാധിച്ചു. മുമ്പുതന്നെ വരികള്‍കൊണ്ട് മനം കവര്‍ന്ന എസ്.എ ജമീലുമായൊക്കെ വലിയ സൗഹൃദമുണ്ടാക്കാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യം തന്നെയെന്ന് വിശ്വസിക്കുന്നു. ഒരു ചാനല്‍ വിധികര്‍ത്താവ് എന്നതിന് കടപ്പെട്ടിരിക്കുന്നതും ജമീല്‍ക്കയോടും വി.ടി മുരളിയോടും തന്നെ.
ഇപ്പോള്‍ ഇത്രയും ഇവിടെ സൂചിപ്പിക്കാന്‍ കാരണം ഈയിടെ സൗദി അറേബ്യയിലെ റിയാദില്‍ എനിക്കുണ്ടായ ഒരു അനുഭവമാണ്. കഴിഞ്ഞ മെയ് പതിനാറിന് സന്ദര്‍ശനത്തിനായി ഹോട്ടല്‍ റമാദിലെത്തിയിരുന്നു. ഗള്‍ഫിലെ ജീവിത ശൈലിയുടെ ഭാഗമായ ഉച്ചയൂണ്‍ കഴിഞ്ഞുള്ള ഉറക്കത്തിനൊരുങ്ങുമ്പോള്‍ റിസപ്ഷനില്‍ നിന്നൊരു ഫോണ്‍. 'താങ്കളെ ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു. എന്തു പറയണം.' വരാന്‍ പറഞ്ഞ് അഞ്ചു മിനിട്ടിനുള്ളില്‍ മധ്യവയസ്‌കനായ ഒരു മനുഷ്യന്‍ കയ്യില്‍ കുറച്ച് പേപ്പറുകളുമൊക്കെയായി റൂമിലെത്തി. ''ഞാന്‍ വി.എം ജബ്ബാര്‍ കൊടുങ്ങല്ലൂര്‍'' എന്നു പരിചയപ്പെടുത്തിയ ആളെ എനിക്ക് മനസ്സിലായി. ഈ പേര് എനിക്കറിയാം. ഗായകരായ തലശ്ശേരി റഫീഖും എരഞ്ഞോളി മൂസക്കയും വഴി ഞാന്‍ കേട്ട നാമം. ചാനല്‍ പരിപാടികളിലും നിരവധി പാട്ടുപരിപാടികളിലും പലതവണ ഞാന്‍ സദസ്സിനു പരിചയപ്പെടുത്തിയ പേര്.  
കാല്‍ നൂറ്റാണ്ട് കാലമായി മലയാളികള്‍ക്കിടയിലും മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കിടയിലും റിയാലിറ്റി ഷോകളിലും കല്ല്യാണ വീടുകളിലും ഗാനമേള സദസ്സിലും ഇപ്പോഴും ഏറെ സൂപ്പര്‍ ഹിറ്റായ 'മാണിക്യാ മലരായ പൂവി, മഹതിയാം ഖദീജ ബിവി' എന്ന പാട്ടിന്റെ രചയിതാവാണ് എന്റെ മുന്നില്‍ വന്നതെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി റിയാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനാണെന്നും ജീവിത പ്രരാബ്ധങ്ങളാണിവിടെ എത്തിച്ചെതെന്നും പറഞ്ഞ അദ്ദേഹത്തോട് പാട്ടുകളൊക്കെ എന്നാണ് എഴുതിയതെന്ന് ഞാന്‍ ചോദിച്ചു. നാട്ടില്‍ മദ്രസാ അധ്യാപകനായി ജോലി ചെയ്ത കാലത്ത് കൊടുങ്ങല്ലൂരില്‍ നിന്നും വിവാഹം ചെയ്ത ഗായകന്‍ തലശ്ശേരി റഫീഖിനു വേണ്ടി എഴുതിയതാണ് 'മാണിക്യാമലരായ' എന്ന ഗാനം. പിന്നീട് മൂസ എരഞ്ഞോളിയാണ് അത് ഹിറ്റാക്കിയത്. ഏതു ഗായകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത പാട്ടാണിത് എന്നത് ഈ കവി ഏറെ അമ്പരപ്പോടെയാണ് ഉള്‍ക്കൊള്ളുന്നത്.
