തനിച്ചല്ല, ദൈവം കൂടെയുണ്ട്‌

മിസ്‌രിയ പെരുമ്പാവൂര്‍ No image

സൗബാനില്‍നിന്ന് നിവേദനം: നബി (സ) പറഞ്ഞു: ''ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ തിഹാമ പര്‍വതങ്ങള്‍ പോലെ സല്‍പ്രവൃത്തികളോടെ വരുന്ന എന്റെ ജനതയെ എനിക്കറിയാം, പക്ഷേ അല്ലാഹു അവരെ ചിതറിക്കിടക്കുന്ന പൊടിപോലെ ആക്കും.'' സൗബാന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, അവര്‍ ആരാണെന്ന് ഞങ്ങളോട് വിവരിക്കുക, കൂടുതല്‍ ഞങ്ങളോട് പറയുക, ഞങ്ങള്‍ അറിയാതെ അവരില്‍ ഒരാളായിപ്പോകരുന്നല്ലോ.'' നബി(സ) പറഞ്ഞു: ''അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്, നിങ്ങളുടെ വംശത്തില്‍ നിന്നുള്ളവരാണ്, നിങ്ങള്‍ ചെയ്യുന്നതുപോലെ രാത്രി ആരാധനയിലേര്‍പ്പെടുന്നു. എന്നാല്‍ അവര്‍ തനിച്ചായിരിക്കുമ്പോഴോ അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നു.''
മനുഷ്യന്‍ ഇന്ന് ജീവിക്കുന്നത് സകല തിന്മകള്‍ക്കും നടുവിലാണ്. പലതരം സോഷ്യല്‍ മീഡിയാ സംവിധാനങ്ങളുടെ അടിമകളാണ് എല്ലാ പ്രായക്കാരും. തനിക്ക് ചുറ്റും ആരുമില്ല, ഒറ്റക്ക് ഈ മുറിയില്‍ എന്ത് തെറ്റ് ചെയ്താലും ആരും ഒന്നും അറിയാന്‍ പോവുന്നില്ല. ഇതാണ് അവരുടെ ധാരണ. ഒറ്റക്കിരിക്കുമ്പോള്‍ മനുഷ്യ മനസ്സ് പല തെറ്റുകളിലേക്കും തെന്നി നീങ്ങുന്നു. നമ്മള്‍ തനിച്ചാകുന്ന സമയത്ത് നമ്മുടെ ഇച്ഛകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ സാധിക്കണം. ആരും കാണാനില്ലെങ്കിലും അല്ലാഹു എല്ലാം കാണാനുണ്ട് എന്ന ബോധം നമ്മള്‍ക്കുണ്ടാവണം. ഇതാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.
ഒറ്റപ്പെടല്‍ ഒരിക്കലും പാടില്ലാത്തതോ പാടേ ഒഴിവാക്കാന്‍ കഴിയുന്നതോ അല്ല. ഇച്ഛകളെ നിയന്ത്രിക്കാന്‍ കഴിയാത്തവിധം പ്രലോഭനങ്ങള്‍ക്കും പൈശാചികതകള്‍ക്കും ഒരാള്‍ അടിമപ്പെടുമെങ്കില്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങളില്‍ ദുഷ്ചിന്തകളെ നിയന്ത്രിക്കാനുള്ള ശക്തി നാം ആര്‍ജിക്കണം. 
നാം ഒറ്റക്കാവുമ്പോള്‍ നാം ഒറ്റക്കല്ല, നമ്മോടൊപ്പം ഒന്നാമതായി അവിടെ പ്രപഞ്ചനാഥനായ അല്ലാഹു ഉണ്ട്. ഒറ്റക്ക് എന്ന് വിചാരിച്ച് സ്വേഛകള്‍ക്ക് കീഴ്‌പ്പെടുന്ന അല്ലാഹുവിന്റെ സാന്നിധ്യം മറന്നു പോകുന്നു. 'മൂന്ന് ആളുകള്‍ക്കിടയില്‍ ഒരു രഹസ്യ സംഭാഷണം നടക്കുന്നില്ല; നാലാമനായി അല്ലാഹു ഇല്ലാതെ, അല്ലെങ്കില്‍ അഞ്ച് ആളുകള്‍ക്കിടയില്‍ രഹസ്യ സംഭാഷണം നടക്കുന്നില്ല; ആറാമനായി അവനില്ലാതെ, എണ്ണം ഇതിനേക്കാള്‍ കുറയട്ടെ കൂടട്ടെ അവര്‍ എവിടെയുമാകട്ടെ അല്ലാഹു അവരോടൊപ്പമുണ്ട്. പിന്നെ അവര്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്ന് പുനരുദ്ധാന നാളില്‍ അവരെ ബോധിപ്പിക്കുകയും ചെയ്യും.' അല്ലാഹു സര്‍വജ്ഞനാണ്. രഹസ്യമായതും, പരസ്യമായതും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അവന്‍ അറിയുന്നു. തൊട്ടപ്പുറത്തെ മുറിയില്‍ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ പോലും മനുഷ്യന് കഴിയില്ല. പ്രപഞ്ചനാഥനായ അല്ലാഹു അങ്ങനെയല്ല. അവന്റെ അറിവാല്‍ അല്ലാതെ കൂരിരുട്ടില്‍ ഒരു ചെറിയ ഉറുമ്പ് പോലും അനങ്ങുന്നില്ല. അല്ലാഹുവിന്റെ സാന്നിധ്യത്തെ അറിഞ്ഞിട്ടും നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും വഴിതെറ്റുന്നുവെങ്കില്‍ അതിനു പറയുന്ന പേര് വിശ്വാസക്കുറവ് എന്നാണ്. തന്റെ ഇച്ഛകളെ ഏതു സാഹചര്യത്തിലും അള്ളാഹുവിന്റെ താല്‍പര്യങ്ങള്‍ക്ക് വിട്ടു കൊടുക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. ഏകാന്തതയുടെ ഇത്തരം പ്രലോഭനങ്ങളില്‍ പെടാതെ ആരെങ്കിലും ദുഷ്പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കുകയും അള്ളാഹുവിനെ ഓര്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അത് അവന്റെ ദൃഢവിശ്വാസത്തിന്റെ ലക്ഷണമാണ്. അത്തരം വിശ്വാസങ്ങളാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.
