ഒരു ജീവന്‍ രക്ഷിക്കല്‍

തോട്ടത്തില്‍ മുഹമ്മദലി  No image

വീണ്ടും ഒരവധി കൂടി, വെള്ളിയാഴ്ച. പതിവ് തെറ്റിക്കാതെ സുബ്്ഹ്് നിസ്‌കാരം കഴിഞ്ഞ് വായനയിലാണ് സുബൈര്‍. ഹസ്സന്‍ അറ്റന്റര്‍ ഇന്‍ഡോനേഷ്യക്കാരി തൂപ്പുകാരിയേയും കൊണ്ടുവന്ന് ഫ്‌ളാറ്റ് മുഴുവന്‍ തൂത്തുവാരി. ക്ലോറിന്‍ കലര്‍ത്തിയ വെള്ളം കൊണ്ട് തുടച്ചു ക്ലീന്‍ ചെയ്തു. റഷീദും മെഹമൂദും ആ നേരം കയറിവന്നു.
സുബൈര്‍ അഭിവാദനം പറയുമ്പോള്‍ തന്നെ അവരെ ക്ഷണിച്ചു വീട്ടിലിരുത്തി.
''പിന്നെയെന്തുണ്ട് വിശേഷം?''
സുബൈര്‍ സംസാരത്തിന് തുടക്കമിട്ടു.
''ഇവിടെയെന്ത് വിശേഷം സുബൈറേ, നേരം പുലരുന്നു, ജോലിക്ക് പോകുന്നു, സന്ധ്യയാകുന്നു, താമസസ്ഥലത്ത് തിരിച്ചെത്തുന്നു. ഉറങ്ങുന്നു... എല്ലാ ദിവസവും ഒരുപോലെ.''
മെഹമൂദ് ഇടക്ക് കയറി പറഞ്ഞു.
''ഒരു യാന്ത്രിക ജീവിതം.''
''അത് തന്നെ.''
സുബൈര്‍ ഖുര്‍ആന്‍ തര്‍ജമ കൈയിലെടുത്ത് ''ഇത് ഞാന്‍ വായിക്കയാണ്, വായിച്ചാല്‍ പോരാ അത് പഠിക്കണം എന്ന് തോന്നി. ഇപ്പോള്‍ ഞാന്‍ മൗലവിയുടെ അടുത്ത് പോയി അര്‍ഥസഹിതം പഠിക്കുകയാണ്. കുവൈത്ത് യൂനിവേഴ്‌സിറ്റിയുടെ നിശാക്ലാസില്‍ ചേര്‍ന്ന് അറബിക്കും പഠിക്കുന്നു.''
''മാശാഅല്ലാഹ്, വളരെ നന്നായി.''
റഷീദ് പറഞ്ഞപ്പോള്‍ സുബൈര്‍ തന്റെ വാക്കുകള്‍ തുടര്‍ന്നു.
''ഖുര്‍ആന്‍ നിര്‍ബന്ധമായും എല്ലാവരും വായിക്കണം. ലോകസമാധാനത്തിനും സാഹോദര്യത്തിനും കൂടാതെ ഇതൊരു സമ്പൂര്‍ണ ജീവിതവ്യവസ്ഥയാണ്, ഒരുപാട് പഠിക്കാനുണ്ട്.''
ഇതുകേട്ട മെഹമൂദ് പറഞ്ഞു.
''അതുതന്നെ. മുഴുവന്‍ മാനവരാശിക്കും നേര്‍മാര്‍ഗം കാണിച്ചുകൊടുക്കാനാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത.്''
''അത് തന്നെയാണല്ലോ ഖുര്‍ആനിലൂടെ ദൈവം ജനങ്ങളോട് പറയുന്നതും.''
''ഈ പ്രപഞ്ചത്തില്‍ എങ്ങനെ ജീവിക്കണം എന്നതിനു വേണ്ടി ലോകത്തിലെ നാനാ ഭാഗങ്ങളിലേക്കും ദൈവം തമ്പുരാന്‍ പ്രവാചകരിലൂടെ വേദഗ്രന്ഥങ്ങള്‍ ഇറക്കി.''
''അത് തന്നെ; ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യര്‍ക്ക്.''
അവരങ്ങനെ പല കാര്യങ്ങളും സംവദിച്ചു. അവരുടെ സംസാരത്തിനിടയില്‍ റഷീദ്: ''നമുക്ക് ടൗണിലേക്ക് പോയാലോ?'' അവിടെ മലയാളത്തില്‍ ഖുത്തുബയുള്ള പള്ളിയില്‍ നിസ്‌കരിക്കുകയും ചെയ്യാം.''