നാല് വര്‍ഷം മുമ്പ് അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ പട്ടുറുമാല്‍ പരിപാടിയില്‍ ഈ പാട്ട് അവതരിപ്പിച്ചപ്പോള്‍ രചയിതാവിന്റെ പേര് വിധികര്‍ത്താവായ ഞാന്‍ സൂചിപ്പിച്ചുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു കേട്ട ഇദ്ദേഹം അതിത്രയും ഹിറ്റാണെന്ന് ഇപ്പോഴാണ് ശരിക്കും അറിയുന്നത്. തന്റെ പാട്ട് ഇത്രയും ഹിറ്റാക്കി മാറ്റിയ മൂസ്സാ എരഞ്ഞോളിയെ ഇതുവരെയും കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. മെയ് പതിനാറിന് റമാദ് ഓഡിറ്റോറിയത്തിലെ ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നുവെന്ന് പത്രത്തിലൂടെ അറിഞ്ഞു. അവധിയെടുത്ത് എന്നെ കാണാന്‍ വരികയായിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി വൈകുന്നേരം സൗഹൃദവേദി ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്ത പ്രിയപ്പെട്ട ഈ കവിയെ ഞാന്‍ സദസ്സിന് പരിചയപ്പെടുത്തി. ചാനല്‍ പരിപാടികളിലും ഗള്‍ഫിലുള്ള ഗായകന്മാരും മൂസ എരഞ്ഞോളി അടക്കമുള്ള നാട്ടില്‍ നിന്നും അതിഥികളായെത്തുന്ന ഗായകന്മാരും പലപ്പോഴായി പാടിക്കേട്ട എക്കാലത്തെയും ഹിറ്റ് ഗാനം എഴുതിയത് ഞങ്ങളുടെ ഇടയില്‍ ജോലിചെയ്യുന്ന ആളാണെന്നത് സദസ്സിലുള്ളവരെ വിസ്മയപ്പെടുത്തി. ഇപ്പോഴും ജീവിതത്തിന്റെ രണ്ടറ്റങ്ങളേയും കൂട്ടിയോജിപ്പിക്കാന്‍ പാടുപെടുന്ന ഈ കവിക്ക് ചടങ്ങില്‍ ആശംസകള്‍ നേരാനും പരിചയപ്പെടാനും ആളുകള്‍ മത്സരിക്കുന്ന രംഗമാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. മീഡിയാ പ്രതിനിധികള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന എന്നെ വിളിച്ചു പറഞ്ഞത് ഇതെന്റെ ജീവിതത്തിലെ വഴിത്തിരിവായി എന്നതാണ്. കൂട്ടത്തില്‍ ഒരാഗ്രഹവും പങ്കുവെച്ചു. മൂസാ എരഞ്ഞോളിയെ പരിചയപ്പെടണമെന്ന്. പിന്നീട് മൂസക്കായോട് ഇതു ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു. മാപ്പിളപ്പാട്ടില്‍ നല്ല രചനകളുടെ അഭാവം ചര്‍ച്ച ചെയ്യപ്പെടുന്ന, അല്ലെങ്കില്‍ ആവശ്യപ്പെടുന്ന ഇന്നത്തെ കാലത്ത് പി.എം.എ ജബ്ബാറിനെപ്പോലുള്ള പ്രതിഭകളുടെ സാന്നിധ്യമാണ് ഉണ്ടാവേണ്ടത്. കാലത്തിന്റെ ഈ സന്ദേശം അദ്ദേഹം ഉള്‍ക്കൊണ്ട് നല്ല രചനകളിലൂടെ ഈ രംഗത്ത് ഇനിയും പ്രശോഭിക്കട്ടെ എന്നു പ്രാര്‍ഥിക്കാം. മനസ്സിന് ഇശലിന്റെ കുളിര്‍മ പകര്‍ന്ന് മനോഹരമായ ഈരടികള്‍ സമ്മാനിച്ച സര്‍ഗപ്രതിഭകള്‍ ഇനിയും ആരാലും തിരിച്ചറിയാതെ നമുക്കിടയില്‍ ജീവിക്കുന്നുവോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media