കറകളഞ്ഞ സ്‌നേഹത്തിന്റെ പുഞ്ചിരി അസ്തമിച്ചിരിക്കുന്നു....
മെഹറുന്നിസ ടീച്ചര്‍....
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിന്റെ പ്രിയപ്പെട്ട മെമ്പര്‍....
ദീര്‍ഘകാലം മുഞ്ഞക്കുളം എ.എം.എല്‍.പി സ്‌കൂളിലെ അധ്യാപികയും പ്രധാനാധ്യാപികയുമായി ഒരു നാടിന്റെ പുരോഗതിക്കുവേണ്ടി അക്ഷരമുറ്റം ഒരുക്കിയ മുഞ്ഞക്കുളത്തുകാരുടെ പ്രിയപ്പെട്ട ടീച്ചര്‍....
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നന്മക്കു വേണ്ടിയും സഹാനുഭൂതിക്കു വേണ്ടിയും നിലയുറപ്പിച്ച തന്റെ പാരമ്പര്യത്തിന് വിശ്രമം നല്‍കാന്‍ ടീച്ചര്‍ തീരുമാനിച്ചില്ല. പൊതുരംഗത്തേക്ക് ഇറങ്ങി സേവനം മുഖമുദ്രയാക്കിയ ഒരുപറ്റം മനുഷ്യരോടൊപ്പം ചേര്‍ന്ന് ഒരു പ്രദേശത്തിന്റെ മുഴുവന്‍ രക്ഷിതാവായി എഴുന്നേറ്റു നില്‍ക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് ടീച്ചര്‍ വാര്‍ഡ് മെമ്പര്‍ ആവുന്നത്.
രോഗം അതിരൂക്ഷമായി പിടിപെട്ടിട്ടും വേദന കടിച്ചിറക്കിക്കൊണ്ട് നാട്ടിലെ വിവിധ മനുഷ്യരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി പതിനേഴാം വാര്‍ഡിന്റെ മുക്കുമൂലകളില്‍ ടീച്ചര്‍ കര്‍മനിരതയായിരുന്നു. വീടില്ലാത്തവര്‍ക്ക് വീടിനു വേണ്ടിയും സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പു നല്‍കുന്നതിന് വേണ്ടിയും ടീച്ചറുടെ ശ്രമങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായിരുന്നു. കക്ഷിരാഷ്ട്രീയത്തിനും സംഘടനാ പക്ഷപാതിത്വങ്ങള്‍ക്കുമപ്പുറം തന്റെ നാടിനെ മാറോടണച്ചുകൊണ്ടാണ് വാര്‍ഡ് മെമ്പര്‍ എന്ന വലിയ ഉത്തരവാദിത്വം നിര്‍വഹിച്ചത്. കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുന്നവരുടെ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന വലിയ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ക്കപ്പുറത്ത് വഴികള്‍ തേടി യാഥാര്‍ഥ്യമാക്കിയത് ടീച്ചറുടെ കാര്‍മികത്വത്തിലാണ്. നൂറിലധികം ആളുകള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. വാര്‍ഡിലെ വൃദ്ധയായ ഒരു ഉമ്മ പരസഹായത്തിന് മറ്റാരുമില്ലാതെ കഴിയുന്നത് അറിഞ്ഞപ്പോള്‍ അവര്‍ക്ക് വീട്ടിനുള്ളില്‍ തന്നെ പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനും അവരുടെ വീട് റിപ്പയര്‍ ചെയ്യാനും ടീച്ചര്‍ കാണിച്ച ജാഗ്രത ഇന്നും ഓര്‍മയിലുണ്ട്.
സര്‍ക്കാര്‍ നൂലാമാലകള്‍ കാരണം പദ്ധതികള്‍ മുടങ്ങുമ്പോള്‍ മറ്റു വഴികളിലൂടെ ഫണ്ട് കണ്ടെത്തി റോഡും ഇടവഴികളും മറ്റും കോണ്‍ക്രീറ്റ് ചെയ്തും നാടിന്റെ വികസനം മെമ്പര്‍ എന്ന സ്ഥാനത്തിനു നല്‍കപ്പെട്ടിട്ടുള്ള അഞ്ചുവര്‍ഷ കാലാവധിക്ക് മുമ്പേ പൂര്‍ത്തീകരിച്ച്, ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിച്ച് കൊണ്ടാണ് ടീച്ചര്‍ യാത്രയായത്.
മെമ്പര്‍ എന്ന ഭാരിച്ച ഉത്തരവാദിത്വത്തിനിടയില്‍ പാര്‍ട്ടിയുടെ പരിപാടികള്‍ പറയുമ്പോള്‍ അവിടെയും ടീച്ചര്‍ ഒന്നാമതായി എത്തിച്ചേരുമായിരുന്നു. ടീച്ചര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ഒരു വികാരമായിരുന്നു. മനസ്സും ശരീരവും ഒന്നിച്ചു നല്‍കി തന്റെ ജീവിതം സേവനത്തിനു വേണ്ടി നീക്കിവെച്ച് റിട്ടയര്‍മെന്റ് കാലം കുട്ടികളോടും കുടുംബത്തോടും ഒപ്പം ഇരിക്കേണ്ടുന്ന സമയം ഒരു നാടിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിയാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു അവര്‍.
രോഗം പിടിമുറുക്കി കിടക്കയില്‍ കിടന്ന് പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ഫലവൃക്ഷത്തൈകളും വിത്തുകളും അര്‍ഹതപ്പെട്ടവരുടെ വീടുകളില്‍ എത്തിക്കാന്‍, മക്കളെയും മരുമക്കളെയും കൂട്ടി അവരുടെ അപേക്ഷകള്‍ തയ്യാറാക്കിയും നിര്‍ദേശങ്ങള്‍ നല്‍കിയും അവര്‍ മരണംവരെ സജീവമായിരുന്നു. ഒരിക്കല്‍ കൂടി പഞ്ചായത്ത് ഓഫീസില്‍ പോയി അവിടെയുള്ളവരെയൊക്കെ കാണണമെന്ന് ടീച്ചര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.
ചിലരുടെ ജീവിതം ഇങ്ങനെയാണ്... എഴുതിയാലും പറഞ്ഞാലും തീരുകയില്ല...
പുഞ്ചിരി കൊണ്ട് ജനഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ കൊട്ടാരം പണിത ടീച്ചര്‍ അല്ലാഹുവിന്റെ പ്രത്യേക വിരുന്നിന് അര്‍ഹത നേടുക തന്നെ ചെയ്യും. ഇന്‍ഷാ അള്ളാ...