ഒരു മാസം ദൈര്‍ഘ്യമുള്ള ത്യാഗവും സഹനവും സഹാനുഭൂതിയും നിറഞ്ഞ ആരാധനയാണ് റദമാനിലെ വ്രതാനുഷ്ഠാനം.
ഒരു മാസം ദൈര്‍ഘ്യമുള്ള ത്യാഗവും സഹനവും സഹാനുഭൂതിയും നിറഞ്ഞ ആരാധനയാണ് റദമാനിലെ വ്രതാനുഷ്ഠാനം. വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസി സമൂഹം നിര്‍വഹിക്കുന്ന ആത്മീയതയുടെ ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍.
'ആവര്‍ത്തിച്ചുവരുന്നത്' എന്നാണ് 'ഈദ്' എന്ന വാക്കിന്റെ അര്‍ഥം. വര്‍ഷംതോറും ശവ്വാല്‍ ഒന്നിന് ആവര്‍ത്തിക്കുന്ന ആഘോഷം എന്ന് സാരം. 'ഫിത്വ്ര്‍' എന്ന വാക്കിന്റെ അര്‍ഥം 'മുറിക്കല്‍' എന്നാണ്. നോമ്പ് അന്തിമമായി മുറിച്ച് പെരുന്നാളിലേക്ക് പ്രവേശിക്കുന്നുവെന്നാണ് 'ഈദുല്‍ ഫിത്വ്ര്‍' എന്ന നാമകരണത്തിന്റെ താല്‍പര്യം.
ആഘോഷം സന്തോഷത്തിന്റെ ഉത്സവമാണ്. പക്ഷേ, സ്വന്തം സന്തോഷം ഉറപ്പുവരുത്തുന്നതിന്റെ മുമ്പായി പ്രയാസപ്പെടുന്ന മറ്റുള്ളവരുടെ സന്തോഷം ഉറപ്പുവരുത്തലാണ് പ്രധാനം. ഇസ്‌ലാമിന്റെ അന്യാദൃശമായ ഒരു ശ്രദ്ധേയതയാണ് ഈ ഒരു മുന്‍ഗണനാക്രമം. അതിനാല്‍ 'ഈദുല്‍ ഫിത്വ്ര്‍' ആരംഭിക്കുന്നത് 'സകാത്തുല്‍ ഫിത്വ്ര്‍' നല്‍കിക്കൊണ്ടാണ്. 'സകാത്തുല്‍ ഫിത്വ്ര്‍' നിര്‍വഹിച്ചവനു മാത്രമേ 'ഈദുല്‍ ഫിത്വ്ര്‍' ആഘോഷിക്കാനുള്ള അര്‍ഹതയുള്ളൂ.
സകാത്തുല്‍ ഫിത്വ്ര്‍ ഒരു യാചനാ പദ്ധതിയല്ല. പെരുന്നാള്‍ ദിനം യാചന ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള ഒരു ഇസ്‌ലാമിക സാമ്പത്തിക പദ്ധതിയാണത്. പെരുന്നാള്‍ ദിനത്തില്‍ എല്ലാ വീട്ടിലും ഭക്ഷണം പാകം ചെയ്യാനുള്ള വിഭവം ഉണ്ടെന്ന് ഉറപ്പുവരുത്തലാണ് 'സകാത്തുല്‍ ഫിത്വ്ര്‍'.
'സകാത്തുല്‍ ഫിത്വ്ര്‍' കാലികമായി കാര്യക്ഷമമാക്കാനുള്ള ധീരമായ ആലോചനകളും പുനരാലോചനകളും നടത്താന്‍ പണ്ഡിതന്മാര്‍ക്ക് വേണ്ട അളവില്‍ സാധിക്കുന്നില്ലെന്നത് ദുഃഖകരമാണ്. 'പെരുന്നാള്‍ നാളില്‍ ജനം അന്നം തേടി' ചുറ്റിത്തിരിയാതിരിക്കാന്‍ എന്നാണ് മുഹമ്മദ് നബി (സ) പറഞ്ഞതെങ്കില്‍ 'സകാത്തുല്‍ ഫിത്വ്ര്‍' ശേഖരിക്കാന്‍ ചുറ്റിത്തിരിയുന്ന അവസ്ഥ ഇന്നും പലയിടത്തും നിലനില്‍ക്കുന്നുണ്ടെന്നത് ദീനിന്റെ മുഖം വികൃതമാക്കുന്ന, പ്രവാചക പദ്ധതിയെ നിറം കെടുത്തുന്ന അനുഭവം തന്നെയാണ്.