നമ്മോടൊപ്പമുള്ള രണ്ടാമത്തെ സാന്നിധ്യം പിശാചിന്റേതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നും മനുഷ്യനെ തടയാന്‍ പ്രതിജ്ഞ ചെയ്തവനാണ് പിശാച്. അവന്‍ മനുഷ്യന്റെ മുഖ്യശത്രുവാണ്. കടിഞ്ഞാണിടാതെ മനസ്സിനെ  ഊരിവിട്ടാല്‍ പിശാച് അതിനെയും കൊണ്ട് സര്‍വയിടങ്ങളിലും മേയും. അങ്ങനെ അവനെ ആപത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് തള്ളിവിടും. മനുഷ്യമനസ്സ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചാല്‍ അവന്റെ അടുത്ത കൂട്ടാളി പിശാചായിരിക്കും എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. വെളിച്ചത്തില്‍നിന്ന് ഇരുട്ടിലേക്ക് നയിക്കുന്നവനാണ് പിശാച്. പിശാചിന്റെ ദുര്‍ബോധനത്തില്‍ അകപ്പെടാതിരിക്കാന്‍ മനുഷ്യന്‍ എപ്പോഴും ദൈവസ്മരണ നിലനിര്‍ത്തുകയേ വഴിയുളളൂ. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതാണ് ജീവിത വിജയത്തിന്നാധാരം. സത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ അവരുടെ ബോധതലങ്ങളില്‍ കൊത്തിവെക്കപ്പെട്ടിട്ടുണ്ടാകും. ആര് അതിനെതിരായ നിര്‍ദേശങ്ങള്‍ നല്‍കിയാലും പ്രലോഭനങ്ങള്‍ സൃഷ്ടിച്ചാലും അതവരില്‍ ചാഞ്ചാട്ടമുണ്ടാക്കില്ല.
മൂന്നാമതായി നമ്മുടെ വലുത് ഭാഗത്തും ഇടത് ഭാഗത്തും ഇരുന്ന് എല്ലാം രേഖപ്പെടുത്തുന്ന രണ്ട് പേര്‍ കൂടിയുണ്ട്. റഖീബും അത്തീദും. ആരും അറിയില്ല എന്ന് വിചാരിച്ചു നാം ചെയിതു കൂട്ടുന്ന എല്ലാ രഹസ്യവും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിവെക്കുന്നവര്‍. അവര്‍ രേഖപ്പെടുത്തി വെച്ച ഈ കര്‍മപുസ്തകം അവസാനം നമുക്ക് തന്നെ നല്‍കപ്പെടും.
നമ്മള്‍ ഒട്ടും ആലോചിക്കുന്നുണ്ടാവില്ല മരണത്തെക്കുറിച്ച്. എല്ലാ ആത്മാവും രുചിക്കുന്നതാണ് മരണമെന്ന്ും ചെരിപ്പിന്റെ വാറിനേക്കാള്‍ അത് നമ്മോട് അടുത്ത് നില്‍ക്കുന്നുവെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഒറ്റക്ക് തെറ്റ് ചെയ്യാനിരിക്കുമ്പോഴാണ് അത് പിടികൂടുന്നതെങ്കിലോ? ജീവന്‍ തൊണ്ടക്കുഴിയില്‍ എത്തുകയും രക്ഷിക്കാനാരുണ്ട് എന്ന ചോദ്യം ഉയരുകയും താന്‍ ഈ ലോകത്തോട് വിടപറയുകയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന, കണങ്കാല്‍ കണങ്കാലുമായി കെട്ടിപ്പിണയുന്ന നേരം. അതാണ് നാഥങ്കലേക്ക് പോകാനുള്ള ദിവസം. ഈ അവസാനയാത്രയില്‍ നമ്മുടെ കര്‍മങ്ങളല്ലാതെ മറ്റൊന്നും കൂടെ ഉണ്ടാവുകയില്ല. എത്ര ഒറ്റപ്പെട്ടാലും തനിച്ചായാലും തെറ്റുകളില്‍നിന്ന് സ്വന്തത്തെ നിയന്ത്രിക്കണം. പിശാചിന്റെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടരുത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കണം. അതാണ് യഥാര്‍ഥ വിജയം.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top