വിശ്വാസി സമൂഹം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിനെയാണല്ലോ. ''സത്യവിശ്വാസികള്‍ അല്ലാഹുവിനെ ഏറെ സ്‌നേഹിക്കുന്നവരാണ്''
വിശ്വാസി സമൂഹം ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിനെയാണല്ലോ. ''സത്യവിശ്വാസികള്‍ അല്ലാഹുവിനെ ഏറെ സ്‌നേഹിക്കുന്നവരാണ്'' (വിശുദ്ധ ഖുര്‍ആന്‍). ഈ സ്‌നേഹം നാം പരിശുദ്ധ റമദാനിലൂടെ ഏറെ തെളിയിച്ചു. സ്‌നേഹനിധിയായ റബ്ബിനു വേണ്ടി, നമുക്ക് പ്രിയപ്പെട്ട അന്നപാനീയങ്ങളും ശാരീരികാഗ്രഹങ്ങളുമെല്ലാം ത്യജിച്ചു. റബ്ബിനെ കണ്ടുമുട്ടുമ്പോള്‍ നമുക്ക് നോമ്പിലൂടെ കൈവരാനിരിക്കുന്ന നന്മകളാണ് മനസ്സു നിറയെ. സ്വര്‍ഗത്തിലെ റയ്യാന്‍ വാതില്‍, അതിവിശിഷ്ട പാനീയം... അങ്ങനെ ഒടുങ്ങാത്ത ആഗ്രഹങ്ങളാല്‍ നമ്മള്‍ ഉള്‍പുളകിതരാണ്.
ഇനിയുള്ള നാളുകള്‍ അല്ലാഹുവിലേക്ക് അടുക്കാന്‍, അവന്റെ തൃപ്തിയും സാമീപ്യവും കരസ്ഥമാക്കാന്‍, നരകമുക്തി നേടാന്‍ ഏറ്റവും പറ്റിയ അവസാനത്തെ പത്ത് നാളുകളാണ്. അല്ലാഹുവോട് കാരുണ്യം തേടി, പാപമോചനം തേടി ഇനിയുള്ള നാളുകള്‍ നമുക്ക് റബ്ബിന്റെ സമക്ഷത്തിങ്കലണയാം. പ്രിയപ്പെട്ട നാഥനോട് നമുക്ക് ഒറ്റക്ക് സംവദിക്കാം. സ്‌നേഹനിധിയായ റബ്ബിനെ മറന്ന് നമ്മള്‍ തെറ്റുകള്‍ ചെയ്തത്, അവന്‍ തൃപ്തിപ്പെടാത്ത കാര്യങ്ങള്‍ നമ്മില്‍നിന്ന് സംഭവിച്ചത്, നമ്മുടെ ആവലാതികള്‍, വേവലാതികള്‍, പ്രശ്‌നങ്ങള്‍ എല്ലാം നമുക്ക് അവന്റെ മുന്നില്‍ ഒന്ന് തുറന്നുവെക്കാം. അവനോട് സൗഹൃദവും ബന്ധവും കൂടുതല്‍ ശക്തമാക്കാം. റസൂല്‍ (സ) പറഞ്ഞതു പോലെ അല്ലാഹു നമ്മുടെ മനസ്സില്‍ ഇടം നേടട്ടെ. 'വിശാലമായ ആകാശ ഭൂമികള്‍ക്കെന്നെ ഉള്‍ക്കൊള്ളാനാവില്ല. എന്നാല്‍ സത്യവിശ്വാസിയുടെ മനസ്സിനെന്നെ ഉള്‍ക്കൊള്ളാനാവും' എന്ന് ഖുദ്‌സിയായ ഹദീസില്‍ വന്നതോര്‍ക്കുക.
അല്ലാഹുവിന്റെ സാമീപ്യം ഏറെ ലഭിക്കുന്നതിന് ഈ സുവര്‍ണാവസരം നാം പരമാവധി ഉപയോഗപ്പെടുത്തണം. ഈ അവസാനത്തെ പത്ത് ദിനങ്ങളില്‍ നമുക്ക് അല്ലാഹുവിന്റെ സമക്ഷത്തിങ്കലേക്ക് ഒരു തീര്‍ഥയാത്ര പോവാം. അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളില്‍ ദിക്ര്‍-ദുആകളിലും ഖുര്‍ആന്‍ പഠന -പാരായണത്തിലേര്‍പ്പെട്ടും ഇബാദത്തുകള്‍ നിര്‍വഹിച്ചും ധ്യാനനിരതരാവാം. അതിന്റെ പേരാണ് ഇഅ്തികാഫ്.
