പാടിപ്പതിഞ്ഞവര്‍

ബിശാറ മുജീബ്‌ No image

സിബെല്ലാ സദാനന്ദന്‍

1972-ല്‍ കണ്ണൂരില്‍ ഒരു ലളിതഗാന മത്സരമുണ്ടായിരുന്നു. അതില്‍ ഒന്നാം സ്ഥാനം നേടി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത് അന്ന് പത്താം ക്ലാസ്സുകാരിയായ സിബെല്ലയായിരുന്നു. അതിനുശേഷമാണ് ഒട്ടേറെ ഗാനമേളകളില്‍ പാടാനവസരം ലഭിച്ചത്. അക്കാലങ്ങളില്‍ മ്യൂസിക് ക്ലബ്ബുകളാണ് ഗാനമേളകളും അത്തരത്തിലുള്ള മറ്റു പരിപാടികളും നടത്തിയിരുന്നത്. ഇവയുടെ നടത്തിപ്പുകാര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുളളവരായിരുന്നു. പരേതനായ മശ്ഹൂദ്, മസ്‌കത്തിലുള്ള ജലീല്‍ എന്നിവരായിരുന്നു തന്റെ യഥാര്‍ഥ ഗുരുക്കളെന്ന് സിബെല്ല പറയുന്നു. ഇവര്‍ നയിച്ചിരുന്ന മ്യൂസിക് ക്ലബ്ബില്‍ സജീവ സാന്നിധ്യമായിരുന്നു സിബെല്ല.  
പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ എന്നീ പ്രഗത്ഭരുടെ കൂടെ ഒട്ടേറെ ഗാനമേളകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 1978-ല്‍ ''അനര്‍ഘ മുത്തുമാല എടുത്തുകെട്ടി...'' എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. പീര്‍ മുഹമ്മദിനൊപ്പം പാടിയ ഈ ഗാനം അന്ന് കേരളത്തില്‍ റെക്കോഡിംഗ് സംവിധാനമില്ലാത്തതിനാല്‍ മദ്രാസിലെ കൊളംബിയ റെക്കോഡിംഗ് കമ്പനിയില്‍ വെച്ചായിരുന്നു റെക്കോഡ് ചെയ്തത്.
ചെറുപ്പത്തില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചിരുന്നു. അമ്മ മാര്‍ത്തയും ദുബായില്‍ ഗിറ്റാറിസ്റ്റായ ലാംബര്‍ട്ട് അടക്കമുള്ള നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തില്‍ അച്ഛന്‍ ജോര്‍ജ് തിമോത്തി വെസ്റ്റേണ്‍ സംഗീതലോകത്ത് സജീവമാണ്. ഇവര്‍ക്കിടയില്‍ നിന്ന് മാപ്പിളപ്പാട്ടിന്റെ ലോകത്തെത്തിയത് ദൈവനിശ്ചയമെന്നാണ് സിബെല്ലയുടെ പക്ഷം.
ഒരുപാട് കല്യാണവീടുകള്‍ക്ക് തലേന്നും പിറ്റേന്നുമായി പൊലിവേകാന്‍ സിബെല്ലക്ക് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ദൂരങ്ങളിലെ ഗാനമേളകളില്‍ പങ്കെടുക്കാനായി ട്രെയിനില്‍ യാത്ര  പോകുമ്പോള്‍ ഹാര്‍മോണിയവും തബലയും എല്ലാം കൂടെയുണ്ടാകും. സീറ്റെല്ലാം ശരിയാക്കി ട്രയല്‍ തുടങ്ങുമ്പോഴേക്കും ചുറ്റുപാടുനിന്നും കേള്‍വിക്കാരായി ഒരുപാട് പേരെത്തും. പിന്നെ അവിടെ ഒരു പാട്ടുത്സവം തന്നെയായിരിക്കും നടക്കുക.
പാട്ടിന്റെ കാലം സന്തോഷത്തിന്റെതാണ്. ആദ്യകാലങ്ങളില്‍ എത്ര വര്‍ഷങ്ങള്‍ പാടിയാലും തഴക്കം വന്ന്, റെക്കോര്‍ഡ് ചെയ്ത് കാസറ്റുകള്‍ ഇറങ്ങിയാലായിരിക്കും പ്രശസ്തി വരുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി പാടാനിഷ്ടപ്പെടുന്നവരുമുണ്ടിന്ന്. പാടുമ്പോള്‍ പെര്‍ഫോം ചെയ്തില്ലെങ്കിലും അത്യാകര്‍ഷകമില്ലെങ്കിലും പാട്ട് ഉള്ളറിഞ്ഞ് നന്നായി പാടിയാല്‍ മാത്രം മതിയായിരുന്നത്രെ അന്നത്തെ കേള്‍വിക്കാര്‍ക്ക്.