''ഞാന്‍ റെഡി, എനിക്ക് ഇന്ന് ഫുള്‍ അവധി. ഞാന്‍ ടൗണില്‍ പോയിട്ടും കുറച്ച് ദിവസമായി. ഏതായാലും പോയി വരാം.''
സുബൈര്‍ എഴുന്നേറ്റ് ബാത്ത്‌റൂമിലേക്ക് പോയി. അവര്‍ രണ്ടുപേരും അവിടെയുണ്ടായിരുന്ന പത്രങ്ങളും വാരികകളും മറിച്ച് നോക്കി.
സുബൈര്‍ ഭംഗിയായി വേഷം ധരിച്ച് സുഗന്ധ ദ്രവ്യം പൂശി എത്തി. സുഹൃത്തുക്കള്‍ക്കും തടവിക്കൊടുത്തു. അവര്‍ മൂന്നുപേരും മുറി പൂട്ടി താഴെയിറങ്ങി കാര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് നടന്നു. സുബൈറിനെ നോക്കി റഷീദ് ചോദിച്ചു;
''എന്താ സുബൈറേ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക്? വണ്ടി വാങ്ങിയോ?''
''ആ... വാങ്ങി, ടൊയോട്ടാ...''
സുബൈര്‍ അവര്‍ക്കായി ഡോര്‍ തുറന്ന് കൊടുത്തു. റഷീദ് മുന്‍സീറ്റിലും പിറകെ മെഹമൂദും ഇരുന്നു. സുബൈര്‍ പറഞ്ഞു;
''ബേങ്ക് വഴി വാങ്ങിയതാ, ഇന്‍സ്റ്റാള്‍മെന്റാ...''
''ഇതേതായാലും നന്നായി, എപ്പോഴും ഡ്രൈവറെ ആശ്രയിക്കേണ്ട ആവശ്യമില്ലല്ലോ.''
അവരേയും വഹിച്ച് കാര്‍ കുവൈത്ത് സിറ്റി ലക്ഷ്യമാക്കി അസ്ത്രവേഗത്തില്‍ കുതിച്ചു. മെഹമൂദ് പറഞ്ഞു.
''ഇവിടെ വണ്ടി വാങ്ങാന്‍ എളുപ്പം. ലൈസന്‍സ് കിട്ടാനാണ് പാട്. സുബൈറിനാണെങ്കില്‍ ആദ്യ ടെസ്റ്റില്‍ തന്നെ ലൈസന്‍സ് കിട്ടി, മിടുക്കന്‍.''
അവരെല്ലാവരും ചിരിച്ചു, കാറിനുള്ളില്‍ സുഗന്ധം പ്രസരിച്ചു.
''ശരിയാണ് എന്റെ ഭാഗ്യം, ആദ്യ ടെസ്റ്റില്‍ തന്നെ ലൈസന്‍സ് കിട്ടി.''
സുബൈര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ തിരിഞ്ഞു നോക്കി.
''പിന്നെ, ഇതെന്റെ മാത്രം കഴിവല്ല. ചെറിയൊരു ശിപാര്‍ശ - ടെസ്റ്റ് സമയത്ത് അബൂജാസിം ഉണ്ടായിരുന്നു.''
''ങാ... അതുകൊണ്ട് തന്നെയാ അത്ര പെട്ടെന്ന് ലൈസന്‍സ് കിട്ടിയത്.''
നീണ്ട കറുത്ത പാതയില്‍ ആ കാര്‍ വളരെ വേഗത്തില്‍ ഓടി. പാതയുടെ ഇരുവശങ്ങളിലും ഇടതൂര്‍ന്ന് നില്‍ക്കുന്ന, ഒരേ ഉയരത്തില്‍, ഒരേ നിരയില്‍, വരിവരിയായി കാണുന്ന കെട്ടിടങ്ങള്‍. സംസാരിച്ചിരുന്നതിനാല്‍ സമയം പോയതറിഞ്ഞില്ല. വണ്ടി കുവൈത്ത് സിറ്റിയില്‍ പ്രവേശിച്ചു.
''നമുക്ക് ഈസാ റസ്റ്റോറന്റില്‍ പോയി ഓരോ ചായ കുടിക്കാം; നാട്ടുകാര്‍ ആരെങ്കിലും കാണും.''
അവര്‍ മൂവരും ഈസാ റസ്റ്റോറന്റിലെ ഒഴിഞ്ഞ മൂലയില്‍ മേശക്കരികില്‍ ഇരുന്നു. സുബൈര്‍ ഇബ്രാഹീമിനെ വിളിച്ചു.