'സകാത്തുല്‍ ഫിത്വ്ര്‍' പള്ളികളില്‍ സമാഹരിച്ച്, അര്‍ഹരുടെ വീടുകളില്‍ വളന്റിയര്‍മാര്‍ വഴി എത്തിക്കുന്ന സിസ്റ്റം ഉണ്ടാക്കിയെടുക്കലാണ് പരിഹാരം. പക്ഷേ, കേരളത്തിലെ ഭൂരിഭാഗം മഹല്ലുകളിലും ആ സമ്പ്രദായം ഇനിയും നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ റസൂല്‍ (സ) വ്യക്തമാക്കിയ ലക്ഷ്യം നടപ്പാകുന്നില്ലെന്ന ദുരവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് കാണാം.
'സകാത്തുല്‍ ഫിത്വ്ര്‍' സംഘടിതമായി വിതരണം ചെയ്തു വരുന്ന മഹല്ലുകളും ഈ വിഷയത്തില്‍ ചില പുനരാലോചനകള്‍ നടത്തിയേ തീരൂ. സകാത്ത് ദായകരില്‍നിന്ന് പണമാണ് അധിക മഹല്ലുകളും സ്വീകരിക്കുന്നത്. പക്ഷേ, അതുകൊണ്ട് വാങ്ങുന്നത് പെരുന്നാള്‍ ദിവസത്തില്‍ ആരും ഉപയോഗിക്കാത്ത സാധാരണ അരിയാണ്. സകാത്ത് സ്വീകര്‍ത്താക്കള്‍ ആ അരിയും വീട്ടില്‍വെച്ച് ബിരിയാണി അരി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോവുകയാണ് ചെയ്യുന്നത്. സ്വന്തമായി വകയില്ലാത്തവര്‍ അതിനായി കടമിടപാടും നടത്താന്‍ നിര്‍ബന്ധിതരാവുന്നു. ബിരിയാണിക്ക് ആവശ്യമായ അരി നല്‍കാന്‍ പല മഹല്ലുകളും സന്നദ്ധമാവുന്നില്ല. യഥാര്‍ഥത്തില്‍ ഫിത്വ്ര്‍ സകാത്തിന്റെ ലക്ഷ്യം നേടാന്‍ കേവലം അരി മാത്രമേ നല്‍കാവൂ എന്ന് ഇസ്‌ലാമിക ശരീഅത്തിലോ ഫിഖ്ഹിലോ ഇല്ല. പെരുന്നാള്‍ ദിനത്തില്‍ ദരിദ്രരെ സമ്പന്നരാക്കലാണ് ലക്ഷ്യമെന്നിരിക്കെ ഈ നാടന്‍ അരി നല്‍കുന്നത് എങ്ങനെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപകരിക്കും? അസംഘടിത സകാത്തിനെ ലക്ഷ്യസാക്ഷാത്കാരത്തിനായി 'സംഘടിതമാക്കിയ' നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് എന്തുകൊണ്ടാണ് മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയാത്തത്? മാനസിക വളര്‍ച്ചയുടെ അഭാവമാണ് അതിന്റെ കാരണം. സംഘടിതമായി ശേഖരിക്കുക, പണമായി ശേഖരിക്കുക, സംഘടിതമായി വിതരണം ചെയ്യുക എന്നിവയൊക്കെ നല്ല