തിരുത്തപ്പെടേണ്ട വിവാഹ സങ്കല്‍പ്പങ്ങള്‍

നിദ ലുലു No image

സാംസ്‌കാരിക സാക്ഷര കേരളത്തില്‍ വിവാഹത്തോടനുബന്ധിച്ച് ഈയടുത്ത് നടന്നുകൊണ്ടിരിക്കുന്ന അരുതായ്മകള്‍ ചെറുതല്ല. സ്ത്രീധനത്തിന്റെയും വിവാഹ പാരിതോഷികങ്ങളുടെയും പേരില്‍ അരങ്ങേറുന്ന ചൂഷണങ്ങളും പീഡനങ്ങളും ആത്മഹത്യകളും ഒറ്റപ്പെട്ടതല്ല. ജാതി മത ഭേദമന്യെ എല്ലാവരും ഇരകളാണ്. എന്നാല്‍ വിവാഹം ഏറ്റവും ലളിതമാക്കി നടത്താന്‍ കല്‍പിക്കപ്പെട്ട ഒരു സമുദായത്തിന്റെ അനുയായികളില്‍ നിന്നാകുമ്പോള്‍ അത് തീര്‍ത്തും അക്രമമാണ്.
'വിവാഹങ്ങളില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടത് ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണ്.' (അഹ്മദ്). റബീഅ ബിന്‍ കഅബ് (റ)യുടെ വിവാഹം നബി(സ) നടത്തിയത് ഒരു പണത്തൂക്കം മഹറും ഒരു സഞ്ചി ധാന്യപ്പൊടിയും ഒരു ആടിനെ അറുത്തും കൊണ്ടായിരുന്നു. ഒരു പെണ്ണിന് കൊടുക്കാനുള്ള ചെല്ലും ചെലവും ഇല്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതെ തീക്ഷ്ണയൗവനത്തില്‍ നില്‍ക്കുന്ന റബീഅയോട് നബി(സ) അന്‍സാറുകളില്‍ പെട്ട ഒരു കുടുംബത്തില്‍ പോയി വിവാഹം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. നബിയുടെ ദൂതനാണെന്നറിഞ്ഞ ഉടന്‍ അവര്‍ പെണ്‍കുട്ടിയെ റബീഅക്ക് വിവാഹം ചെയ്ത് കൊടുക്കാന്‍ സമ്മതിച്ചു. അദ്ദേഹം പറയുന്നു: 'അല്ലാഹുവിന്റെ ദൂതരേ, ഇതിനേക്കാള്‍ ഉദാരമായ ഒരു ജനതയെ ഞാനിതുവരെ കണ്ടിട്ടില്ല, അവരെന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.' നബി (സ) അവര്‍ക്ക് ഉപജീവനത്തിനായി ഒരു ഈത്തപ്പഴത്തോട്ടം സമ്മാനിച്ചു എന്നാണ് ചരിത്രം.
ഒഴിഞ്ഞ മടിശ്ശീലയുമായി തല ചായ്ക്കാന്‍ ഇടമില്ലാതെ, വിവാഹത്തിന് മുതിരാന്‍ മടിച്ച തന്റെ പിതൃവ്യപുത്രന്‍ അലി (റ)ക്ക്് തന്റെ മുറിയോട് ചേര്‍ന്ന് ഒരു കൊച്ചു വീടും ഗൃഹോപകരണങ്ങളും മഹറും സംഘടിപ്പിച്ചു കൊടുത്ത് പ്രവാചകന്‍ (സ) തന്റെ മകളെ വിവാഹം ചെയ്ത് കൊടുത്തത്, മുസ്്‌ലിം സമുദായത്തിന് ഇന്ന് സ്ത്രീധനം വാങ്ങാനുള്ള വലിയ പ്രാമാണിക തെളിവാണ്. ദരിദ്രരായ തന്റെ അനുയായികള്‍ക്ക് വിവാഹത്തിനുള്ള എല്ലാ ഒത്താശകളും നബി (സ) ചെയ്തുകൊടുത്തു എന്നതാണ് യാഥാര്‍ഥ്യം. ധനികരാവട്ടെ, ദരിദ്രരാകട്ടെ, സ്വഹാബത്തിന്റെ വിവാഹങ്ങളെല്ലാം ലളിതമായിരുന്നു.