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച സിബെല്ലക്കും കൂട്ടുകാരി ഷൈലജക്കും സമുദായത്തില്‍ നിന്ന് വിലക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അക്കാലത്ത് മുസ്‌ലിംകളായ പാട്ടുപാടുന്ന അവരുടെ കൂട്ടുകാര്‍ക്ക് വിലക്കുകളേറെയുണ്ടായിരുന്നു. കല്യാണ വീടുകളില്‍ പോലും അവര്‍ മുറിക്കുളളിലിരുന്ന് കൈകൊട്ടി പാടുകയായിരുന്നു പതിവ്.
പാടിത്തുടങ്ങിയപ്പോള്‍ മാപ്പിളപ്പാട്ട് വെറും കല്യാണപ്പാട്ട് മാത്രമാണെന്നായിരുന്നു ധരിച്ചിരുന്നത്. പിന്നീട് റെക്കോഡിംഗ് തുടങ്ങിയപ്പോള്‍ വ്യത്യസ്ത രീതിയിലുള്ള പാട്ടുകള്‍ക്ക് അവസരം ലഭിച്ചു. അപ്പോള്‍ മാത്രമാണ് മാപ്പിളപ്പാട്ടിന്റെ വിശാലലോകം മറനീക്കി അവര്‍ക്ക് മുന്നിലെത്തിയത്.
'തെരുവില്‍ ഞാനെന്നോ ഒരു നാളില്‍ ജനിച്ചു
തെരുവിന്റെ മോളെന്നെല്ലാരും വിളിച്ചു
കുട്ടി ഞാനേറെ വിശപ്പു സഹിച്ചു
കുപ്പത്തൊട്ടീലെ ചോറ് ബെയ്ച്ച്..'
ഈ വരികള്‍ പാടിത്തീര്‍ന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞത് അതുകൊണ്ടായിരിക്കണം.
വിരഹദുഃഖവും ജോലിഭാരവും ഗള്‍ഫുകാര്‍ ഇറക്കിവെക്കുന്നത് പാട്ടിന്റെ ചുമലിലാണ്. അവരുടെ വാഹനങ്ങളില്‍ എപ്പോഴും മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കേള്‍ക്കാനാവും. അവരുടെ വികാരങ്ങള്‍ മാപ്പിളപ്പാട്ടിന്റെ ഇശലുകളിലേറെയുണ്ടായിരുന്നു.  നാട്ടിലെ ബന്ധുക്കള്‍ നഷ്ടപ്പെട്ടതും ഭാര്യയെ പിരിഞ്ഞ ദുഃഖവും കുഞ്ഞ് ജനിച്ചിട്ടും കാണാന്‍ കഴിയാത്ത പ്രയാസവും അന്നത്തെ വരികളിലുണ്ടായിരുന്നു.
'ദൂരെ ദൂരെ മാനത്തെ തട്ടില്‍
അമ്പിളി കുഞ്ഞുറങ്ങി' എന്ന താരാട്ട് ഇശല്‍, സിബെല്ല കുഞ്ഞിനെ കാണാഞ്ഞ് മനസ്സില്‍ ഭാരം പേറുന്ന വരെ ഉള്ളില്‍ കണ്ടു തന്നെ പാടിയതാണ്.
