അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നരവംശ വിജ്ഞാനീയത്തില്‍ പ്രഫസറായിരുന്ന സബാ മഹ്മൂദ് കഴിഞ്ഞ മാര്‍ച്ച് പത്തിന് അര്‍ബുദ ബാധയെത്തുടര്‍ന്ന്
അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നരവംശ വിജ്ഞാനീയത്തില്‍ പ്രഫസറായിരുന്ന സബാ മഹ്മൂദ് കഴിഞ്ഞ മാര്‍ച്ച് പത്തിന് അര്‍ബുദ ബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ആകസ്മികമെന്നു പറയാം. 56 വയസ്സേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. നരവംശ വിജ്ഞാനീയത്തില്‍ തനതായ വഴി വെട്ടിത്തെളിച്ച സബാ മഹ്മൂദ്, ദശകങ്ങളായി ഗവേഷകര്‍ പിന്തുടര്‍ന്നുപോന്നിരുന്ന പഠനരീതികളെ വളരെ ആര്‍ജവത്തോടെ ചോദ്യം ചെയ്തു. അതിനവര്‍ക്ക് പ്രചോദനമായത് നരവംശ വിജ്ഞാനീയത്തിലെ മറ്റൊരു വിഗ്രഹഭഞ്ജകനായ തലാല്‍ അസദ്. 1986-ല്‍ തലാല്‍ അസദ് എഴുതിയ 'ഇസ്‌ലാമിക നരവംശ വിജ്ഞാനീയം എന്ന ആശയം' എന്ന പ്രബന്ധം പല തവണ താന്‍ ആര്‍ത്തിയോടെ വായിച്ചത് സബാ ഒരു അഭിമുഖത്തില്‍ എടുത്തു പറയുന്നുണ്ട്. അക്കാലത്ത് പതിവു രീതികളില്‍നിന്ന് മാറി സഞ്ചരിക്കുന്ന അത്തരം പഠനങ്ങള്‍ വളരെ അപൂര്‍വമായിരുന്നു.
ഇസ്‌ലാമിക നരവംശ വിജ്ഞാനീയം സാധ്യമാണോ എന്നാണ് തലാല്‍ അസദ് ആ പ്രബന്ധത്തില്‍ അന്വേഷിക്കുന്നത്. ആ ചോദ്യത്തിനാകട്ടെ മൂന്ന് ഉത്തരങ്ങള്‍ ലഭ്യവുമാണ്: ഒന്ന്, ഒരു തിയറി എന്ന നിലക്ക് അങ്ങനെയൊരു ആശയം നിലനില്‍ക്കുന്നില്ല. രണ്ട്, ഇസ്‌ലാമികം എന്ന ലേബലില്‍ വരുന്നത് പലതരം വിശ്വാസക്രമങ്ങളും ആചാര രീതികളും പിന്തുടരുന്ന അസംഖ്യം വിഭാഗങ്ങളാണ്. ഇവരില്‍ ഓരോ വിഭാഗവും തങ്ങളാണ് യഥാര്‍ഥ ഇസ്‌ലാമിന്റെ വക്താക്കളെന്ന് വാദിച്ചുറപ്പിക്കുകയും ചെയ്യുന്നു. ഇവയെ ആശയപരമായി ഒരു ധാരയില്‍ കോര്‍ക്കാനാവില്ല. മൂന്ന്, ചരിത്രപരമായി ഒരു പൊതു വിശ്വാസ, കര്‍മധാരയെ പ്രതിനിധീകരിക്കുന്നുണ്ട് ഇസ്‌ലാം. ആ സാകല്യത്തിന്റെ വിവിധ ആവിഷ്‌കാരങ്ങളായി ഈ വ്യത്യസ്തതകളെയും വൈജാത്യങ്ങളെയും കാണാനാവും.
