മധ്യവേനലവധിക്കു ശേഷം വീണ്ടും സ്‌കൂള്‍ തുറക്കുകയാണ്. ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണയിക്കുന്നതും സംസ്‌കാരസമ്പന്നരാക്കുന്നതും
മധ്യവേനലവധിക്കു ശേഷം വീണ്ടും സ്‌കൂള്‍ തുറക്കുകയാണ്. ഏതൊരു സമൂഹത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണയിക്കുന്നതും സംസ്‌കാരസമ്പന്നരാക്കുന്നതും വിദ്യാഭാസത്തിലൂടെ നേടുന്ന കരുത്താണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാ മതജാതി വിഭാഗങ്ങളിലും പെട്ട സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വിദ്യാഭ്യാസത്തിലൂടെയുള്ള സമൂല മാറ്റത്തിനായി പ്രയത്‌നിച്ചതും. അതിന്റെ ഗുണഫലം എല്ലാവരും അനുഭവിക്കുന്നുമുണ്ട്. വിശിഷ്യാ, സ്ത്രീ സമൂഹം. അക്ഷരം വിലക്കിയ പെണ്‍കുട്ടികള്‍ അക്ഷരങ്ങളെ ആയുധമാക്കുന്ന പ്രതീക്ഷയുടെ കാലമാണിത്. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ അക്കാദമിക രംഗങ്ങളില്‍ മികവു തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ സമൂഹത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഉണര്‍വ് മൊത്തം സമൂഹത്തിന്റെ നന്മയുടെ താക്കോലായി മാറുമെന്നതില്‍ തര്‍ക്കമില്ല.
ഇന്ന് വിദ്യാഭ്യാസം രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രതീക്ഷ മാത്രമല്ല നിരാശ കൂടിയാണ്. എസ്.എസ്.എല്‍.സി-പ്ലസ്ടു റിസല്‍ട്ട് വന്നതോടെ ഒന്നാം ക്ലാസ്സില്‍ മക്കളെ ചേര്‍ത്തപ്പോഴുള്ളതിനേക്കാള്‍ ആധി ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ചാണ്. ആറാം വയസ്സില്‍ മക്കളെ സ്‌കൂളിലയക്കണം. യൂനിഫോമും കുടയും ബാഗും പുസ്തകവും വാങ്ങണം. നടന്നു പോകാന്‍ ദൂരത്തില്‍ ഒരു പള്ളിക്കൂടം അടുത്തുണ്ടാവും. വീട്ടുകാര്‍ക്ക് ആകെയുള്ള പരിഭവം മക്കള്‍ ക്ലാസ്സിലിരിക്കാതെ വാശിപിടിച്ച് ഒപ്പം ഇറങ്ങിവരുമോയെന്നു മാത്രം. ഇത് കുറച്ചു വര്‍ഷം മുമ്പത്തെ കഥ. പക്ഷേ ഇപ്പോള്‍ കാലം മാറി, കഥയും. മാറ്റം വന്നത് പെട്ടെന്നാണ്. വിദ്യാഭ്യാസവും പഠനവും അതു മുഖേന ലഭിക്കുന്ന ജോലിയും പ്രതീക്ഷകളും സ്വപ്‌നങ്ങളും നിര്‍ണയിക്കുന്നതായി മാറിയപ്പോള്‍ വിദ്യാഭ്യാസം ആധിക്കുള്ള വകയായി. എത്ര ഉയര്‍ന്ന മാര്‍ക്കോടെ പാസ്സായാലും സീറ്റില്ലാതെ പോവുന്ന അവസ്ഥ. എത്ര കാശ് കൊടുത്ത് കലാലയങ്ങളില്‍ പറഞ്ഞയച്ചിട്ടും റാഗിംഗിന്റെയും മറ്റും ഫലമായി മക്കള്‍ തന്നെ നഷ്ടപ്പെടുന്ന അവസഥ. കോച്ചിംഗ് സെന്ററുകളിലേക്ക് മറ്റുള്ളവരുടെ നിര്‍ബന്ധത്താല്‍ പോകേണ്ടിവരുന്ന കുട്ടികളുടെ മാനസിക സമ്മര്‍ദം. ഏതെങ്കിലും ഒരാളെ മാത്രമല്ല എല്ലാവരെയും ബാധിച്ച പ്രശ്‌നമാണിത്.
