ഇലക്ട്രോണിക് ഡ്രഗ്‌സ്

ഉമ്മു ഹബീബ എ.കെ No image

'രാവെന്നോ പകലെന്നോ ഇല്ലാതെ ഗെയിമില്‍ മുഴുകി മുറിയടച്ചിരിക്കും. വെള്ളമോ ഭക്ഷണമോ വേണ്ട. കുളിക്കില്ല. ഉറക്കം പോലും അവനുണ്ടായിരുന്നില്ല. എന്തെങ്കിലും ചോദിച്ചാല്‍ വയലന്റാകും. ദിവസം ഒന്നര ജിബി ഡാറ്റ പോലും കളിക്കാന്‍ മതിയാകാതെ വന്നു. 2,000 രൂപയ്ക്കു മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തുകൊടുക്കണമെന്നായിരുന്നു ഒടുവിലത്തെ ആവശ്യം. 500 രൂപയ്ക്കു ചാര്‍ജു ചെയ്തു കൊടുത്തതോടെ അവന്‍ ബഹളംവച്ചു. പിന്നെ മുറിക്കുള്ളില്‍ കയറി. ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ അവന്‍ പോയി...' തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അനുജിത്ത് അനിലിന്റെ അമ്മയുടെ വാക്കുകളാണിത്... ഗെയിം അഡിക് ഷന്‍ കാരണം മരണത്തിലേക്ക് എടുത്തു ചാടിയവരും ദേഹോപദ്രവം ഏല്‍പ്പിച്ചവരും ജീവനും സ്വത്തും കൈവിട്ടുപോയവരും ഏറെയുണ്ട് നമുക്ക് മുന്നില്‍.
സൈബറിടങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് കൈയെത്തും ദൂരത്താണ്. ലാപ്‌ടോപ്പും ടാബ്ലെറ്റും വീഡിയോ ഗെയിമുകളും അവരുടെ പഠനമുറികളിലെ ഒഴിവാക്കാനാവാത്ത വസ്തുക്കളായിരിക്കുന്നു. ഈ അവസരങ്ങളും സാധ്യതകളും മുതലെടുത്താണ് കുട്ടികളെയും മുതിര്‍ന്നവരെയും വലയിലാക്കി സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്യുന്ന പുതിയ അപകടകാരികളായ ഗെയിമുകള്‍ വീണ്ടും സജീവമാകുന്നതും. പല പേരുകളിലായി പ്രത്യക്ഷപ്പെടുന്ന ഗെയിമുകളിലേറെയും കൗമാരക്കാരെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടുള്ളതാണ്. കുട്ടികള്‍ക്കായി പുതിയ കാലം ഒരുക്കിവച്ച കെണിയാണ് ഓണ്‍ലൈന്‍ ഗെയിം. മാതാപിതാക്കളുടെ അനുവാദത്തോടെ വേണം കളിക്കാനെന്നു നിര്‍മാതാക്കള്‍ തന്നെ നിര്‍ദേശിക്കുന്ന, അങ്ങേയറ്റം വയലന്‍സ് നിറഞ്ഞ ഓണ്‍ലൈന്‍ കളികള്‍ക്കു പിന്നാലെയാണ് നാലും അഞ്ചും ക്ലാസുകളിലെ കുട്ടികള്‍ പോലും.

സ്‌ക്രീന്‍ അഡിക് ഷന്‍,  
ഗെയിമിങ് ഡിസോഡര്‍ 
ദൈനംദിന കാര്യങ്ങള്‍ പോലും മാറ്റിവച്ചു സ്ഥിരമായി ഗെയിം കളിച്ചു കൊണ്ടിരുന്നാല്‍ അത് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്ക് നയിക്കും. വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കും. ഇതിനെയാണ് ഗെയിമിങ് ഡിസോഡര്‍ എന്നു പറയുന്നത്. സ്‌ക്രീന്‍ അഡിക് ഷന്‍ ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്ക് അതുമായി ബന്ധപ്പെട്ട വിനോദങ്ങളിലേ  താല്‍പര്യമുണ്ടാവൂ. സമയപരിധിയില്ലാതെ കുട്ടികള്‍ ഈ ഉപകരണങ്ങള്‍ക്ക് മുന്‍പിലായിരിക്കും. ഇന്ത്യയില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അമിതമായി ഉപയോഗിക്കുന്ന 30% കുട്ടികളിലും കൗമാരക്കാരിലും സ്‌ക്രീന്‍ ഡിപെന്‍ഡന്‍സി ഡിസ്ഓര്‍ഡര്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

