ആരാമം വഴികാട്ടി, അര്‍ബുദം അത്ഭുതങ്ങള്‍ക്ക് വഴി മാറി

എം.പി സൈനബ ടീച്ചര്‍ No image

2017 ഡിസംബര്‍. വിശപ്പില്ലായ്മ അനുഭവപ്പെട്ടു. വീടിനടുത്തുള്ള ഹോസ്പിറ്റലില്‍ കാണിച്ചു. വലിയ മാറ്റം തോന്നിയില്ല. അതിനിടയില്‍ മകള്‍ക്കും മോനും കൂട്ടായി ഹൈദരാബാദിലേക്കും ബോംബെയിലേക്കും പോകേണ്ടിവന്നു. വിമാന യാത്രയിലുടനീളം വയറിന് അസ്വസ്ഥത. ഭക്ഷണം കഴിച്ചാല്‍ ഉടനെ ബാത്ത്‌റൂമില്‍ പോകാനുള്ള തോന്നലാണ്. യാത്ര കാരണമാവാം എന്നു കരുതി. തിരിച്ചു നാട്ടിലെത്തിയപ്പോഴും മാറ്റമില്ല. മലത്തില്‍ രക്തം കാണുകയുമുണ്ടായി.
ആയിടക്ക് വീട്ടില്‍ വരാറുള്ള 'ആരാമം' മാസികയില്‍ (2018 ഫെബ്രുവരി) ഡോ. നളിനി ജനാര്‍ദനന്‍ എഴുതിയ, വന്‍കുടലിലെ കാന്‍സറിനെ പറ്റിയുള്ള ഒരു ആരോഗ്യ ലേഖനം ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്രൊഫസറെ കണ്ട് അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സ്‌കാനിംഗും കൊളനോസ്‌കോപ്പി ടെസ്റ്റും ചെയ്തു.
വീട്ടുകാരും ഡോക്ടറും എന്തൊക്കെയോ ഗൗരവത്തില്‍ സംസാരിക്കുന്നു. എന്തോ വലിയ അസുഖത്തിന്റെ കരവലയത്തിലായി എന്ന തോന്നല്‍ വല്ലാതെ അലട്ടി. നന്നായി കരഞ്ഞു. മക്കളും ഭര്‍ത്താവും കൂടെ നിന്നതായിരുന്നു സമാധാനം.
തുടര്‍ ചികിത്സ എം.വി.ആറിലായിരുന്നു. 55 വയസ്സുള്ള എന്നെ ടെസ്റ്റുകള്‍ മാനസികമായി പിരിമുറുക്കാന്‍ തുടങ്ങിയിരുന്നു. സി.ടി സ്‌കാന്‍, എം.ആര്‍.ഐ, ബ്ലഡ് ടെസ്റ്റുകള്‍... ഓരോന്നായി ഞൊടിയിടയില്‍ നടന്നു. ഗ്രേഡ് ത്രീ ആണെന്നും, റേഡിയേഷനും കീമോയും പിന്നെ മേജര്‍ ഓപ്പറേഷനും വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനിയൊരു മടക്കയാത്ര സ്‌കൂളിലേക്കില്ല എന്നുറപ്പിച്ചപോലെയായിരുന്നു എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയത്. 
കാര്യമായ ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ജീവിച്ച എനിക്ക് 55ാം വയസ്സിലാണ് കാന്‍സര്‍ പിടിപെട്ടത്.
ആദ്യ റേഡിയേഷന്‍ സമയം ഭര്‍ത്താവ് ബഷീര്‍ക്കയും മകന്‍ ജുമാനുമാണ് കൂടെയുണ്ടായിരുന്നത്. റേഡിയേഷന്‍ കേട്ടറിവു മാത്രമുണ്ടായിരുന്ന എനിക്ക് ആധിയായിരുന്നു. നീലനിറത്തിലുള്ള  യൂണിഫോമണിഞ്ഞ് ഊഴവും കാത്തിരുന്നു. വ്യത്യസ്ത കാന്‍സര്‍ ബാധിച്ചവര്‍ ചുറ്റിലുമുണ്ട്. ഞാനും ഒരു കാന്‍സര്‍ രോഗിയാണ് എന്ന ബോധ്യം വരുന്നത് അന്നാണ്. എന്റെ  ഊഴമെത്തി. റേഡിയേഷന് മുമ്പേ സ്റ്റാഫ് ഓര്‍മിപ്പിച്ചു: 'ഇപ്പോഴുള്ള വെയിറ്റ് കുറയാതെ നോക്കണം.' റേഡിയേഷന്‍ റൂമില്‍ ചെന്നപ്പോള്‍ അവരുടെ ആശ്വാസവാക്കുകള്‍ എനിക്ക് ഏറെ സന്തോഷം നല്‍കി.   അഞ്ചോളം റേഡിയേഷന്‍ കഴിഞ്ഞു. വേദനാജനകമല്ലാത്ത, ശാരീരിക അസ്വസ്ഥതകള്‍ ഇല്ലാത്ത പ്രക്രിയയാണ് റേഡിയേഷന്‍. 