എന്‍ട്രന്‍സ് പരീക്ഷയിലൂടെ ഉന്നത മാര്‍ക്ക് നേടിയ കുട്ടികള്‍ എഞ്ചിനീയറിംഗ്-മെഡിക്കല്‍ മേഖല തെരഞ്ഞെടുക്കുമ്പോള്‍ അതു ലഭിക്കാത്തവര്‍ നിരാശയോടെ വീണ്ടും വീണ്ടും കോച്ചിംഗ് സെന്ററുകളില്‍ ചേരുകയാണ്.
ഇത് രണ്ടുമല്ലാത്ത, ഉന്നത ജോലിയും പണവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഒട്ടേറെ കോഴ്‌സുകളും അത് പഠിപ്പിക്കുന്ന കോളേജുകളുമുണ്ടെന്ന് പലര്‍ക്കും അറിയില്ല. ഇവ കൂടി അന്വേഷിച്ച് മക്കളുടെ അഭിരുചിക്കൊത്ത പഠനം തെരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്. പലപ്പോഴും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകും. ഏതൊരു രക്ഷിതാവും സംഘര്‍ഷമനുഭവിക്കുന്ന സമയം തന്നെയാണ് മക്കളുടെ റിസല്‍ട്ടുകള്‍ വരുന്ന സമയം. അവരെ സഹായിക്കാനും കോഴ്‌സുകളെ കുറിച്ചും കോളേജുകളെക്കുറിച്ചും ഉള്ള ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും മഹല്ലുകളും പള്ളികളും കേന്ദ്രീകരിച്ച് വിവിധ സംഘടനാ സംവിധാനങ്ങളിലൂടെ സൗകര്യമൊരുക്കണം.
അതുപോലെത്തന്നെ പ്രധാനമാണ് ആവശ്യമുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുക എന്നതും. ഇന്ന് വിദ്യാഭ്യാസമെന്നത് സാമ്പത്തിക ചെലവുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും സര്‍ക്കാര്‍ പോലും വിദ്യാഭ്യാസ മേഖലയെ സേവനമേഖല എന്നതില്‍നിന്നും കൈയൊഴിഞ്ഞ് വരുമാന മേഖലയായി കാണാന്‍ തുടങ്ങുമ്പോള്‍. വിവിധ മത-സമുദായ സംഘടനകള്‍ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പുകള്‍ അനവധി നല്‍കുന്നുണ്ട്. അതുപോലെത്തന്നെ വ്യക്തികളും അവരുടെ സകാത്ത് -സ്വദഖകള്‍ സ്‌കൂള്‍ തുറക്കുന്ന സമയത്ത് അര്‍ഹരായവരെ കണ്ടെത്തി കൊടുക്കാന്‍ ശ്രമിച്ചാല്‍ വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്കിംഗ് മേഖലയെ സമീപിക്കുകയും ഭാരിച്ച കടക്കെണിയില്‍ അകപ്പെടുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ കഴിയും.
വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തോടൊപ്പം ശ്രദ്ധിക്കേണ്ടതാണ് അവരുടെ ധാര്‍മിക നിലവാരവും. വിദ്യാര്‍ഥികളില്‍ മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരി ഉപയോഗം വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. സ്‌കൂള്‍- കോളേജ് പരിസരം ചുറ്റിപ്പറ്റിയാണ് ഇത്തരം റാക്കറ്റുകള്‍ സജീവമാകുന്നത്. രക്ഷിതാക്കളോടൊപ്പം തന്നെ സമൂഹവും ജാഗ്രതയോടെ കാണേണ്ടതാണിത്. പലയിടത്തും ഇതിനെതിരെ സ്‌കൂള്‍ ജാഗ്രതാ സമിതികള്‍, ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ഫോര്‍ ചില്‍ഡ്രന്‍ (ഒ.ആര്‍.സി) തുടങ്ങിയ സംഘടനകള്‍ മഹത്തരവും മാതൃകാപരവുമായ സേവനങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യുന്നുണ്ടെങ്കിലും സമൂഹത്തിന്റെ കൂട്ടായ ശ്രദ്ധ ഇതിലേക്ക് തിരിയണം. മറ്റാരുടെയെങ്കിലും കുട്ടികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ നാളെ എന്റെ കുട്ടിക്കും അതു സംഭവിക്കാം എന്ന ബോധ്യത്തോടെ വേണം നാം ഓരോരുത്തരും കുട്ടികളെ കാണാന്‍. ധാര്‍മികതയുള്ള ഒരു തലമുറയുടെ വാര്‍ത്തെടുപ്പു കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.