തലച്ചോറിനെ ബാധിക്കും
കുട്ടികളിലെ ഗെയിം ആസക്തി ലഹരികളെക്കാള്‍ ഭയാനകമാണ്. മൊബൈല്‍ ഗെയിമുകള്‍ക്ക് നമ്മുടെ തലച്ചോറിലെ ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. മൊബൈലിലൂടെ ഏതു മൂലയില്‍ ഇരുന്നും ആനന്ദം കണ്ടെത്താം. അത്തരം 'പ്ലഷര്‍ സീക്കിങ്' സ്വഭാവമാണ് മൊബൈല്‍ ആസക്തി വര്‍ധിപ്പിക്കുന്നത്. ദീര്‍ഘനേരം ഗെയിം കളിക്കുമ്പോള്‍ മനുഷ്യനില്‍ സന്തോഷത്തിന്റെ നിയന്ത്രണം വഹിക്കുന്ന ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പാട്ടു കേള്‍ക്കുമ്പോഴോ കൂട്ടുകാരോട് സംസാരിക്കുമ്പോഴോ രുചികരമായ ഭക്ഷണം കഴിക്കുമ്പോഴോ ഒക്കെയാണ് സാധാരണ ഡോപമിന്റെ അളവ് കൂടുക. ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാകുമ്പോള്‍ ഇതിന്റെ അളവ് വളരെ പെട്ടെന്ന് കൂടും. വലിയ സന്തോഷം തോന്നുകയും ചെയ്യും. പക്ഷേ ഉപയോഗിക്കാതെയിരിക്കുമ്പോള്‍ ഡോപമിന്റെ അളവ് വളരെ താഴുകയും മാനസിക അസ്വസ്ഥത, സങ്കടം, വെപ്രാളം എന്നിവ അനുഭവപ്പെടുകയും ചെയ്യും. ഇതോടെ വീണ്ടും ഗെയിമിന് അടിമപ്പെടും.

വിര്‍ച്വല്‍ വേള്‍ഡ്
 എത്രയോ ആളുകളെ സ്വാധീനിക്കുന്ന, എത്രയോ പേരുടെ ജീവനെടുത്ത അനേകം കുടുംബങ്ങളെയും രാജ്യങ്ങളെയും തങ്ങളുടെ വരുതിയില്‍ നിറുത്തുന്ന കോര്‍പ്പറേറ്റുകളാണ് ഈ വീഡിയോ ഗെയിം കമ്പനികള്‍. സൈബര്‍ലോകത്ത് വിജയികളെ മാത്രമേ നമുക്ക് കാണാനാവുന്നുള്ളൂ. മഹാഭൂരിപക്ഷം പരാജിതരെ നമ്മുടെ മുമ്പില്‍നിന്ന് അവര്‍ സമര്‍ഥമായി മറച്ചുവയ്ക്കുന്നു. പരസ്യങ്ങളിലൂടെ അത്തരം മെസ്സേജുകള്‍ നമ്മിലേക്ക് എത്തിക്കുന്നതിലും അവര്‍ വിജയിക്കുന്നു. മൊബൈല്‍ ഗെയിംസിലൂടെ കുട്ടികള്‍ ഒരു വിര്‍ച്വല്‍ വേള്‍ഡ് മെനഞ്ഞെടുക്കുകയാണ്. ആ ലോകത്ത് അവരാണ് നായകര്‍. മുമ്പില്‍ കാണുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറുന്ന അവര്‍ ഡ്രീം വേള്‍ഡ് സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിലാവും. അത്തരം ചിന്താഗതികള്‍ യഥാര്‍ഥ ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ഗെയിമുകള്‍ വില്ലനാകുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ മറുഭാഗത്ത് മനുഷ്യരല്ലെന്ന കാര്യം പലരും മറന്നുപോകുന്നു. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി നിര്‍മിച്ച ആപ്പുകളായിരിക്കും കളി നിയന്ത്രിക്കുക. ഇവരെ പരാജയപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്തുള്ള കളിയാണ് ലക്ഷങ്ങളുടെ നഷ്ട വരുത്തി വെക്കുന്നത്. കമ്പനികള്‍ ചില നിയമങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും വായിച്ചു നോക്കാതെയാണ് ആളുകള്‍ കളി തുടങ്ങുന്നത്.

