ലഹരിയിലമരുന്ന ജീവിതങ്ങള്‍

എം.പി. മുഹമ്മദ് റാഫി No image

കാലവര്‍ഷത്തിലെ ഒരു ഇരുണ്ട സായാഹ്നം. തൃശൂര്‍ നഗരത്തിലെ തിരക്കാര്‍ന്ന തെരുവീഥിയിലൂടെ ഒരാള്‍ ആര്‍ത്തട്ടഹസിച്ചു ഓടുകയാണ്. ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. കുറച്ചു കഴിഞ്ഞ് അയാള്‍ കുഴഞ്ഞു വീഴുന്നു. വായില്‍നിന്ന് നുരയും പതയും വരുന്നുണ്ട്. വീണ ആളെ, അവിടെ തടിച്ചുകൂടിയ ചിലര്‍ക്ക് പരിചയമുണ്ട്. അവര്‍ ഉടനെത്തന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. മകനെ വിവരമറിയിച്ചു . മകന്റെ മടിയില്‍ തലവെച്ച് ആ പിതാവ് താമസിയാതെ അന്ത്യശ്വാസം വലിച്ചു. പോലീസ് ആശുപത്രിയിലെത്തി. വ്യാജമദ്യമാണോ എന്ന് സംശയിച്ചു. അന്വേഷണ സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു. ഫോര്‍മലിന്‍ പോലുള്ള ഒരു ദ്രാവകം അയാള്‍ കഴിച്ചെന്നു പ്രാഥമിക പരിശോധനയില്‍ മനസ്സിലായി.
 കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. മരണപ്പെട്ടയാള്‍ ഒരു കോഴിക്കച്ചവടക്കാരനായിരുന്നു. എന്നും വൈകിട്ട് കൂട്ടുകാരുമായി മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. കോഴിക്കൂടുകള്‍ വൃത്തിയാക്കാന്‍ ഫോര്‍മലിന്‍ ഉപയോഗിച്ചിരുന്നു. അയാള്‍ വിദേശ മദ്യവും ചിലപ്പോള്‍ വാറ്റ്ചാരായവും കഴിക്കും. മകന്‍ ഫോര്‍മലിന്‍ നിറച്ച കുപ്പി സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചിരുന്നു. മദ്യമാണെന്നു കരുതിയാണ് സുഹൃത്തുക്കളോടൊപ്പം അയാള്‍ അതെടുത്തു കുടിച്ചതും മകന്റെ മടിയില്‍ കിടന്നു മരിക്കേണ്ടി വന്നതും.
   ഒരു നോമ്പു കാലം. വാടാനപ്പള്ളിയില്‍ ഒരു ഉമ്മ തലക്കടിയേറ്റ് മരിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തി അയല്‍വാസികളോടും മറ്റും പ്രാഥമിക അന്വേഷണം നടത്തി. മകന്‍ മദ്യപിച്ച് വന്ന് നോമ്പ് പിടിച്ചിരുന്ന ഉമ്മയോട് ഭക്ഷണം ചോദിച്ചു. 'കുറച്ചു കഴിഞ്ഞ് തരാം, എനിക്ക് ഇന്ന് നോമ്പാണ് മോനേ' എന്ന് പറഞ്ഞ ഉമ്മയെ ലഹരിക്കടിമയായ മകന്‍ മുറ്റത്തുള്ള വിറകുമുട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 2021-ല്‍ ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടറായി   വളാഞ്ചേരിയില്‍ ജോലി ചെയ്യുമ്പോള്‍ കുറ്റിപ്പുറം സ്റ്റേഷന്‍ പരിധിയില്‍ കുഞ്ഞിപ്പാത്തുമ്മ എന്ന സ്ത്രീ കൊല്ലപ്പെട്ടു. അന്വേഷണ സംഘത്തില്‍ ഞാനും ഉണ്ടായിരുന്നു. അവര്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മക്കളോ അടുത്ത ബന്ധുക്കളോ ഇല്ല. രാവിലെ അലഞ്ഞു തിരിഞ്ഞ് ഏതെങ്കിലും വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് ആരെങ്കിലും കൊടുക്കുന്ന പൈസ പ്രാര്‍ഥനാപൂര്‍വം വാങ്ങി വീട്ടില്‍ വന്ന് കിടന്നുറങ്ങുകയാണ് പതിവ്. ആ സ്ത്രീയുടെ ബന്ധുക്കളെ സാധാരണപോലെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. കോവിഡ് വ്യാപനം കഴിഞ്ഞ് ബാറുകള്‍ തുറക്കാനുള്ള ഗവണ്‍മെന്റിന്റെ ഓര്‍ഡര്‍ വന്നതിന് പിറ്റേ ദിവസമാണ് ഈ കൊല. തലേദിവസം രാത്രി അടുത്തുള്ള ബില്‍ഡിങ്ങില്‍ വെച്ച് മദ്യപിച്ചവരെ കുറിച്ച വിവരം ലഭിച്ചു. അവരെ ചോദ്യം ചെയ്തപ്പോള്‍ ഒരാളെ സംശയമായി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.  മദ്യപാനം കഴിഞ്ഞ് ഒരാള്‍ മാത്രം വീട്ടില്‍ പോയില്ല എന്നറിയാന്‍ കഴിഞ്ഞു. അയാള്‍ നേരെ പോയത് കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിലേക്കാണ്.
