വെന്റിലേറ്റര്‍-6

തോട്ടത്തില്‍ മുഹമ്മദലി, വര: ശബീബ മലപ്പുറം No image

കൈയൊഴിയലും കരുതലും

ഇന്‍ഷൂറന്‍സ് കമ്പനിയിലേക്കയക്കേണ്ട എല്ലാ രേഖകളും സുബൈര്‍ പരിശോധിച്ചു. ഒപ്പിട്ട് സെറ്റ് ചെയ്തു. ലതികയെ വിളിച്ചു.
''ലതികേ, ഈ രേഖകളൊക്കെ അതാത് ഇന്‍ഷൂറന്‍സ് കമ്പനിക്ക് അയച്ചുകൊടുക്കണം. ഡോക്ടര്‍ ചന്ദ്രനോട് ഇവിടംവരെ വരാന്‍ പറയൂ... റൗണ്ട്‌സിനു പോകണം.''
''ഓക്കെ, സാര്‍''
ലതിക കാബിനില്‍ നിന്നിറങ്ങി. കുറിപ്പെഴുതാന്‍ സുബൈര്‍ ചെറിയൊരു ഡയറിയെടുത്തു. അപ്പോള്‍ ഡോക്ടര്‍ ചന്ദ്രനെത്തി. നഴ്‌സിംഗ് സൂപ്രണ്ട് സാറാ ജോസഫും വന്നു. അവര്‍ റൗണ്ട്‌സിനായി പുറപ്പെട്ടു. ആദ്യം ലാബിലേക്കായിരുന്നു പോയത്. അവിടത്തെ രജിസ്റ്റര്‍, സ്‌പെസിമന്‍ റെക്കാര്‍ഡ്‌സ് എല്ലാം പരിശോധിച്ചു. എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റ്, ഫ്‌ളോര്‍സ്, ഡോക്‌ടേഴ്‌സ് ഒ.പി തുടങ്ങി എല്ലാ റെക്കാര്‍ഡ്‌സുകളും ശരിയാക്കി.
കുവൈത്തിലെ ആരോഗ്യമന്ത്രാലയം വളരെ കര്‍ശനമാണ്. എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ തല്‍ക്ഷണം ആശുപത്രി പൂട്ടി സീല്‍ വെക്കും. റൗണ്ട്‌സ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ആസിഫ് ഓടിക്കിതച്ച് വന്നു. 
''സാര്‍, താഴെ കാഷ്വാലിറ്റിയില്‍ എവിടെ നിന്നോ കുത്തേറ്റ് ഒരാളെ കൊണ്ടുവന്നിരിക്കുന്നു.''
കേട്ടയുടന്‍ അവര്‍ മൂന്ന് പേരും കാഷ്വാലിറ്റിയിലേക്ക് ധൃതിയില്‍ നടന്നു. ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച് കുടല്‍മാല വെളിയില്‍ ചാടി അവശനിലയില്‍ സ്ട്രക്ചറില്‍ കിടത്തിയിരിക്കുകയാണ് രോഗിയെ.
''സാര്‍, ഇത് നമുക്ക് സ്വീകരിക്കാന്‍ പാടില്ല. സംഗതി എസ്സോള്‍ട്ടാണ്.''
(പോലീസ് കേസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാന്‍ പാടില്ല.)
ആശോകന്‍ പറഞ്ഞു. കേട്ടയുടന്‍ തന്നെ ഡോക്ടര്‍ ചന്ദ്രന്‍ വലിഞ്ഞു. പിറകെ നേഴ്‌സിംഗ് സൂപ്രണ്ടും. ഇതുപോലൊരു രോഗിയെ എങ്ങനെയാണ് ഈ അവസ്ഥയില്‍ വിടുക. സുബൈര്‍ എമര്‍ജന്‍സി ഡോക്ടറെ വിളിച്ചു. അവരും വന്നില്ല. അവസാനം സുബൈര്‍ തന്നെ കാഷ്വാലിറ്റിയില്‍ കൊണ്ടുപോയി ഡ്യൂട്ടി സിസ്റ്ററുടെ സഹായത്താല്‍ എല്ലാം ക്ലീന്‍ ചെയ്ത് ബാന്‍ഡേജ് ചെയ്ത് കൂടെ വന്നവരോട് വേറെ ഏതെങ്കിലും ആശുപത്രിയില്‍ അടിയന്തിരമായി പോകാന്‍ പറഞ്ഞു.