ഇലക്ട്രോണിക് ഡ്രഗ്‌സ് 
ലോകാരോഗ്യ സംഘടനയും മനഃശാസ്ത്രജ്ഞരും ഓണ്‍ലൈന്‍ ഗെയിമുകളെ ഇലക്ട്രോണിക് ഡ്രഗ്‌സെന്ന ശ്രേണിയിലാണ് ഉള്‍പ്പെടുത്തുന്നത്. ഇന്ന് മാധ്യമ മേഖലയില്‍ ഏറ്റവുമധികം വളര്‍ച്ച ഉണ്ടാകുന്നതും വീഡിയോ ഗെയിമിലാണ്. 2019ല്‍ നിന്ന് 2021ലെ രണ്ടു വര്‍ഷത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായത്. കണക്കുകള്‍ പ്രകാരം ചൈനക്ക് തൊട്ടു പിന്നിലായി 42 കോടി കളിക്കാരുമായി ഓണ്‍ലൈന്‍ ഗെയിമിങില്‍ ഇന്ത്യ മുന്നിലാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ ശൈശവ ആത്മഹത്യ നടന്ന വര്‍ഷമാണ് 2020 324 പേര്‍. അതില്‍, കുട്ടികളെ ആത്മഹത്യാ മുനമ്പിലേക്കു നയിക്കുന്നതില്‍ പ്രധാന വില്ലനാണ് ഇന്റര്‍നെറ്റ് അഡിക് ഷന്‍. റമ്മി പോലുള്ളവയുടെ കുരുക്കില്‍ മുറുകി ജീവിതവും സ്വത്തും നഷ്ടപ്പെട്ട് രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം ആത്മഹത്യ ചെയ്തത് 20 പേരാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഹാക്കിങും സൈബര്‍ സുരക്ഷയും 
ചില ഗെയിമുകളിലൂടെ ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയും. നമ്മുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുക വഴി കുട്ടികളേയും കൗമാരക്കാരേയും പല രീതിയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനും പല തരത്തിലുള്ള ടാസ്‌കുകള്‍ ചെയ്യിപ്പിക്കാനും അവര്‍ക്ക് കഴിയും. ഓണ്‍ലൈനില്‍ വ്യാപകമായി സൗജന്യ ഗെയിമുകളുടെ ലിങ്കുകള്‍ മെസേജായോ പരസ്യമായോ ഇമെയില്‍ വഴിയോ നിങ്ങളെ തേടിയെത്തും. ഇത്തരത്തിലുള്ള ഗെയിമുകള്‍ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോണ്‍ നമ്പര്‍, പേര്, വയസ്സ്, ജനനത്തീയതി, ബാങ്ക് വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയെടുത്തേക്കാം. കൂടുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും വിജയികള്‍ക്ക് പ്രതിഫലമായി കോയിനുകളോ പോയന്റുകളോ നല്‍കും. ഇതിനായി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളായിരിക്കും അവര്‍ ആവശ്യപ്പെടുക. അതിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