                *** *** ***
രണ്ട് ദിവസം ശക്തമായ പൊടിക്കാറ്റായിരുന്നു. ഇന്ന് നല്ല തെളിഞ്ഞ വെയില്‍. സുബൈര്‍ വണ്ടിയെടുക്കാതെ ആശുപത്രിയിലേക്ക് നടന്നു. ആശുപത്രിയില്‍ കയറാന്‍ നേരം ട്രോളിയില്‍ കാഷ്വാലിറ്റിയുടെ പുറത്ത് ഒരു രോഗി കിടക്കുന്നത് കണ്ടു. സുബൈറിന് അത്ഭുതമായി. അറ്റന്‍ഡറെ ഉച്ചത്തില്‍ വിളിച്ചു.
''രോഗിയെ എന്തുകൊണ്ട് അകത്ത് കയറ്റുന്നില്ല?''
അവിടെ അലസമായി ഉലാത്തുന്ന അശോകന്‍ സുബൈറിന്റെ അടുത്ത്‌ചെന്ന് പറഞ്ഞു.
''ഇവരെ എടുക്കേണ്ടെന്ന് ഞാനാണ് പറഞ്ഞത്.''
അവന്‍ സുബൈറിനെ ഗൗനിക്കാതെ ഒരു അധികാര സ്വരത്തിലാണ് പറഞ്ഞത്.
സുബൈര്‍ കാരണം ചോദിച്ചു.
''ഇയാള്‍ക്ക് പാസ്‌പോര്‍ട്ടോ, വിസയോ, അക്കാമയോ ഇല്ല; ഒരിക്കലും എടുക്കരുത്.''
രോഗിയുടെ അവസ്ഥ കണ്ട് സുബൈറിന് വല്ലാതെ വിഷമം തോന്നി.
''നീയാരാടാ.. ആജ്ഞാപിക്കാന്‍?''
സുബൈര്‍ കാഷ്വാലിറ്റിയില്‍ കടന്നു.
''സിസ്റ്റര്‍ ഇവിടെ വരൂ.''
പ്രശ്‌നം മനസ്സിലാക്കിയ സിസ്റ്റര്‍ എമര്‍ജന്‍സി ഡോക്ടറേയും വിളിച്ച് അവിടേക്ക് ഝടുതിയിലെത്തി.
''ഡോക്ടര്‍ തോമസ്, വാട്‌സ് ദ പ്രോബ്ലം?''
ഡോക്ടര്‍ തോമസ് സുബൈറിന്റെയടുത്ത് ചെന്നു.
''ഈ രോഗിയുടെ പിത്തകോശം പൊട്ടിയിരിക്കുന്നു.''
ഡോക്ടര്‍ തുടര്‍ന്നു.
''സാര്‍ അയാള്‍ക്ക് ഉടനെ രക്തം കൊടുക്കണം. എന്നിട്ട് ഉടനെ ഓപ്പറേഷനും ചെയ്യണം. അല്ലെങ്കില്‍ രോഗി ജീവിക്കുന്ന കാര്യം സംശയമാണ്.''
സുബൈര്‍ ഉച്ചത്തില്‍ അശോകനോട് അലറി.
''മാറിനില്‍ക്കെടാ വഴിയില്‍നിന്ന്...''
സുബൈറും സിസ്റ്ററും കൂടി ട്രോളി പിടിച്ചു. അപ്പോഴേക്കും അശോകന്‍ കുറച്ച് കൂടി ഗൗരവത്തില്‍ പറഞ്ഞു:
''ഈ ആശുപത്രിയില്‍ ഈ രോഗിയെ ചികിത്സിക്കരുത്.''
''നീയാരടാ തീരുമാനിക്കാന്‍, ഇവിടെ ആശുപത്രിയും ഡോക്ടറും ജീവനക്കാരുമൊക്കെയുള്ളത് അസുഖമായി വരുന്നവരെ ചികിത്സിക്കാനാണ്. അല്ലാതെ രോഗികളെ മരണത്തിന് കൊടുക്കാനല്ല.''
സുബൈര്‍ അറ്റന്‍ഡറെ വിളിച്ച് രോഗിയെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.
''ഡു ഓള്‍ യുവര്‍ എഫര്‍ട്ട്, റസ്റ്റ് വിത്ത ്‌ഗോഡ്.''
സുബൈര്‍ ഡോക്ടറോട് പറഞ്ഞു.
