എന്തുകൊണ്ട് 'ആരാമം?'

കെ.കെ ശ്രീദേവി No image

കേരള യൂനിവേഴ്സിറ്റി കാമ്പസില്‍ ജേര്‍ണലിസത്തിന് പഠിച്ചുകൊണ്ടിരുന്ന ഞാന്‍, റിസല്‍ട്ടറിയുന്നതിന്റെ തലേന്നാളാണ് 'കേരളകൗമുദി ന്യൂസ് സര്‍വീസി'ല്‍ ചേരുന്നത്. എറണാകുളം എം.ജി റോഡിലെ ഓഫീസില്‍ ജോലി ചെയ്യവെ ഒരിക്കല്‍ 'കലാകൗമുദി' തിരുവനന്തപുരം ഓഫീസിലെ മാനേജര്‍, എറണാകുളം കേരളകൗമുദി ഓഫീസിലെ അഡ്വര്‍ടൈസിംഗ് മാനേജരെ കാണാന്‍ വന്നു. അദ്ദേഹം അഡ്വര്‍ടൈസിംഗ് മാനേജര്‍ പ്രതാപന്‍ സാറിനോട്, 'കെ.കെ ശ്രീദേവിക്ക് തിരുവനന്തപുരം കലാകൗമുദി ഓഫീസിലേക്ക് വരാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കുക. എം.പി നാരായണ പിള്ളയുടെ ചുമതലയില്‍ 'ട്രയല്‍' എന്നൊരു പ്രസിദ്ധീകരണം കലാകൗമുദി ഗ്രൂപ്പ് ആരംഭിക്കുന്നുണ്ട്. കോഴിക്കോട് കേരള കൗമുദിയില്‍നിന്ന് ഇ.എം അഷ്റഫിനെയും പ്രസാദ് ലക്ഷ്മണനെയും പി.സി അശോക് കുമാറിനെയും ക്ഷണിച്ചിട്ടുണ്ട്. ഈ അഞ്ച് പേരുടെ ടീമിന് 'ട്രയലി'ല്‍ മാത്രമല്ല, ഫിലിം മാഗസിനിലും കലാകൗമുദിയിലും എഴുതാനാകും' എന്ന് അറിയിച്ചു. കരിയറിലെ ഉയര്‍ച്ചയെ ഏതൊരു ജേര്‍ണലിസ്റ്റും സ്വാഗതം ചെയ്യുക സ്വാഭാവികമാണല്ലോ. കേട്ടപ്പോള്‍ സന്തോഷം തോന്നി. അമ്മയോട് വിവരം പറഞ്ഞശേഷം തിങ്കളാഴ്ച ജോയിന്‍ ചെയ്യാമെന്ന് ഞാന്‍ എഡിറ്റര്‍ എം.എസ് മണി സാറിനോട് ഫോണ്‍ ചെയ്തറിയിച്ചു. അങ്ങനെ, ഞാന്‍ തിരുവനന്തപുരത്തേക്ക് മാറി. തിരുവനന്തപുരം ബിഷപ് ഹൗസിന് സമീപമുള്ള കന്യാസ്ത്രീകള്‍ നടത്തുന്ന വിമന്‍സ് ഹോസ്റ്റലില്‍ (വര്‍ക്കിംഗ് വിമന്‍സിനും, സ്റ്റുഡന്‍സിനുമായുള്ള ഹോസ്റ്റലില്‍) താമസിച്ച് ജോലി ചെയ്യാന്‍ തുടങ്ങി. ഓഫീസ് ടൈം രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ ആയിരുന്നു. സുരക്ഷിതമായ അന്തരീക്ഷം. നിരവധി ഫീച്ചറുകള്‍ ചെയ്യാനുള്ള അവസരം ലഭിച്ചു. കറസ്പോണ്ടന്റ് ആയിരുന്നതുകൊണ്ട് ഔട്ട് ഡോര്‍ വര്‍ക്കുകളായിരുന്നു ധാരാളമായുണ്ടായിരുന്നത്. ഒരു വ്യക്തിയുടെ മാനസിക വളര്‍ച്ചക്ക് ആര്‍ട്ട് ഓഫ് ഇന്റര്‍വ്യൂയിംഗ് ഉപകരിക്കുമെന്ന തിയറി എന്നെ സംബന്ധിച്ചേടത്തോളം അര്‍ഥവത്തായിരുന്നു; ഉപകാരപ്രദവും.
