എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് ഈദുല്‍ ഫിത്വ്ര്‍ പ്രസരിപ്പിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു ഇശാ കമാറ. അവള്‍ മാത്രമല്ല
എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് ഈദുല്‍ ഫിത്വ്ര്‍ പ്രസരിപ്പിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു ഇശാ കമാറ. അവള്‍ മാത്രമല്ല, അവളെപ്പോലെ മറ്റനേകം പേരും. അവരത് പ്രചരിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇസ്‌ലാമിന് വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാനാവും- അറബ് സംസ്‌കാരം അവയിലൊന്നു മാത്രമാണ്.
കറുത്തവരെ അവഗണിക്കുന്ന ലോകം. മുസ്‌ലിംകളെ അപഹസിക്കുന്ന ലോകം. സ്ത്രീകളെ നിന്ദിക്കുന്ന ലോകം. മുസ്‌ലിമായ കറുത്ത വര്‍ഗക്കാരി മൂന്നു തരത്തില്‍ സ്വത്വനിരാസം അനുഭവിക്കുന്നു എന്ന് കരുതുന്ന ഒരു കൂട്ടം സ്ത്രീകള്‍.
കഴിഞ്ഞ ചില വര്‍ഷങ്ങളായി അവര്‍ ഈദുല്‍ഫിത്വ്ര്‍ ആഘോഷിച്ചത് 'ട്വിറ്ററി'ല്‍ കൂട്ടായ്മ രൂപപ്പെടുത്തിയാണ്. 'ബ്ലാക്കൗട്ട് ഈദ്' എന്ന ഹാഷ് ടാഗ് (#BlackOutEid) ഇത്തരത്തിലൊരു സ്വത്വ പ്രഖ്യാപനമാണ്.
ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വ്യാപകമായി പ്രചരിച്ച ഈ കാമ്പയിനിലൂടെ ഒരുപാട് വനിതകള്‍ സ്വന്തം സ്വരം ഉച്ചത്തില്‍ കേള്‍പ്പിച്ചു. ഇശാ കമാറ അവരിലൊരാള്‍ മാത്രം.
ഇശാക്ക് പ്രായം 18. വിദ്യാര്‍ഥിനി; കവയിത്രിയും. കറുത്തവളായതുകൊണ്ട് പൊതുസമൂഹത്തില്‍നിന്ന് അവഗണന നേരിടുന്നു. അതേസമയം പാരമ്പര്യ വസ്ത്രമല്ല അണിയുന്നതെന്നതിനാല്‍ യാഥാസ്ഥിതിക മുസ്‌ലിംകള്‍ 'മതം മാറിവന്നതാണോ' എന്ന് ചോദിക്കുന്നു.
ഇശായുടെ മാതാപിതാക്കള്‍ പശ്ചിമ ആഫ്രിക്കയിലെ രണ്ട് ചെറുരാജ്യങ്ങളില്‍നിന്ന് വന്നവരാണ്. മാതാവ് ഗാംബിയയില്‍നിന്ന്; പിതാവ് സെനഗലില്‍നിന്ന്. ജീന്‍സും തലക്കെട്ടുമടക്കം ആഫ്രിക്കന്‍ വേഷമാണ് ഇശാക്ക്.
ഈദിന് പ്രത്യേക ഉടുപ്പാണ്. ഗാംബിയയില്‍നിന്ന് ഇറക്കുമതി ചെയ്തത്. അബായ, സ്‌കാര്‍ഫ് എല്ലാം അടക്കം. ആഫ്രിക്കയുടെ പ്രകൃതം; ഇസ്‌ലാമിന്റെ ആത്മാവ്. ഭക്ഷണത്തിലും സംഗീതത്തിലുമെല്ലാം ഇങ്ങനെ തന്നെ.
ഈദിന്റെ പ്രത്യേകത? യു.എസില്‍ ജീവിക്കുന്ന കറുത്ത വര്‍ഗക്കാരി എന്ന നിലക്ക് പ്രത്യേകത എന്തെന്ന് ഇശ വിശദീകരിക്കുന്നതിങ്ങനെ: 'ഇടിച്ചു കയറാതെ തന്നെ എനിക്ക് പരിഗണന കിട്ടുന്ന ചുരുക്കം സന്ദര്‍ഭങ്ങളിലൊന്ന്. ഇവിടത്തുകാരിയല്ല എന്ന് എനിക്ക് തോന്നാത്ത സമയങ്ങളിലൊന്ന്. ഈദ് വേളയില്‍ എനിക്ക് വ്യക്തിത്വമുണ്ട്; ഞാന്‍ വേറിട്ടവളോ ഒറ്റപ്പെട്ടവളോ അല്ല.''
