റമദാനില്‍ നേടിയ ഭക്തിയുടെ നിറവിലാണ് നാം ചെറിയ പെരുന്നാളാഘോഷിക്കുന്നത്. ലോകം മുഴുവന്‍ മര്‍ദിതരും
റമദാനില്‍ നേടിയ ഭക്തിയുടെ നിറവിലാണ് നാം ചെറിയ പെരുന്നാളാഘോഷിക്കുന്നത്. ലോകം മുഴുവന്‍ മര്‍ദിതരും പീഡിതരുമായിക്കഴിയുന്ന എല്ലാ സഹോദരങ്ങള്‍ക്കും വേണ്ടി - സിറിയയിലെ കുഞ്ഞുങ്ങളും റോഹിങ്ക്യയിലെ ആബാലവൃദ്ധം ജനങ്ങളുമൊക്കെ റമദാനിന്റെ രാവുകളില്‍ നമ്മുടെ മനസ്സുകളിലും പ്രാര്‍ഥനകളിലും കടന്നുവന്നതുപോലെ ആഘോഷങ്ങളിലും അവര്‍ക്കൊക്കെ വേണ്ടി- പ്രാര്‍ഥിച്ചുകൊണ്ടായിരിക്കണം നാം പെരുന്നാള്‍ ആഘോഷിക്കേണ്ടത്.
കാട്ടുമൃഗങ്ങള്‍ പോലും ചെയ്യാത്ത കിരാതവൃത്തികള്‍ അരുമ മക്കളോടു പോലും ചെയ്യാന്‍ മടിക്കാത്തവരാണ് നമ്മെ ഭരിക്കുന്നത്. വിശ്വാസവും സംസ്‌കാരവും പ്രബോധന പ്രവര്‍ത്തനങ്ങളും എല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈമാനും ഖുര്‍ആനും മുറുകെ പിടിച്ച് മര്‍ദിതരും പീഡിതരുമായ എല്ലാ ജനങ്ങള്‍ക്കും ആശ്വാസവും സാന്ത്വനവുമാകാന്‍ പെരുന്നാളുകള്‍ക്കു കഴിയണം. നോമ്പിന്റെ രാപ്പകലുകളില്‍ ലഭിച്ച ഭക്തിയും വിശ്വാസവും ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായിപ്പോകരുത്. മാനവികതയുടെ മുന്നില്‍ നില്‍ക്കേണ്ടവരും മാതൃകയാകേണ്ടവരുമാണ് വിശ്വാസികള്‍- അതിനാല്‍ നമ്മുടെ ആഘോഷവേളകളും അങ്ങനെ തന്നെയാകണം.
ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണുള്ളത്. ഈദുല്‍ ഫിത്വറും ഈദുല്‍ അദ്ഹായും. ആ ദിവസങ്ങളില്‍ നോമ്പ് നിഷിദ്ധമാണെന്നു മാത്രമല്ല; നല്ല ഭക്ഷണം കഴിച്ചും നല്ല വസ്ത്രം ധരിച്ചും അതാഘോഷിക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. വിശ്വാസികള്‍ ഏറെ സന്തോഷിക്കുന്ന സുദിനമാണ് ഈദുല്‍ ഫിത്വ്ര്‍. ഒരു മാസക്കാലം നോമ്പു നോറ്റുവീട്ടാനും ആരാധനാനുഷ്ഠാനങ്ങളും ഖുര്‍ആന്‍ പഠനവും വര്‍ധിപ്പിക്കാനും അല്ലാഹു അവസരം നല്‍കിയല്ലോ എന്നതാണത്. മറ്റൊന്ന് കരുണാമയനായ തന്റെ രക്ഷിതാവിന്റെ സംതൃപ്തി ലഭിക്കുമല്ലോ എന്ന പ്രതീക്ഷയും. അതുകൊണ്ടാണ് നോമ്പുകാരന് രണ്ടു സന്തോഷങ്ങളുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞത്. 'ഒന്ന് നോമ്പവസാനിപ്പിക്കുമ്പോഴും മറ്റൊന്ന് തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും.' സഹ്‌ലി(റ)ല്‍നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം: 'സ്വര്‍ഗത്തിന് റയ്യാന്‍ എന്നു പേരുള്ള ഒരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാരനല്ലാതെ അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാരെവിടെ എന്നു ചോദിക്കുമ്പോള്‍ അവര്‍ എഴുന്നേറ്റുനില്‍ക്കും, അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അത് കൊട്ടിയടക്കപ്പെടും.'