     മദ്യപിച്ചതിനുശേഷം തെറ്റായ ചിന്ത മനസ്സിലുടലെടുത്തു എന്നാണ് അവന്റെ മൊഴി. വീടിന്റെ പുറത്ത് കിടന്ന കല്ലുകൊണ്ട് അടിച്ചും ഇടിച്ചും അവന്‍ കൊലപ്പെടുത്തി. അതിനുശേഷം അവരുടെ കൈയില്‍ പൈസയുണ്ടോ എന്ന് അന്വേഷിച്ച് മുറികളുടെ മുക്കും മൂലയും പരതിയെങ്കിലും കുറച്ചു പൈസ മാത്രമേ കിട്ടിയുള്ളൂ. പിറ്റേദിവസം ഇന്‍ക്വസ്റ്റ് തയാറാക്കിയപ്പോഴാണ് മൂന്നു ലക്ഷം രൂപയോളം കുഞ്ഞിപ്പാത്തുമ്മയുടെ നമസ്‌കാര പായയില്‍ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്നത് കണ്ടെത്തിയത്.  മദ്യപാനം വരുത്തിയ മരണങ്ങളെ കുറിച്ച് പറയാനാണ് ഈ സംഭവങ്ങള്‍ പറഞ്ഞത്.
പ്രവാചക വചനങ്ങളില്‍ രേഖപ്പെടുത്തിയ ഒരു കഥയോട് സാമ്യമുള്ള സംഭവം ആയിരുന്നു അത്. സുന്ദരിയായ ഒരു സ്ത്രീ അവളുടെ പണ്ഡിതനായ അതിഥിയോട് മൂന്നു പാപകര്‍മ്മങ്ങളില്‍ ഒന്ന് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒന്നുകില്‍ മദ്യപിക്കുക, അല്ലെങ്കില്‍ താനുമായി രതിയില്‍ ഏര്‍പ്പെടുക, അതുമല്ലെങ്കില്‍ തന്റെ കുഞ്ഞിനെ വധിക്കുക. ഏറ്റവും ലളിതമായ പാപം ചെയ്യാമെന്ന് സമ്മതിച്ച പണ്ഡിതന്‍ ഒരു കോപ്പ മദ്യം സ്വീകരിച്ചു. പിന്നെ വീണ്ടും വീണ്ടും കോപ്പകള്‍. സ്വബോധം നഷ്ടപ്പെട്ട അയാള്‍ കുഞ്ഞിനെ വധിച്ചു. ശേഷം അവളുമായി രതിയില്‍ ഏര്‍പ്പെട്ടു എന്നാണ് ആ കഥ.
 പ്രശസ്തനായ ഒരു സിനിമാ നടന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണസംഘത്തില്‍ ഞാനുണ്ടായിരുന്നു. കൊലപാതകമെന്നായിരുന്നു ജനസംസാരം. അന്വേഷണത്തിനിടയിലാണ് യഥാര്‍ഥ കാരണം മനസ്സിലായത്. മദ്യപിച്ച് ലിവര്‍ സിറോസിസ് എന്ന രോഗം ബാധിച്ചാണ് മരണപ്പെട്ടത്. കരളിന് നാശം സംഭവിച്ചാല്‍ ഭക്ഷണത്തിലൂടെ ചെല്ലുന്ന വിഷാംശങ്ങള്‍ അരിച്ചുമാറ്റാനുള്ള കരളിന്റെ കഴിവ് നഷ്ടപ്പെടും. കഴിക്കുന്ന ഭക്ഷണത്തിലെ ഏതെങ്കിലും രാസഘടകം രക്തത്തില്‍ അലിഞ്ഞുചേരും. മരിച്ച നടന്റെ രക്തത്തില്‍ നേരിയ വിഷാംശം കണ്ടെത്തിയതിനാലാണ് ആ മരണം കൊലപാതകമാണെന്നു പ്രചരിപ്പിക്കപ്പെട്ടത്.  പ്രശസ്തരായ പല നടന്മാരും നടിമാരും പെട്ടെന്ന് മരണപ്പെടാനുണ്ടായ കാരണം അമിത മദ്യപാനമായിരുന്നു.