ഇസ്്‌ലാമാേശ്ലഷണത്തിനു മുമ്പ് അടിമകളായിരുന്ന, നിര്‍ധനരായ ബിലാലും സുഹൈബുമൊക്കെ വിവാഹം കഴിച്ചത് മക്കയിലെ കുലീനരും ധനികരും തറവാടികളുമായിരുന്ന അറബി കുടുംബങ്ങളില്‍ നിന്നായിരുന്നു. വലിയ താബിഈ പണ്ഡിതനായിരുന്നു സഈദ് ബ്‌നു മുസ്വയ്യബ.് ഭരണാധികാരികളില്‍നിന്നും രാജകുടുംബത്തില്‍നിന്നും തന്റെ പുത്രിക്ക്  വിവാഹാന്വേഷണങ്ങള്‍ വന്നിട്ടും അദ്ദേഹം തന്റെ പുത്രിയെ വിവാഹം കഴിപ്പിച്ചു കൊടുത്തത് മഹ്റായി വെറും രണ്ട് ദിര്‍ഹം മാത്രം കൈവശമുണ്ടായിരുന്ന, ആദ്യ ഭാര്യ മരണപ്പെട്ട, തന്റെ ദീനിയായ ശിഷ്യനായിരുന്ന ഇബ്നു അബീവദാഅക്കായിരുന്നു.

തുടക്കം ധനികരില്‍ നിന്നാവട്ടെ 

വിവാഹം പ്രവാചകന്മാരുടെ ചര്യയാണ്. വിവാഹം കൊണ്ട് ഇസ്്‌ലാം ലക്ഷ്യമിടുന്നത് സന്താന ലബ്ദിയും സദാചാര നിഷ്ഠയുമാണ്. ദീനിന്റെ മൂന്നില്‍ രണ്ട് ഭാഗം എന്ന് വിശേഷിപ്പിക്കുന്ന വിവാഹം ഇന്ന് ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും ആകത്തുകയാണ്. എന്നാല്‍ വിവാഹ ധൂര്‍ത്തിനെതിരെയുള്ള സമരം തുടങ്ങേണ്ടത് പുരുഷന്മാരും ധനികരുമായ ആളുകളില്‍ നിന്നാണ്. ഇവിടെ സ്ത്രീ പക്ഷം പലപ്പോഴും നിസ്സഹായരാണ്. സൗന്ദര്യവും സമ്പത്തും വിദ്യാഭ്യാസവും വിവാഹ കമ്പോളത്തിലെ പ്രധാന ഡിമാന്‍ഡുകളായതിനാല്‍ തങ്ങള്‍ക്ക് സമൂഹം കല്‍പിച്ച ഈ കുറവിനെ ധനം കൊടുത്ത് നികത്താന്‍  പെണ്‍വീട്ടുകാര്‍ നിര്‍ബന്ധിതരാകും. ഇനി എല്ലാം ഉള്ളവരാണെങ്കിലും കൊടുക്കേണ്ടവന്‍ പറയുന്ന ആദര്‍ശത്തിന് പിശുക്കിന്റെ സ്ഥാനമേ ഉണ്ടാകൂ. താന്‍ കെട്ടുന്ന പെണ്ണിന് ഒരു തരി പൊന്ന് വേണ്ടെന്ന് വരന്‍ പറഞ്ഞാല്‍ അതില്‍ അന്തസ്സുണ്ട്.
ധനികരായ ആളുകള്‍ അവരുടെ പൊങ്ങച്ചത്തിനും പെരുമക്കും വേണ്ടി ചെയ്തു കൂട്ടുന്നത് വലിയ തിന്മകള്‍ക്ക് കാരണമാകുന്നുണ്ട്. അല്ലാഹു പറയുന്നു: 'നീ ധൂര്‍ത്തും ദുര്‍വ്യയവും കാണിക്കരുത്. ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരന്മാരാണ്. പിശാചോ, തന്റെ രക്ഷിതാവിനോട് തീരെ നന്ദി കാണിക്കാത്തവനും.'(17:26,27 ).
