എന്നെ ചേര്‍ത്തുപിടിച്ച നാട്

ഫെമിന ഹനീഫ്/ ഫൗസിയ ഷംസ് No image

കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയ വാസ്‌കോ ഡ ഗാമയെന്ന പേരിന്റെ കൂടെയാണ് ആദ്യമായി പോര്‍ച്ചുഗല്‍ എന്ന നാടിനെക്കുറിച്ച് കേട്ടത്. ഇന്നാ നാടിന്റെ ഭാഗമായി ജീവിക്കുമ്പോള്‍ ഒത്തിരി ഇഷ്ടമാണാ നാടിനോടും നാട്ടാരോടും. യാത്രകളിഷ്ടപ്പെട്ട ഭര്‍ത്താവിനോടൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലും പോയെങ്കിലും എവിടെയെങ്കിലുമൊന്ന് താമസിച്ച് ആ നാടിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചപ്പോള്‍ ഒട്ടും സംശയിച്ചില്ല, അത് പോര്‍ച്ചുഗല്‍ തന്നെയാവട്ടെ എന്ന്. ആ ചിന്ത വെറുതെയായില്ലെന്ന് ഓരോ ദിവസവും അനുഭവപ്പെടുകയാണ്.
22 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷമാണ് പോര്‍ച്ചുഗലിനെ ജീവിത യാത്രകള്‍ക്കിടയില്‍ മനസ്സോടു ചേര്‍ത്തുവെച്ചത്. ലോകം ഇസ്‌ലാമോഫോബിക് ആയിക്കൊണ്ടിരിക്കുമ്പോള്‍ സൗമ്യത കൊണ്ടും സ്‌നേഹം കൊണ്ടും ചേര്‍ത്തുപിടിച്ചൊരു നാട്. പാശ്ചാത്യലോകത്ത് പോയാല്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ കൈമോശം വന്നുപോകുമോ എന്ന ആശങ്കയോടെയാണ് ചെന്നതെങ്കിലും ഞങ്ങളെക്കാള്‍ ഇസ്‌ലാമിക മൂല്യബോധങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായിട്ടാണ് എനിക്കാ ജനതയെ അനുഭവപ്പെട്ടത്.
മൂന്ന് മക്കളാണെനിക്ക്. ഇരട്ടകളായ പതിനഞ്ചു വയസ്സുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും. ആറ് വയസ്സുള്ള ഇളയ മകളും. കൗമാര പ്രായത്തിലുള്ള കുട്ടികളെ കൂട്ടി 22 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനൊടുവില്‍ പോര്‍ച്ചുഗലിലേക്ക് ജീവിതം വേരുപിടിപ്പിക്കാനൊരുങ്ങിയപ്പോള്‍ ആധിയായിരുന്നു. എന്നാല്‍, ലോകോത്തര സിലബസായ കേംബ്രിഡ്ജിന്റെ സിലബസിനോടൊപ്പം തന്നെ ആലിം കോഴ്‌സും മക്കളെ പഠിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ തന്നെ ആശങ്ക വിട്ടൊഴിഞ്ഞു. ആറ് വര്‍ഷ ആലിം കോഴ്‌സാണ് ആണ്‍കുട്ടികള്‍ക്ക്. ഖുര്‍ആനും ഹദീസും കൂടാതെ പ്രബലമായ നാല് ഇമാമുമാരെപ്പറ്റിയുള്ള ക്രോസ് സ്റ്റഡിയും. സ്‌കൂള്‍ പഠനത്തോടൊപ്പം മതപഠനവും മക്കള്‍ക്ക് നല്‍കാന്‍ കഴിഞ്ഞപ്പോള്‍ പാശ്ചാത്യലോകത്ത് പോയി ദീനില്ലാതായിപ്പോകുമോ എന്ന ആശങ്ക മാറി.
