ജിം അറ്റാച്ഡ് പള്ളി

ഹഫീദ് നദ് വി കൊച്ചി No image

യൂറോപ്പില്‍ പലയിടങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്ന നിലയിലാണ് പള്ളികള്‍ കേന്ദ്രീകരിച്ച് ആരാധനകള്‍ നടക്കുന്നത്. തുര്‍ക്കിയിലെ ചില പള്ളികള്‍ക്കുള്ളില്‍ വ്യായാമത്തിനും മാനസിക ഉന്മേഷത്തിനുമുള്ള പ്രത്യേക മുറികളുള്ളത് തുര്‍ക്കി സന്ദര്‍ശിച്ചവരില്‍ നിന്ന് നേരിട്ട് കേട്ടിട്ടുണ്ട്. അമേരിക്കയിലെയും പള്ളികളില്‍ ഇത്തരം സൗകര്യങ്ങള്‍ സാധാരണമാണ്. യൂറോപ്പിലെ പ്രശസ്ത പള്ളികളുടെ വെബ്‌സൈറ്റില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം: 'ഞങ്ങളുടെ പള്ളിയുടെ ജിമ്മിലേക്ക് സ്വാഗതം. വൈകുന്നേരം, ഞങ്ങളുടെ ജിമ്മില്‍ വിവിധ വിനോദ പരിപാടികളും വ്യായാമങ്ങളും സംഘടിപ്പിക്കുന്നു. ഹോക്കി, ബാസ്‌ക്കറ്റ് ബോള്‍, ബാറ്റിംഗ്, വോളിബോള്‍ തുടങ്ങിയവയാണ് നടക്കുന്നത്. പരമ്പരാഗത വ്യായാമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ആധുനിക ഉപകരണങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്ന  ജിംനേഷ്യം പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു.'
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം ജിമ്മുകളുള്ള ഹൈദരാബാദിലെ മസ്ജിദ് മുസ്തഫാ എന്ന മുസ്ലിം പള്ളിയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസ്ജിദിനുള്ളില്‍ ജിം സൗകര്യം ഒരുക്കുന്നതോ, മസ്ജിദിന്റെ ഒരു മുറി വ്യായാമത്തിനായി നീക്കിവെക്കുന്നതോ, അല്ലെങ്കില്‍ നമസ്‌കാര ശേഷം പള്ളിക്കുള്ളില്‍ ചെറിയ വ്യായാമം ചെയ്യുന്നതോ അനുവദനീയം മാത്രമല്ല, ചില സാഹചര്യങ്ങളില്‍ അത് അഭികാമ്യവും പ്രതിഫലദായകവുമായ പ്രവൃത്തിയാണ്.
മുസ്ലിം സമുദായം ഇപ്പോഴും സാമ്പത്തികമായി പിന്നാക്കമാണ്. മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പലപ്പോഴും ജിംനേഷ്യമോ കളിസ്ഥലങ്ങളോ ഇല്ല. ഭാരിച്ച തുക ഫീസായി നല്‍കി ജിമ്മുകളില്‍ പോവുന്നവര്‍ കുറവാണ്.
സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ അവസരമോ പ്രോത്സാഹനമോ കിട്ടാറില്ല. അവര്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. മിക്ക സ്ത്രീകളും ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദം, മുട്ടുവേദന തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് അടിമകളാകുന്നു. ഇത്തരം പ്രദേശങ്ങളില്‍ വേണ്ടുവോളം സൗകര്യവും സാധ്യതകളുമുണ്ടായിട്ടും ഇങ്ങനെയൊരു ചിന്ത നടക്കാത്തതുകൊണ്ടാണ് ഹൈദരാബാദിലെ 'സീഡ്', 'ഹെല്‍പിംഗ് ഹാന്റ്' എന്നീ എന്‍.ജി.ഒകള്‍ വിപ്ലവാത്മകമായ സംരംഭവുമായി മുന്നോട്ട് വന്നിട്ടുള്ളത്. പള്ളികളില്‍ വരുന്നവരുടെ വ്യായാമം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ പ്രായമായവരുടെയും കുട്ടികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ആരോഗ്യം നന്നായി പരിരക്ഷിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് റാബിഅ ക്ലിനിക്.  വെല്‍ഫയര്‍ പാര്‍ട്ടി സജീവ പ്രവര്‍ത്തകയായ ഖാലിദ പര്‍വീന്‍ ഇതിന്റെ മുന്നിലുണ്ട്.
