മൂത്രത്തിലെ പഴുപ്പും സങ്കീര്‍ണതയും

ഡോ. (മേജര്‍) നളിനി ജനാര്‍ദനന്‍ No image

സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് മൂത്രത്തിലെ അണുബാധ. ഇത് സ്ത്രീകളിലും (പ്രത്യേകിച്ച് ഗര്‍ഭിണികള്‍) പെണ്‍കുട്ടികളിലും കൂടുതല്‍ കാണപ്പെടുന്നു. പുരുഷന്മാരില്‍ താരതമ്യേന കുറവായിരിക്കും. 95 ശതമാനത്തിലധികം അണുബാധ ഉണ്ടാക്കുന്നത് ബാക്ടീരിയയാണ്. മാരക അസുഖമല്ലെങ്കിലും ശരിയായ സമയത്ത് കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്.

കാരണങ്ങള്‍
കുടലിനുള്ളില്‍ കാണപ്പെടുന്ന 'ഇ-കോളി' എന്ന ബാക്ടീരിയയാണ് അണുബാധ ഉണ്ടാക്കുന്നത്. ഇവ മലാശയത്തിലൂടെ മലദ്വാരത്തിനു ചുറ്റും എത്താനും അവിടെനിന്ന് മൂത്രദ്വാരം, യോനി എന്നീ ഭാഗങ്ങളിലേക്കു വ്യാപിക്കാനും ഇടയാവും.

lപ്രമേഹം
lപ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങളും രോഗങ്ങളും
l മൂത്രാശയ കല്ലുകള്‍
lമൂത്രനാളിയിലുണ്ടാവുന്ന തടസ്സങ്ങള്‍
lരോഗ പ്രതിരോധ ശക്തി കുറയുന്നത്
lരോഗപ്രതിരോധ ശക്തി കുറക്കുന്ന രോഗങ്ങള്‍ ബാധിക്കല്‍
lമൂത്രം പോകാന്‍ ട്യൂബ് (കത്തീറ്റര്‍) ഇടുന്നത്.
മൂത്രമൊഴിക്കുമ്പോള്‍ വേദന, കൂടുതല്‍ സ്രവം വരിക എന്നിവ ലക്ഷണങ്ങളാണ്. ലൈംഗിക ബന്ധം വഴി പകരുന്ന രോഗങ്ങള്‍ കൊണ്ടും മൂത്രനാളിയില്‍ പഴുപ്പ് ഉണ്ടാവാം.

മൂത്രസഞ്ചിയെ 
ബാധിക്കുന്ന അണുബാധ
ഇ-കോളി ബാക്ടീരിയയാണ് ഇതിനും കാരണം. മൂത്രനാളിയില്‍നിന്നു വ്യാപിക്കുന്നതോ മൂത്രസഞ്ചിയില്‍ മാത്രം ഉണ്ടായതോ ആയ അണുബാധയാണ് ഇതിനു കാരണം. അടിവയറ്റില്‍ കനം, അസ്വസ്ഥത, വേദന, മൂത്രമൊഴിക്കുമ്പോള്‍ വേദന, ഇടക്കിടെ മൂത്രം ഒഴിക്കുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രത്തിനു നിറംമാറ്റം എന്നിവ ലക്ഷണങ്ങളാണ്.

വൃക്കയെ ബാധിക്കുന്ന 
അണുബാധ
മൂത്രനാളിയിലും മൂത്രാശയത്തിലും അണുബാധ ഉണ്ടായാല്‍ ശരിയായ സമയത്ത് ചികിത്സ ലഭിക്കാതിരുന്നാല്‍ അത് വൃക്കകളിലേക്കു വ്യാപിച്ചേക്കും. വൃക്കയുടെ പ്രവര്‍ത്തനത്തിനു തടസ്സമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാവുന്നു. ചിലപ്പോള്‍ വൃക്ക സ്തംഭനവും മരണവും ഉണ്ടായേക്കാം. ഛര്‍ദി, ഓക്കാനം, വയറിനു പിറകിലും വശങ്ങളിലും വേദന, കടുത്ത പനിയും വിറയലും, രാത്രിയില്‍ വിയര്‍ക്കുക, ദാഹം കൂടുക, കഠിനമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.