പിന്നീടുള്ള ഭയം, എങ്ങനെയാണ് ഈ ജനത അന്യദേശത്തുനിന്ന് വന്ന ഞങ്ങളെ സ്വീകരിക്കുക എന്നായിരുന്നു. അടുക്കുംതോറും നിറം, വര്‍ഗം, ലിംഗം എന്നീ കാര്യങ്ങളിലൊന്നും മറ്റുള്ളവരെ ഒറ്റപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യാത്തവരാണെന്ന് മനസ്സിലായി. എല്ലാവരോടും അടുത്തിടപഴകുന്ന സമൂഹമാണ് പോര്‍ച്ചുഗലിലേത്. ഞാന്‍ പല രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പലയിടത്തും മുസ്‌ലിം കമ്യൂണിറ്റി പ്രത്യേക ബ്ലോക്കായാണ് താമസിക്കുന്നത്. എന്നാല്‍, പോര്‍ച്ചുഗലില്‍ അങ്ങനെയല്ല. മുസ്‌ലിംകളും അന്യമതസ്ഥരും ഇടകലര്‍ന്ന് സുതാര്യമായ ജീവിതമാണ് നയിക്കുന്നത്.
ഒരുപാട് കൂട്ടുകാരുള്ള ദുബായില്‍നിന്നും നാല് പെട്ടിയുമായാണ് പോര്‍ച്ചുഗീസിലെ ലിസ്ബണില്‍ ഞാനും കുടുംബവും എത്തുന്നത്. അതിനുമുമ്പ് ആ നാടുമായി ഒരു ബന്ധവുമില്ല. ആകെ പരിചയമുള്ള നാട്ടുകാരനായ ഒരാള്‍ ഒഡിവല്‍സ് എന്നിടത്ത് താമസ സൗകര്യം ഒരുക്കിത്തന്നു. അതിന് ചുറ്റും നാലഞ്ചു പള്ളികളുണ്ട്. മറ്റ് വിദേശ നാടുകളെപ്പോലെ സ്ത്രീകളെ മാളുകളിലോ മറ്റോ കൂടുതല്‍ കാണുന്നുമില്ല. തീര്‍ത്തും അപരിചിതമായ ആ നാട്ടിലെ പള്ളിയില്‍ ബാപ്പയും മക്കളും എന്നും വരുന്നത് കണ്ടിട്ടാകണം, പരിചയപ്പെടാന്‍ എന്ന നിലക്ക് അന്നാട്ടുകാര്‍ കൂടെ നടക്കാന്‍ വിളിച്ചത്. സൗഹൃദത്തിന്റെ ആദ്യ വഴിയായിരുന്നു അത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കുറച്ചു ദിവസങ്ങള്‍ക്കകം താമസിക്കുന്നതിനടുത്തുള്ള ഹല്‍ഖ(ഖുര്‍ആന്‍ പഠിപ്പിക്കുന്ന സ്ഥലം)യില്‍ പോകാന്‍ അവസരമുണ്ടായി. ഹനഫീ വിശ്വാസികളാണ് കൂടുതലും. പോര്‍ച്ചുഗീസ് ഭാഷയിലാണ് ക്ലാസ്സ്. സ്ഥിരമായി പോകാന്‍ തുടങ്ങിയപ്പോള്‍ എനിക്കുവേണ്ടി ക്ലാസ് ഇംഗ്ലീഷിലേക്ക് മാറ്റി. ഇവിടെയുള്ള എന്റെ തുടര്‍ ജീവിതത്തെ കുറിച്ച ആശങ്ക സ്ഥിരമായി ക്ലാസില്‍ വരുന്ന ഒരു ഉമ്മയോട് പറഞ്ഞപ്പോള്‍ ''ഈ ഭൂമിക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ട്. നീ കാണുന്നത് പന്നി ഇറച്ചിയും കള്ളുമായിരിക്കും. പക്ഷേ വേറൊന്നുണ്ട്, ഇവിടെ എന്തു കുഴിച്ചിട്ടാലും അതു മുളക്കും. നല്ല വെള്ളമാണ്, അല്ലാഹുവിന്റെ അനുഗ്രഹമാണത്. ഞാന്‍ ദക്ഷിണാഫ്രിക്കയിലും മൊസാംബിക്കിലും ജീവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പോയിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത ഒരു സമാധാനം ഇവിടെയുണ്ട്' എന്ന, ഗുജറാത്തി പാരമ്പര്യമുള്ള അവരുടെ വാക്കുകള്‍ ഓരോ നിമിഷവും സത്യമായി ജീവിതത്തില്‍ പുലരുന്നതായാണ് അനുഭവപ്പെട്ടത്. ആദ്യമായി അവിടെ ഒരു പള്ളി സ്ഥാപിച്ചത്് 1980-ലാണ്. ഇന്ത്യയില്‍ നിന്ന് വന്ന, പോര്‍ച്ചുഗീസ് പൊളിറ്റിക്കല്‍ പാര്‍ട്ടിയില്‍ മെമ്പറായിരുന്ന സുലൈമാന്‍ വലി മുഹമ്മദ് എന്ന വ്യക്തിയായിരുന്നു അത് സ്ഥാപിച്ചത് എന്നാണ് പള്ളിയിലെ ഇമാം പറഞ്ഞത്. ഗവണ്‍മെന്റ് അനുമതിയോടെ അറബ് രാജ്യത്തെ സഹായം കൊണ്ടായിരുന്നു പണിതത്. ഈജിപ്ത് എംബസിക്കകത്തായിരുന്നു ആദ്യ കാലത്ത് പ്രാര്‍ഥന നടന്നിരുന്നത്്.
പൊതുസ്ഥലത്ത് ഇസ്‌ലാമിക വേഷവിധാനത്തില്‍ നടക്കുന്നത് കാണുമ്പോള്‍ യാതൊരു അസ്വസ്ഥതയും പോര്‍ച്ചുഗീസ് ജനത കാണിക്കുന്നില്ല. നിഖാബ് ധരിക്കുന്ന ഒരുപാട് ആളുകളെ പൊതു ഇടങ്ങളില്‍ കാണാം. കറുപ്പ് പൊതുവെ ദുഃഖ വേളകളിലാണ് അവര്‍ അണിയാറ്. പൂര്‍ണമായും കറുപ്പില്‍ മൂടിയ വസ്ത്രം ധരിക്കുമ്പോള്‍ കൗതുകത്തോടെ കാണുമെന്ന് കരുതി കറുപ്പ് ഞാനങ്ങനെ ധരിക്കാറില്ല.
പോര്‍ച്ചുഗീസുകാര്‍ സങ്കര സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരാണ്. കോളനി രാജ്യങ്ങളായ മൊസാംബിക്, അംഗോള എന്നിവിടങ്ങളില്‍നിന്ന് കുടിയേറിയവരാണ് കൂടുതലും. ഗുജറാത്തില്‍നിന്നും പാകിസ്താനില്‍നിന്നും ഉള്ളവരും ഇന്നീ നാടിന്റെ ഭാഗമാണ്. ഫര്‍ണിച്ചര്‍ കച്ചവടക്കാരും ഗ്രോസറി കച്ചവടക്കാരും ഹോട്ടല്‍ നടത്തുന്നവരുമായിരുന്നു അവര്‍.
വളരെ പോസിറ്റീവായി ചിന്തിക്കുന്ന, പ്രാപ്തിയുള്ള സ്ത്രീകളാണ്, സല്‍ക്കാര പ്രിയരുമാണ്്. ആരും വെറുതെ സമയം കളയില്ല. സമ്പന്നരാണെങ്കിലും അവനവന്റെ കഴിവനുസരിച്ച് ജോലിയിലേര്‍പ്പെട്ടിട്ടുണ്ടാകും. ഗുജറാത്തി പാരമ്പര്യമുള്ള പല സ്ത്രീകളും എന്തെങ്കിലും ബിസിനസ്സില്‍ ഏര്‍പ്പെടുന്നവരാണ്. ഭക്ഷണസംസ്‌കാരം കണ്ടാല്‍ തോന്നും ഇവര്‍ മലബാറുകാരാണോ എന്ന്. അതിഥികളുടെ വയര്‍ നിറച്ചിട്ടേ ബാക്കി കാര്യമുള്ളൂ.