ഈ മൂന്നാമത് പറഞ്ഞ ഉത്തരത്തെയാണ് തലാല്‍ അസദ് പിന്തുണക്കുന്നത്; അദ്ദേഹത്തിന്റെ ശിഷ്യയായ സബാ മഹ്മൂദും. അപ്പോള്‍ സ്വാഭാവികമായും ഇസ്‌ലാം കേന്ദ്രസ്ഥാനത്ത് വരും; സ്ത്രീകളുടെ കര്‍തൃത്വത്തെക്കുറിച്ച് ഇസ്‌ലാം എന്തു പറയുന്നു എന്നതും. പക്ഷേ, ഏട്ടിലും ചരിത്രത്തിലും ഉള്ളതിന് സമാനമായിരുന്നില്ല സബാ മഹ്മൂദിന്റെ അനുഭവങ്ങള്‍. അവര്‍ ജനിച്ചത് 1962-ല്‍ പാകിസ്താനിലെ ക്വറ്റയില്‍. തൊട്ടപ്പുറത്ത് അഫ്ഗാനിസ്താന്‍. പതിറ്റാണ്ടുകളായി സാമ്രാജ്യത്വശക്തികളുടെയും തീവ്രവാദി സംഘങ്ങളുടെയും കളിസ്ഥലമാണ് ഈ മേഖല. ആ സംഘര്‍ഷങ്ങള്‍ നേരില്‍ അറിഞ്ഞാണ് സബാ ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത്. ആ സംഘര്‍ഷങ്ങളിലെ ഏറ്റവും വലിയ ഇരകള്‍ എപ്പോഴും സ്ത്രീകളായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമും അതിന്റെ സംസ്‌കാരവും തന്നെയാണ് കാരണമെന്ന് പടിഞ്ഞാറ് വാദിക്കുമ്പോള്‍, മുസ്‌ലിം യാഥാസ്ഥിതിക വിഭാഗങ്ങള്‍ പാപഭാരം മുഴവന്‍ പടിഞ്ഞാറില്‍ ചാര്‍ത്തുന്നു. സത്യം മറ്റെവിടെയോ ആണെന്ന്, പാകിസ്താനിലായിരിക്കെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സബക്ക് ബോധ്യമുണ്ടായിരുന്നു. അതിനാലാണ് 1981-ല്‍ ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ അമേരിക്കയിലെത്തിയ സബാ പഠനശേഷം നാലു വര്‍ഷം എഞ്ചിനീയറായി ജോലി ചെയ്ത ശേഷവും ആ മേഖല വിട്ട് തന്റെ ശ്രദ്ധ നരവംശ വിജ്ഞാനീയത്തില്‍ കേന്ദ്രീകരിച്ചത്. തന്നെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്‍ക്ക് ഈ സാമൂഹിക ശാസ്ത്ര ശാഖക്ക് ഉത്തരം നല്‍കാനാവുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. അങ്ങനെയാണ് 1998-ല്‍ സ്റ്റാന്‍ഫോഡ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ആന്ത്രോപോളജിയില്‍ ഡോക്ടറേറ്റ് എടുക്കുന്നത്. 2004-ല്‍ ബര്‍ക്‌ലിയിലെ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപികയായി ചേരുകയും ചെയ്തു.
അനുഭവങ്ങളാണ് സബായുടെ വീക്ഷണങ്ങളെയും നിലപാടുകളെയും തിരുത്തുന്നതും മാറ്റിപ്പണിയുന്നതും. അവരുടെ 'തഖ്‌വയുടെ രാഷ്ട്രീയം' (പുസ്തകത്തിന്റെ മുഴുവന്‍ പേര്: Politics of Piety: The Islamic Revival and The Feminist Subject) എന്ന പുസ്തകത്തിനു വേണ്ടി കയ്‌റോയില്‍ അവര്‍ നടത്തിയ ഫീല്‍ഡ് പഠനങ്ങളാണ് മുസ്‌ലിം സ്ത്രീയുടെ കര്‍തൃത്വ(അഴലിര്യ)ത്തെക്കുറിച്ച് അവര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയത്. അറബ് ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'മുസ്‌ലിം ദാഇയ്യാത്തുകളു'ടെ ഈ മസ്ജിദ് മൂവ്‌മെന്റ്, ഹുസ്‌നി മുബാറകിന്റെ സെക്യുലര്‍ സ്വേഛാധിപത്യ ഭരണത്തിനും തീവ്രവാദി സംഘങ്ങളുടെ കാര്‍ക്കശ്യത്തിനുമപ്പുറം മുസ്‌ലിം സ്ത്രീക്ക് വളരാനും ശക്തിയാര്‍ജിക്കാനും സ്വന്തമായ ഇടമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
സബാ തന്റെ മറ്റു കൃതികളിലും കാര്യമായി പ്രശ്‌നവത്കരിക്കുന്നത് സാമൂഹിക ശാസ്ത്രത്തിന്റെ സകല മേഖലയിലും അതിശക്തമായി വേരുകളാഴ്ത്തിയിട്ടുള്ള സെക്യുലര്‍ ചിന്താഗതികളെയും ധാരണകളെയും തന്നെയാണ്. Religious Difference in a Secular Age; A Minority Report, Is Critique Secular? പോലുള്ള കൃതികള്‍ ഉദാഹരണം. സമാന്തരമായി കൊളോണിയലിസത്തിന്റെയും കാപിറ്റലിസത്തിന്റെയും സെക്യുലരിസത്തിന്റെയും പൈതൃകങ്ങള്‍ പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കുന്നതില്‍ എത്രത്തോളം പങ്കുവഹിക്കുന്നു എന്നും അന്വേഷിക്കുന്നു.