സങ്കീര്‍ണതകള്‍
l ഇടക്കിടെ മൂത്രത്തില്‍ അണുബാധയുണ്ടാവുക.
പ്രത്യേകിച്ചും സ്ത്രീകളില്‍ ആറുമാസത്തിനിടയില്‍ രണ്ടോ അതിലധികമോ തവണ അണുബാധയും ഒരു വര്‍ഷത്തില്‍ നാലോ അതിലധികമോ പ്രാവശ്യം അണുബാധയും ഉണ്ടാവാന്‍ സാധ്യത കൂടുന്നു.
l വൃക്കകള്‍ക്ക് തകരാറ് സംഭവിക്കുക.
മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ ഉണ്ടാവുന്ന അണുബാധ വൃക്കകളിലേക്ക് വ്യാപിച്ച് പയലോനെഫ്രൈറ്റിസ് (Pyelonephritis) എന്ന രോഗം വരികയും ക്രമേണ വൃക്കകള്‍ക്കു കേടു സംഭവിക്കുകയും ചെയ്യാം.
l പുരുഷന്മാര്‍ക്ക് ഇടക്കിടെ മൂത്രത്തില്‍ അണുബാധ ഉണ്ടായാല്‍ മൂത്രനാളി ചുരുങ്ങിപ്പോയേക്കാം.
l അണുബാധ വൃക്കകളിലേക്കു വ്യാപിച്ചാല്‍ അത് ശരീരത്തില്‍ മുഴുവന്‍ പടര്‍ന്നുപിടിച്ച് മരണം സംഭവിക്കാനുമിടയുണ്ട്.
l ഗര്‍ഭിണികളില്‍ ഗര്‍ഭഛിദ്രം, മാസം തികയാതെയുള്ള പ്രസവം, തൂക്കം കുറഞ്ഞ കുട്ടിയെ പ്രസവിക്കല്‍ എന്നീ സങ്കീര്‍ണതകള്‍ ഉണ്ടായേക്കാം.

രോഗസാധ്യത കൂടുതലുള്ളവര്‍
മൂത്രത്തില്‍ അണുബാധയും പഴുപ്പും സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍. പരപുരുഷന്മാരുമായി ലൈംഗികബന്ധം നടത്തുന്ന സ്ത്രീകള്‍ക്കും ഡയഫ്രം, സ്‌പെര്‍മിസൈഡല്‍ ഏജന്റ്‌സ് (Spermicidal Agents) എന്നിവ പോലുള്ള ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിക്കുന്നവര്‍ക്കും അണുബാധ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ആര്‍ത്തവ വിരാമത്തിനു ശേഷം സ്ത്രീകളില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ കുറയുന്നതുകൊണ്ട് മൂത്രവിസര്‍ജന വ്യവസ്ഥയില്‍ മാറ്റങ്ങളുണ്ടാവുന്നത് അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
ഗര്‍ഭകാലത്ത് മൂത്രാശയത്തില്‍ അണുബാധ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ശരിയായ ചികിത്സ കിട്ടാതിരുന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കുറയുക, മാസം തികയുന്നതിനു മുമ്പ് പ്രസവം, ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കസ്തംഭനം എന്നിവ ഉണ്ടായേക്കാം.
ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം നില്‍ക്കുന്നതിനാല്‍ യോനിയില്‍ വരള്‍ച്ച, മൂത്രനാളിയില്‍ പഴുപ്പ് എന്നിവ ഉണ്ടാവാം. മധ്യവയസ്‌കരായ സ്ത്രീകളില്‍ ഗര്‍ഭപാത്രം, മലാശയം എന്നിവ താഴ്ന്നുവരുന്നത്, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭപാത്രത്തില്‍ പുണ്ണ്, പ്രമേഹം, മലബന്ധം എന്നിവയും അണുബാധക്കു കാരണമായേക്കാം.
നവജാതശിശുക്കളിലും ചെറിയ ആണ്‍കുട്ടികളിലും ജന്മനാ ചില തകരാറുകള്‍ മൂത്രനാളികളില്‍ ഉണ്ടായാല്‍ മൂത്രം കെട്ടിക്കിടക്കുകയും കെട്ടിനില്‍ക്കുന്ന മൂത്രം വൃക്കയിലേക്കു തിരിച്ചു പോവുകയും അതിന്റെ ഫലമായി വൃക്കയില്‍ അണുബാധ, ഗുരുതരമായ വൃക്കരോഗം എന്നിവ ഉണ്ടാവുകയും ചെയ്യാന്‍ സാധ്യത കൂടുന്നു. നവജാത ശിശുക്കളില്‍ ഛര്‍ദി, നിര്‍ത്താതെ കരയുക, വിട്ടുവിട്ട് മൂത്രമൊഴിക്കുക എന്നീ ലക്ഷണങ്ങള്‍ കാണാം.
പ്രമേഹരോഗികളില്‍ ക്രമാതീതമായി രക്തത്തില്‍ പഞ്ചസാര വര്‍ധിക്കുമ്പോള്‍ മൂത്രത്തില്‍ അണുബാധ ഉണ്ടാവാനും അത് ഗുരുതരമാവാനും വൃക്കസ്തംഭനം ഉണ്ടാവാനും സാധ്യത കൂടുന്നു.
പുരുഷന്മാരില്‍ പൊതുവെ മൂത്രത്തിലെ അണുബാധ കുറവായിരിക്കും. 60 ശതമാനം പേരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാവുന്നതുകൊണ്ട് അണുബാധ ഉണ്ടായേക്കാം. മൂത്രത്തില്‍ കല്ല്, മൂത്രവാഹിനിക്കുഴലില്‍ തടസ്സം, പ്രായമായവരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, കെട്ടിക്കിടക്കുന്ന മൂത്രം പോകാനായി (ഗുരുതര രോഗമുള്ള രോഗികള്‍ക്ക്) ട്യൂബിടുന്നത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം മൂത്രത്തില്‍ അണുബാധ ഉണ്ടായേക്കാം.