ഡോക്ടര്‍ തോമസ് രോഗിയുടെ കൂടെ ധൃതിയില്‍ അകത്തേക്ക് പോയി. സുബൈര്‍ അശോകനെ ചെയര്‍മാന്‍ അബൂജാസിമിന്റെ റൂം നമ്പര്‍ ഒന്ന് ചtണ്ടിക്കാണിച്ച് വരാന്‍ പറഞ്ഞു. അശോകന്‍ റൂമില്‍ കയറിയ ഉടന്‍ സുബൈര്‍ മുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. സുബൈര്‍ കസേരയില്‍ ഇരുന്നു. അശോകനോട് സൗമ്യമായി ചോദിച്ചു.
''എടോ, തനിക്കറിയാമോ ഒരു കീഴുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനോട് എങ്ങനെ പെരുമാറണമെന്ന്? ഒരു ഡോക്ടര്‍ രോഗിയോട് എന്താണ് ചെയ്യേണ്ടത്, നിനക്കറിയാമോ? അവര്‍ എങ്ങനെയെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായി പരിശ്രമിക്കും.''
''ഞാന്‍ പറയാന്‍ കാരണം, ആ രോഗിക്ക് പാസ്‌പോര്‍ട്ടോ എക്കാമയോ ഇല്ല. അവരാണെങ്കിലോ ഫീസടച്ചിട്ടുമില്ല... ഇനി അടക്കുകയുമില്ല.''
സുബൈറിന്റെ ശബ്ദം ഉയര്‍ന്നു.
''എടോ, ഇതൊന്നുമില്ലെങ്കില്‍ അവര്‍ എവിടെ പോവണം? നീ എന്താ ഉദ്ദേശിക്കുന്നത്?''
''എവിടെയെങ്കിലും പോകട്ടെ.''
''അവര്‍ രക്തം വാര്‍ന്ന് മരിച്ചാലോ?''
''ചാകട്ടെ... കാസിംച്ച വരട്ടെ, ഞാന്‍ കാണിച്ചുതരാം?''
ഇത് കേട്ടയുടന്‍ തന്റെ ജാക്കറ്റ് ഊരി കസേരയില്‍ കൊളുത്തി മുഷ്ടി ചുരുട്ടി അശോകന്റെ ചെകിടത്ത് സുബൈര്‍ ആഞ്ഞടിച്ചു.
''താനെന്ത് കാണിക്കാനാടാ... കഴുതേ... തന്നേക്കാളും എത്രയോ കൊലകൊമ്പന്മാരെ കണ്ടവനാണ് ഞാന്‍...?''
സുബൈറിനെ അടിക്കാന്‍ പൊക്കിയ കൈ പിടിച്ച് മറുകൈകൊണ്ട് രണ്ട് മൂന്നാവര്‍ത്തി അടിച്ചു.
''എടോ, നീയറിയോ, ഈ കൈ വെറും പേന മാത്രം പിടിച്ച കൈയല്ല. പാടത്ത് കലപ്പ പിടിച്ച കൈയാണ്. ഇനി മുതല്‍ കൂടുതല്‍ വിളവ് എന്റടുത്ത് കാണിച്ചാല്‍. നിന്റെ തരിമൂക്ക് ഞാന്‍ അടിച്ചു പൊട്ടിക്കും...''
കസേരയില്‍ കൊളുത്തിയിരുന്ന ജാക്കറ്റ് എടുത്ത് ധരിച്ച് സുബൈര്‍ പുറത്തിറങ്ങി. ചുവന്ന കണ്ണും ചെവിയുമായി ഒന്നും മിണ്ടാതെ അശോകനും കാട്ടുമൃഗത്തെപ്പോലെ മുരണ്ട് ഇറങ്ങി നടന്നു.
സുബൈര്‍ കാഷ്വാലിറ്റിയില്‍ പോയി രോഗിയെ നിരീക്ഷിച്ചു. ഡോക്ടര്‍ തോമസും സിസ്റ്റേഴ്‌സും ചേര്‍ന്ന് രോഗിയെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍ മൊയ്തീന്‍ കോയയും ഡോക്ടര്‍ തോമസും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയക്ക് ശേഷം ഒ.ടി.യില്‍ നിന്ന് പോസ്റ്റ് ഒ.ടിയിലേക്ക് മാറ്റി. ജീവിതത്തിലേക്ക് അയാള്‍ കണ്ണുമിഴിച്ചു. നാല് കുപ്പി രക്തം ആ രോഗിക്ക് വേണ്ടിവന്നു. ഡോക്ടര്‍മാരോട് ഏത്തമിട്ട് കരഞ്ഞുകൊണ്ടാണ് രോഗിയുടെ സഹോദരന്‍ നന്ദി അറിയിച്ചത്.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top