1990-ല്‍ പോലീസ് സര്‍വീസില്‍ പ്രവേശിച്ച് 2022 ഏപ്രില്‍ 30 നാണ് ഞാന്‍ റിട്ടയര്‍ ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ മോഷണങ്ങള്‍, കൊലപാതകങ്ങള്‍, ബലാല്‍സംഗങ്ങള്‍ എന്നീ കേസുകളില്‍ ഉള്‍പ്പെട്ടവരെല്ലാം മദ്യപിക്കുന്നവരും സിഗരറ്റ്, ഹാന്‍സ് മുതലായ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരുമായിരുന്നു. കാലം ചെല്ലുന്തോറും മരിജുവാന, ഗ്രാസ്, പുല്ല് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന കഞ്ചാവിന്റെ ഉപയോഗം കൂടിവന്നു.
ആ കാലത്ത് സാമ്പത്തിക സുസ്ഥിതിയുള്ള ആളുകളുടെ ഇടയിലാണ് ബ്രൗണ്‍ഷുഗര്‍, കൊക്കെയിന്‍ പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ന്യൂജന്‍ മയക്കുമരുന്നുകള്‍ എന്നറിയപ്പെടുന്ന വിവിധങ്ങളായ മയക്കു മരുന്നുകള്‍ക്ക് വിദ്യാര്‍ഥികളടക്കം അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഞ്ചാവിന് പുറമേ, LSD, MDMA, ക്യാന്‍സര്‍ രോഗത്തിനും കരള്‍ രോഗത്തിനും മറ്റും ഉപയോഗിക്കുന്ന മരുന്നുകള്‍ പോലും കുട്ടികള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നു. മാനസികരോഗ ആശുപത്രികളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
    ഞാന്‍  ജില്ലാതല ലഹരിവിരുദ്ധ സ്‌ക്വാഡില്‍ ജോലി ചെയ്യുമ്പോള്‍ ഒരു മാതാവ് വിളിച്ച്, മകന്‍ വീട്ടില്‍ ഭയങ്കര ശല്യം ആണെന്നും തന്നെ ഉപദ്രവിക്കുന്നുവെന്നും പരാതി പറഞ്ഞു. ഭര്‍ത്താവ് ഗള്‍ഫിലാണ്. മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്, വീട്ടില്‍ രാത്രി കിടക്കാന്‍ തന്നെ ഭയമാണ് എന്നെല്ലാമായിരുന്നു പരാതി. ഞങ്ങള്‍ ചെന്നപ്പോള്‍ മകന്‍ പുറത്തു പോയിരിക്കുകയായിരുന്നു. +2വിന്് പഠിക്കുന്ന അവന്റെ ബാഗ് പരിശോധിച്ചപ്പോള്‍ വളരെ കൗതുകകരമായ കാഴ്ചകളാണ് കണ്ടത്. കറുത്ത കരിക്കട്ട പോലുള്ള പദാര്‍ഥം ചെറിയ പ്ലാസ്റ്റിക് ഡബ്ബകളില്‍ വച്ചിരിക്കുന്നു. ചെറിയ കുപ്പികളില്‍ സുറുമ പോലുള്ള ഒരു ദ്രാവകം, കടലാസ് പാക്കേജുകളില്‍ ഇലയും കായും ചേര്‍ന്ന് ഒരു വസ്തു, കുറച്ചു ഗുളികകള്‍. കരിക്കട്ട പോലുള്ള സാധനം കഞ്ചാവില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഹഷീഷ് ആണ്. കറുത്ത ദ്രാവകം കഞ്ചാവില്‍ നിന്ന് തന്നെ ഉണ്ടാക്കുന്ന ഹഷിഷ് ഓയിലും. കടലാസ് പൊതികളില്‍ ഉണ്ടായിരുന്നത് കഞ്ചാവും. കാന്‍സര്‍, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഗുളികകളാണ് അവന്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത് എന്ന് മനസ്സിലായി.  താമസിയാതെ കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ അയച്ചു. ചിലപ്പോള്‍ ആക്രമണങ്ങളും കൊലപാതകവും മറ്റും നടക്കാവുന്ന അവസ്ഥയാണ് ലഹരിമരുന്നുകള്‍ സൃഷ്ടിക്കുന്നത്.