എങ്ങനെ തടയാം
lമൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ അധികനേരം പിടിച്ചുവെക്കരുത്.
l പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണത്തിലാവാന്‍ ശ്രദ്ധിക്കണം.
lദിവസേന ഏകദേശം മൂന്ന് ലിറ്ററോളം വെള്ളം കുടിക്കുക. വൃക്കരോഗങ്ങളും മൂത്രസഞ്ചിയില്‍ രോഗങ്ങളും ഉള്ളവര്‍ അമിതമായി വെള്ളം കുടിക്കരുത്. ഡോക്ടറുടെ നിര്‍ദേശം അനുസരിക്കുക.
lലൈംഗിക ജീവിതത്തില്‍ ശുചിത്വം പാലിക്കുക. ലൈംഗിക ബന്ധത്തിനു മുമ്പും ശേഷവും മൂത്രമൊഴിക്കുകയും വൃത്തിയായി കഴുകുകയും വേണം. ലൈംഗിക ബന്ധത്തിനുശേഷം വെള്ളം കുടിക്കുക.
l മലമൂത്ര വിസര്‍ജനങ്ങള്‍ക്കു ശേഷം കഴുകുമ്പോള്‍ മുമ്പില്‍നിന്നു പിന്നിലേക്കു മാത്രം കഴുകാന്‍ ശ്രദ്ധിക്കുക.
lസ്ത്രീകള്‍ ദ്രാവകങ്ങള്‍, ദുര്‍ഗന്ധമൊഴിവാക്കാനുള്ള സ്‌പ്രേകള്‍, പൗഡറുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അവ ചിലപ്പോള്‍ മൂത്രദ്വാരത്തില്‍ അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കാം.
lഗര്‍ഭധാരണം തടയാനായി സ്ത്രീകള്‍ പുരട്ടുന്ന ക്രീമുകളും പുരുഷന്മാര്‍ ഉപയോഗിക്കുന്ന സ്‌പെര്‍മിസൈഡ് (Spermicide) അടങ്ങിയ ഉറകളും അണുബാധക്കു കാരണമാവാം.
lഅടിവസ്ത്രങ്ങള്‍ വൃത്തിയുള്ളതും പരുത്തികൊണ്ട് ഉണ്ടാക്കിയതുമായിരിക്കണം. ഈര്‍പ്പമുള്ള അടിവസ്ത്രങ്ങള്‍ അധികനേരം ധരിക്കാതിരിക്കുക. ആര്‍ത്തവ സമയത്ത് ശുചിത്വം പാലിക്കുക. ആര്‍ത്തവരക്തം പുരണ്ട പാഡുകള്‍ ഇടക്കിടെ മാറ്റുക.


ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

l ഇടക്കിടെ മൂത്രമൊഴിക്കണമെന്നു തോന്നു
ക, മൂത്രമൊഴിക്കുന്നത് കുറവായിരിക്കുക.
lരാത്രിയില്‍ കൂടുതല്‍ പ്രാവശ്യം 
മൂത്രമൊഴിക്കുക.
lഅടിവയറ്റില്‍ വേദന.
lഅറിയാതെ മൂത്രം പോവുക.
lമൂത്രനാളിയില്‍ നിന്നു സ്രവങ്ങള്‍ വരിക.
lമൂത്രമൊഴിക്കുമ്പോള്‍ വേദനയും 
പുകച്ചിലും കടച്ചിലും.
lമൂത്രം കലങ്ങിയിരിക്കുക.
lമൂത്രത്തിനു ദുര്‍ഗന്ധം.
lമൂത്രത്തില്‍ പഴുപ്പ്, രക്തത്തിന്റെ അംശം,
നിറവ്യത്യാസം; എന്നിവയിലേതെങ്കിലും 
കാണുക.
lവൃക്കകളിലേക്ക് അണുബാധ വ്യാപിച്ചാല്‍
 ഛര്‍ദി, ഓക്കാനം, കടുത്ത പനിയും 
വിറയലും, രാത്രിയില്‍ വിയര്‍ക്കുക, ദാഹം 
കൂടുക, വയറിനു പിറകിലും വശങ്ങളിലും 
വേദന, കഠിനമായ ക്ഷീണം എന്നീ 
ലക്ഷണങ്ങളുണ്ടാവാം.
lചിലപ്പോള്‍ അണുബാധ ഉണ്ടെങ്കിലും
ലക്ഷണങ്ങളൊന്നും ഉണ്ടായിരിക്കില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top