ഇന്ന് സമുദായം പല പുണ്യ കര്‍മങ്ങളിലുമെന്ന പോലെ ഈ മഹത്തായ കര്‍മത്തോടും അവഗണനാ നയമാണ് സ്വീകരിക്കുന്നത്. ഇമാം സുഹ്‌രി പറഞ്ഞതാണ് ശരി; 'നമ്മുടെ സമുദായം ഇഅ്തികാഫിനെ അവഗണിച്ചത് ആശ്ചര്യകരം തന്നെ. നബി(സ) മദീനയില്‍ വന്നതു മുതല്‍ മരണമടയുന്നതു വരെയും ഇഅ്തികാഫ് അവഗണിച്ചിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് സമുദായം ഈ സുന്നത്തിനെ ഇങ്ങനെ അവഗണിക്കുന്നത്?'
അതിനാല്‍ നമുക്ക് ഈ സുന്നത്തിനെ പുനരുജ്ജീവിപ്പിക്കാം. സമുദായത്തിന് പൊതുവിലും പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് പ്രത്യേകിച്ചും അല്ലാഹുവിന്റെ സാമീപ്യവും സാന്ത്വനവും കാരുണ്യസ്പര്‍ശവും അനിവാര്യമാണ്. അവന്റെ ചാരെ ചെന്ന് നമുക്കത് ചോദിക്കാം.
ഇഅ്തികാഫ് കുറഞ്ഞ തോതിലാണെങ്കിലും നമ്മുടെ സമുദായത്തില്‍ മുമ്പു മുതലേ ഒരു മഹത്തായ പുണ്യകര്‍മമായി ആചരിക്കപ്പെടുന്നു. അത് സുന്നത്താണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമൊട്ടുമില്ല. നബി(സ)യും സ്വഹാബാക്കളും ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നുവെന്നതാണ് അതിനുള്ള തെളിവ്.
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും ഇഅ്തികാഫ് പുണ്യമുള്ള കാര്യമാണ്. നബി(സ)യുടെ കാലത്ത് സ്ത്രീകള്‍ അഞ്ചു നേരത്തെ ജമാഅത്ത് നമസ്‌കാരങ്ങളിലും ജുമുഅയിലും പങ്കെടുത്തുവെന്നത് പ്രബലമായ പ്രമാണങ്ങളാല്‍ സ്ഥിരീകരിക്കപ്പെട്ടതാണ്. മര്‍യം ബീവി പള്ളി മിഹ്‌റാബില്‍ കഴിച്ചുകൂട്ടിയെന്നതും, നിങ്ങളോട് പള്ളിയിലേക്ക് പോവാന്‍ സ്ത്രീകള്‍ അനുവാദം ചോദിച്ചാല്‍ നിങ്ങളത് തടയരുത് എന്ന വ്യക്തമായ നബിവചനവും ഉണ്ടായിട്ടും ഇന്നും സ്ത്രീക്ക് പള്ളിപ്രവേശനം വിലക്കുന്നതിന്റെ ന്യായം പിടികിട്ടുന്നില്ല.