പാസ്‌പോര്‍ട്ടിനപേക്ഷിച്ചാല്‍  ഉടനെ കിട്ടുമെങ്കിലും സ്വന്തം ഭാഷയെ സ്‌നേഹിക്കുന്നവരായതിനാല്‍ അതിനു വേണ്ടിയുള്ള ക്ലാസ്സൊക്കെ നമുക്ക് തരും. സിറ്റിസണ്‍ഷിപ്പും ആറ്് കൊല്ലം കൊണ്ട് കിട്ടും. സര്‍ക്കാര്‍ തന്നെയാണ് പൗരന്മാരുടെ ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്. മക്കള്‍ക്ക് 18 വയസ്സുവരെ സര്‍ക്കാറില്‍നിന്ന് നിശ്ചിത തുക ലഭിക്കും. 'ലഞ്ച് മണി' എന്ന പേരില്‍ എന്റെ മക്കള്‍ക്ക് 35 യൂറോ ലഭിക്കുന്നുണ്ട്.
നോമ്പുകാലം ഹൃദ്യമായിരുന്നു. ളുഹ്‌റ് നമസ്‌കാരത്തിനുശേഷം മൂന്ന് മണി മുതല്‍ 5 മണിവരെ എല്ലാ സ്ത്രീകളും പള്ളികളില്‍ ഒരുമിച്ചു കൂടി  ഖുര്‍ആന്‍ ക്ലാസും പഠനവുമാണ്. ജുസ്അ് 30:30 എന്നാണ് പേര്. രണ്ട് ടീച്ചര്‍മാരുണ്ടാകും. ഒരാള്‍ ഓതും. മറ്റെയാള്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ വിശദീകരിക്കും. 27-ാം രാവോടു കൂടി ഖത്തം പൂര്‍ത്തിയാവും. ശരിക്കും കല്യാണാഘോഷ ഹാള്‍ പോലെയാണ് നോമ്പിന്റെ മുപ്പത് ദിവസവും, ആരാധനയും പ്രാര്‍ഥനയുമായി അവരവിടെ കഴിച്ചുകൂട്ടുന്നത്. വയസ്സായ സ്ത്രീകളുടെ ഒരു കൂട്ടം തന്നെയുണ്ട്. നോമ്പ് തുറക്കാവശ്യമായതെല്ലാം പള്ളിയില്‍ ഉണ്ടാകുമെങ്കിലും പ്രായം ചെന്നവര്‍ ചെറിയ പലഹാരങ്ങളുമായേ വരൂ. ഓരോരുത്തര്‍ക്കുമായി അത് വിതരണം ചെയ്യുമ്പോള്‍ അവരനുഭവിക്കുന്ന ആത്മസായൂജ്യം നമുക്കു കാണാം. നോമ്പ് തുറ കഴിഞ്ഞേ മടങ്ങൂ. 22 കൊല്ലം ഗള്‍ഫില്‍ താമസിച്ചിട്ട് കിട്ടാത്ത ആത്മനിര്‍വൃതിയാണ് നോമ്പുകാലം എനിക്ക് സമ്മാനിച്ചത്. ആരെയും ആകര്‍ഷിക്കുന്നതാണ് പള്ളികളിലെ അന്തരീക്ഷം. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഇടം കൂടിയാണവിടം. നമസ്‌കാരവും ആരാധനയും പോലെ തന്നെ ഫുട്‌ബോള്‍ അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. സലാം വീട്ടിക്കഴിഞ്ഞാല്‍ ഇമാമുമാരുടെയടക്കം ചര്‍ച്ച ഫുട്‌ബോളിനെക്കുറിച്ചായിരിക്കും. കളി ഭ്രാന്തന്മാരായ മക്കള്‍ക്ക് ഈ ഉസ്താദുമാരുടെ സഹവാസം പള്ളിയോടുള്ള ഇഷ്ടം കൂട്ടി. ഞാനൊരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ കൂടെ വരാന്‍ കഴിയാത്ത മക്കളെ, പള്ളിയിലെ ഇമാം ഒരു ട്രിപ്പ് പ്ലാന്‍ ചെയ്ത് മൊറോക്കോയിലേക്ക് കൊണ്ടുപോയത് മക്കള്‍ക്ക് പള്ളിയോടും ഉസ്താദിനോടും വളരെ ഇഷ്ടമുണ്ടാക്കിയ കാര്യമായിരുന്നു.