വളര്‍ച്ചയാണ്. പണമായി ശേഖരിക്കുന്ന ഫിത്വ്ര്‍ സകാത്ത് 'നാടന്‍ അരി'യായി വിതരണം ചെയ്യുന്നതിലെ യുക്തി ഒരു നിലക്കും പിടികിട്ടുന്നില്ല. ശറഇനാകട്ടെ 'നാടന്‍ അരി' വിതരണം ചെയ്യണമെന്ന യാതൊരു നിര്‍ബന്ധ ബുദ്ധിയും ഇല്ല തന്നെ. അപ്പോള്‍ പിന്നെ പണമായി ശേഖരിക്കുന്ന ഫിത്വ്ര്‍ സകാത്തിനെ ദരിദ്രന്റെ പെരുന്നാള്‍ ആഘോഷത്തെ പൂര്‍ണമായും പിന്തുണക്കുന്ന ഒരു പാക്കേജ് ആയി വിതരണം ചെയ്യാന്‍ എന്തുകൊണ്ട് നാം സന്നദ്ധമാവുന്നില്ല? ബിരിയാണി അരി, നെയ്യ്, മസാലകള്‍, മാംസം, പെരുന്നാള്‍ വസ്ത്രം എന്നിവ ഉള്‍പ്പെടുന്ന ഒരു പാക്കേജായി ഫിത്വ്ര്‍ സകാത്തിനെ മാറ്റുകയാണ് വേണ്ടത്. അത്തരമൊരു വികാസം ഫിത്വ്ര്‍ സകാത്ത് വിതരണ രീതിയില്‍ സംഭവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇമാം ഉമറുബ്‌നു അബ്ദില്‍ അസീസ്, ഇമാം ഹസന്‍ ബസ്വരി, ഇമാം സുഫ്‌യാനുസ്സൗരി, ഇമാം അബൂഹനീഫ തുടങ്ങിയ മഹാപണ്ഡിതന്മാര്‍ ഫിത്വ്ര്‍ സകാത്ത്, വിലയായി -പണമായി- നല്‍കാന്‍ പറ്റുമെന്ന അഭിപ്രായക്കാരാണ്. അങ്ങനെയിരിക്കെ, ഫിത്വ്ര്‍ സകാത്തിന്റെ മൂല്യത്തിനു തുല്യമായി ബിരിയാണി അരി, നെയ്യ്, മസാലകള്‍, മാംസം, വസ്ത്രം എന്നിവ നല്‍കാമെന്നതിന് യാതൊരു ശറഈ തടസ്സവുമില്ല തന്നെ.
ഫിത്വ്ര്‍ സകാത്തിലൂടെ തുടങ്ങുന്ന പെരുന്നാള്‍ ആഘോഷം മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വിശപ്പില്ലാത്ത ലോകം ലക്ഷ്യമാക്കുന്ന ഇസ്‌ലാമിന്റെ മഹത്തായ ഒരു ആരാധനാ രൂപമായി ഫിത്വ്ര്‍ സകാത്തിനെ നമുക്ക് വിലയിരുത്താവുന്നതാണ്.
പെരുന്നാള്‍ ആഘോഷത്തിന്റെ മറ്റൊരു മുഖം തക്ബീര്‍ മുഴക്കലാണ്. തക്ബീറാണ് പെരുന്നാളിന്റെ വിളംബരം. 'അല്ലാഹു മാത്രം വലിയവന്‍' എന്ന ആശയമാണ് തക്ബീറിന്റെ പൊരുള്‍. അല്ലാഹു ഒഴികെയുള്ളതെല്ലാം ചെറുതാണ് എന്ന ആശയമാണ് പ്രസ്തുത പൊരുളിന്റെ മറുവശം- അല്ലാഹുവിലുള്ള യഥാര്‍ഥ വിശ്വാസം കൊണ്ട് മാത്രം സാധിക്കുന്നതാണ് മനുഷ്യര്‍ക്കിടയിലെ സമഭാവന.
