വനിതാദിനത്തില്‍ മുസ്്ലിം സ്ത്രീ

റാഷിദ മന്‍ഹാം No image

സമൂഹ ഗാത്രത്തിന്റെ പാതിയാണ് സ്ത്രീ എന്ന മധുരമനോഹര വാക്യം ഓരോ വനിതാദിനത്തിലും ഉച്ചത്തില്‍ കേള്‍ക്കാറുണ്ട്. യാഥാര്‍ഥ്യത്തിന്റെ ലോകത്ത് അവളുടെ പങ്കാളിത്തം എത്രമേലുണ്ട്? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവളുടെ നില എത്രയോ ദയനീയമാണ്. തെരഞ്ഞെടുപ്പും സ്ഥാനാര്‍ഥി പട്ടികയും നോക്കിയാല്‍ ഇത് വ്യക്തമാകും. പെണ്ണിന് വോട്ടവകാശം ലഭിച്ചിട്ട് ഒരു നൂറ്റാണ്ട് പോലുമായിട്ടില്ല. റേഷന്‍ കാര്‍ഡില്‍ ഉടമയെ സ്ത്രീ ആക്കുന്നതിലൂടെയും കുടുംബശ്രീ തുടങ്ങുന്നതിലൂടെയും പൂര്‍ത്തിയാവുന്നതല്ല സ്ത്രീ രാഷ്ട്രീയ പങ്കാളിത്തം.
ഇസ്്ലാമിലെ സ്ത്രീ, അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടവളും മൂടുപടത്തിന് പിന്നില്‍ അടിച്ചമര്‍ത്തപ്പെട്ടവളും പാരതന്ത്ര്യത്തിന്റെ  പര്യായവുമാണെന്നാണ് യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ച് പലരും ആക്രോശിക്കാറുള്ളത്. ആധുനിക ദേശരാഷ്ട്രങ്ങള്‍ ഉടലെടുത്തതോടെയാണ് അവള്‍ സൂര്യനെ പോലും കാണുന്നത് എന്ന മട്ടിലുള്ള പ്രോപഗണ്ടകള്‍ക്കും പഞ്ഞമില്ല. 'ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന 'ദേവ' വാക്യങ്ങള്‍ കാണാതിരിക്കുന്നവര്‍ സ്വത്തവകാശത്തില്‍ പാതിയേ ലഭിക്കുന്നുള്ളൂ എന്ന് അലറിവിളിച്ച് അന്തരീക്ഷം മലീമസമാക്കും. ഈയൊരു പശ്ചാത്തലത്തില്‍ ഇസ്്ലാമിലെ സ്ത്രീ, തെരഞ്ഞെടുപ്പുകളിലും രാഷ്ട്രനിര്‍മാണത്തിലും വഹിച്ച പങ്ക് എന്ത് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. ആധുനിക സംസ്‌കാരമാണ് സ്ത്രീക്ക് അവകാശങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുത്തതെന്ന ഗീര്‍വാണങ്ങള്‍ പൊട്ടിക്കാമെങ്കിലും ഇസ്്ലാമിക മൂല്യങ്ങളില്‍ വളര്‍ന്ന ഒരു മുസ്്ലിം സ്ത്രീയും ഈ പരിധിയില്‍ വരില്ലെന്ന് ഉറപ്പിച്ച് പറയാം. പഠനം, ജോലി, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാത്രമല്ല, രാഷ്ട്ര നിര്‍മാണ തീരുമാനങ്ങളിലും അവളുടെ പങ്ക് പ്രവാചക കാലത്തുതന്നെ അടയാളപ്പെട്ടിട്ടുണ്ട്. പുരോഹിത വേഷധാരികള്‍ ആചാരങ്ങളും പൈതൃകവും പറഞ്ഞ് തടസ്സം നിന്നിട്ടുണ്ടെങ്കില്‍ അതിന് ഇസ്്ലാമല്ല ഉത്തരവാദി.
