ഉമര്‍

സഈദ് ഹാഫിസ് No image

അന്ന് രാവ് നന്നേ നിശ്ശബ്ദമായിരുന്നു. ചന്ദ്രന്‍ ഏതോ ഗ്രീഷ്മമേഘത്തിന് പിറകില്‍ ഒളിച്ചിരിപ്പുണ്ട്. നിലാവില്‍ ഉമറിന്റെ ഇരുള്‍നിറഞ്ഞ പുഞ്ചിരി അദൃശ്യമായി കാണാം. അവന്റെ കനം കുറഞ്ഞ കാലടികള്‍ നിശ്ശബ്ദതയുടെ സംഗീതത്തിന് അയവുവരുത്തി. ഉമറും കുടുംബവും നാല്‍പ്പത്തെട്ട് മുതല്‍ പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്പിന്റെ മുകളിലൂടെ രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഹെലിക്കോപ്റ്റര്‍ അടുത്തുവന്നുകൊണ്ടിരുന്നു. പരിചിതമായിത്തീര്‍ന്ന ടാങ്കറിന്റെ ശബ്ദം ഇനി തനിക്കുറക്കമില്ലെന്ന് അവന്റെ കാതില്‍ മന്ത്രിച്ചു. ഉമര്‍ തിടുക്കത്തോടെ കാക്കി ധരിച്ച്, പൊടിപിടിച്ച തോക്കും തുടച്ചുകൊണ്ട് വീടിന് പുറത്തേക്ക് പാഞ്ഞു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഒരു നിമിഷം വാതില്‍പടിയില്‍ നിശ്ചലനായിക്കൊണ്ട് അവന്‍ കണ്ണുകള്‍ ഇടത്തോട്ടും വലത്തോട്ടും പായിച്ചുനോക്കി. ഒടുവില്‍, ക്യാമ്പിന്റെ ചുമരിലെ പോസ്റ്ററുകളില്‍, അനശ്വരനായി നില്‍ക്കുന്ന തന്റെ സുഹൃത്തിന്റെ ചിത്രത്തില്‍ ഉമറിന്റെ കണ്ണുകളുടക്കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അവന്‍ കൊല്ലപ്പെടുന്നത്. അവന്റെ വെള്ളാരങ്കണ്ണുകള്‍ ഉമറിനെ എപ്പോഴും സാന്ത്വനിപ്പിക്കുമായിരുന്നു... ഹെലിക്കോപ്റ്റര്‍ അകന്നപ്പോള്‍ രാത്രിയുടെ നിശ്ശബ്ദത വീണ്ടും കനത്തു.
അധികം വൈകാതെ സഅദും അവനോടൊപ്പം ചേര്‍ന്നു. ഇരുവരും കൂടി ഒരു ഓറഞ്ച് തോട്ടത്തിലേക്കാണ് ആദ്യം പ്രവേശിച്ചത്.
'ഞാന്‍ മുമ്പില്‍ നടന്നോളാം'  സഅദ് ശാഠ്യം പിടിച്ചു.
ചുറ്റും സൈനികരില്ലെന്ന് ഉറപ്പുവരുത്തി ഉമര്‍ സഅദിനെ പിന്തുടര്‍ന്നു.
'ഈ സ്ഥലം സേഫായിരിക്കും. നമുക്കാ നടുവിലുള്ള ബില്‍ഡിങ്ങിനടുത്തേക്ക് പോകാം... അവിടന്ന് കാര്യങ്ങളെല്ലാം ഒന്നുകൂടെ വ്യക്തമായി കാണാന്‍ പറ്റിയേക്കും...' ഉമര്‍ മന്ത്രിച്ചു.