'മനുഷ്യഭാവന'യുടെ മഹദ് സന്ദേശമാണ് പെരുന്നാള്‍ തക്ബീര്‍. ഏറ്റവും പുതിയ ലോകത്തും കാലത്തും ഈ സമഭാവന സിദ്ധാന്തത്തിലും പ്രയോഗത്തിലും ഇന്നും അന്യംനില്‍ക്കുന്നതാണ് നാം കണ്ടുവരുന്ന യാഥാര്‍ഥ്യം. 'സമഭാവന'യെ മൗലികമായി പ്രതിനിധീകരിക്കുന്ന ഏക ആശയമാണ് ഇസ്‌ലാം. 'നാം മനുഷ്യര്‍ നാം ഒന്ന്, നമ്മുടെയെല്ലാം ഈശ്വരനൊന്ന്, പിതാവ് ഒന്ന്, മാതാവ് ഒന്ന്' എന്ന മുഹമ്മദീയ പ്രഖ്യാപനത്തോളം വരുന്ന ഒരു മാനവിക പ്രഖ്യാപനം ലോകം ഇതുവരെ കേട്ടിട്ടില്ല. ആ പ്രഖ്യാപനത്തിന്റെ പ്രയോഗമാണ് പെരുന്നാള്‍.
വെളുത്തവര്‍, ബ്രാഹ്മണര്‍, കോര്‍പറേറ്റുകള്‍ തുടങ്ങിയ വംശീയ ജനവിഭാഗങ്ങള്‍ മാനവിക സമഭാവനയെ നിഷേധിച്ചുകൊണ്ട് പുതിയ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ആധുനികാനന്തര കാലത്ത് 'അല്ലാഹു അക്ബറി' ന്റെ വിപ്ലവ ഉള്ളടക്കം കൂടുതല്‍ ശ്രദ്ധേയമായിത്തീരുകയാണ്.
പെരുന്നാള്‍ നമസ്‌കാരമാണ് ആഘോഷത്തിന്റെ പ്രധാന അനുഷ്ഠാനം. പൊതുസ്ഥലത്ത് നമസ്‌കരിക്കണമെന്നാണ് മുഹമ്മദ് നബി(സ) കല്‍പിച്ചിരിക്കുന്നത്. സ്ത്രീകളുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ മുഹമ്മദ് നബി (സ) പ്രത്യേക നിര്‍ദേശം നല്‍കിയ നമസ്‌കാരമാണ് പെരുന്നാള്‍ നമസ്‌കാരം. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് പള്ളിയില്‍ വരാവതല്ല; പക്ഷേ, അവരും പെരുന്നാളിന് എത്തിയിരിക്കണമെന്നത് പെരുന്നാള്‍ നമസ്‌കാരം പൊതു മൈതാനത്ത് നിശ്ചയിച്ചതിന്റെ ലക്ഷ്യത്തില്‍പെട്ടതാണ്. സ്ത്രീകളെ ആരാധനകളില്‍നിന്നും ആഘോഷങ്ങളില്‍നിന്നും അകലത്ത് നിര്‍ത്തുന്ന പൗരോഹിത്യ നേതൃത്വം മുഹമ്മദ് നബി (സ)യുടെ മാതൃകയില്‍നിന്ന് എത്ര അകലെയാണെന്നത് നമ്മെ ഉറക്കെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.
സ്ത്രീകള്‍ക്ക് പള്ളി വിലക്കിയ പുരോഹിതന്മാര്‍ ആര്‍ത്തവകാരികള്‍ക്ക് പോലും പങ്കെടുക്കാവുന്ന ഈദ്ഗാഹുകളെയും നിഷേധിച്ചുകളയുന്നു.
പെരുന്നാളിന് നാം ഭക്ഷണം കഴിക്കുകയും മറ്റുള്ളവരെ ഭക്ഷണം കഴിപ്പിക്കുകയും വേണം. കുടുംബം, സൗഹൃദം, നാട്ടുകാര്‍ എന്നീ തലങ്ങളിലുള്ള വീടുകളില്‍ കയറിയിറങ്ങി സ്‌നേഹാശംസകള്‍ കൈമാറണം. മനുഷ്യഹൃദയങ്ങള്‍ പരസ്പരം ചേരുന്ന, സ്‌നേഹം ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകിപ്പരക്കുന്ന ആഘോഷത്തിന്റെ സുഗന്ധം പടര്‍ത്താന്‍ പെരുന്നാളിന് സാധിക്കണം.