രോഗി വിതുമ്പിക്കരഞ്ഞു. 
''സാര്‍, സഹിക്കാനാവാത്ത വേദന... എന്തെങ്കിലും...''
സുബൈര്‍ വേദനക്കുള്ള ഇഞ്ചക്ഷന്‍ കൊടുത്തു. അയാള്‍ കരഞ്ഞുകൊണ്ട് കൈകൂപ്പി. 
''സാര്‍, ഈ ഉപകാരം മരിച്ചാലും മറക്കില്ല, അങ്ങെനിക്ക് വേണ്ടി പ്രാര്‍ഥിക്കണം.''
കൂടെ വന്നവര്‍ അദ്ദേഹത്തെ വേറെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. ഇത് സുബൈറിന്റെ ഹൃദയത്തില്‍ മുറിവായി. എന്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഇങ്ങനെ പെരുമാറുന്നത്? മനുഷ്യത്വം മരിച്ചോ? സ്‌നേഹം മരവിച്ചോ? 
സുബൈര്‍ കാഷ്വാലിറ്റിയില്‍ നിന്നിറങ്ങി ഒ.ടിയിലേക്ക് നടന്നു. ജനറല്‍ സര്‍ജന്‍ ഡോക്ടര്‍ ശങ്കറിന്റെ ഒരു കേസ് ഉണ്ടായിരുന്നു. സുബൈര്‍ വസ്ത്രം മാറി ഒ.ടി.യില്‍ കയറി. അവിടെ സ്‌കര്‍ബ്‌സ് ധരിക്കാതെ ഡോക്ടര്‍ ശങ്കര്‍ നില്‍ക്കുന്നത് സുബൈറിന്റെ ശ്രദ്ധയില്‍ പെട്ടു. സുബൈര്‍ ഡോക്ടര്‍ ശങ്കറിനെ സമീപിച്ചു. 
''എക്‌സ്‌ക്യൂസ് മി സാര്‍, ദ സ്‌കര്‍ബ്‌സ് റ്റു വിയര്‍ ഇന്‍ ദ ഒ.ടി. വെന്‍ യു ആര്‍ ഇന്‍ റൗണ്ട്‌സ് യു കാന്‍ വിയര്‍ എ വൈറ്റ് കോട്ട്.''
ഡോക്ടര്‍ ശങ്കര്‍ ഒന്നും സംസാരിച്ചില്ല. സിസ്റ്റേഴ്‌നോട് ചോദിച്ചു സ്‌കര്‍ബ്‌സ് വാങ്ങി ധരിച്ചു. സുബൈര്‍ ഒ.ടി വിട്ട് പുറത്തേക്ക് പോയി കാബിനില്‍ ഇരുന്ന് റൗണ്ട്‌സിന്റെ കുറിപ്പ് തയാറാക്കി. 