അവര്‍ നില്‍ക്കുന്ന പുല്ലിന് എന്തെന്നില്ലാത്ത ഉന്മേഷമുള്ളതായി ഉമറിന് തോന്നി. അഹന്ത വിടാതെ മുമ്പില്‍ തടസ്സം നില്‍ക്കുന്ന ചില്ലകളെ വകഞ്ഞുമാറ്റി മുമ്പോട്ടു പോകുമ്പോഴുണ്ടാകുന്ന നേരിയ ഞരക്കം മാത്രമേ അവിടം കേള്‍ക്കാനുള്ളൂ. പെട്ടെന്ന് സഅദ് നടത്തം നിര്‍ത്തി തന്റെ തോക്ക് പരിശോധിച്ചു. ഉമറും അതുകണ്ട് തന്റെ തോക്ക് പരിശോധിക്കാന്‍ തുടങ്ങി. ഒരു നിമിഷത്തേക്ക് അവര്‍ക്കിടയില്‍ വീണ്ടും നിശ്ശബ്ദതയുടെ പ്രളയം വന്നുനിറഞ്ഞു. പക്ഷേ, ഇപ്രാവശ്യം നിശ്ശബ്ദതയോടൊപ്പം കടന്നുവന്ന മരണത്തിന്റെ ഗന്ധവും അവര്‍ തിരിച്ചറിഞ്ഞു. കാര്യങ്ങളെല്ലാം വ്യക്തമായിക്കഴിഞ്ഞു. ആ നിശ്ശബ്ദത കൃത്രിമമായിരുന്നു. ഭാഗികമായ ഒരു നോട്ടമെറിയുകയല്ലാതെ പരസ്പരം എന്തെങ്കിലും ഉരുവിടാനുള്ള സമയം പോലും അവര്‍ക്ക് ലഭിച്ചില്ല. ആ കെട്ടിടത്തില്‍ നിന്ന് അവര്‍ക്കു നേരെ വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ഉമര്‍ വെടിയേറ്റ് നിലത്തുവീണു.
'ഉമര്‍...! നിലത്ത് കിടക്ക്...!' അവിശ്വസനീയതയോടെ സഅദ് ആര്‍ത്തു.
കൂടുതല്‍ വെടിയുണ്ടകള്‍ സീല്‍ക്കാരത്തോടെ അവരെ കടന്നുപോയി.
ഉമറിന്റെ ജീവിതം ഒരു മിന്നായം പോലെ അവന്റെ മുമ്പില്‍ തെളിഞ്ഞുവന്നു. വാത്സല്യനിധിയായ ഉപ്പയാല്‍ കൊഞ്ചിക്കപ്പെടുന്ന ഒരു ബാലനായി, ഉമ്മ തന്ന ചില്ലറത്തുട്ടുകള്‍  വാശിയോടെ വലിച്ചെറിയുന്ന ഒരു വിദ്യാര്‍ഥിയായി, കൂട്ടുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധങ്ങള്‍ നയിച്ച സമരനായകനായി, സ്വാതന്ത്ര്യത്തിനായി പാട്ടുകള്‍ പാടിയ ഗായകനായി, ഒടുവില്‍ ഒരു പോരാളിയായി...
പ്രസവ വാര്‍ഡിലേക്ക് നയിക്കുന്ന പൊടിപിടിച്ച  ഇടുങ്ങിയ ഇടനാഴിയില്‍ അവന്റെ രക്ഷിതാക്കളെ  അഭിനന്ദിക്കാന്‍ വന്നുനിന്ന ബന്ധുക്കളുടെ തിരക്കായിരുന്നു. ജനനത്തിന് മാസങ്ങള്‍ക്കുമുമ്പ്, കര്‍ഫ്യു കാലത്തുള്ള ഒരു കുടുംബസദസ്സില്‍ വെച്ചാണ് അബൂ ഉമര്‍ അവന്റെ പേര് പ്രഖ്യാപിക്കുന്നത്.  