പിന്നീടുള്ള ദിവസങ്ങള്‍ കീമോ തെറാപ്പിയുടേതായിരുന്നു. ശേഷമുള്ള ഒരാഴ്ചക്കാലം കടുത്ത ക്ഷീണം, വായക്കൊട്ടും രുചിയുമില്ല. പുണ്ണുപോലെ വരികയും വെള്ളം പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായി. 10 കിലോ ശരീരഭാരം കുറഞ്ഞു. ഞാന്‍ മെലിഞ്ഞു തുടങ്ങി. പ്രസരിപ്പ് ചോര്‍ന്നു. മുടി കൊഴിഞ്ഞു. അഞ്ച് കീമോ കഴിഞ്ഞപ്പോഴേക്കും ഒരു കാന്‍സര്‍ രോഗിയുടെ എല്ലാ അടയാളങ്ങളും ശരീരം കാണിച്ചു തുടങ്ങി. മരുന്നിന്റെ കാഠിന്യവും കൈ നിറയെ സൂചി കയറ്റിയ കറുത്ത പാടുകളും മനസ്സിന്റെ പ്രയാസം ഇരട്ടിപ്പിച്ചു.
ആശുപത്രിയിലേക്കുള്ള യാത്ര കാറിന്റെ പിന്‍സീറ്റില്‍ കിടന്നുകൊണ്ടായിരുന്നു. എല്ലാ പിന്തുണയും ശക്തിയും പകര്‍ന്ന് ഒട്ടും മടുപ്പില്ലാതെ ബഷീര്‍ക്കയും മക്കളും കൂടെയുണ്ടായിരുന്നു. അല്‍പനേരമെങ്കിലും കാന്‍സര്‍ രോഗിയാണെന്ന കാര്യം മറക്കാന്‍ എന്നെ അത് കുറച്ചൊന്നുമല്ല സഹായിച്ചത്. പക്വത കൊണ്ടും ആശ്വാസവാക്കുകള്‍ കൊണ്ടും എന്റെ അധ്യാപകരായി മക്കള്‍. വഴികാട്ടിയായും പ്രാര്‍ഥനയായും ധനമായും ഭര്‍ത്താവും. അതൊക്കെ തന്നെയാവും, രോഗി നന്നായി മരുന്നിനോട് പ്രതികരിച്ചു എന്ന് ഡോക്ടര്‍ പറഞ്ഞത്.
ഓപ്പറേഷന്‍ തീരുമാനിച്ചതിന്റെ തലേ ദിവസം അഡ്മിറ്റ് ആയി. ഭക്ഷണമോ വെള്ളമോ ഇല്ലാതെ നീല യൂണിഫോമില്‍ നിര്‍വികാരയായി സമയം കാത്തു കിടന്നു. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം കിടന്ന കട്ടിലില്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക്. ബോധം തെളിഞ്ഞപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്: അരയില്‍ ഒരു ബാഗ്. ടോയ്‌ലെറ്റില്‍ പോകുന്നത് ഒഴിവാക്കാനായിരുന്നു അത്. ഇരുന്നും കിടന്നും ഞാന്‍ അറിയാതെ വിസര്‍ജനം നടത്തി, അരയില്‍ മലം നിറഞ്ഞ ബാഗ് വല്ലാതെ അസ്വസ്ഥയാക്കി. യാത്രയില്‍ ഇത് വളരെ നല്ലതാണെന്നും വിദേശികള്‍ സാധാരണയായി സ്വകാര്യാര്‍ഥം ഉപയോഗിക്കാറുണ്ടെന്നും മക്കളുടെ സരസമായ വാക്കുകള്‍ ആശ്വാസം നല്‍കി.
റോസ് ടോപ്പും നീല പാന്റ്‌സും ഇട്ട ചുറുചുറുക്കുള്ള, എപ്പോഴും ചിരിക്കുന്ന മുഖമുള്ള നഴ്‌സുമാര്‍. മക്കള്‍ മലം നിറഞ്ഞ ബാഗ് കൈകാര്യം ചെയ്തപ്പോള്‍ ഞാന്‍ അസ്വസ്ഥയായി. ഞങ്ങള്‍ക്കിതു നിങ്ങളുടെ മുഖത്ത് നോക്കുന്ന പോലെയാണെന്നും എല്ലാവരിലും ഉള്ള സംഭവം തന്നെയല്ലേ... തുടങ്ങിയ സ്‌നേഹവാക്കുകള്‍. ഒരു ഉമ്മക്ക് ഒരായുസ്സില്‍ ചെയ്തു കൊടുക്കേണ്ട കാര്യങ്ങള്‍, കടമകള്‍ ചുരുങ്ങിയ കാലം കൊണ്ട് അവര്‍ ചെയ്തു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയല്‍പക്കക്കാരുമാണ് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ഊര്‍ജം നല്‍കിയത്.