കാഷ്വാലിറ്റിയിലെ ഇന്നത്തെ ദൃശ്യം സുബൈറിന്റെ മനസ്സില്‍നിന്ന് മാഞ്ഞില്ല. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ പോയ സന്ദര്‍ഭം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അനാട്ടമി ക്ലാസ്. ആ വലിയ മേശയില്‍ കടവര്‍ (ശവം) കിടത്തിയിട്ടുണ്ട്. അഞ്ചുപേര്‍ക്കൊരു കടവര്‍. ഒരു കാലത്ത് കുടുംബവും അവരെ പുലര്‍ത്താന്‍ നെട്ടോട്ടവും പ്രാരബ്ദങ്ങളുമായിക്കഴിഞ്ഞ ഒരാളായിരിക്കാം. ഡോക്ടര്‍മാര്‍ക്ക് പഠിക്കാന്‍ അദ്ദേഹത്തിന്റെ ശരീരം തന്നെ നല്‍കിയിരിക്കുന്നു. അന്ന് എന്തോ; തലകറക്കം അനുഭവപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ചു. ആദ്യമാദ്യം കുറച്ച് പ്രയാസപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കീറി മുറിക്കുന്നതിനിടയില്‍ സാന്‍ഡ്‌വിച്ച് കഴിക്കാനും ചായ കുടിക്കാനും തമാശ പറയാനും ഒക്കെ തുടങ്ങി. ചെസ്റ്റ് ഓപ്പണ്‍ ചെയ്ത് വാരിയെല്ല്, ലങ്‌സ്, പെരികാര്‍ഡിയന്‍ സേക്ക്കവറിംഗ്, ഹാര്‍ട്ട്, ശരീരത്തിലെ പ്രധാന അവയവങ്ങളൊക്കെയും കീറിമുറിച്ചു. വന്‍കുടല്‍, ചെറുകുടല്‍ എന്നുവേണ്ട സകലതും.
ഇന്ന് കുടല്‍ പുറത്ത് ചാടിയ ആ വ്യക്തിയെ കാണുമ്പോള്‍ സത്യത്തില്‍ സുബൈര്‍ ഭയപ്പെട്ടു. 
ഒ.പി കൗണ്ടറില്‍ തിരക്ക്. ടോക്കണ്‍ സിസ്റ്റം നിലവില്‍ വന്നതിനാല്‍ വലിയ നിര കാണുന്നില്ല. തങ്ങളുടെ ഊഴവും കാത്ത് രോഗികളും ബന്ധുക്കളും ഇരിക്കുന്നു. 
സ്‌പെഷ്യാലിറ്റി ഡോക്ടര്‍, അതായത് ഒരു കണ്‍സള്‍ട്ടന്റിനെ സമീപിക്കണമെങ്കില്‍ അഞ്ച് ദീനാര്‍ വേണം. സാധാരണ ഡോക്ടറെ കാണണമെങ്കില്‍ മൂന്ന് ദീനാര്‍.  അതാ അവിടെ ഡോക്ടറെ കാണാനുള്ള നിരക്ക്.  ശനി, വ്യാഴം ദിവസങ്ങളില്‍ ഭയങ്കര തിരക്കാണ്. വെള്ളിയാഴ്ച ഒ.പി അവധിയാണ്. 
സുബൈര്‍ ഒ.പി മുഴുവനും നടന്ന് അവസാനം അസ്ഥിരോഗവിദഗ്ധന്‍ ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ ഒ.പിയില്‍ കയറി. സാധാരണ നാട്ടുവര്‍ത്തമാനവും രാഷ്ട്രീയ കാര്യങ്ങളുമൊക്കെ രോഗികള്‍ ഇല്ലാത്ത സമയത്ത് കൃഷ്ണമൂര്‍ത്തിയുമായി ചര്‍ച്ച ചെയ്യാറുണ്ട്. 
ഡോക്ടറുടെ കമ്പ്യൂട്ടര്‍ ശബ്ദമുണ്ടാക്കി. ഡോക്ടര്‍ മൗസ് ക്ലിക്ക് ചെയ്തു. 
''പേഷ്യന്റ് വരുന്നുണ്ട്, നിങ്ങള്‍ അവിടെയിരുന്നോളൂ.''
സുബൈര്‍ അവിടെ തന്നെയിരുന്നു. ബംഗ്ലാദേശുകാരന്‍ എന്ന് തോന്നിക്കുന്ന രോഗി വന്നു. ഡോക്ടര്‍ ഹിന്ദിയില്‍ അവരോട് ഇരിക്കാന്‍ പറഞ്ഞുകൊണ്ട് ചോദിച്ചു. 
''എന്താണ് പ്രശ്‌നം...?''
അയാള്‍ മുമ്പത്തെ കുറിപ്പുകള്‍ ഡോക്ടര്‍ക്ക് കൈമാറി. ഡോക്ടര്‍ പ്രിസ്‌ക്രിപ്ഷനുകള്‍ പരിശോധിക്കുന്നതിനിടയില്‍ ചോദിച്ചു. 
