കത്തിനില്‍ക്കെ വിടപറഞ്ഞ്...

സഈദ് മുത്തനൂര്‍ No image

മക്കാമുശ്‌രിക്കുകള്‍ സകലവിധ മര്‍ദ്ദനമുറകളും അഴിച്ചു വിട്ടുകൊണ്ടിരുന്നപ്പോഴാണ് ശുജാഅ് ബ്‌നു വഹബ് ഇസ്‌ലാം സ്വീകരിക്കുന്നത്.
ശുജാഅ് ബ്‌നു വഹബ് ബ്‌നു റബീഅയുടെ വംശ പരമ്പര അസദ് ബ്‌നു ഖുസൈമയില്‍ എത്തുന്നു. ഖുസൈമയുടെ കുടുംബവുമായി റസൂല്‍ തിരുമേനിയുടെ വംശപരമ്പരയും കണ്ണിചേര്‍ക്കപ്പെടുന്നുണ്ട്. നബി (സ) മക്കയില്‍ പ്രബോധനമാരംഭിക്കുമ്പോള്‍ ശുജാഅ് കുട്ടിയായിരുന്നു.
അല്ലാഹു ശുജാഅ് ബ്‌നു വഹബിനെ ഇസ്‌ലാമിനാല്‍ അനുഗ്രഹിച്ചു. ശത്രുക്കളുടെ പീഡനം അദ്ദേഹം തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നു. അത് അങ്ങനെത്തന്നെ സംഭവിച്ചു. മര്‍ദ്ദനങ്ങള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍ എത്യോപ്യയിലേക്ക് പോകുന്ന സംഘത്തോടൊപ്പം ചേരാന്‍ നബി(സ) അദ്ദേഹത്തോട് നിര്‍ദേശിച്ചു. കുറച്ച് കാലം എത്യോപ്യയില്‍ കഴിച്ചുകൂട്ടി. അതിനിടെ മക്കാനിവാസികളൊട്ടാകെ ഇസ്‌ലാം സ്വീകരിച്ചു എന്ന വിവരം കേട്ടപ്പോള്‍ മറ്റു പലരെയും പോലെ ശുജാഈയും മക്കയിലേക്ക് മടങ്ങി. എന്നാല്‍ കേട്ടവര്‍ത്തമാനം വ്യാജമായിരുന്നു. മക്കാ ഖുറൈശികള്‍ രാപ്പകലുകളില്‍ അവരുടെ വേല തുടരുകയായിരുന്നു. പീഡനം സഹിച്ച് ഈ സഹാബി അവിടെ തുടര്‍ന്നു. മദീനയിലേക്ക് ഹിജ്‌റ പോകാന്‍ അനുവാദം ലഭിച്ചതോടെ തന്റെ സഹോദരന്‍ ഉഖ്ബ ബിന്‍ വഹബിനെയും കൂട്ടി അദ്ദേഹം മക്കയോട് സലാം പറഞ്ഞ് മദീന ലക്ഷ്യമാക്കി യാത്ര തിരിച്ചു.
അതിനിടെ നബി (സ) മദീനയില്‍ എത്തിയപ്പോള്‍ ഖസ്‌റജ് ഗോത്രത്തിലെ പ്രധാനിയായ ഔസ്ബ്‌നു ഖൂലിയും ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹമാകട്ടെ എഴുത്തും വായനയും അറിയുന്ന വിദ്വാനും കുതിരപ്പടയാളിയും അമ്പെയ്ത്ത് വിദഗ്ധനുമായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹത്തെ കാമില്‍ എന്നു വിളിച്ചിരുന്നു. മദീനയിലെത്തി അഞ്ചു മാസം കഴിഞ്ഞപ്പോള്‍ നബി(സ) മുഹാജിറുകളെയും അന്‍സ്വാറുകളെയും സഹോദരങ്ങളാക്കി. അപ്പോള്‍ ഔസ്ബ്‌നു ഖൂലിക്ക് സഹോദരനായി ശുജാഅ് ബ്‌നു വഹബിനെയാണ് ലഭിച്ചത്.