തട്ടിപ്പിലേക്കുള്ള വഴി
ഇമെയില്‍ ഐഡി, പാസ് വേഡ് എന്നിവ ഹാക്കര്‍മാരിലെത്തിയാല്‍ പിന്നെ ഫോണിന്റെ നിയന്ത്രണം അയാളുടെ കൈകളിലാവും. ഫോണിലെ ചിത്രങ്ങള്‍, മറ്റു വിവരങ്ങളെല്ലാം അവര്‍ ചോര്‍ത്തിയെടുക്കും. വിലപേശി പണം ആവശ്യപ്പെടുകയോ ഫോണിലെ ഡേറ്റ മുഴുവന്‍ മായ്ച്ചു കളയുകയോ ചെയ്യും. സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കുട്ടികളുണ്ട്. മറുവശത്ത് മിക്കവാറും ആരാണെന്ന് അറിയുകയുമില്ല. ഇതിനിടെ സ്വന്തം ഗെയിം അക്കൗണ്ട് മറ്റൊരാള്‍ക്ക് വില്‍ക്കുന്നവരുണ്ട്. അതും ചിലപ്പോള്‍ വലിയ അപകടം സൃഷ്ടിക്കാറുണ്ട്. ലോഗിന്‍ പാസ് വേഡും മറ്റു വിവരങ്ങളും വാങ്ങിയയാള്‍ക്ക് കൈമാറേണ്ടിവരും.

പണം വായ്പ നല്‍കും ആപ്പുകള്‍
ഗെയിമുകളില്‍ അഡിക്റ്റായവര്‍ക്ക് പണം വായ്പ നല്‍കാനായി മൊബൈല്‍ ആപ്പുകളും നിരവധിയുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ധാരാളം ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളുണ്ട്. ഏഴു ദിവസം മുതല്‍ ആറു മാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 20 മുതല്‍ 40 വരെയുള്ള ശതമാനം കൊള്ളപ്പലിശയും 10 മുതല്‍ 25 ശതമാനം വരെ പ്രോസസ്സിംഗ് ചാര്‍ജും വരെ ഈടാക്കും. ആദ്യം സൗജന്യമായി കളിക്കാന്‍ അനുവദിക്കുന്ന രീതിയിലാണ് പല ഗെയിമുകളും തയ്യാറാക്കുന്നത്. തുടര്‍ച്ചയായി കളിച്ച് കുട്ടികള്‍ ഗെയിമുകളില്‍ ആകൃഷ്ടരാകുന്ന ഘട്ടങ്ങളില്‍ കമ്പനികള്‍ പണം ഈടാക്കിത്തുടങ്ങും. കളിയുടെ രസം കയറുമ്പോള്‍ അടുത്ത ഘട്ടം കളിക്കണമെങ്കില്‍ പണം ഓണ്‍ലൈനായി അടയ്ക്കണമെന്നാകും നിബന്ധന. പണത്തിനായി രക്ഷിതാക്കള്‍ അറിയാതെ അവരുടെ ആധാര്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അടക്കം കൈമാറിയാണ് പണം അക്കൗണ്ടിലേക്ക് വരുത്തുന്നത്. പണം തിരിച്ചുകിട്ടാന്‍ ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ വരുന്നതോടെ കുട്ടികള്‍ മാനസികമായി തകരും.

കൃത്യ സമയത്ത് 
കൗണ്‍സലിങ്ങ് വേണം 
ഒരാള്‍ക്ക് ഗെയിമിംഗ് ഡിസോഡര്‍ ഉണ്ടെന്ന് നിര്‍ണയിക്കുക അയാളെ നേരിട്ട് പരിശോധിച്ചതിനു ശേഷമാണ്. എത്രത്തോളം സമയം ഗെയിം കളിക്കാന്‍ ചെലവഴിക്കുന്നുണ്ട്, എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാവുന്നുണ്ട്... ഇവ വിലയിരുത്തണം. ഏതെങ്കിലും തരത്തിലുള്ള മറ്റു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍  ഉണ്ടോ എന്നും നോക്കണം.  ഗെയിമിംഗ് ഡിസോഡറിലേക്ക്  നയിക്കുന്ന വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കാരണങ്ങള്‍ കണ്ടെത്തുകയും വേണം. ഇവയൊക്കെ കണ്ടെത്തി പരിഹരിക്കുക ചികിത്സയുടെ ഭാഗമാണ്. ഒരു ദിവസം ഗെയിം കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അമിത ദേഷ്യം, തലവേദന, വിറയല്‍, വെപ്രാളം എന്നിവ കാണുന്നുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ചികിത്സ അത്യാവശ്യമാണ്. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാന്‍  മടിക്കരുത്.