''വേദന കുറവുണ്ടോ?''
''സര്‍, ഇന്നലെ ഇന്‍ജക്ട് ചെയ്ത കാലിന്റെ വേദന ഇപ്പോഴില്ല. മറ്റേ കാലിലെ വേദന ഇപ്പോഴുമുണ്ട്.''
ഡോക്ടര്‍ കണ്ണട ഉറപ്പിച്ച് വിദൂരതയിലേക്ക് നോക്കി. എന്തോ മനസ്സിലായിയെന്ന് തോന്നിക്കുംവിധത്തില്‍ പുതിയ കുറിപ്പെഴുതി. അയാളുടെ ശരീര ഭാഗങ്ങള്‍ തൊട്ടുനോക്കി. ടേബിളില്‍ കിടത്തി വൈറ്റല്‍സ് ചെക്ക് ചെയ്തു. സിസ്റ്റര്‍ പുറത്തെവിടെയോ പോയതിനാല്‍ ഡോക്ടര്‍തന്നെയാണ് എല്ലാം ചെയ്തത്. സുബൈര്‍ ഒന്നും ഉരിയാടാതെ എല്ലാം വീക്ഷിച്ചു. അപ്പോഴേക്കും സിസ്റ്റര്‍ എത്തി. ആശുപത്രിയില്‍ ഒരോ ഡോക്ടറുടെ ഒ.പിയിലും ചെറിയൊരു മുറിയുണ്ട്. പ്രൊസീജിയര്‍ റൂം. 
''സിസ്റ്റര്‍, ഇയാളുടെ രണ്ട് കാലിനും ഇഞ്ചക്ഷന്‍ എഴുതിയിട്ടുണ്ട്.'' ഡോക്ടര്‍ ഹിന്ദിയിലാണ് സിസ്റ്ററോട് പറഞ്ഞത്. സുബൈര്‍ ഞെട്ടി. മുട്ട് വേദനയുമായി വന്ന രോഗിക്ക് രണ്ട് കാലിലും ഇഞ്ചക്ഷന്‍. മലയാളത്തില്‍ ഡോക്ടറോട് പതുക്കെ ചോദിച്ചു. 
''സാര്‍, ഇതെന്താ രണ്ട് ഇഞ്ചക്ഷന്‍?'' ഡോക്ടര്‍ ചിരിച്ചു. 
''അവന്‍ പറയുന്നത് കേട്ടില്ലേ, ഇഞ്ചക്ഷന്‍ ചെയ്ത കാലിന് വേദനയില്ലെന്ന്. അതുകൊണ്ട് രണ്ട് കാലിലും കൊടുത്തു.''
സുബൈര്‍ സംശയഭാവത്തില്‍ ഡോക്ടറെ നോക്കി. 
ഡോക്ടര്‍ പറഞ്ഞു.
''അതൊന്നുമില്ല, ഒരു ഭാഗത്ത് ഡിക്ലോഫനാക്കും മറ്റേ കാലിന്റെ ഭാഗത്ത് ന്യൂറോബിയനും''
സുബൈര്‍ ചിരിച്ചു.
''ബംഗ്ലാദേശിക്ക് ഇപ്പോള്‍ സന്തോഷമായിക്കാണും.''
ഡോക്ടര്‍ രോഗിയുടെ നേരെ തിരിഞ്ഞു. കാല്‍ തടവി അയാള്‍ പറഞ്ഞു.
''ഇപ്പോള്‍ എങ്ങനെയുണ്ട്?''
''സാര്‍ ഇപ്പോള്‍ രണ്ട് കാലിന്റെയും വേദന പോയി.''
രോഗി സന്തോഷത്തോടെ പുറത്തിറങ്ങി. സുബൈര്‍ ചിരിച്ചു. 
''ഇതാണ് യഥാര്‍ഥ മലയാളി ഡോക്ടര്‍.''