ന്യൂജന്‍ മയക്കുമരുന്നുകള്‍
ക്രിസ്റ്റല്‍ രൂപത്തിലുള്ള MDMA (മെത്തലിന്‍ ഡയോക്സിന്‍ ആംഫറ്റാമിന്‍) പുതിയ ജനറേഷനിലുള്ള കുട്ടികള്‍ക്കിടയില്‍ ഐസ്, മെത്ത്, ക്രിസ്റ്റല്‍, സ്പീഡ് തുടങ്ങിയ അവരുടേതായ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിന്റെ പ്രചാരണത്തിനായി ഇവരുടെ സംഭാഷണം വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ പ്രത്യേക രീതിയിലും കോഡുകള്‍ ഉപയോഗിച്ചുമാണ്.
    ആദ്യമെല്ലാം ഒരു ഉല്ലാസം കിട്ടുമെങ്കിലും പിന്നീട് തലച്ചോറിനെയും വൈകാരിക സന്തുലനത്തെയും ശരീരത്തെയും തകര്‍ക്കുന്ന അവസ്ഥയിലേക്ക് ഇതിന്റെ ഉപയോഗം എത്തിക്കും. ശരീരത്തിന്റെ താപനിലയും രക്തസമ്മര്‍ദവും വര്‍ധിക്കും. ഹൃദയസ്തംഭനം മുതല്‍ മസ്തിഷ്‌കാഘാതം വരെ ഇതു കാരണമായി സംഭവിച്ചേക്കാം. ശ്വാസകോശത്തെയും തലച്ചോറിനെയും എല്ലുകളെയും പല്ലുകളെയും ഇതു നശിപ്പിച്ചുകളയുന്നു.
   എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ഷാഡോ പോലീസ് ഉദ്യോഗസ്ഥന്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ  മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മാറ്റിയെടുത്തു. കുറച്ചുനാള്‍ കഴിഞ്ഞ് ആ കുട്ടി ആ പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത് ഒരു പൊതിയുമായി എത്തി. അത് തുറന്നു നോക്കിയപ്പോള്‍ ഒരു വെളുത്ത പൊടി. 'ഇത് എന്താണ് ? നീ ഈ മയക്കുമരുന്ന് ഉപയോഗം നിര്‍ത്തിയില്ലേ' എന്ന്  ചോദിച്ചപ്പോള്‍, 'സാറേ ഇത് മയക്കുമരുന്നല്ല, അത് ഞാന്‍ നിര്‍ത്തി. എന്റെ പല്ല് പൊടിഞ്ഞു പോകുന്നു. അത് എടുത്തു വച്ച് സാറിനെ കാണിക്കാന്‍ കൊണ്ട് വന്നതാണ്' എന്നാണ് അവന്‍ പറഞ്ഞത്.
   പാര്‍ട്ടിഡ്രഗ് എന്നറിയപ്പെടുന്ന ഈ ലഹരി മരുന്ന് കേരളത്തില്‍ ധാരാളമായി ഇറക്കുമതി ചെയ്യുന്നു. സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളും ഇത് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ട്രാന്‍സ് പാര്‍ട്ടികള്‍ക്കായി എത്തുന്ന പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണം ചെയ്യാനും ഈ മരുന്ന് ഉപയോഗിച്ച ധാരാളം കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മനുഷ്യനിര്‍മിത ഉത്തേജക മയക്കുമരുന്നുകള്‍ (synthetic narcotic drugs) കേന്ദ്ര  നാഡീവ്യൂഹത്തെ ബാധിക്കുന്നതു മൂലം കുറച്ചുനേരം ഉല്ലാസം തോന്നും. അതിന്റെ തുടര്‍ച്ചയായ ഉപയോഗം ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, നിസ്സംഗത തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. മയക്കുമരുന്ന് ലഭിക്കാത്തപ്പോള്‍  ക്ഷീണവും വിശപ്പില്ലാത്ത അവസ്ഥയുമുണ്ടാകും. ആനന്ദിക്കാന്‍ കഴിയാതെ  വരികയും അത് മോഹനിരാസത്തിലേക്കു വഴുതിവീഴുകയും ചെയ്യുന്നു.