നാല് മാസത്തിനു ശേഷം മോഷന്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള ഓപ്പറേഷന്‍ നടന്നു. നമ്മുടെ ശരീരം, അതിന്റെ പ്രവര്‍ത്തനം... എത്ര മനോഹരവും അത്ഭുതകരവുമായാണ് സംവിധാനിക്കപ്പെട്ടത്് എന്നോര്‍ത്ത് പോവുന്ന നിമിഷമായിരുന്നു അത്. അതിനു ശേഷം നാല് കീമോ കൂടി കഴിഞ്ഞു. ആശുപത്രിയിലേക്കുള്ള പോക്കും വരവും അഡ്മിറ്റും ഡിസ്ചാര്‍ജും തുടര്‍ ചികിത്സകളും ഒന്നും മുടങ്ങാതെ നടന്നു. രണ്ടും മൂന്നും ആഴ്ചകള്‍ക്കു ശേഷമുള്ള തുടര്‍ പരിശോധനകള്‍ പിന്നീടങ്ങോട്ട് രണ്ട്, മൂന്ന്, പിന്നെ നാല് മാസങ്ങളില്‍ മതി എന്ന രീതിയിലായി.
ശാരീരികവും മാനസികവുമായി പ്രയാസം ഉണ്ടാക്കുന്ന ഒന്നാണ് കൊളനോസ്‌കോപ്പി. രാവിലെ അഞ്ചു മണിക്ക് ഒരു കട്ടന്‍ ചായ കുടിച്ചാല്‍ പിന്നീട് ഒന്നും കഴിക്കാന്‍ പറ്റില്ല. ഹോസ്പിറ്റലില്‍നിന്ന് ഒരു ജഗ്ഗ് നിറയെ മരുന്ന് ചേര്‍ത്ത വെള്ളവും വേറൊരു ജഗ്ഗില്‍ നിറയെ ഇളം ചൂട് വെള്ളവും തരും. അത് രണ്ടു മണിക്കൂറിനുള്ളില്‍ പതിയെ പതിയെ കുടിച്ചു തീര്‍ക്കുമ്പോഴേക്ക് വയര്‍ ഇളകിത്തുടങ്ങും. കുടലും വയറും വൃത്തിയാക്കാനാണിത് ചെയ്യുന്നത്. പിന്നീട് എത്രയോ തവണ ടോയ്‌ലെറ്റിലേക്കുള്ള ഓട്ടമാണ്. രണ്ടോ മൂന്നോ അടി വെച്ചാല്‍ എത്തുന്ന ടോയ്‌ലെറ്റിലെത്താന്‍ പറ്റാതെ നാലോ അഞ്ചോ തവണ ഡ്രസ്സ് മാറേണ്ട അവസ്ഥ. എന്നെപ്പോലുള്ള രോഗികള്‍ ക്ഷമ കൊണ്ട് മാത്രം പിടിച്ചുനിന്ന പരീക്ഷണങ്ങളില്‍ ഒന്നാവാം ഇത്. പിന്നീട് കൊളനോസ്‌കോപ്പി പരിശോധനയാണ്. ട്യൂബ് മലദ്വാരത്തിലൂടെ കടത്തിവിട്ട് സ്‌ക്രീനില്‍ നോക്കി പരിശോധിക്കുന്നു. അതിനിടയില്‍ സംശയം തോന്നി ബിയോപ്‌സിക്ക് അയച്ചതും റിസള്‍ട്ട് വന്നു ഡോക്ടറെ കാണുന്നതു വരെയുള്ള ആ ഒരാഴ്ച മനസ്സ് തീ തിന്നതും റിസള്‍ട്ടു വാങ്ങി വന്ന മകന്‍ 'നോ സിഗ്‌നിഫിക്കന്റ് റിമാര്‍ക്‌സ്' എന്ന് പറഞ്ഞതും തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്. നാലു വര്‍ഷമായി. ഇപ്പോഴും തുടര്‍ പരിശോധനകള്‍ നടക്കുന്നു. ഡോക്ടര്‍ ദീപക് ദാമോദരന്റെയും പ്രശാന്ത് പരമേശ്വരന്റെയും കുറ്റമറ്റ പരിശോധനകളും ഇടപെടലുകളും എന്റെ പൂര്‍ണ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാക്കി. പഴയ പോലെ ചെറിയ യാത്രകളും ആഘോഷ പരിപാടികളും സന്തോഷങ്ങളുമായി ഞാന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു; ദൈവാനുഗ്രഹം.
കാന്‍സര്‍, എനിക്ക് ബാധിച്ചത് കുടലിലും മലദ്വാരത്തിലുമായിരുന്നു. ചെറുതും വലുതുമായ രോഗങ്ങള്‍ക്കിടയില്‍ കാന്‍സറാണെന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ വിധിയെഴുതും... അത് അവസാന വാക്കെന്ന്. മനോധൈര്യവും ശാസ്ത്ര സഹായവും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനവും എല്ലാറ്റിനുമപ്പുറം ദൈവാനുഗ്രഹവും ഉണ്ടായാല്‍ തീര്‍ച്ചയായും ഈ മാരക രോഗത്തെ അതിജീവിക്കാം. 'പ്രാര്‍ഥന നല്ല ഒരായുധമാണ്' എന്ന് അക്ഷരാര്‍ഥത്തില്‍ തെളിയിച്ച ഒന്നായിരുന്നു എന്റെ രോഗവിമുക്തി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top