വിവാഹങ്ങള്‍ ലളിതമാവണം. പിശുക്കുകയുമരുത്.' നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവര്‍ത്തി ഇടുകയുമരുത്. അങ്ങനെ ചെയ്താല്‍ നീ നിന്ദിതനും ദുഃഖിതനുമായിത്തീരും'(17:29). 'ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല, പിശുക്ക് കാട്ടുകയുമില്ല. രണ്ടിനും ഇടയിലുള്ള മാര്‍ഗം സ്വീകരിക്കുന്നവരാണവര്‍' (25:67). 
ഖദീജാ ബീവിയുമായുള്ള വിവാഹത്തിന് നബി (സ) ഒരു ഒട്ടകത്തെ അറുത്ത് വിവാഹ സല്‍ക്കാരം നടത്തിയിരുന്നു. നബി (സ) ജഹ്ശിന്റെ മകള്‍ സൈനബിനെ വിവാഹം കഴിച്ചപ്പോഴും തന്റെ അനുചരന്മാരെ വിളിച്ച് ആടിനെ അറുത്ത് ധാന്യപ്പാടി കുഴച്ച് സദ്യ നടത്തി എന്നു കാണാം.
ഇന്ന് വിവാഹത്തിന് ദിവസങ്ങള്‍ മുന്നെ തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ തെല്ലും മടിയില്ലാതെ പലരും പൊടിപൊടിക്കുന്നു. ആസ്വാദനത്തിന്റെയും ആര്‍ഭാടത്തിന്റെയും അതിര് കടക്കുമ്പോള്‍ എത്രയോ ഹറാമുകളാണ് ഏറ്റവും മനോഹരമായ ഒരു കാര്യത്തിലേക്ക് വന്നുചേരുന്നത്. കച്ചവടവല്‍ക്കരിക്കപ്പെട്ട വിവാഹങ്ങളും വിലപേശലുകളും ഒരുപാട് കുടുംബങ്ങളെ നിത്യ ദു:ഖത്തിലേക്കും പലിശക്കെണിയിലേക്കും തള്ളിവിടുന്നു. ഫാഷനനുസരിച്ച് മാറുന്ന വിവാഹങ്ങള്‍ ഭക്ഷ്യമേളയെ ഓര്‍മിപ്പിക്കുന്നു. വിവാഹ ദിവസങ്ങളിലും അതിനെ തുടര്‍ന്നുള്ള സല്‍ക്കാരങ്ങളിലും വിഭവങ്ങള്‍ക്കു മുകളില്‍ വിഭവങ്ങളാണ് ഒരുക്കുന്നത്. മേമ്പൊടിയായി നൃത്ത-നൃത്യങ്ങളും ബാന്‍ഡ് മേളങ്ങളും. വധൂവരന്മാരുടെ സ്വകാര്യ നിമിഷങ്ങള്‍ വരെ ഒപ്പിയെടുത്ത് സിനിമാ സീരിയലുകളെ വെല്ലുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒഴുക്കിവിടുന്നു. ഇതിലൂടെ ഇസ്്‌ലാമിലെ മഹനീയ മംഗല്യ സങ്കല്‍പമെന്ന മുഖമുദ്ര തകര്‍ന്നടിയുകയാണ്.
അല്ലാഹു പറഞ്ഞു: 'നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. പക്ഷേ പരിധി ലംഘിക്കരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (7:31)

തിരുത്തപ്പെടേണ്ട ചിന്താഗതികള്‍

സമൂഹത്തിന്റെ എല്ലാ അത്യാചാരങ്ങളുടെയും തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. എത്ര തന്നെ പ്രാസ്ഥാനികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയര്‍ന്നാലും സ്വപ്നസാക്ഷാത്കാരത്തിനായി പെണ്ണിന് വിയര്‍ക്കേണ്ടിവരുന്നു. നാട്ടാചാരങ്ങളാല്‍ വികൃതമായ ഇസ്്‌ലാമിന്റെ തനിമ സൂക്ഷിക്കാന്‍ പുതുതലമുറക്കെങ്കിലും ആവേണ്ടതുണ്ട്. കല്യാണമെന്നാല്‍ ഇവന്റ് മാനേജര്‍മാരുടെ കസ്റ്റഡിയില്‍ വീട്ടുകാര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങളാണെന്ന ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. പാഴാക്കിക്കളയുന്ന ഭക്ഷണം, വസ്ത്രം, ആഭരണം, മുന്തിയ ഓഡിറ്റോറിയം തുടങ്ങി തുലച്ച പണം മുഴുവന്‍ ബാങ്കില്‍ നിന്നെടുത്ത ലോണിന്റെയും പലിശയുടേതുമാണെന്ന് വരുമ്പോഴാണ്് എത്ര ഹറാമായ ഭക്ഷണമാണ് നാം ഇതുവരെ കഴിച്ചിട്ടുള്ളത് എന്ന് മനസ്സിലാവുക.