പ്രവാചകന് വെളിപാട് സന്ദേശം ലഭിച്ചയുടനെ വിഷയത്തിന്റൈ മര്‍മം മനസ്സിലാക്കാനും അത് നബി(സ)യെ തെര്യപ്പെടുത്താനും ഖദീജ തന്റേടം കാണിച്ചിരുന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുക? ഹിറാ ഗുഹയിലേക്കുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരം ഒറ്റക്ക് ഭക്ഷണപ്പൊതിയുമായി നടന്ന്, അരോഗദൃഢഗാത്രനായ ഒരാള്‍ക്ക് പോലും ഇപ്പോഴും കയറാന്‍ പ്രയാസമുള്ള പ്രകാശമലയുടെ കുത്തനെയുള്ള വഴികള്‍ താണ്ടിയ ഖദീജയെ മറന്ന് എങ്ങനെ നുബുവ്വത്ത് വായിക്കാനാവും? എത്യോപ്യയിലേക്കുള്ള പലായനത്തില്‍ സ്ത്രീപങ്കാളിത്തം മറന്നുകൊണ്ട് നമുക്ക് ചരിത്രം വായിക്കാനാകുമോ? മദീനയിലേക്കുള്ള പലായനത്തില്‍ തനിച്ച് യാത്ര ചെയ്ത സൈനബ എന്ന പ്രവാചക പുത്രിയെയും ഉമ്മു സലമ എന്ന പ്രവാചക പത്നിയെയും മാറ്റിനിര്‍ത്തി എങ്ങനെ ഇസ്്ലാമിലെ ഹിജ്റ വായിക്കാനാവും? ഒന്നും രണ്ടും അഖബ ഉടമ്പടികളില്‍ പുരുഷന്റെ പാതി എന്ന അര്‍ഥത്തില്‍ പരിഗണിക്കാതെ സ്വന്തം അസ്തിത്വവും വ്യക്തിത്വവും പരിഗണിച്ച് ബൈഅത്ത് ചെയ്ത ധീരവനിതകളെ മറന്നുകൊണ്ട്, സുമയ്യ ബീവിയെ പടിക്ക് പുറത്താക്കി എങ്ങനെ മദീനയെന്ന ഇസ്്ലാമിക രാഷ്ട്രത്തെ സങ്കല്‍പിക്കാനാകും?
പ്രവാചക വിയോഗ ശേഷം സകാത്ത് നിഷേധത്തിലൂടെ പലരും എതിര്‍പക്ഷത്തായപ്പോള്‍ ഭരണകര്‍ത്താവിനൊപ്പം ഒരു സ്ത്രീ പോലും മുര്‍തദ്ദാവാതെ രാഷ്ട്ര അസ്ഥിവാരത്തെ സംരക്ഷിച്ച് നിര്‍ത്തിയത് മനസ്സിലാക്കാതെയുള്ള ചരിത്ര വായന എങ്ങനെ നിഷ്പക്ഷമാവും? മക്കാവിജയ ശേഷം സാമൂഹിക സുരക്ഷാ പ്രതിജ്ഞ എടുത്ത 300-ഓളം സ്വഹാബി വനിതകളെ എങ്ങനെ മാറ്റി നിര്‍ത്താനാവും? ജീവിക്കാനുള്ള അവകാശം പോലും തടയപ്പെട്ട ഇരുണ്ട യുഗത്തില്‍ ജീവിക്കാന്‍ മാത്രമല്ല, സ്വത്തോഹരിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്രവ്യാപാര വ്യവസായങ്ങള്‍ക്കും നേതൃത്വം വഹിക്കാമെന്ന് കാണിച്ച സ്ത്രീയെ മാറ്റിനിര്‍ത്തി എങ്ങനെ ഇസ്്ലാമിക ചരിത്രം വായിക്കാനാകും? സ്വന്തം ഭര്‍ത്താവിനെ തെരഞ്ഞെടുക്കാനുള്ള അധികാരം മാത്രമല്ല ആ വിധം അനുമതി പരിഗണിക്കാതെ നടന്ന വിവാഹത്തെ ദുര്‍ബലപ്പെടുത്താനുള്ള അവകാശം നല്‍കിയതിനെയും മാറ്റിവെച്ച് ഇസ്്‌ലാമിലെ സ്ത്രീ വായന എങ്ങനെ പൂര്‍ണമാകും?
'സ്ത്രീകളുടെ പദവി ഉയര്‍ത്തി എന്ന മഹത്വം മാത്രമല്ല ഇസ്്ലാമിനുള്ളത്. മറിച്ച്, അവ്വിധം ചെയ്ത ആദ്യ മതമെന്നത് കൂടിയാണ്' എന്ന ഗോസ്റ്റവ് ലോബന്റെ വായനയെങ്കിലും ഇസ്്‌ലാമിക ചരിത്ര വായനക്കാര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. സ്ത്രീവിഷയത്തില്‍ 'യൂറോപ്യന്‍ നിയമങ്ങള്‍ ഇസ്്‌ലാമിക ദര്‍ശനത്തെ ആധാരമാക്കണമെന്ന് ' അഭിപ്രായപ്പെട്ട ആനി ബസന്റിന്റെ വായനയെങ്കിലും നാം നടത്തേണ്ടതില്ലേ? സ്വന്തമായി സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനും പരിപോഷിപ്പിക്കുവാനുമുള്ള അവകാശം അമേരിക്കന്‍ സ്ത്രീ നേടിയത് 1900-ത്തിലെങ്കില്‍ 1400 വര്‍ഷം മുമ്പ് ഖദീജ എന്ന വര്‍ത്തക പ്രമുഖയെ മറന്നുകൊണ്ടുള്ള ഒരു നിരീക്ഷണം എങ്ങനെ സാധ്യമാകും? സ്വാഭീഷ്ട പ്രകാരം കുടുംബത്തെ വിട്ട് ഇസ്്‌ലാം സ്വീകരിക്കുന്നതും പീഡന വിധേയരാകുന്നതും പലായനം നടത്തുന്നതും അനിവാര്യ പ്രതിരോധ യുദ്ധങ്ങളില്‍ ശരീരം കൊണ്ട് പങ്കെടുക്കുന്നതും സന്ധി സംഭാഷണങ്ങളില്‍ ഭാഗഭാക്കാവുന്നതും മറ്റും മറന്നു കൊണ്ട് എന്ത് ചരിത്ര വായനയാണ് പൂര്‍ണമാവുക? ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ വാദങ്ങളോട് സ്വതന്ത്രമായ തീരുമാനമെടുക്കാനും അതിനുവേണ്ടി അടരാടാനും കാണിച്ച ആഇഷയുടെ രാഷ്ട്രീയ പ്രബുദ്ധത എങ്ങനെ വിസ്മരിക്കും?