പ്രഫഷന്‍, പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിരവധി സുഹൃത്തുക്കളെ നേടിത്തന്നു. അവരുടെയൊക്കെ ഉപദേശ നിര്‍ദേശങ്ങള്‍ ഉയര്‍ച്ചയുടെ പടവുകളില്‍, വഴികാട്ടിയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സുപ്പീരിയര്‍ ഓഫീസറായ എം.പി നാരായണപ്പിള്ള എന്നോട് മലയാറ്റൂര്‍ രാമകൃഷ്ണനെക്കണ്ട് അദ്ദേഹം ട്രയലിന് വാഗ്ദാനം ചെയ്ത നോവല്‍ മുടങ്ങാതെ കിട്ടണമെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ ലക്കവും ഞാന്‍ തന്നെ പോയി കളക്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഞാനൊന്ന് ആലോചിച്ചു. എല്ലാ ആഴ്ചയിലും ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാന്‍ പോകുന്നതു കണ്ടാല്‍, തിരുവനന്തപുരത്തെ ജനങ്ങള്‍ കാര്യമറിയാതെ ഊഹാപോഹങ്ങളുമായി, അപവാദം പ്രചരിപ്പിച്ചെന്നിരിക്കും. ഞാനാകട്ടെ അവിവാഹിത. നാട്ടില്‍നിന്നകന്ന് ഹോസ്റ്റലില്‍ താമസിക്കുന്നു. ദുഷ്പ്പേരുണ്ടായാല്‍, സ്ഥാപനത്തിന് മാത്രമല്ല, വ്യക്തിപരമായി എന്റെ കുടുംബാംഗങ്ങളെയും ബാധിക്കും. ഞാന്‍ പ്രസാദ് ലക്ഷ്മണനോട് സംസാരിച്ചു: 'നോക്കൂ, എം.പി നാരായണപ്പിള്ളയുടെ ബോംബെയല്ലിത്. തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത്, ഒരാള്‍ മലബാറില്‍നിന്ന് വണ്ടിയിറങ്ങിയാല്‍, തിരുവനന്തപുരത്തുകാര്‍, 'നിന്റയച്ഛന്‍ ഇപ്പോഴും രാമന്‍ നായര് തന്നെയാ?' എന്ന ചോദ്യമാണ് ചോദിക്കുക എന്നൊരു വര്‍ഗീയ ചിന്ത തന്നെ തിരുവനന്തപുരത്തെക്കുറിച്ചു പ്രചാരത്തിലുണ്ട.് അതുകൊണ്ടുതന്നെ ഗോസിപ്പ് കോളങ്ങളിലെ നായികയാകുവാന്‍ ഞാന്‍ മുന്നിട്ടിറങ്ങേണ്ടതില്ല എന്നെനിക്ക് തോന്നി. ലോകം മാറ്റിമറിക്കുവാന്‍ നമുക്കാവില്ല. പക്ഷെ അവനവന്റെ സുരക്ഷിതത്വം, സല്‍പ്പേര് ഇവയൊക്കെ കുറച്ചൊക്കെ നമ്മുടെ കൈയിലും ബാക്കി ദൈവാധീനവുമാണ്. സുപ്പീരിയര്‍ ഓഫീസര്‍ എന്ന നിലയില്‍ എം.പി നാരായണപ്പിള്ളക്ക്, ''മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍ പ്യൂണ്‍ പോയി കളക്ട് ചെയ്യട്ടെ. ഞാന്‍ വേണമെങ്കില്‍ അദ്ദേഹത്തെ 'ഇന്റര്‍വ്യൂ ചെയ്യാം'' എന്ന മറുപടി ഇഷ്ടപ്പെട്ടില്ലെങ്കിലോ? എന്തുകൊണ്ടദ്ദേഹം നിശ്ശബ്ദനായിരിക്കുന്നു എന്നൊക്കെ ഓര്‍ത്ത് ഏതായാലും ഞാനാ പ്യൂണ്‍ പണി ചെയ്ത് ദുഷ്പേര് സമ്പാദിക്കേണ്ടതില്ല എന്ന് നിശ്ചയിച്ച് രാജിക്കത്തെഴുതി മാനേജിംഗ് എഡിറ്ററായ എം.