ഈ സന്തോഷമാണ് ഓരോ ഈദുല്‍ ഫിത്വ്‌റിലും തക്ബീറുകളിലൂടെ നാം മുഴക്കുന്നത്. ശവ്വാല്‍ പിറ കണ്ടതുമുതല്‍ പെരുന്നാള്‍ ഖുത്വ്ബ തുടങ്ങുന്നതുവരെയും ചെറിയ പെരുന്നാളില്‍ തക്ബീറുകള്‍ മുഴക്കുന്നത് നബിചര്യയുടെ ഭാഗമാണ്. തക്ബീറുകള്‍ നമ്മോട് പറയുന്നത് അല്ലാഹു അല്ലാത്ത ഏതൊരു ശക്തിയും വ്യക്തിക്കുമുള്ള വിധേയത്വവും സമര്‍പ്പണവും ഞാന്‍ നിരാകരിക്കുന്നു എന്നാണ്. ഇത് മനസ്സറിഞ്ഞും ആശയം ശ്രദ്ധിച്ചും ഉരുവിടാന്‍ കഴിഞ്ഞപ്പോഴാണ് നമ്മുടെ പൂര്‍വികര്‍ക്ക് ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്.
'മുസ്‌ലിംകളുടെ നാവുകള്‍ തക്ബീര്‍ ചൊല്ലുന്നതുപോലെ മനസ്സുകളും ചൊല്ലിയിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതിതന്നെ മാറ്റാന്‍ അവര്‍ക്കു കഴിയുമായിരുന്നു' എന്ന് ഡോ. മുസ്ത്വഫസ്സിബാഈ പറഞ്ഞതും അതുകൊണ്ടുതന്നെയാണ്. നിത്യജീവിതത്തില്‍ ബാങ്കിലൂടെയും ഇഖാമത്തിലൂടെയും നമസ്‌കാരത്തിലൂടെയും ആവര്‍ത്തിച്ചു പറയുകയും കേള്‍ക്കുകയും ചെയ്യുന്ന വചനങ്ങളാണത്. അപ്പോള്‍ പെരുന്നാളുകളിലെ തക്ബീറുകള്‍ ഹൃദയംകൊണ്ട് നാം നടത്തുന്ന സന്തോഷ പ്രഖ്യാപനമാണ്.
അജ്ഞതയില്‍ കഴിഞ്ഞ ഒരു ജനതയെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് വഴികാണിക്കാന്‍ അയച്ച പ്രവാചകനോട് 'നീ നിന്റെ നാഥനെ മഹത്വപ്പെടുത്തുക' എന്ന് (സൂറ മുദ്ദസിര്‍: 3) കല്‍പിച്ചതിലൂടെ തക്ബീര്‍ നല്‍കുന്ന മനക്കരുത്തിനെ ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്.
ഈദുല്‍ ഫിത്വ്‌റിലെ ശ്രേഷ്ഠതയേറിയ മറ്റൊരു കര്‍മം ഫിത്വ്ര്‍ സകാത്താണ്. എല്ലാ വിഭാഗം മനുഷ്യര്‍ക്കും നന്മയും ക്ഷേമവുമുണ്ടാകണമെന്നും ആഘോഷ വേളകളില്‍ അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇസ്‌ലാം ഉണര്‍ത്തുന്നു.
നോമ്പനുഷ്ഠിച്ചവരുടെ പക്കല്‍നിന്നും സംഭവിച്ചിരിക്കാനിടയുള്ള വല്ല തെറ്റുകളുമുണ്ടെങ്കില്‍ അതില്‍നിന്ന് അവരെ ശുദ്ധീകരിക്കാനും അഗതികള്‍ക്ക് ഉപജീവനമായിക്കൊണ്ടുമാണ് നബി(സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങള്‍ക്കും അത് വിതരണം ചെയ്യാവുന്നതാണ്. ഓരോ മുസ്‌ലിം കുടുംബത്തിലെയും മുതിര്‍ന്നവരും ചെറിയവരുമായ എല്ലാ അംഗങ്ങളുടെയും പേരില്‍ ഓരോ സ്വാഅ് വീതം നാട്ടിലെ പ്രധാന വിഭവമാണ് ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടത് (ഒരു സ്വാഅ് ഏകദേശം 2 കിലോ 200 ഗ്രാം തൂക്കം വരും). ധനിക-ദരിദ്ര ഭേദമന്യേ പെരുന്നാള്‍ ദിനത്തിലേക്കുള്ള വിഹിതം കഴിച്ച് മിച്ചം വരുന്നവരൊക്കെയും ഇത് നല്‍കണമെന്നാണ് പണ്ഡിതന്മാരുടെ ഭൂരിപക്ഷാഭിപ്രായം. സ്വന്തമായി വരുമാനമില്ലാത്തവരുടെ പേരില്‍ കുടുംബനാഥന്മാരാണത് നിര്‍വഹിക്കേണ്ടത്.
'ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പായി അതു കൊടുത്തുവീട്ടിയാല്‍ മാത്രമേ ഫിത്വ്ര്‍ സകാത്തായി സ്വീകരിക്കപ്പെടുകയുള്ളൂ. നമസ്‌കാരത്തിനു ശേഷം നല്‍കുന്നത് ദാനമായിട്ടേ പരിഗണിക്കപ്പെടുകയുള്ളൂ' എന്ന് ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.
പെരുന്നാളില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആ ദിനത്തിലെ നമസ്‌കാരവും പ്രസംഗവുമാണ്. നബിതിരുമേനി(സ) എല്ലാ ആളുകളെയും പെരുന്നാള്‍ നമസ്‌കാരങ്ങളിലേക്ക് പുറപ്പെടാന്‍ കല്‍പിച്ചിരുന്നു. ഉമ്മു അത്വിയ്യ (റ) പറയുന്നു: 'പുണ്യത്തിലും പ്രാര്‍ഥനയിലും പങ്കാളികളാക്കാന്‍ രണ്ടു പെരുന്നാളുകളിലും കന്യകകളെയും ആര്‍ത്തവകാരികളെയും വരെ മൈതാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കല്‍പനയുണ്ട്. ആര്‍ത്തവകാരികള്‍ നമസ്‌കാരസ്ഥലത്തുനിന്ന് വിട്ടുനില്‍ക്കാനും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.'
പ്രസംഗം ശ്രദ്ധിക്കുക, തക്ബീര്‍ ചൊല്ലുക, ആ ദിനത്തിന്റെ അനുഗ്രഹവും പരിശുദ്ധിയും പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ഥിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആര്‍ത്തവകാരികള്‍ക്കു പോലും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഹദീസ് പഠിപ്പിക്കുകയാണ്.
ഒരു മാസക്കാലത്തെ തീവ്ര പരിശ്രമത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയും ദൈവഭക്തിയും ഒരു വര്‍ഷക്കാലം വരെ നിലനിര്‍ത്താന്‍ നമുക്ക് കഴിയണം. അത് പെരുന്നാള്‍ ദിവസത്തെ ആഘോഷത്തിമര്‍പ്പില്‍ നശിപ്പിച്ചുകൂടാ. സോഷ്യല്‍ മീഡിയയില്‍ വൃഥാ സമയം ചെലവഴിച്ചും നിരര്‍ഥകമായ വര്‍ത്തമാനങ്ങളിലും സംവാദങ്ങളിലുമേര്‍പ്പെട്ടും അശ്ലീല ചിത്രങ്ങള്‍ കണ്ടും പിഴച്ച കൂട്ടുകെട്ടുകളിലേര്‍പ്പെട്ടും പാഴാക്കാനുള്ളതല്ല നമ്മുടെ ആഘോഷവേളകള്‍.
ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും ഊഷ്മളമാക്കിയും ബന്ധുക്കള്‍, അയല്‍ക്കാര്‍, പ്രായം ചെന്നവര്‍, മരണപ്പെട്ട മാതാപിതാക്കളുടെ കൂട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചും ആ ദിനത്തെ ആരാധനയുടെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ആശംസകള്‍ അറിയിക്കാനും തഖബ്ബലല്ലാഹ് പ്രാര്‍ഥിക്കാനും മര്‍ദിത-പീഡിത ജനവിഭാഗങ്ങളോട് ചേര്‍ന്നുനില്‍ക്കാനും സാധിക്കുന്ന ആഘോഷമായി നമ്മുടെ പെരുന്നാള്‍ മാറുമ്പോഴേ നോമ്പില്‍ നാം ആര്‍ജിച്ച നന്മ അര്‍ഥവത്താവുകയുള്ളൂ.