സെക്യുലരിസം നിര്‍മിച്ചുവെച്ച മുന്‍ധാരണകളുടെ തടവറയില്‍ തന്നെയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും എന്ന കാര്യത്തില്‍ സബക്ക് സംശയമില്ല. മുസ്‌ലിം സ്ത്രീയെക്കുറിച്ചാവുമ്പോള്‍ ഫെമിനിസ്റ്റ് മുന്‍ധാരണകള്‍ വളരെ പ്രകടമായിത്തന്നെ കുതുടങ്ങും. ഈയടുത്ത കാലം വരെ സാമൂഹിക ശാസ്ത്ര മേഖലയില്‍ അലിഖിത നിയമം പോലെ ചില രീതികള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴുമതില്‍ കാര്യമായ മാറ്റമൊന്നുമില്ല. മുസ്‌ലിം സ്ത്രീയെക്കുറിച്ച് നടത്തപ്പെടുന്ന ഏത് ഗവേഷണവും അവളുടെ പിന്നാക്കാവസ്ഥക്ക് കാരണം അവള്‍ ജനിച്ചു വീണ മതവും സമുദായവുമാണെന്ന നിഗമനത്തിലേ എത്താവൂ എന്നതാണ് ലിഖിത നിയമങ്ങളില്‍ ഒന്ന്. ഇതിനെ നിശിതമായി ചോദ്യം ചെയ്യുക മാത്രമല്ല, ഈ മുന്‍ധാരണകള്‍ തലയിലേറ്റുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ എന്തു ചെയ്യണമെന്നു കൂടി നേരത്തേ സൂചിപ്പിച്ച അഭിമുഖത്തില്‍ സബാ മഹ്മൂദ് വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം: ''അഫ്ഗാന്‍ സമൂഹം പറ്റേ ശിഥിലമായത് നിരവധി കാരണങ്ങളാലാണ്. അതില്‍ ഒന്നാമത്തേത് യുദ്ധങ്ങള്‍. 1979 മുതല്‍ 1989 വരെ അമേരിക്കയും സോവിയറ്റ് യൂനിയനും തമ്മില്‍. പിന്നെ അമേരിക്കയും താലിബാന്‍-അല്‍ഖാഇദ കൂട്ടുകെട്ടും തമ്മില്‍. അമേരിക്കന്‍ ആക്രമണങ്ങളാല്‍ മരിച്ചുവീഴുന്നവരിലധികവും സ്ത്രീകളും കുട്ടികളും. താലിബാന്റെ ആക്രമണത്തിലെ പ്രധാന ഇരകളും ഇവര്‍ തന്നെ. ഈ കൂട്ടക്കൊല നിര്‍ത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട ഒരു ഫെമിനിസ്റ്റ് സംഘത്തെയും ഞാന്‍ കണ്ടിട്ടില്ല. അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ വീഴ്ത്താന്‍ 'ഫെമിനിസ്റ്റ് മജോരിറ്റി' എന്ന സ്ത്രീവാദി സംഘം വളരെ വിപുലമായ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അഫ്ഗാന്‍ സ്ത്രീകളെ എങ്ങനെ നമുക്ക് സഹായിക്കാനാവും എന്നു ചോദിക്കുന്ന ഫെമിനിസ്റ്റുകളോട് എന്റെ മറുപടി വളരെ കൃത്യവും ലളിതവുമാണ്; ആദ്യം നിങ്ങള്‍ അമേരിക്കയോട് ആക്രമണം നിര്‍ത്താന്‍ പറയൂ. സൈനിക നീക്കം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് അവരെ ബോധ്യപ്പെടുത്തൂ.''