എസ് മണിയുടെ മേശപ്പുറത്തു കൊണ്ടുവെച്ചു. 'സോറി സര്‍, കേരളത്തിന് വലിയ സാംസ്‌കാരികോന്നതിയൊന്നും വന്നിട്ടില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ടുതന്നെ ശ്രീ എം.പി നാരായണപ്പിള്ളയുടെ അസ്സൈന്‍മെന്റ് എനിക്ക് ധിക്കരിക്കേണ്ടി വന്നിരിക്കുന്നു. തുടര്‍ന്ന് ജോലി ചെയ്യുവാന്‍ താല്‍പര്യമില്ല' എന്ന് അറിയിച്ച് ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി.  നിസ്സാര കാര്യമായിരിക്കാം. 'ഈഗോ'യുടെ പ്രശ്നമായി വ്യാഖ്യാനിക്കാം... എന്തും ആയിക്കോട്ടെ, വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകള്‍ മാനിക്കുക തന്നെ എന്ന് ഞാന്‍ നിശ്ചയിച്ചു. എന്നെ 'ആരാമ'ത്തിനുവേണ്ടി ശിപാര്‍ശ ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ സഹായം അവസരോചിതമായി എന്ന് തോന്നി. അങ്ങനെ, 'ആരാമ'ത്തില്‍ (സബ് എഡിറ്ററായി) ജോലി ചെയ്യുമ്പോഴാണ് എനിക്ക് ജേര്‍ണലിസം എജുക്കേഷന്‍ ട്രസ്റ്റിന്റെ ഫെല്ലോഷിപ്പ് ലഭിക്കുന്നത്.
'ഇന്റര്‍വ്യൂ' തിരുവനന്തപുരം പ്രസ് ക്ലബ്ബിലായിരുന്നു. ഇന്റര്‍വ്യൂവിന്, ശാന്തപുരത്തുനിന്ന് തിരുവനന്തപുരത്തെത്തിയ ഞാന്‍ 'എസ്.എച്ച് സേവാനികേതന്‍ വര്‍ക്കിംഗ് വിമന്‍സ്' ഹോസ്റ്റലിലായിരുന്നു താമസിച്ചത്. ഇന്റര്‍വ്യൂ രാവിലെ പതിനൊന്നിന് കഴിഞ്ഞ് ഹോസ്റ്റലില്‍ വിശ്രമിക്കവേ, ഏകദേശം പതിനെട്ട് വയസ്സുള്ള ഒരു പയ്യന്‍ എന്നെ കാണാനെത്തിയിരിക്കുന്നുവെന്ന് ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീ പറഞ്ഞു. ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോള്‍ ഓര്‍ത്തത്, 'അമ്മയോട് മാത്രമേ ഞാനാ ഹോസ്റ്റലിലാണ് താമസിക്കുക എന്നറിയിച്ചിട്ടുള്ളൂ; പിന്നെ ആരാണാവോ സന്ദര്‍ശകന്‍' എന്ന അത്ഭുതമായിരുന്നു. എന്നെ കണ്ടപ്പോള്‍ ആ കുട്ടി പറഞ്ഞു: ''മേം, ഞാന്‍ പ്രസ് ക്ലബ്ബില്‍ നിന്നാണ.