മറ്റു ജിമ്മുകളില്‍ മുഴു സമയവും സംഗീതം മുഴങ്ങുന്നതും, കര്‍ട്ടന്‍ അറേഞ്ച് ചെയ്യാത്തതും, ഇന്‍സ്ട്രക്ടര്‍മാര്‍ കൂടുതലും പുരുഷന്മാരായതും കാരണം പല ജിംനേഷ്യങ്ങളിലും മുസ്ലിം സ്ത്രീകളെ വളരെ വിരളമായേ കാണാറുള്ളൂ. ഈയൊരു സാഹചര്യത്തിലാണ് ജിംനേഷ്യം തുടങ്ങണമെന്ന ആശയവുമായി ചില സഹോദരിമാര്‍  ഭാരവാഹികളെ സമീപിച്ചത്. വിശാലമായ പള്ളികളുള്ളപ്പോള്‍ അയല്‍പക്കത്തുള്ള മറ്റേതെങ്കിലും വിജന സ്ഥലം എന്തിന് അതിനായി വിനിയോഗിക്കണം എന്ന ചോദ്യമാണ് അവരാദ്യം ഉയര്‍ത്തിയത്.  പരമാവധി അമ്പതു മിനിറ്റു മാത്രമാണ് പല പള്ളികളും സജീവമായി പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ള സമയം അടഞ്ഞു കിടക്കുന്ന സിമന്റ് കൂടാരങ്ങളാവരുത് പള്ളികളെന്ന നിര്‍ബന്ധ ബുദ്ധിയാണ് ഈ ജിംനേഷ്യത്തിന്റെ ഇന്ധനമായി വര്‍ത്തിച്ചത്. പള്ളിയോട് ചേര്‍ന്ന് ജിംനേഷ്യം തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും പള്ളികളില്‍ വരാന്‍ തുടങ്ങി. മറ്റൊരു പ്രധാന നേട്ടം, നിസ്സാരമല്ലാത്ത സാമ്പത്തിക നേട്ടം പള്ളിക്കു മാസവരിയായി ലഭിക്കുന്നു എന്നതാണ്. ആ തുക തൊട്ടടുത്തുള്ള റാബിഅ ക്ലിനിക്കില്‍ വരുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സക്ക് ഉപയോഗിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  ധീര യുവാക്കളുടെ ഇത്തരം സംരംഭങ്ങളെക്കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സുഊദി അറേബ്യയിലെ അന്നത്തെ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നു ബാസ് നല്‍കിയ ഒരു ഫത്‌വ ശ്രദ്ധേയമാണ്. ഇത്തരം പരിശീലനങ്ങള്‍ ഇസ്ലാമിനും ഇസ്ലാമിക സമൂഹത്തിനും പ്രയോജനകരമാകുന്നിടത്തോളം  കുഴപ്പമൊന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നബി (സ)  അബ്‌സീനിയയില്‍ നിന്നു വന്ന പോരാളികള്‍ക്ക് അനുമതി നല്‍കിയതും അവര്‍ പരിചകളും കുന്തങ്ങളുമായി പള്ളിയില്‍ കളിച്ചതും ആയുധങ്ങളുമായി പള്ളിക്ക് ചുറ്റും നടന്നതും അത് നബി (സ) കുടുംബ സഹിതം  കണ്ടിരുന്നതിനും തെളിവുണ്ട് എന്നും
പള്ളിയുടെ പരിശുദ്ധിയെ ഇല്ലാതാക്കുന്ന ഒന്നും ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നുമാണ് ഫത്‌വയിലുള്ളത്.
ജോര്‍ദാനിലെ സര്‍ഖ നഗരത്തിലെ വലിയ പള്ളിയിലെ ജിംനേഷ്യവുമായി ബന്ധപ്പെട്ട് നടന്ന ചോദ്യോത്തരങ്ങളും ആഗോള പണ്ഡിതന്മാര്‍ അതിനനുകൂലമായി നല്‍കിയ  ഫത്‌വകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഹൈദരാബാദിലെ മസ്ജിദ് മുസ്ത്വഫയില്‍ സ്ത്രീകള്‍ക്ക് വ്യായാമ പരിശീലനം നല്‍കുന്ന വിദഗ്ധരായ വനിതകളുണ്ട്. പരിസരത്തെ  സ്ത്രീകള്‍ക്കിടയില്‍ വ്യാപകമാവുന്ന രോഗങ്ങളെക്കുറിച്ച ആശങ്കകള്‍ അകറ്റുകയാണ് ജിമ്മിന്റെ ലക്ഷ്യം. ജിമ്മില്‍ ഫിറ്റ്‌നസ് കണ്‍സള്‍ട്ടന്റുമാരും ഡോക്ടര്‍മാരും ഉണ്ട്. രാജേന്ദ്രനഗറിലെ മഹ്‌മൂദ് വാലിയിലാണ് ഈ ജിം അറ്റാച്ഡ് പള്ളി.
ആരോഗ്യമുള്ള തലമുറ രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെ ഉറപ്പാണ്. പ്രാര്‍ഥനാ വേളകളില്‍ മാത്രം ആളനക്കമുള്ള ഇടങ്ങളാവരുത് ആരാധനാ കേന്ദ്രങ്ങള്‍. അതുകൊണ്ട്, ഇത്തരമൊരു പരിപാടി നമ്മുടെ പള്ളികളിലോ, അധിക സമയവും അടഞ്ഞുകിടക്കുന്ന മദ്‌റസകളിലോ ആരംഭിച്ചാല്‍, അത് തീര്‍ച്ചയായും സമുദായത്തിന്  സേവനവും പള്ളിക്കും മദ്‌റസക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സാമ്പത്തികമായി ഗുണവുമായിരിക്കും. പ്രായമായവരും കുട്ടികളും സ്ത്രീകളും പള്ളി/ മദ്‌റസകളുമായി ബന്ധപ്പെടാനും ആരോഗ്യരംഗത്ത് മാറ്റം കൊണ്ടുവരാനും ഇത് പ്രേരണയാവുമെന്നതിന്  മഹ്‌മൂദ് മസ്ജിദ് തെളിവാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top