തട്ടിപ്പില്ലാതെ ഗെയിമിങ് 
ആസ്വദിക്കാം
* ഓണ്‍ലൈന്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ശബ്ദസന്ദേശങ്ങളോ വെബ് കാമറയോ ഉപയോഗിക്കാതിരിക്കുക.
* ഓണ്‍ലൈന്‍ ഗെയിം വഴി പരിചയപ്പെട്ട വ്യക്തികളുമായി വ്യക്തിബന്ധം സ്ഥാപിക്കാതിരിക്കുക.
* പാസ് വേഡുകള്‍ ആരുമായും പങ്കുവെക്കാതിരിക്കുക.
* സ്വകാര്യവിവരങ്ങള്‍ മറ്റു കളിക്കാരുമായി പങ്കുവെക്കാതിരിക്കുക.
* ഒരു കാരണവശാലും നിങ്ങളുടെയോ മാതാപിതാക്കളുടെയോ ക്രെഡിറ്റ്?/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക.
* സൗജന്യ ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍നിന്ന് ഒരിക്കലും ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക.
* ദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ മുതിര്‍ന്നവരുമായോ രക്ഷാകര്‍ത്താക്കളുമായോ വിവരം പങ്കുവെക്കുക.
* മോശമായ പെരുമാറ്റമോ ഭീഷണിയോ നേരിടേണ്ടി വന്നാല്‍ റെക്കോര്‍ഡ് സൂക്ഷിക്കുകയും സൈബര്‍ സെല്ലില്‍ അറിയിക്കുകയും ചെയ്യുക.

ഗുണങ്ങളുമുണ്ട് ഏറെ
കുട്ടികളുടെ ശ്രദ്ധയും മറ്റു കഴിവുകളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളെ നമുക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
*വെറുതെ അടിയും ഇടിയും മാത്രമുള്ള വീഡിയോ ഗെയിമുകള്‍ക്കു പകരം എങ്ങനെ പൂന്തോട്ടം ഒരുക്കാം, നുറുങ്ങു പാചക വീഡിയോകള്‍, നല്ല ശീലങ്ങള്‍ എങ്ങനെ പഠിക്കാം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന വീഡിയോകള്‍ കാണിച്ചുകൊടുക്കാം.
*യൂട്യൂബും ബ്ലോഗിങ് പ്ലാറ്റ്‌ഫോമുകളും കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നുണ്ട്. 
*കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാമൂഹിക സ്വഭാവവും പഠനപ്രശ്‌നങ്ങളുള്ള കുട്ടികളില്‍ പഠനവൈദഗ്ധ്യവും മെച്ചപ്പെടുത്താന്‍ കഴിയും.
*തലച്ചോറിന്റെ വികാസത്തിനു സഹായിക്കുന്ന ഗെയിമുകളും പസിലുകളും നല്ലതാണ്. ഇടയ്ക്ക് സിനിമയും കാര്‍ട്ടൂണും കാണുന്നതിലും തെറ്റില്ല.
*ശരീരചലനങ്ങള്‍ കൂടി ആവശ്യമുള്ള വീഡിയോ ഗെയിമുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ യോഗ പോലുള്ള സ്മാര്‍ട്ട് ആപ്പുകള്‍ ആരോഗ്യകരമായ പെരുമാറ്റം സ്വീകരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കും.
* ശ്രദ്ധ, പ്രോബ്ലം സോള്‍വിങ് മുതലായ കഴിവുകള്‍ മെച്ചപ്പെടുന്ന തരത്തിലുള്ള സുഡോക്കു, സ്‌പെല്ലിങ് ക്വിസ്, ബ്രെയിന്‍ ഗെയിമുകളും ഉണ്ട്. അത്തരം ഗെയിമുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കാം.
ഡിജിറ്റല്‍ ഗെയിമുകള്‍
ടിവിയുടെ ഉപയോഗം കൂടിയ സമയത്താണ് പുതിയ തരത്തിലുള്ള വീഡിയോ ഗെയിമുകള്‍ വ്യാപകമാകുന്നത്. അതിനു ശേഷം കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള കളികള്‍. പിന്നീട് പ്ലേ സ്റ്റേഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ വന്നു. ഇങ്ങനെ ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ച് കളിക്കുന്ന കളികളെയാണ് ഡിജിറ്റല്‍ ഗെയിമുകള്‍ എന്നു പറയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വ്യാപകമായതോടെ ഡിജിറ്റല്‍ ഗെയിമുകള്‍ക്ക് വന്‍ പ്രചാരമുണ്ടായി.