കുടുംബബന്ധത്തിനും മാനുഷികതക്കും ഏറെ വില കല്‍പിക്കുന്നവരാണ് പോര്‍ച്ചുഗീസ് നിവാസികള്‍. മുതിര്‍ന്നവരെ എങ്ങനെ പരിചരിക്കണമെന്നും ബഹുമാനിക്കണമെന്നുമുള്ള മാതൃക ഓരോ കുടുംബത്തില്‍നിന്നും അനുഭവിച്ചറിയാനാകും. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലും വൃദ്ധസദനത്തില്‍ കൊണ്ടുതള്ളലും അവിടെ കാണാനില്ല. പ്രായമായവര്‍ക്ക് ഒത്തുചേരാനും നേരം പോക്കാനും കൂട്ടായ്മകള്‍ സജീവമാണവിടെ. എങ്ങനെയാണ് വാര്‍ധക്യം ആഘോഷിക്കേണ്ടത് എന്ന് ഓരോരുത്തരും നേരത്തെ പ്ലാന്‍ ചെയ്യുന്നതുകൊണ്ട് കുടുംബത്തിനോ സമൂഹത്തിനോ ഭാരമോ വേദനയോ ആകുന്നില്ല.
കെങ്കേമമായി ആഘോഷിക്കുമെങ്കിലും വിവാഹത്തിന് സ്വര്‍ണത്തിന്റെയോ സ്ത്രീധനത്തിന്റെയോ അകമ്പടിയേയില്ല. സൗന്ദര്യം, സമ്പത്ത് ഒന്നും പരിഗണനീയമല്ല. മാനസിക പൊരുത്തമാണ് പ്രധാനം. പല ഇണകളെയും കാണുമ്പോള്‍ 'ഇഞ്ചൊപ്പിച്ച്' വധൂവരന്മാരെ തെരഞ്ഞെടുക്കുന്ന, നാട്ടിലെ കാര്യം ഓര്‍ത്തുപോകും.
ഞാന്‍ കൊണ്ടുപോകാതെ എന്റെ കുടുംബത്തിന് ഇതൊന്നും കാണാന്‍ പറ്റൂലല്ലോ എന്ന ചിന്തയാണ് പല നാടുകളിലും എന്നെയും മക്കളെയും ഒപ്പം കൂട്ടാന്‍ ഭര്‍ത്താവ് അബ്ദുല്‍ നസീര്‍ കോട്ടക്കലിനെ പ്രേരിപ്പിച്ചത്. എന്റെ കാഴ്ചയില്‍ യൂറോപ്പ് മൊത്തത്തില്‍ ഭംഗിയാണ്. പക്ഷേ, മറ്റേത് നാടിനെക്കാളും എന്നെ സ്വാധീനിച്ച, മതവും വംശവും നോക്കാതെ ചേര്‍ത്തുപിടിക്കാന്‍ തയാറായ പോര്‍ച്ചുഗലാണ്് എന്റെയും കുടുംബത്തിന്റെയും ഇനിയുള്ള വാസസ്ഥലം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top