'ഉപ്പ, ഏട്ടന്റെ ആദ്യ മകന്റെ പേര് നിങ്ങള്‍ക്ക് ശേഷമല്ലേ ഇട്ടത്?—ഇബ്രാഹീം, ഞങ്ങളെ എല്ലാവരെയും ഒരേ സമയം ഇബ്രാഹീമിന്റെ വാപ്പയെന്ന് (അബൂ ഇബ്രാഹീം) വിളിക്കുന്നത് ശരിയല്ലല്ലോ? അതുകൊണ്ട് ഞാനവനെ ഉമര്‍ എന്ന് പേരിടാന്‍ പോവുകയാണ്, ഒരേ സമയം കരുണയും കടുപ്പവും നിറഞ്ഞത്.' അബൂ ഉമര്‍ പ്രഖ്യാപിച്ചു.
പരമ്പരാഗതമായി ഉമറിന് പേരിട്ടത് തനിക്കു ശേഷമല്ലെങ്കിലും അവന്റെ വല്യുപ്പ അതില്‍ തൃപ്തനായിരുന്നു. പേരിനോടുള്ള ഭര്‍ത്താവിന്റെ അഭിനിവേശത്തെ ഭാര്യയും എതിര്‍ത്തില്ല. ഒടുവില്‍, ഉമര്‍ ജനിച്ചു വീണപ്പോള്‍ അവനെ കുളിപ്പിക്കാനായി എടുത്തുകൊണ്ടുപോയത് വല്യുമ്മയാണ്. അതും ഒരു ആചാരമായിരുന്നു.
'നിന്നെ ഞാന്‍ ഫലസ്ത്വീനിനായി നല്‍കുന്നു. ചുറുചുറുക്കുള്ള യുവാവായി എനിക്ക് നിന്നെ കാണണം. വഴിയില്‍ കാണുന്ന ഇസ്‌റാഈല്‍ സൈനികരെ നീ അവഗണിച്ചേക്കുക. ഇനി, നിന്നോടവര്‍ ശണ്ഠ കൂടുകയാണെങ്കില്‍ നോക്കിനില്‍ക്കരുത്, പൊരുതുക. നാഥന്‍ നിന്നെ തുണക്കട്ടെ.' ഇസ്‌റാഈല്‍ അധീനത്തിലുള്ള അതിര്‍ത്തിയില്‍ നിന്ന് യാത്രകഴിഞ്ഞ് തിരിച്ചെത്തിയ ഉപ്പ ഉറങ്ങാന്‍ നേരം ഉമറിന് പറഞ്ഞുകൊടുത്തു.
അഭയാര്‍ഥി ക്യാമ്പിലെ ഒരു തകരവീട്ടിലായിരുന്നു ഉമ്മയും കുഞ്ഞു ഉമറും ആ കര്‍ഫ്യൂ കാലത്ത് കഴിഞ്ഞിരുന്നത്. ഒരിക്കല്‍, പുറത്ത് റോന്തു ചുറ്റുന്ന അഞ്ച് സൈനികര്‍ അവര്‍ സഞ്ചരിച്ചിരുന്ന വണ്ടി തടഞ്ഞു. വിശദമായ പരിശോധനക്ക് ശേഷമാണ് ബ്ലോക്ക് 'എ'യിലേക്ക് അവരെ കടത്തിവിട്ടത്. നാല്‍പതുകളില്‍ ബ്രിട്ടീഷുകാര്‍ പണിത ഒരു ജയിലിന് ശേഷമാണ് ആ കവാടത്തിന് ബ്ലോക്ക് 'എ' എന്ന പേര് വന്നത്.
'നിന്റെ മടിയിലെന്താണ്?' കവാടത്തില്‍ കാവല്‍ നില്‍ക്കുന്ന ഇസ്‌റാഈലി സൈനികന്‍ ഈര്‍ഷ്യയോടെ ചോദിച്ചു.
'എന്റെ കുഞ്ഞ്'  ഉമ്മു ഉമര്‍ പറഞ്ഞു.
സൈനികര്‍ക്ക് നേരെ, കൈയിലൊതുങ്ങുന്നതെന്തും വലിച്ചെറിയുന്നതില്‍ പേരുകേട്ട കുട്ടികളുള്ള നാട്ടിലേക്കാണ് വീണ്ടുമൊരു കൈക്കുഞ്ഞുമായി ആ ഉമ്മ കടന്നുചെന്നത്.