ധൂര്‍ത്തും ആര്‍ഭാടവും പൊങ്ങച്ചവും വിവാഹത്തോടെ മാത്രം അവസാനിക്കുന്നില്ല. അതൊരു തുടര്‍ച്ചയാണ്. പെണ്ണുകാണല്‍ സല്‍ക്കാരത്തില്‍ തുടങ്ങി വിവാഹത്തോടെ കൊഴുക്കുന്ന ആര്‍ഭാടം കുഞ്ഞിന്റെ ജനനം, വിവാഹ വാര്‍ഷികം, കുട്ടിയുടെ ജന്മ വാര്‍ഷികം, വീട് കാണാന്‍ പോക്ക,് അറ കാണാന്‍ പോക്ക്, പുതിയാപ്പിള സല്‍ക്കാരം എന്നിവയുടെ പട്ടിക നീളുകയാണ്. ഏറ്റവും കൂടുതല്‍ ഇത് പ്രകടമാവുന്നത് വിവാഹങ്ങളിലാണെന്ന് മാത്രം. വരന് പെണ്ണിന്റെ ഉമ്മ പാല്‍ വായില്‍ വെച്ചുകൊടുത്ത് സ്വര്‍ണാഭരണം ധരിപ്പിക്കുന്നത് അനാചാരമായി കാണാന്‍ കഴിയാത്തവിധം സാധാരണമായി. പെണ്‍വീട്ടുകാര്‍ കൊടുത്തയക്കേണ്ടി വരുന്ന വീട്ടുസാധനങ്ങളുടെ നീണ്ട നിര വേറെയുമുണ്ട്. പെണ്ണ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അലമാര, കട്ടില്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങി മുഴുവന്‍ വീട്ടുപകരണങ്ങളും കൊടുത്തയക്കുന്ന സമ്പ്രദായവും പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്.
ഓരോ ദിവസവും പുതിയ രൂപത്തിലും ഭാവത്തിലും ആചാരങ്ങള്‍ നാം പടച്ചുണ്ടാക്കുന്നു. ഉത്തരേന്ത്യയില്‍നിന്നും ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കുടിയേറിയവരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഹല്‍ദി, മെഹന്തി ആഘോഷങ്ങള്‍ നാടോടുമ്പോള്‍ നടുവെ ഓടണമെന്ന മലയാളിയുടെ ശീലം കാരണം നമുക്കും ഒഴിച്ചുകൂടാനാവാത്ത മൂന്ന് ദിവസത്തെ ആഘോഷമായി. ഇത്തരം കാര്യങ്ങളാണ് നാട്ടുകാരുടെ ഇടയില്‍ തങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കുക എന്നും ചിലരെങ്കിലും കരുതുന്നു. വേറൊരു കൂട്ടര്‍ക്ക് സമ്മര്‍ദത്താലും നിസ്സഹായതയാലും ഇത്തരം ആഭാസങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നു. രണ്ടു തരത്തിലായാലും പരിഹാസ്യമാം വിധം കൊഴുക്കുമ്പോള്‍ കടിഞ്ഞാണിടേണ്ടത് നന്മ കാംക്ഷിക്കുന്നവരുടെ ബാധ്യതയാണ്; പ്രത്യേകിച്ച് മുസ്്‌ലിംകളുടെ. നല്ലൊരു മാതൃകയുടെ വാഹകരല്ലോ അവര്‍. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top