മാപ്പിളപ്പാട്ടുകള്‍ മുസ്‌ലിംകള്‍ മാത്രം പാടുകയും കേള്‍ക്കുകയും ചെയ്യുന്ന ഒന്നായിരുന്നു. ഈ പാട്ടുലോകത്തേക്ക് കടന്നുവരാന്‍ ഇടയായപ്പോഴാണ് ഇത്രയും മൂല്യമേറിയ പാട്ടുകള്‍ പോലുമുണ്ടോ എന്ന് സിബെല്ല അത്ഭുതം കൂറിപ്പോയത്. എങ്കിലും അന്നത്തെ പാട്ടിന്റെ കേള്‍വിക്കാര്‍ ഏറെയും മാപ്പിളമാര്‍ തന്നെയായിരുന്നു. ടി.വിയും കാസറ്റുകളും പ്രചാരത്തിലാവുന്നതിന് മുമ്പ് ഒരുപാട് പാട്ടുകള്‍ പലപ്പോഴും പാടിയിട്ടുണ്ട്. പാടി വെച്ച പാട്ടുകള്‍ കേള്‍ക്കാനുള്ള അവസരവും നന്നെ കുറവായിരുന്നു. ഇപ്പോള്‍ ഇതെല്ലാം പരിഹരിക്കപ്പെട്ട് ഗാനശാഖകളെല്ലാം ഏറെ ജനകീയമായിരിക്കുന്നു.
പി.ടി അബ്ദുറഹ്മാന്‍ എഴുതിയ അര്‍ഥത്തിനും താളത്തിനും പ്രാധാന്യമുള്ള കൊച്ചുകുട്ടികളെ പോലും ആകര്‍ഷിക്കുന്ന തരത്തിലുള്ള എത്രയോ പാട്ടുകള്‍ പാടിയിട്ടുണ്ട്. നാട്ടുകാരനായ ചാന്ദ്പാഷയും ഈ രംഗത്ത് ഏറെ കൂട്ടുനിന്ന വ്യക്തിയാണ്. അഡ്വക്കറ്റ് ഒ.വി അബ്ദുല്ല, ഒ.എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപറമ്പ്, കോഴിക്കോട് അബൂബക്കര്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ഏറെ ആവേശത്തോടെയാണ് പാടിയിരുന്നത്.
റിയാലിറ്റി ഷോകള്‍ മാറ്റിവെക്കാനാവാത്ത ഇക്കാലത്ത് അതില്‍ പങ്കാളിയായി നല്ല ജഡ്ജ്‌മെന്റിലൂടെ പുതിയ തലമുറക്ക് വഴികാട്ടിയാവാന്‍ കഴിയുന്നതില്‍ സന്തോഷം കണ്ടെത്തുകയാണിപ്പോള്‍ സിബെല്ല.

 

വിളയില്‍ ഫസീല

രിക്കല്‍ മലപ്പുറം ജില്ലയിലെ വിളയില്‍ പറപ്പൂരിലേക്ക് ആകാശവാണിയിലെ ബാലലോകം പരിപാടിയില്‍ പാടാന്‍ പറ്റുന്ന പിള്ളേരെ നോക്കി ചിലരെത്തി. മാപ്പിളപ്പാട്ടുകാരന്‍ വി.എം കുട്ടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്ക് സൗദാമിനി ടീച്ചറുടെയും കാരിക്കുഴിയന്‍ മുഹമ്മദ്കുട്ടിയുടെയും മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് തന്നെ ഉത്തരം കിട്ടി. വിളയില്‍ സ്‌കൂളില്‍ നടക്കാറുണ്ടായിരുന്ന സാഹിത്യസമാജങ്ങളില്‍ നന്നായി പാടുന്ന കുട്ടികളെ സംഘടിപ്പിച്ച് പാടാന്‍ ഏര്‍പ്പാടാക്കിയാണ് അന്നവര്‍ മടങ്ങിയത്. അങ്ങനെയാണ് 10 വയസ്സുള്ളപ്പോള്‍ ആകാശവാണിയിലെ ബാലലോകം പരിപാടിയില്‍ തന്റെ നാടിനെക്കുറിച്ച് സൗദാമിനി ടീച്ചര്‍ എഴുതിത്തന്ന പാട്ട് ആദ്യമായി അവള്‍ പാടിയത്. അന്നുമുതല്‍ വി.എം കുട്ടിസാര്‍ ഗുരുവായി മാറി. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാണ് പരിശീലനം നേടിയത്. പിന്നീടെന്നും പാട്ടിന്റെതായ ലോകത്തിലേക്ക് ആവാഹിക്കപ്പെടുകയായിരുന്നു.