'ഒരുനാള്‍ മടങ്ങും, ഞങ്ങള്‍ നാട്ടിലേക്ക്...' സൈനികന്‍ കേള്‍ക്കാനെന്ന വണ്ണം ഡ്രൈവര്‍ പുക ഊതിവിട്ടുകൊണ്ട് ഫൈറൂസിന്റെ വരികള്‍ ചൊല്ലി.
രണ്ടാമത്തെ വെടിയുണ്ടയും ഉമറിന്റെ ശരീരത്തില്‍ തുളച്ചുകയറി.
'ഒന്നു മതിയാക്ക്...നിങ്ങളുടെ ഉമ്മകള്‍ അവനെ ശ്വാസം മുട്ടിക്കുന്നു.' കുഞ്ഞ് കരയാറാകുമ്പോള്‍ ഉമ്മു ഉമര്‍ പരാതി പറയും.
'എനിക്കവനോടുള്ള സ്‌നേഹം അളവറ്റതാണ്. അത് ദിനവും കൂടുകയല്ലാതെ കുറയുന്നില്ല!' കുഞ്ഞിനെ കെട്ടിപ്പിടിച്ചുകൊണ്ട് അബൂ ഉമര്‍ മറുത്തുപറയും.
നിശ്ശബ്ദത മുറ്റിനിന്ന ഒരു പൗര്‍ണമി രാത്രിയില്‍, തങ്ങള്‍ക്കു നേരെ കല്ലെറിയുന്ന കുട്ടികളെ അന്വേഷിച്ച് ഒരു കൂട്ടം സൈനികര്‍ ഉമറിന്റെ മുറിയിലേക്ക് പാഞ്ഞുകയറി. ചന്ദ്രനെ വെളുത്ത ബലൂണായി സങ്കല്‍പിച്ച് കിടക്കുന്ന ഉമറിനെ സൈനികരുടെ കണ്ണില്‍പെടാതെ ഉമ്മ ചേര്‍ത്തുപിടിച്ചു; ചിറകിനടിയില്‍ തന്റെ കുഞ്ഞിനെ ചേര്‍ത്തണക്കുന്ന തള്ളക്കോഴിയെപ്പോലെ. അവരൊരിക്കലും ഉമറിനെ ഒരു പോരാളിയായി സങ്കല്‍പിച്ചിട്ടില്ലായിരുന്നു. കാരണം, അവരെപ്പോഴും തോക്കിനെ വെറുത്തിരുന്നു. ഭയവിഹ്വലമായ കുട്ടിക്കാലത്ത് അവനെ സാന്ത്വനിപ്പിക്കാനെന്നവണ്ണം ഉമ്മ പാടുമായിരുന്നു:
'കുഞ്ഞുമോനേ ഉറങ്ങുറങ്ങ്... പുന്നാരമോനേ ഉറങ്ങുറങ്ങ്...'
കാലം തിരിയവേ അംഗങ്ങളും ഇടുക്കവും ഒരുപോലെ വര്‍ധിച്ച വീട്ടില്‍, വെടിമരുന്ന് മണക്കുന്ന കാറ്റിനെക്കാള്‍ വേഗത്തില്‍ ഉമര്‍ വളര്‍ന്നു. അഞ്ചാം വയസ്സില്‍ നഴ്‌സറിയിലേക്കുള്ള വഴിയില്‍ തന്നെ എന്നും പേടിപ്പിച്ചിരുന്ന അതേ പട്ടാളക്കാരാണ് ഇന്നും തന്റെ ജീവിതം കീഴ്‌പ്പെടുത്തിയിരിക്കുന്നതെന്ന് ഉമര്‍ തിരിച്ചറിഞ്ഞു. തന്റെ വിസ്മയിപ്പിക്കുന്ന ശബ്ദം അവന് കുറെ കൂട്ടുകാരെ നല്‍കി. പ്രതിഷേധ പരിപാടികളില്‍ അവന്‍ പരിചയപ്പെട്ട ചില പോരാളികളുമുണ്ടായിരുന്നു അവയില്‍. ഒടുവില്‍, നിരന്തരമായി റെയ്ഡ് ചെയ്യപ്പെടുന്ന തന്റെ ക്യാമ്പിനെ പ്രതിരോധിക്കാനായി അവരുടെ കൂടെച്ചേരാന്‍ അവന്‍ തീരുമാനിച്ചു.