കലാകാരിയായ ദുആയുടെ കുടുംബവും ആഫ്രിക്കയില്‍നിന്ന് വന്നവരാണ്. ഹിജാബ് ധരിച്ചാണ് പെരുന്നാളില്‍ പങ്കെടുക്കാറെങ്കിലും കടുംനിറങ്ങളുള്ള ആഫ്രിക്കന്‍ വസ്ത്രങ്ങള്‍ ഇഷ്ടമാണ്. കറുത്തവരെന്ന നിലക്ക് ആട്ടും തുപ്പും സഹിക്കേണ്ടി വരുന്നവര്‍. അതുകൊണ്ടുതന്നെ അറബി ശൈലിയിലുള്ള ഹിജാബ് അവര്‍ക്ക് സുരക്ഷിതത്വം നല്‍കുമ്പോഴും ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി അവരുപയോഗിക്കുക ആഫ്രിക്കന്‍ വസ്ത്രധാരണ ശൈലിയാണ്.
അറബ് ശൈലിയേക്കാള്‍ ആഫ്രിക്കന്‍ ശൈലി ഇഷ്ടപ്പെടുന്നവര്‍ വേറെയുമുണ്ട്. കരീബിയയില്‍നിന്നുള്ള മികേല്‍, അക്കീല, ആമിന മുഹമ്മദ് തുടങ്ങിയ പലരും. ആഫ്രിക്കന്‍ സ്വത്വം ഉയര്‍ത്തിപ്പിടിക്കുമ്പോഴും അവരെല്ലാം ഈദിന്റെ ചൈതന്യത്തെപ്പറ്റി വാചാലരാകുന്നു. ബഹുസ്വരതയെ എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊള്ളാനുള്ള അതിന്റെ ശേഷിയെപ്പറ്റിയും.
പ്രതിരോധത്തിന്റെ ഒരു മുഖം ഈദിനുണ്ടെന്നാണ് യു.എസിലെ ആഫ്രിക്കനമേരിക്കന്‍ വനിതകള്‍ വിശ്വസിക്കുന്നത്. ഉച്ചനീചത്വത്തോടുള്ള ഈ എതിര്‍പ്പുകൂടിയാണ് അവര്‍ 'ബ്ലാക്കൗട്ട് ഈദ്' എന്ന ഹാഷ് ടാഗിലൂടെ പ്രകടിപ്പിച്ചുവരുന്നത്.
'ബ്ലാക് മുസ്‌ലിം'കളെ മായ്ച്ചുകളയാനുള്ള ശ്രമങ്ങള്‍ സമൂഹത്തിലെന്നപോലെ സമൂഹമാധ്യമങ്ങളിലും ഉണ്ട്.
റമദാനിലും ഈദിലും മുസ്‌ലിംകളെ ആദരിക്കാന്‍ പ്രത്യേക ഫില്‍ട്ടറുകള്‍ ഏര്‍പ്പെടുത്തിയ 'സ്‌നാപ്പ്ചാറ്റ്' പോലുള്ള ആപ്പുകള്‍ പോലും മുസ്‌ലിം എന്നതിന് ചില വാര്‍പ്പു മാതൃകകള്‍ മാത്രമാണ് കാണുന്നത്.
കറുത്തവരെ- പ്രത്യേകിച്ച് മുസ്‌ലിം വനിതകളെ- ഇങ്ങനെ 'അദൃശ്യ'രാക്കുന്ന സാഹചര്യത്തില്‍ 'ബ്ലാക്കൗട്ട് ഈദ്' ഗ്രൂപ്പ് ഈദ് വേഷവിധാനത്തെ പ്രതിരോധ ചിഹ്നമായും ഉയര്‍ത്തിക്കാട്ടുകയാണ്.
സ്വന്തം വിശ്വാസത്തെയും തനിമയെയും ഊന്നിപ്പറയുന്ന മുദ്രകൂടിയാണ് അവര്‍ക്ക് വേഷം. ഹിജാബുണ്ട്- പക്ഷേ, അത് തലപ്പാവായി പരിണമിച്ചിട്ടുണ്ട്; 'യൂ ട്യൂബി'ല്‍ തരംഗമായും 'ടര്‍ബനിസ്റ്റ' ഫാഷന്റെ ഒരു ഭാഷ്യം. 'ഞങ്ങളെല്ലാം മുസ്‌ലിംകള്‍; വംശമേതെന്ന് അല്ലാഹു നോക്കുന്നില്ല' എന്ന് അവര്‍ പറയുമ്പോള്‍ അത് മുസ്‌ലിംകള്‍ അടക്കമുള്ള സമൂഹത്തോടാണ്.