ഞാന്‍ വളാഞ്ചേരിയില്‍ ജോലി ചെയ്യുമ്പോള്‍ തൊട്ടടുത്തുള്ള ഹൈസ്‌കൂളില്‍ കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് കൊടുത്ത് ലൈംഗികമായി ചൂഷണം ചെയ്ത കേസുണ്ടായിരുന്നു. അതിലെ ഒരു പെണ്‍കുട്ടിക്ക് ലൈംഗിക വൈകല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ വന്ന ദുരന്തപൂര്‍ണമായ സംഭവം. ആ പെണ്‍കുട്ടി കെട്ടിടത്തിനു  മുകളില്‍ നിന്ന് ചാടി. അന്വേഷിച്ചപ്പോഴാണ് സ്റ്റാബ് എന്നും ആസിഡ് എന്നുമുള്ള ഓമനപ്പേരില്‍ അറിയപ്പെടുന്ന  Lysergic Acid Diethylamide (LSD) എന്ന  മയക്കുമരുന്നാണ് ആ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത് എന്ന് അറിയാന്‍ കഴിഞ്ഞത്.  
മയക്കുമരുന്ന് തലച്ചോറിനെയാണ് ബാധിക്കുക. പറക്കാനുള്ള കഴിവ് കിട്ടി എന്ന മതിഭ്രമത്തില്‍ പത്തുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഈ മയക്കു മരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റുകള്‍ മനോഹരമായ പുഷ്പങ്ങളായി തോന്നും. ആ മതിഭ്രമം ധാരാളമായി അപകടങ്ങള്‍ക്ക് കാരണമാവുന്നു.
   LSD ഉപയോഗിക്കുന്നവരെ കുറിച്ച്  നടത്തിയ ഒരു പഠനത്തില്‍ കണ്ണ് പോയ ഒരു വിദ്യാര്‍ഥിയുടെ കഥ പറയുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചപ്പോള്‍ തന്റെ കണ്ണിന്റെ കാഴ്ചശക്തി പോയെന്നും കണ്ണ് ചൂഴ്ന്നെടുക്കാതെ തനിക്ക് കാഴ്ച കിട്ടുകയില്ലെന്നും അവന് തോന്നിയത്രെ. അങ്ങനെ സ്വന്തം കണ്ണ് ചൂഴ്ന്നെടുത്തതായും അതില്‍ പറയുന്നുണ്ട്.
അടിപ്പെട്ടു എന്ന് എങ്ങനെ മനസ്സിലാക്കും? 
അധിക നേരവും ഒറ്റയ്ക്ക് ഇരിക്കുക, കതകടച്ചിരിക്കുക, പ്രത്യേകതരം കൂട്ടുകെട്ടുണ്ടാവുക, പെട്ടെന്ന് പൊട്ടിത്തെറിക്കുക, ടൂര്‍ എന്ന് പറഞ്ഞ് പലപ്പോഴും വീട്ടില്‍നിന്ന് പുറത്തു പോവുക, പൈസ അധികം ചെലവഴിക്കുക, പ്രത്യേക തരം മണമുണ്ടാവുക, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ കാണുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ട് മാത്രം മക്കള്‍ മയക്കുമരുന്നിന്റെ അടിമയാണെന്ന് തെറ്റിദ്ധരിക്കരുത്. അവരുടെ അസാധാരണ പെരുമാറ്റ രീതിയില്‍ നിന്ന് നമുക്ക് ഏറക്കുറെ മനസ്സിലാക്കാവുന്നതാണ്.