ആരോഗ്യപ്രശ്‌നങ്ങള്‍
*പതിവായി രണ്ടു മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ സമയം ചെലവിടുന്ന 1000 കുട്ടികളില്‍ നടത്തിയ പഠനത്തില്‍ മാനസികവും ബുദ്ധിപരവുമായ വികാസത്തിനുള്ള കാലതാമസം, വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പഠനത്തകരാറുകള്‍, ഗ്രഹണശേഷി സംബന്ധിച്ച പ്രശ്‌നങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുമായി നേരിട്ട് ഇടപെടുമ്പോള്‍ ആര്‍ജിക്കാനാകുന്ന തരത്തിലുള്ള ശേഷികളൊന്നും, കംപ്യൂട്ടറിന്റെയോ സ്മാര്‍ട്ട് ഫോണിന്റെയോ സ്‌ക്രീനില്‍ കണ്ണുനട്ടുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്രം നടത്തുന്നവര്‍ക്ക് ലഭിക്കില്ല.
* ഹൈപ്പര്‍ ആക്റ്റിവിറ്റി (ഒരിടത്തും അടങ്ങിയിരിക്കാന്‍ പറ്റാത്ത അവസ്ഥ), പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ.
* പൂര്‍ണമായും ഉള്‍വലിഞ്ഞ അവസ്ഥ.
* പിടിവാശി, അമിതമായ ദേഷ്യം, ഇരിപ്പുറയ്ക്കാതെ ഉഴറി നടക്കുക.
* പൊണ്ണത്തടി, അസ്വസ്ഥമായ ഉറക്കം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍.
* അക്രമ സ്വഭാവം, മയക്കുമരുന്ന് ഉപയോഗം, സ്വയം ഉപദ്രവിക്കല്‍, ഉത്കണ്ഠ, വിഷാദം, ലൈംഗികതയെക്കുറിച്ച വികലമായ ധാരണ.
* അകാരണമായ ക്ഷീണം, വിശപ്പില്ലായ്മ, ഏകാഗ്രതക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതക്കുറവ്, നിരാശ, സങ്കടം.
* പഠന സംബന്ധമായ ബുദ്ധിമുട്ടുകള്‍.