രാഷ്ട്ര നേതൃത്വം വഹിക്കുകയും തന്റെ ജനതയുടെ സുരക്ഷക്കായി സോളമന്‍ രാജാവുമായി ചര്‍ച്ച നടത്തി രാഷ്ട്രീയ പക്വത കാണിക്കുകയും ചെയ്ത ഷേബാ രാജ്ഞിയെ ഒഴിച്ചു നിര്‍ത്തി വിശുദ്ധ ഗ്രന്ഥ വായന അപൂര്‍ണമാണ്. ഉഹ്ദ് യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത് പ്രവാചകന് പ്രതിരോധം തീര്‍ത്ത ഉമ്മു അമ്മാറ എന്ന നുസൈബയും സ്ത്രീ ജനങ്ങളെ പതിയിരുന്ന് ആക്രമിക്കാന്‍ ശ്രമിച്ച ജൂതനെ വകവരുത്തിയ സഫിയ ബിന്‍ത് അബ്ദുല്‍ മുത്തലിബിനെയും ഓര്‍ക്കാതിരിക്കാനാവില്ല. സഹോദരങ്ങളെയും മക്കളെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ടിട്ടും രാഷ്ട്ര ഭരണത്തലവന്റെ സുരക്ഷിതത്വത്തില്‍ ആശ്വാസം കണ്ടെത്തിയ ഖന്‍സയെയും ഉമ്മുല്‍ ഹകീം ബിന്‍ത് ഹാരിസിനെയും  സൈപ്രസ് യുദ്ധവേളയില്‍ കടല്‍ കടക്കാന്‍ തയാറായ  ഉമ്മു ഹറാം ബിന്‍ത് മല്‍ഹാനെയും അജ്നാദീന്‍ എന്ന യുദ്ധത്തില്‍ ഖൈമകളുടെ കാല്‍ ഊരി ശത്രുക്കളുടെ ടെന്റുകളില്‍  ആക്രമണം നടത്തിയ ഖൗല ബിന്‍ത് അസ്വരിനെയും മറക്കുകയോ?
ഇറാഖ് യുദ്ധവേളയില്‍ നഖഅ ഗോത്രത്തില്‍നിന്ന് മാത്രം പങ്കെടുത്ത 700 വനിതകളേയും ബുജൈല ഗോത്രത്തിലെ ആയിരത്തോളം അവിവാഹിതരായ സ്ത്രീരത്നങ്ങളെയും പില്‍ക്കാലത്ത് മാംഗോളികളോട് പോരടിച്ച് തര്‍ക്കാര്‍ ഖാതൂണിനെയും സോറന്‍ പ്രദേശത്തിന്റെ അമീറായിരുന്ന ഖന്‍സാദ് ബിന്‍ത് ഹസനെയും 1798-ല്‍ ഫ്രഞ്ച്കാര്‍ക്കെതിരെ സ്വജീവന്‍ അര്‍പിക്കാന്‍ പുറപ്പെട്ട ഗമറിന്‍, തോത്ത ഗ്രാമങ്ങളിലെ സ്ത്രീകളെ സജ്ജരാക്കി അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തെ ചെറുത്ത് തോല്‍പിക്കാന്‍ നേതൃത്വം നല്‍കിയ ഖൗല ജര്‍ജരാ എന്നറിയപ്പെടുന്ന ഫാത്തിമ നഹോമറിനെയും കാണാതെപോയത് എന്തുകൊണ്ടാണ്? ഫലസ്തീന്‍ പോരാളികളില്‍ വിഖ്യാതയായ ജമീല ബൂഹൈരദിനെയും ലൈലാ ഖാലിദിനെയും മാറ്റിനിര്‍ത്തിയുള്ള ചരിത്ര വായന വന്ധ്യവും അര്‍ഥശൂന്യവും ആണെന്ന കാര്യത്തില്‍ രണ്ടു പക്ഷം കാണില്ല.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top