ചികിത്സകള്‍
        കുട്ടിയെ കൗണ്‍സലിംഗിന് അല്ലെങ്കില്‍ സൈക്യാട്രിക് ട്രീറ്റ്മെന്റിനു വിധേയമാക്കുക എന്നതാണ് പരിഹാരം. നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല എന്ന ചിന്ത നമ്മില്‍ ഉണ്ടാകണം. ഹോസ്റ്റലില്‍ പഠിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂള്‍, കോളേജ്, മദ്രസ അധ്യാപകരുമായുള്ള ബന്ധം കുടുംബങ്ങള്‍ ശക്തിപ്പെടുത്തണം. ആരോഗ്യകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കണം.  സര്‍വീസ് കാലത്ത് എനിക്ക് പിടികൂടാന്‍ കഴിഞ്ഞ മോഷ്ടാക്കള്‍, കൊലപാതകികള്‍, ഗുണ്ടകള്‍ എന്നിവരില്‍  ഭൂരിഭാഗം പേരുടെയും  കുടുംബാന്തരീക്ഷം ഒട്ടും തൃപ്തികരമായിരുന്നില്ല. വീട്ടില്‍ സ്നേഹം കൊടുക്കാന്‍ കഴിയണം. അവര്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. നമ്മള്‍ അവര്‍ പറയുന്നത് കേള്‍ക്കാതെ ഉപദേശം മാത്രമാണ് കൊടുക്കുന്നത്. വീട്ടില്‍ അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തണം. കുട്ടികളെ ലഹരിയോട്  'നോ' പറയാന്‍ പഠിപ്പിക്കണം. നല്ല കൂട്ടുകാരുമായുള്ള ചങ്ങാത്തം കൂടാന്‍ പ്രേരിപ്പിക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുക്കണം. പാഠ്യ വിഷയങ്ങള്‍ക്കു പുറമെ കലാ-കായിക രംഗങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാന്‍  കഴിയണം.  
മഹാവിപത്തില്‍നിന്ന്  രക്ഷപ്പെടാന്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. മയക്കുമരുന്ന് വില്‍പ്പനക്കാരെ കണ്ടെത്താന്‍ ജനകീയ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കഴിയും. അവരുടെ വിശദവിവരങ്ങള്‍ നിയമപാലകരെയും എക്സൈസിനെയും അറിയിക്കണം. ഓണ്‍ലൈന്‍ വഴി ഉന്നത ഉദ്യോഗസ്ഥരെ (നിങ്ങളുടെ പേരുവിവരം രേഖപ്പെടുത്താതെ) അറിയിക്കാന്‍ സാധിക്കും. അപകടകരമായേക്കാവുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പ് കൂടാതെ നല്‍കുന്ന കടക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ഉന്നതാധികാരികളെ അറിയിക്കണം. കണ്ടെത്തിയ വിവരങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കൈമാറിയാല്‍ പ്രാദേശിക വില്‍പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്നവരെയും അവര്‍ക്ക് ഇവ നല്‍കുന്ന മൊത്ത വിപണനക്കാരെയും കണ്ടെത്താന്‍ കഴിയും. സ്‌കൂള്‍, കോളേജ് തലത്തില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികാരികള്‍ എന്നിവരടങ്ങിയ കൂട്ടായ്മക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
    ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കണ്ടെത്താന്‍ അധ്യാപകര്‍ക്കും മാനേജ്മെന്റിനും ഉത്തരവാദിത്വമുണ്ട്. ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, വലിയ ഹോസ്പിറ്റലുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്ന വിതരണക്കാര്‍ മയക്കുമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി തങ്ങളുടെ ഉപഭോക്താവിനെ കണ്ടെത്തി കൈമാറുന്നു. പല കുറ്റകൃത്യങ്ങളിലും ഒരു സ്ത്രീയുടെ എങ്കിലും സജീവസാന്നിധ്യം ഉണ്ടെന്ന് അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പനയിലും വിതരണത്തിലും പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും പങ്കുണ്ട്.
1985-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എന്‍.ഡി.പി.എസ് 1985 എന്ന ലഹരിമരുന്ന് നിരോധന നിയമം പാസാക്കുകയും ലഹരിമരുന്ന് കൈവശം വെക്കല്‍, വിപണനം തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന കുറ്റവാളികള്‍ക്ക് കുറഞ്ഞത് പത്തുവര്‍ഷം മുതല്‍ പരമാവധി 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. ഈ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഈ നിയമത്തില്‍ ഇനിയും കര്‍ക്കശമായ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ ഈ മഹാ വിപത്തില്‍നിന്ന്  സമൂഹത്തെ മോചിപ്പിക്കാന്‍ കഴിയൂ.          
     റിട്ടയര്‍ ചെയ്തതിനുശേഷം ഞാന്‍ 'മയക്കുമരുന്നിനെതിരെ ജാഗ്രത' VIGILANT AGAINST DRUG ABUSE INDIA (VADAI) എന്ന സംസ്ഥാന തല കൂട്ടായ്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അഡിക്റ്റുകളെ അതിജീവനത്തിന് പ്രാപ്തരാക്കാനായി ഒരു കൗണ്‍സലിംഗ് സെന്ററും കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദിന് അരികിലുള്ള കെട്ടിടത്തില്‍ ആരംഭിച്ചിട്ടുണ്ട്.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top