മൊബൈല്‍ ഉപയോഗത്തിന് 'ആപ്പി'ടാം


കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ എംസ്‌പൈ(Mspy) പോലുള്ള ആപ്പുകള്‍ (ഇത് സൗജന്യമല്ല) ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം. അതുവഴി കുട്ടികള്‍ മൊബൈലില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അറിയാന്‍ സാധിക്കും. ഗൂഗിള്‍ ഫാമിലി ലിങ്ക് എന്ന ആപ്പാണ് മറ്റൊന്ന്. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിന്റെ പാരന്റ്‌സ് വേര്‍ഷന്‍ രക്ഷിതാക്കളുടെ ഫോണിലും ചൈല്‍ഡ് വേര്‍ഷന്‍ കുട്ടിയുടെ ഫോണിലുമായി ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുട്ടികള്‍ക്ക് ഏതൊക്കെ ആപ്പ്, ഗെയിം ഉപയോഗിക്കാം, അത് എത്ര സമയം ഉപയോഗിക്കാം എന്നുള്ളത് രക്ഷിതാക്കള്‍ക്ക് സെറ്റ് ചെയ്യാനാകും. കുട്ടി പുതിയതായി ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ പോലും രക്ഷിതാക്കളുടെ ഫോണില്‍ നിന്ന് പെര്‍മിഷന്‍ നല്‍കേണ്ടതായി വരും. സമയപരിധി സെറ്റ് ചെയ്ത് നല്‍കുന്നതിനാല്‍ ആ സമയങ്ങളില്‍ മാത്രമേ ഫോണ്‍ അണ്‍ലോക്ക് ആയിരിക്കുകയുള്ളൂ. സമയം കഴിഞ്ഞാല്‍ ഫോണ്‍ ലോക്കാവും.

മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍

s    ഗെയിം കളിക്കാന്‍ കൃത്യമായ സമയം നിര്‍ണയിക്കുകയും, കളിക്കുന്ന ഗെയിമുകള്‍, ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍, ഇന്റര്‍നെറ്റില്‍ പരതുന്ന കാര്യങ്ങളെല്ലാം പരിശോധിച്ച് പ്രായത്തിനനുസരിച്ചുള്ള ഘടകങ്ങള്‍ മാത്രമാണോ അതിലുള്ളതെന്ന് ഉറപ്പു വരുത്തണം.
s    ഉറങ്ങാന്‍ കിടക്കുന്ന സമയത്തിലും ഉണരുന്ന സമയത്തിലും കൃത്യത പാലിക്കുക.
s    ഗെയിമിംഗ് ഡിസോഡര്‍ ലെവലിലേക്ക് പോകുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കുക. അത്തരത്തിലുള്ള ഒരു സ്വയം നിരീക്ഷണത്തിന് കുട്ടികളെയും പ്രാപ്തരാക്കുക.
s    കുട്ടികളുമായി ദിവസവും അരമണിക്കൂറെങ്കിലും സമയം ചെലവഴിക്കുക.
s    ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുന്‍പ് രക്ഷിതാക്കള്‍ അവ ചെയ്യുന്നുണ്ടോ എന്നുറപ്പിക്കുക.
s    ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരിക്കലും ഫോണ്‍ ബലമായി വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
s    ഏതു പ്രായത്തിലുള്ള കുട്ടികളായാലും വീട്ടിലെ എല്ലാ കാര്യങ്ങളിലും അവരെയും പങ്കാളികളാക്കുക.
s    വിരസതയും ചില നേരം നല്ലതിനാണ്. ആ സമയത്ത് കുട്ടികളെ അവരുടേതായ ലോകത്തേക്ക് വിടുക. വിരസമായ സമയങ്ങളില്‍ കുട്ടികള്‍ അവരുടേതായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരുമ്പോള്‍, അത് അവരുടെ ഭാവന വികസിപ്പിക്കാനുള്ള അവസരവുമാകും.
s    എല്ലാ കാര്യങ്ങളിലും 'യെസ്' പറയാതെ അത്യാവശ്യം കാര്യങ്ങളില്‍ കര്‍ശനമാവാം. 'നോ' കേട്ടു ശീലിക്കാന്‍ അവരെ പ്രാപ്തരാക്കുക. സ്ഥിതി മാറുന്നില്ലെങ്കില്‍ സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ സഹായം തേടുക.
s    കുട്ടികള്‍ക്കു മൊബൈല്‍ പോലെയുള്ളവ കാണാനുള്ള സമയം തുടക്കത്തില്‍ത്തന്നെ നിയന്ത്രിക്കണം. മൂന്നു വയസ്സു മുതല്‍ എട്ടുവയസ്സു വരെയുള്ള കുട്ടികള്‍ക്ക്  ദിവസം അരമണിക്കൂര്‍ മതി. അതിനു മുകളില്‍ കൗമാരപ്രായം വരെയുള്ളവര്‍ക്ക് ഒരു മണിക്കൂര്‍.
 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top