മൂന്നാമത്തെതും അവസാനത്തേതുമായ വെടിയുണ്ട അനായാസം ഉമറിന്റെ ശരീരത്തില്‍ തുളച്ചുകയറി.
'ഉമ്മാ, അവര്‍ നമ്മുടെ സ്ത്രീകളെയും കുട്ടികളെയും കൊന്നുതള്ളുമ്പോള്‍ എനിക്ക് നോക്കിനില്‍ക്കാനാവില്ല. ആ പട്ടാളക്കാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ എനിക്കൊരു എ.കെ 47 വേണം! അതെന്റെ കടമയാണ്.' ഉമര്‍ ആവശ്യപ്പെട്ടു.
മകന്റെ തീരുമാനത്തെ ഉമ്മു ഉമറിനും അതിജയിക്കാനായില്ല. അവന്‍ കൊല്ലപ്പരീക്ഷയ്ക്ക് നന്നായി പഠിക്കണമെന്നതായിരുന്നു അവരുടെ പൂതി.
'ഈയൊരു കൊല്ലം കൂടി നീ നന്നായി പഠിക്ക്. എന്നിട്ട് വേണമെങ്കില്‍ കുറച്ച് കാലത്തേക്ക് പഠനം നിര്‍ത്താം.' മകന്‍ പഠനത്തില്‍ ശ്രദ്ധിക്കാനായി ഉമ്മ പറഞ്ഞുനോക്കി.
'അഭിമാനം കൊണ്ട് ആകാശം മുട്ടേ തല പൊക്കാന്‍ കഴിയുന്ന ഒരു സര്‍ട്ടിഫിക്കറ്റ് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പായിട്ടും കൊണ്ടുവന്നു തരും, പോരേ?' ഉമ്മയെ തൃപ്തിപ്പെടുത്താനെന്നവണ്ണം അവന്‍ മറുത്തു ചോദിക്കും.
രക്തത്തില്‍ കുതിര്‍ന്നിരിക്കേ, താനെപ്പോഴും പാടാറുണ്ടായിരുന്ന ആ ഇഷ്ടഗാനം ഉമറിന്റെ മനസ്സില്‍ വന്നുനിറഞ്ഞു.
'എന്നുമ്മയെന്റെ വിരിപ്പുമൊരുക്കി.
തുകല്‍ നിറച്ചോരു തലയിണയേകി.
ആനന്ദമേകുവാന്‍ റബ്ബിനോടേകി.
മിന്നിടും വൈരംപോല്‍ നിന്‍ വധുവിതാ...'
അവസാനമായി തന്റെ വീട്ടുകാരെയൊന്നു വിളിക്കാന്‍ ഉമര്‍ ഒരു വിഫലശ്രമം നടത്തിനോക്കി. ഇല്ല, കഴിയുന്നില്ല. വെടിയുണ്ടകള്‍ അപ്പോഴും ചീറിക്കൊണ്ടേയിരുന്നു, മഴക്കുശേഷം മരുഭൂമി പൂക്കും പോലെ അവര്‍ക്കു ചുറ്റും ചുടുചോര പൂത്തുനിന്നു. ഉമര്‍ തന്റെ തല മെല്ലെ വലത്തോട്ടു ചരിച്ചുനോക്കി. തല പൂഴ്ത്തി, നിശ്ചലനായി സഅദ് നിലത്ത് കിടക്കുന്നു. തന്റെ ശക്തിയെല്ലാം സംഭരിച്ച് ഉമര്‍ സഅദിന് നേരെ കൈനീട്ടി. എന്നാല്‍, അതിനും മുമ്പ് ആ കൈകള്‍ താഴെ വീണു.
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top