ബദ്‌റില്‍ ശുജാഇന്റെ ശൂരത്വം പ്രകടമായി. അദ്ദേഹത്തിന്റെ വാള്‍ മിന്നല്‍ പിണര്‍ സൃഷ്ടിച്ചു. ആദ്യകാല സ്വഹാബി, രണ്ട് ഹിജ്‌റ ചെയ്ത വൃക്തി എന്നതിന് പുറമെ ബദ്‌റിലെ പോരാളി എന്ന പദവി കൂടി അദ്ദേഹത്തില്‍ വന്നുചേര്‍ന്നു. ഉഹ്ദ്, ഖന്‍ദഖ് തുടങ്ങിയ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ഹിജ്‌റ 8 റബീഉല്‍ അവ്വലില്‍ ബനൂ ഹവാസ് ഗോത്രത്തില്‍പ്പെട്ട ബനൂ ആമിര്‍ വിഭാഗം മുസ്‌ലിംകള്‍ക്കെതിരെ യുദ്ധത്തിന് ഒരുങ്ങുന്നതായി നബി(സ)ക്ക് വിവരം കിട്ടി. ബനൂ ആമിര്‍ മദീനക്കപ്പുറം അഞ്ചു മൈല്‍ ദൂരത്തില്‍ മക്കക്കും ബസറക്കുമിടക്ക് നജ്ദിലെ അസ്സയ്യിഇനടുത്താണ് താമസിച്ചിരുന്നത്. അവിടെ സയ്യഈ തടാകം എന്ന പേരില്‍ ഒരു ഉറവ ഉണ്ടായിരുന്നു. അത് ആമിര്‍ കുടുംബം കൈയടക്കി വെച്ചിരുന്നു. നബി(സ) ശുജാഇന്റെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന ഒരു പടയാളി സംഘത്തെ അങ്ങോട്ടയച്ചു.
അവര്‍ മരത്തണലില്‍ വിശ്രമിച്ചും ചരിവുകളില്‍ ഒളിച്ചിരുന്നും പകല്‍ കഴിച്ചുകൂട്ടി. രാത്രി അതിവേഗം സഞ്ചരിച്ചു. അങ്ങനെ ആ സംഘം അസ്സയ്യിലെത്തി ശത്രുവിന്റെ കേന്ദ്രം വളഞ്ഞു. മുസ്‌ലിം പടയാളികളുടെ പെട്ടന്നുള്ള ഈ പടനീക്കം ബനു ആമിര്‍ ഗോത്രത്തെ പരിഭ്രാന്തരാക്കി. അവര്‍ നാലുപാടും ചിതറിയോടി.
അതെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് ഒട്ടേറേ യുദ്ധാര്‍ജിത സ്വത്തുക്കള്‍ ലഭിച്ചു. ഒട്ടകവും വലിയൊരു കൂട്ടം ചെമ്മരിയാടുകളും അതില്‍ ഉള്‍പ്പെട്ടിരുന്നു. അതുമായി അവര്‍ മദീനയിലെത്തി.
ഇബ്‌നു സഅദിന്റെ വിവരണമനുസരിച്ച് ഈ ഗനീമത്ത് സ്വത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വിഭജിച്ചപ്പോള്‍ ഒരാളുടെ വിഹിതത്തില്‍ 15 വീതം ഒട്ടകങ്ങളുണ്ടായിരുന്നു. ചില യോദ്ധാക്കള്‍ ഒട്ടകങ്ങള്‍ക്ക് പകരം ചെമ്മരിയാടുകളെ സ്വീകരിച്ചു. ഒരു ഒട്ടകത്തിന് പകരം 20 ആടുകളെയാണ് കണക്കാക്കിയിരുന്നത്.
ഹിജ്‌റ ആറില്‍ ഹുദൈബിയ്യ സന്ധി വേളയില്‍ അടുത്ത പ്രദേശങ്ങളിലെ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കും നബി തിരുമേനി(സ) തന്റെ പ്രബോധന സന്ദേശം അറിയിച്ച് കത്തെഴുതിയിരുന്നു. അക്കൂട്ടത്തില്‍ ഹാരിസ് ബ്‌നു അബൂ ശമര്‍ ഗസ്സാനി, ജബല്‍ ബ്‌നു ഐയ്ഹം ഗസ്സാനി എന്നിവരുടെ അടുക്കലേക്ക് അംബാസഡറായി അയച്ചത് ശുജാഇനെയായിരുന്നു.
അബൂബക്കര്‍ സിദ്ദീഖ്(റ) ഖലീഫയായി അധികാരമേറ്റെടുത്തപ്പോള്‍ പ്രവാചകത്വം വാദിച്ച മുസൈലിമത്തുല്‍ കദ്ദാബുമായി യമാമയില്‍ ഏറ്റുമുട്ടിയതാണ് ശ്രദ്ധേയമായ സംഭവം. ഒട്ടേറെ യോദ്ധാക്കള്‍ രക്തസാക്ഷികളായി. യമാമയുടെ രണഭൂമിയില്‍ ധീരതയോടെ പൊരുതിയ ആ സഹാബി വര്യന്‍ വീരചരമം പ്രാപിച്ചു. രക്തസാക്ഷിയാകുമ്പോള്‍ അദ്ദേഹത്തിന് 40 വയസ്സ് മാത്രമേ പ്രായമായിരുന്നുള്ളൂ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top