വിളയില്‍ വല്‍സലയും കൂട്ടുകാരികളായ സുശീലയും യശോധയും മാലതിയും സതിയുമെല്ലാം അന്ന് ഒന്നിച്ചുപാടിത്തുടങ്ങിയെങ്കിലും വല്‍സലയെ മാത്രമാണ് പാട്ടുലോകത്തിന് ദാനമായി ലഭിച്ചത്. ആദ്യഘട്ടങ്ങളില്‍ അറബി ഉഛാരണത്തില്‍ പിശക് വരാറുണ്ടായിരുന്നെങ്കിലും പെരുമ്പറമ്പ് സ്‌കൂളില്‍ നിന്ന് അതും ശരിയാക്കാനായി. മദ്രാസിലെ കൊളംബിയ കമ്പനിയിലായിരുന്നു ആദ്യ റെക്കോര്‍ഡിംഗ്. ''കിരികിരി ചെരുപ്പിന്മേലണിഞ്ഞുള്ള'' എന്ന ഗാനമായിരുന്നു ആദ്യം പാടിയതെങ്കിലും അറിയപ്പെടാന്‍ തുടങ്ങിയത് ''ആമിന ബീവിക്കോമന മോനെ'' എന്നു തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു. മറ്റു മാപ്പിളപ്പാട്ടുകളെ പോലെ ഇതിനിപ്പോഴും മലയാളികളേക്കാള്‍ പ്രവാസികള്‍ക്കിടയില്‍ തന്നെയാണ് ഏറെ സ്വീകാര്യത.
പാടിയ പാട്ടുകളിലെ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് 1986-ല്‍ വല്‍സലയെന്ന പെണ്‍കുട്ടിക്ക് ഫസീലയാവാന്‍ കഴിഞ്ഞു. അവരെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ജീവിത പങ്കാളിയായ ടി.കെ.ടി മുഹമ്മദലി ഇക്കയാണ്.
ഒട്ടേറെ സ്റ്റേജ് പരിപാടികളും കല്യാണവീടുകളിലെ പാട്ടുസദസ്സുകളും കൈകാര്യം ചെയ്തിട്ടുണ്ട്. പ്രഭാവതിയും പുളിക്കലിലെ ആയിഷ സഹോദരിമാരും പലപ്പോഴും കൂട്ടിനുണ്ടായിരുന്നു. സമൂഹം എപ്പോഴും തന്നെ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവളാണ് ഇപ്പോള്‍ കോഴിക്കോട് വെള്ളിപറമ്പില്‍ കുടുംബസമേതം കഴിയുന്ന ഫസീല.
പാട്ട് പാടാന്‍ സംഘമായി പോകുന്നത് നല്ല ഹരമായിരുന്നു. ഒരിക്കല്‍ തൃശൂരിലേക്ക് പോകുമ്പോള്‍ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ സമയത്ത് വണ്ടി ഒരു പുഴയിലേക്ക് മറിഞ്ഞു. അധികം വെള്ളമില്ലായിരുന്നെങ്കിലും മൈക്ക് സ്റ്റാന്റുകള്‍ എങ്ങനെയൊക്കെയോ വലിച്ചെടുത്ത് കുത്തിവെച്ച് അതില്‍ പിടിച്ച് നിന്നതും  വലിഞ്ഞ് കയറിയതുമെല്ലാം ഓര്‍മയിലുണ്ട്.
കലയെ ഏറെ ഇഷ്ടപ്പെടുന്ന ഖത്തറില്‍ താമസിക്കുന്ന പാലക്കാട്ടുകാരായ മുഹമ്മദ് ഈസ നസീമ ദമ്പതികള്‍ എന്നും  പ്രോത്സാഹനം നല്‍കുന്നവരാണ്. പുതുതലമുറക്ക് പാട്ടുവഴിയില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായി വേഷമണിയുകയും ചെയ്യുന്നുണ്ട് ഫസീല.
ഇപ്പോഴിറങ്ങുന്ന ആല്‍ബങ്ങളെ എതിര്‍ക്കാറില്ല. കാരണം  അതും സ്വീകരിക്കുന്ന ആളുകളുണ്ടല്ലോ. ചരിത്രങ്ങളും മൂല്യങ്ങളും പറയുന്ന പാട്ടുകള്‍ ഒരുവരി പാടിയാല്‍ തന്നെ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവുമെന്നത് പാടുന്നവര്‍ക്ക് നിര്‍വൃതി നല്‍കുന്നു. കൂടുതലാളുകള്‍ കേള്‍ക്കുക, പാട്ട് ഹിറ്റാവുക എന്നതാണ് കലാകാരിയുടെ യഥാര്‍ഥ വിജയം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top