് ഫെല്ലോഷിപ്പ് മേഡത്തിനാണെന്നറിയിക്കുവാന്‍ സര്‍ അറിയിച്ചു. ഈ ഓട്ടോയില്‍ത്തന്നെ ക്ഷണിച്ചുകൊണ്ടുവരാനാണ് നിര്‍ദേശം. നാലുമണിക്ക് പ്രസ് കോണ്‍ഫ്രന്‍സുണ്ട്.'' അത്ഭുതമോ വെറും വാക്കോ? ഞാനൊന്ന് സങ്കോചിക്കാതിരുന്നില്ല. ''കുട്ടി പൊയ്ക്കോളൂ. മറ്റൊരു ഓട്ടോയില്‍ ഞാനെത്തിക്കോളാം. തിരുവനന്തപുരം എനിക്കപരിചിതമല്ല.'' ഞാനവനോട് പറഞ്ഞു. ആ കുട്ടി പോയിക്കഴിഞ്ഞശേഷം ഹോസ്റ്റലില്‍ തന്നെയുള്ള ഫസ്റ്റ് ഫ്ളോറിലെ ചാപ്പലില്‍ കയറി, ഞാന്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചു ''ദൈവമേ കേട്ടത് വിശ്വസിക്കട്ടെ? ഏതായാലും പ്രസ് ക്ലബ്ബിലേക്ക് പോയി നോക്കുന്നു. തുണയ്ക്കണേ.''
പ്രസ്സ് ക്ലബ്ബില്‍ നാലാവാന്‍ അഞ്ച് മിനിറ്റുള്ളപ്പോള്‍ ഞാനെത്തി. എന്നെയും കാത്തിരിക്കുന്ന പ്രഗത്ഭ പത്രപ്രവര്‍ത്തകന്‍ മിസ്റ്റര്‍ ടി.ജെ.എസ് ജോര്‍ജ്, എക്കോണമിസ്റ്റ് ഡോക്ടര്‍ കെ.എന്‍ രാജ്, മാതൃഭൂമിയുടെ ദല്‍ഹി ലേഖകന്‍ മിസ്റ്റര്‍ വി.കെ മാധവന്‍കുട്ടി എന്നിവരെയാണ് ഞാന്‍ കണ്ടത്. അവര്‍ക്കഭിമുഖമായി എഴുപതോളം പത്രപ്രവര്‍ത്തകര്‍. ദൂരദര്‍ശന്‍ ലേഖകനുള്‍പ്പെടെ. ഞാന്‍ ചെന്ന് എനിക്കായി ഒഴിച്ചിട്ട കസേരയിലിരുന്നു. എന്നെ പത്രലേഖകര്‍ക്ക് പരിചയപ്പെടുത്തുന്ന കര്‍ത്തവ്യം മിസ്റ്റര്‍ ടി.ജെ.എസ് ജോര്‍ജെന്ന, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ലീഡ് റൈറ്റര്‍ ഏറ്റെടുത്തു. പിന്നീട് പത്രലേഖകരിലൊരാളായ 'ദേശാഭിമാനി'യുടെ ലേഖകന്‍ മിസ്റ്റര്‍ ഏഴാച്ചേരി രാമചന്ദ്രന്‍ ആണെന്നാണെന്റെ ഓര്‍മ, എന്നോട് 'കലാകൗമുദി' പോലുള്ള പ്രസ്റ്റീജിയസ്സ് പബ്ലിക്കേഷനില്‍നിന്ന് 'ആരാമ'ത്തിലേക്ക് പോകാന്‍ കാരണമെന്ത്? എന്ന് ചോദിക്കുകയുണ്ടായി. ഞാന്‍,  പറഞ്ഞു: 'ഒരാള്‍ മാതൃഭൂമിയിലായാല്‍ വിവരമുള്ളവനും തനിനിറത്തിലായാല്‍ (തനിനിറം എന്ന പേരില്‍ ഒരു പ്രശസ്ത മഞ്ഞപ്പത്രമിറങ്ങിയിരുന്നു; ഇപ്പോള്‍ പ്രസിദ്ധീകരണം നിലച്ചു) വിവരമില്ലെന്നും അര്‍ഥമില്ലല്ലോ. അനീതിക്കെതിരെ, അന്ധവിശ്വാസത്തിനെതിരെ, അശ്ലീലതക്കെതിരെ നിലകൊള്ളുന്ന ഒരു പ്രസിദ്ധീകരണം. വായന അറിവാണ്, അറിവാണ് ആയുധമാക്കേണ്ടത് എന്ന സ്ലോഗന്‍. അങ്ങനെയൊരു പ്രസിദ്ധീകരണമായ ആരാമത്തില്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ എന്തുകൊണ്ടും അഭിമാനമായി കരുതുന്നു.''