അവര്‍ പല കാര്യങ്ങളും സംസാരിച്ചു. വീണ്ടും കമ്പ്യൂട്ടറില്‍ സിഗ്നല്‍ വന്നു. ഒരു രോഗി കൂടി അകത്തെത്തി. ഹൈദരാബാദുകാരന്‍. സുബൈര്‍ എഴുന്നേറ്റു. 
''സാര്‍, പോകാന്‍ വരട്ടെ. ഇരിക്കൂ.'' ഡോക്ടര്‍ മൂര്‍ത്തി ആവശ്യപ്പെട്ടു. സുബൈര്‍ ഇരുന്നു. 
ഡോക്ടര്‍ പതിവ് ചോദ്യങ്ങള്‍ രോഗിയോട് ആവര്‍ത്തിച്ചു. 
''എന്താണ് പ്രശ്‌നം?''
''സാര്‍, നടുവേദന, ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ... ഒത്തിരി ദിവസമായി...''
ഡോക്ടര്‍ ചിരിച്ചു സുബൈറിനോട് മലയാളത്തില്‍ പറഞ്ഞു.
''ഞാന്‍ തന്നെ ഇപ്പോള്‍ നടുവേദന സഹിച്ചുകൊണ്ടിരിക്കയാണ്... അപ്പോഴാണ് ഇയാള്‍ടെ ഒരു വേദന...''
ഡോക്ടര്‍ രോഗിയെ കിടത്തി. സ്റ്റെത്ത് വെച്ചു. സിസ്റ്റേര്‍സ് വൈറ്റല്‍സ് എടുത്തു. കുറിച്ചു വെച്ചു.  സുബൈര്‍ ഡോക്ടറോട് ചോദിച്ചു.
''ഡോക്ടര്‍, നടുവേദനയുമായി വന്ന രോഗിക്ക് എന്തിനാ സ്റ്റെത്ത്?''
ഡോക്ടര്‍ മൂര്‍ത്തി ചിരിച്ചു.
''അതൊക്കെ വേണം സാറെ, കൂടാതെ പലതും എഴുതണം. ഇതൊന്നും രോഗി കൊടുക്കേണ്ടതില്ലല്ലോ.  എല്ലാം ഇന്‍ഷൂറന്‍സ് കമ്പനിയാണ്.''
ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതിനിടയിലും പറഞ്ഞു. 
''സി.ടി പോരെങ്കില്‍, എം.ആര്‍.ഐ, എക്‌സറെ നിര്‍ബന്ധം. പിന്നെ രക്തപരിശോധനയും.''
''ഏതായാലും കാസിംച്ച സന്തോഷിക്കും. ഈയിടെയായി റിഡക്ഷന്‍ കൂടുതലാ.''
''സാറേ, എന്റെ കലക്ഷന്‍ അയ്യായിരം ദീനാര്‍ കടന്നിട്ടില്ല. പതിനായിരം ദീനാര്‍ കവിഞ്ഞാല്‍ കട്ട്‌സ് കിട്ടുമല്ലോ?''
''എഴുതിക്കോ... എഴുതിക്കോ.''
സുബൈര്‍ ചിരിച്ചു.
''കാസിംച്ച വന്നയുടന്‍ കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഒറ്റയിരിപ്പാ... കലക്ഷന്‍സ് കൂടിയാല്‍ മൂപ്പര്‍ക്ക് സന്തോഷം... ചിരിയും തമാശയുമൊക്കെ ഉണ്ടാകും. നല്ല കലക്ഷന്‍സ് ഉണ്ടാക്കുന്ന ഡോക്ടറെയാണ് കാസിംച്ചക്ക് ഇഷ്ടം.''