വിനോദവും ആഘോഷത്തിന്റെ ഭാഗം തന്നെയാണ്. ഇസ്‌ലാം വിനോദത്തെ വിലക്കുന്ന മതമല്ല. പാട്ടും സംഗീതവും ഉളള മതമാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ ആത്മീയ പുസ്തകമായ, അടിസ്ഥാന ഗ്രന്ഥമായ ഖുര്‍ആന്‍ തന്നെ മഹത്തായ സംഗീതമാണ്. നബിക്ക് സ്വന്തം പാട്ടുകാരനായി ഹസ്സാനുബ്‌നു സാബിത്ത് ഉണ്ടായിരുന്നു. സുഹൈറു ബ്‌നു അബീ സല്‍മയുടെ പാട്ടുകേട്ട് സന്തോഷിച്ച നബി (സ) സ്വന്തം തട്ടംകൊണ്ട് അദ്ദേഹത്തെ പുതപ്പിച്ച് ആദരിച്ചതിന് ചരിത്രം സാക്ഷി. മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഹിജ്‌റ യാത്രക്ക് മദീനാവാസികള്‍ വരവേറ്റത് ദഫ് മുട്ടി പാട്ടു പാടിക്കൊണ്ടായിരുന്നു.
നബിയുടെ പത്‌നി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'അബ്‌സീനിയക്കാര്‍ നബിയുടെ അടുക്കല്‍ വെച്ച് പെരുന്നാളിന് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. നബിയോടൊപ്പം പോയി, നബിയുടെ പിറകില്‍നിന്ന് ഞാനും അത്തരം കായിക വിനോദ സദസ്സുകള്‍ ആസ്വദിക്കാറുണ്ടായിരുന്നു.'
അന്‍സാരീ പെണ്‍കുട്ടികള്‍ പെരുന്നാള്‍ ദിനം പാട്ടുപാടി നടക്കാറുണ്ടായിരുന്നു. പെരുന്നാളില്‍ നബി കേള്‍ക്കേ നബിയുടെ വീട്ടില്‍ ചെന്നും അവര്‍ പാട്ടു പാടിയിരുന്നു. ഒരു പെരുന്നാള്‍ ദിനത്തില്‍ ഇത്തരം പാട്ടു പരിപാടിക്ക് സാക്ഷിയായിരുന്ന അബൂബക്ര്‍ (റ) 'പിശാചിന്റെ വീണ, നബിയുടെ വീട്ടിലോ?' എന്ന അര്‍ഥത്തില്‍ പ്രതികരിച്ചപ്പോള്‍ നബി (സ) നടത്തിയ പ്രസ്താവന ഇമാം ബുഖാരി (റ) ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു; 'ഹേ! അബൂബക്ര്‍! എല്ലാ ജനതക്കും പെരുന്നാളുണ്ട്. ഇന്ന് നമ്മുടെ പെരുന്നാളാണ്. അവരെ പാടാന്‍ വിട്ടേക്കൂ, അബൂബക്ര്‍!'
പെരുന്നാള്‍ദിനം നബി (സ) ഇങ്ങനെ പ്രഖ്യാപിച്ചതായും ആഇശ (റ) നിവേദനം ചെയ്യുന്നുണ്ട്. 'നമ്മുടെ ദീന്‍ വിശാലതയുള്ള ദീനാണെന്ന് യഹൂദികള്‍ മനസ്സിലാക്കട്ടെ. ഞാന്‍ നിയോഗിക്കപ്പെട്ടത് സൗമ്യതയുള്ള ഋജുപാതയിലാണ്' (ഇബ്‌നു ഹജര്‍, ഫത്ഹുല്‍ ബാരി).
(അവലംബം: ഇമാം സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്നഃ).