എന്റെ സംസാരം കേട്ടപ്പോള്‍ പ്രഗത്ഭ പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് ഇപ്രകാരം സംസാരിച്ചു 'നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായല്ലോ ഇരുപത്തിമൂന്ന് പത്രപ്രവര്‍ത്തകരില്‍നിന്ന് എന്തുകൊണ്ട് ഈ നാഷനല്‍ ഫെല്ലോഷിപ്പിന് ഇവരെ തെരഞ്ഞെടുത്തെന്ന്. ആര്‍ക്ക് വേണമെങ്കിലും ഇനിയും ചോദ്യങ്ങള്‍ ഉന്നയിക്കാം.' പത്രലേഖക സദസ്സ് നിശ്ശബ്ദമായി. പത്രസമ്മേളനം അവസാനിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ജേര്‍ണലിസം എജുക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളായ പ്രഗത്ഭരും പ്രശസ്തരുമായ മൂന്നുപേരും എഴുന്നേറ്റു. തുടര്‍ന്ന് ഞാനും മറ്റു പത്രപ്രവര്‍ത്തകരും. ദൂരദര്‍ശന്റെ മലയാളം ചാനലിന്റെ പ്രക്ഷേപണം അന്ന് തിരുവനന്തപുരത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി ഏഴരക്കുള്ള വാര്‍ത്തയില്‍ ദൂരദര്‍ശന്‍ ഫെല്ലോഷിപ്പിന്റെ അനൗണ്‍സ്മെന്റ് നടത്തുകയുണ്ടായി. പ്രസ്തുത വാര്‍ത്ത കണ്ട ആശാപോള്‍ (ആശ, കേരള കൗമുദി എറണാകുളം ബ്യൂറോയില്‍ എന്റെ സഹപ്രവര്‍ത്തകയായിരുന്നു) എന്നോട് 'ദൂരദര്‍ശന്‍ വാര്‍ത്തയില്‍ തന്റെ ഫോട്ടോ കണ്ടിരുന്നു' എന്ന് പിന്നീട് കോഴിക്കോട് ആരാമം ഓഫീസില്‍ വെച്ച് സംസാരിക്കുകയുണ്ടായി. ഞാനപ്പോള്‍ എനിക്കെഴുതാറുള്ള കത്തുകളില്‍, സദാ ആയുസ്സും ഐശ്വര്യവും നേരാറുള്ള വൈക്കം മുഹമ്മദ് ബഷീറിനെയാണ് ഓര്‍ത്തത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍, പ്രാര്‍ഥന എല്ലാം നിധിപോലെ ഞാന്‍ സൂക്ഷിക്കുന്നു. അദ്ദേഹം എനിക്കയച്ച അനേകം കത്തുകളില്‍ രണ്ട് കത്തു മാത്രം വായനക്കാരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു: ''ഏതൊരു വ്യക്തിയുടെ വളര്‍ച്ചയിലും വഴികാട്ടിയാവുന്നവര്‍ പലരായിരിക്കും. മാതാപിതാക്കള്‍, ഗുരുക്കള്‍, വിദ്യാഭ്യാസ കാലത്തെ സഹോദരങ്ങള്‍ എന്നിവരെ മറന്നല്ല  സംസാരിക്കുന്നത്, ജീവിതം ധന്യമായിരിക്കട്ടെ'' എന്ന പ്രാര്‍ഥനയോടെ വൈക്കം മുഹമ്മദ് ബഷീര്‍ എനിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ ഫോട്ടോയും വായനക്കാരുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top