സുബൈര്‍, ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയോട് നന്ദി പറഞ്ഞു. ഒ.പിയില്‍ നിന്നിറങ്ങി നേരെ ഡോക്ടര്‍ മൊയ്തീന്‍ കോയയുടെ ഒ.പിയില്‍ കയറി. ഡോക്ടര്‍ മൊയ്തീന്‍ കോയയുടെ ഭാര്യ ഡോക്ടര്‍ സബിത പേരെടുത്ത ഗൈനക്കോളജിസ്റ്റാണ്. നാട്ടിലായിരിക്കുമ്പോള്‍ തന്നെ അവര്‍ വളരെ അറിയപ്പെടുന്ന ഗൈനക്കായിരുന്നു. ഭര്‍ത്താവ് നിര്‍ബന്ധിച്ചാല്‍ കൂടെ വരാതിരിക്കാന്‍ പറ്റില്ലല്ലോ! സുബൈര്‍ അഭിവാദ്യം ചെയ്ത് അകത്തുകയറി. ഡോക്ടര്‍ മൊയ്തീന്‍ കോയസീറ്റില്‍ നിന്ന്എഴുന്നേറ്റ്‌സുബൈറിനെ ഹസ്തദാനം ചെയ്തു. സ്‌നേഹപൂര്‍വ്വംകസേരയില്‍ഇരുത്തി. 
ആ സമയം രോഗി വന്നു. ഡോക്ടര്‍ മൊയ്തീന്‍ കോയ പേഷ്യന്റിനോട് ഇരിക്കാന്‍ പറഞ്ഞു.
''ഓക്കെ മിസ്റ്റര്‍ ദിനേശ്, എന്താണ് പ്രോബ്ലം?''
''സാര്‍ ഗ്യാസാണെന്ന് തോന്നുന്നു.''
ഡോക്ടര്‍ അവന്റെയടുത്തേക്ക് നീങ്ങി. 
''എത്ര ദിവസമായി തുടങ്ങിയിട്ട്?''
''കുറേ കാലമായി സാര്‍.''
''ഭക്ഷണം കുറച്ചധികം കഴിക്കുമെന്ന് തോന്നുന്നു?''
ഡോക്ടര്‍ ചിരിച്ചു.
ദിനേശന് ചോദ്യം മനസ്സിലായി. അധികം ഭക്ഷണം കഴിക്കുന്നവനാണെന്ന് അവന്‍ ചിരിച്ചു മറുപടിയും പറഞ്ഞു. 
''അതേ സര്‍, കുറച്ചധികം കഴിച്ചു പോകുന്നു.''
''പ്രവാചകന്‍ പറഞ്ഞതറിയില്ലേ, ആമാശയത്തിന്റെ പകുതി ഭാഗം കഴിക്കുക. കാല്‍ഭാഗം വെള്ളവും ബാക്കി ഭാഗം ശൂന്യമായും വിടുക.''
ഇതുകേട്ട ദിനേശ് പറഞ്ഞു:
''ശരിയാണ് സാര്‍.  പുണ്യപുരുഷന്മാര്‍ പറഞ്ഞത് ഇക്കാലത്ത് ആര് കേള്‍ക്കാനാണ്.''
രോഗിക്ക് കിടക്കാനുള്ള ടേബിള്‍ ചൂണ്ടിക്കാണിച്ചു.
''നിങ്ങള്‍ അവിടെ കിടക്കൂ. ഞാന്‍ പരിശോധിക്കട്ടെ.''
ഡോക്ടര്‍ ശരീരം മുഴുവനും തട്ടിയും മുട്ടിയും പരിശോധിച്ചു. 
സിസ്റ്ററെ വിളിച്ചു.
''സിസ്റ്റര്‍ ഗിവ് ഹിം ബേരിയം എനീമ ഏന്റ് അപ്പര്‍ ജി.ഐ.''
രോഗിയോടായി പറഞ്ഞു.
''ഇതുകഴിഞ്ഞ് എന്നെ വന്ന് കാണൂ, ഇപ്പോള്‍ പ്രത്യേകിച്ച് മരുന്നൊന്നും ഞാനെഴുതുന്നില്ല. പച്ച ആപ്പിള്‍ വാങ്ങി തൊലി കളയാതെ കഴിക്കൂ. അത് മറക്കരുത്.''
''നന്ദി സാര്‍''
''ഞാന്‍ പറഞ്ഞ പോലെ കഴിക്കണം. വെള്ളം ധാരാളം കുടിക്കണം.''
ഓക്കെ സാര്‍, 
രോഗി നിധി കിട്ടിയവനെപ്പോലെ സ്ഥലം വിട്ടു.
(തുടരും

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top