നബി(സ)യോടൊപ്പവും അദ്ദേഹത്തിന്റെ കാലശേഷവും നബി(സ)യുടെ പ്രിയ പത്‌നിമാര്‍ ഇഅ്തികാഫ് ഇരുന്നിരുന്നുവെന്ന് പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇഅ്തികാഫിന് നിര്‍ണിത സമയമില്ല. റമദാന്‍ അവസാനത്തെ പത്ത് നാളുകളാണ് അതിന് ശ്രേഷ്ഠമായ സമയം. എന്നാല്‍ ഒരാള്‍ക്ക് സൗകര്യപ്പെടുന്ന സമയവും ദിവസവും ഇഅ്തികാഫ് നിയ്യത്ത് വെച്ച് അനുഷ്ഠിക്കാവുന്നതാണ്. ഒരാള്‍ ഒരു മാസം/ ദിവസം ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതയാള്‍ക്ക് നിര്‍ബന്ധമായിത്തീരുന്നു. പെട്ടെന്ന് വല്ലതും സംഭവിച്ചാല്‍ ഇഅ്തികാഫില്‍നിന്ന് വിരമിക്കുമെന്ന് നിബന്ധനവെക്കാമെന്ന് അല്‍ ഉമ്മ് എന്ന ഗ്രന്ഥത്തില്‍ ഇമാം ശാഫിഈ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകളെ സംബന്ധിച്ചേടത്തോളം 10 ദിവസം തുടര്‍ച്ചയായി ഇഅ്തികാഫ് പ്രയാസമായിരിക്കും. സൗകര്യപ്പെടുന്നവര്‍ക്ക് അങ്ങനെ ആവാം. സൗകര്യാനുസാരം പള്ളികളില്‍ സമയം ചെലവഴിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം.
പള്ളികള്‍ക്ക് പകരം സ്ത്രീകള്‍ക്ക് വീടുകളില്‍ ഇഅ്തികാഫ് ആകാമോ എന്ന ഒരു ചര്‍ച്ച നിലനില്‍ക്കുന്നുണ്ട്. നാല് ഇമാമുമാരും ഭൂരിഭാഗം പണ്ഡിതന്മാരും പുരുഷന്മാരെ പോലെതന്നെ ജുമുഅ നടക്കുന്ന പള്ളികളില്‍ തന്നെയാണ് സ്ത്രീകളും ഇഅ്തികാഫ് ഇരിക്കേണ്ടത് എന്ന അഭിപ്രായക്കാരാണ്.
ഇബ്‌നു അബ്ബാസി(റ)നോട് ആരോ പറഞ്ഞു: 'ഒരു സ്ത്രീ വീട്ടില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു.' ഉടനെ അദ്ദേഹം പ്രതികരിച്ചു: 'അത് ബിദ്അത്താണ്. അല്ലാഹുവിന് ബിദ്അത്ത് ഏറെ വെറുക്കപ്പെട്ടതാണ്. നമസ്‌കാരം നടക്കുന്ന പള്ളിയിലല്ലാതെ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ സ്ത്രീക്ക് അവകാശമില്ല.' ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും നബി(സ)യുടെ കാലത്തെ സംഭവ പരമ്പരകളുടെ അടിസ്ഥാനത്തിലും ഇഅ്തികാഫ് സാധാരണ പള്ളികളില്‍ തന്നെ വേണമെന്ന അഭിപ്രായമാണ് പരിഗണനീയം. എന്നാല്‍ സ്ത്രീകളുടെ സുരക്ഷിതത്വം പരമപ്രധാനമാണ്.
പള്ളികളില്‍ ഭജനമിരിക്കാന്‍ സാഹചര്യമില്ലാത്ത സഹോദരിമാര്‍ രാവുകള്‍ ഉറങ്ങി കഴിച്ചുകൂട്ടുന്നതിനു പകരം സൗകര്യം പോലെ ഉറക്കമൊഴിച്ച് ഇബാദത്തുകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകാന്‍ ശ്രദ്ധിക്കുക. വീടുകളിലായാലും പ്രതിഫലം നല്‍കുന്നവന്‍ അല്ലാഹുവാണ്. നമ്മുടെ പ്രതിബന്ധങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം റബ്ബിന് നന്നായി അറിയാം. അതിനാല്‍ പ്രത്യാശയോടെ, പ്രതീക്ഷയോടെ 'അല്ലാഹുവിലേക്ക് ഓടിയടുക്കുക'. നാം ഒരു ചാണ്‍ അടുത്താല്‍ ഒരു മുഴം അടുക്കുന്നു അല്ലാഹു. നാം നടന്നടുത്താല്‍ ഓടി നമ്മിലേക്കടുക്കുന്ന കരുണാമയനായ അല്ലാഹുവിന്റെ കാരുണ്യ സമക്ഷത്തിങ്കലേക്ക് നമുക്ക് ഓടിയടുക്കാം.