ജി.ഐ.ഒ 40-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരൂര്‍ക്കാട് ഇലാഹിയ കോളേജില്‍
വെച്ച് സംഘടിപ്പിച്ച 40 വര്‍ഷത്തെ സംസ്ഥാന സമിതി അംഗങ്ങളുടെ കൂടിച്ചേരല്‍
'അല്ലാഹുവിനുവേണ്ടി സ്നേഹിക്കുകയും കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവരാണ് പ്രപഞ്ചനാഥന്റെ ഇഷ്ട ദാസന്മാര് എന്ന ഖുര്‍ആന്‍ സൂക്തത്തെ അക്ഷരാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു ജി.ഐ.ഒ നാല്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരൂര്‍ക്കാട് ഇലാഹിയ കോളേജില്‍ വെച്ച് സംഘടിപ്പിച്ച സംസ്ഥാന സമിതി അംഗങ്ങളുടെ കൂടിച്ചേരല്‍.
ഇസ്ലാമിക മുന്നേറ്റത്തെ സമഗ്രമായി അടയാളപ്പെടുത്താന്‍ ജി.ഐ.ഒ എന്ന പ്രസ്ഥാനത്തിന് 40 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് സാധ്യമായി. മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇസ്ലാമിക അടിത്തറയില്‍ നിലപാട് രൂപീകരിക്കാനും അവ നടപ്പില്‍ വരുത്താനും നേതൃപരമായ പങ്കുവഹിക്കാന്‍ ജി.ഐ.ഒവിന് സാധിച്ചു. 40 വര്‍ഷത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാക്കളെ ഒരുമിച്ച് ചേര്‍ക്കല്‍ എന്നത് നാല്പതാം വാര്‍ഷിക ചര്‍ച്ചകളില്‍ ആദ്യം തന്നെ മുന്നോട്ടുവന്ന അഭിപ്രായമായിരുന്നു.
നിലവിലെ സംസ്ഥാന സമിതിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല ഇത്. 40 വര്‍ഷക്കാലയളവിലെ സംസ്ഥാന സമിതി അംഗങ്ങളുമായി ബന്ധപ്പെടല്‍ കൈയിലുള്ള ഡാറ്റാസ് പര്യാപ്തമായിരുന്നില്ല. അങ്ങനെയാണ് ഓരോ മീഖാത്തിലെയും പ്രസിഡന്റുമാരെ ഇന്റര്‍വ്യൂ ചെയ്ത് ഡോക്യുമെന്റേഷന് പൂര്‍ത്തിയാക്കാം എന്ന തീരുമാനത്തിലേക്കെത്തുന്നത്. അങ്ങനെ നടത്തിയ ഡോക്യുമെന്റേഷനിലൂടെ ഓരോ മീഖാത്തിലെയും സുപ്രധാന പരിപാടികളുടെ ഡാറ്റകളും സമിതി അംഗങ്ങളുടെ പേര് വിവരങ്ങളും ഒരു പരിധിവരെ ലഭ്യമായി. നമ്മില്‍നിന്ന് വിടപറഞ്ഞ സൗദാ പടന്ന സാഹിബയുടെ മീഖാത്തിലെ രേഖകള്‍ അവരുടെ ജനറല്‍ സെക്രട്ടറിമാരില്‍നിന്നാണ് ശേഖരിച്ചത്.
ഓരോ അംഗങ്ങളെയും നേരിട്ട് ക്ഷണിക്കാം എന്നാണ് ഉദ്ദേശിച്ചിരുന്നത്. അപ്പോഴും ലഭ്യമായ പല നമ്പറുകളും നിലവില്‍ ഉപയോഗത്തില്‍ ഇല്ലാത്തതും പലരുടെയും പഴയ നമ്പറുകള്‍ മാറുകയും ചെയ്തതും മുന്‍കാല നേതാക്കളുമായി ബന്ധപ്പെടുന്നതിന് വലിയ തടസ്സം സൃഷ്ടിച്ചു. പിന്നീട് ലഭ്യമായ സംസ്ഥാന സമിതി അംഗങ്ങളെ ബന്ധപ്പെട്ടും ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടും കോണ്ടാക്ടുകള് ലഭ്യമാക്കാന്‍ പരിശ്രമിച്ചു. പ്രബോധനത്തിലും ആരാമത്തിലും സംഗമ വാര്‍ത്ത നല്കിക്കൊണ്ടും നേതാക്കളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ പരിശ്രമിച്ചു. ഇത്തരത്തിലുള്ള വിവിധങ്ങളായ പരിശ്രമങ്ങിലൂടെയാണ് എല്ലാ മുന്‍കാല നേതാക്കളെയും സംഗമത്തിലേക്ക് ക്ഷണിക്കാന്‍ സാധിച്ചത്.
തിരൂര്‍ക്കാട് ഇലാഹിയ കോളേജ് സംഗമസ്ഥലമായി തീരുമാനിച്ചപ്പോള്‍ എത്തിപ്പെടാനുള്ള പ്രയാസം പലരും പങ്കുവെച്ചെങ്കിലും മറ്റു പല കാരണങ്ങളാല്‍ നിശ്ചയിച്ച സ്ഥലവുമായി തന്നെ മുന്നോട്ട് പോവുകയായിരുന്നു. അക്കാരണം കൊണ്ട് തന്നെ പ്രാതിനിധ്യത്തില്‍ കുറവ് വരുമെന്ന സംഘാടകരുടെ ആശങ്കയെ മറികടന്നുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മുന്‍കാല നേതാക്കള്‍ ജി.ഐ.ഒവില് ഉണ്ടായിരുന്നപ്പോഴുള്ള അതേ കര്‍മോത്സുകതയോടെ പരിപാടിയിലേക്ക് എത്തിച്ചേര്‍ന്നത് സംഘാടകര്‍ക്ക് കണ്‍കുളിര്‍മയേകുന്ന കാഴ്ചയായി.
ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ആദ്യകാല ജി.ഐ.ഒവിന്റെ രക്ഷാധികാരി മൂസ മൗലവിയുടെയും അമീര്‍, മുജീബ് സാഹിബിന്റെയും സാന്നിധ്യം ഹൃദ്യമായി.
ഓരോ മീഖാത്തിലെയും സ്മരണകളിലൂടെ മീഖാത്തീ നേതൃത്വം മുന്നോട്ടുപോയപ്പോഴും സമയ പരിമിതി കാരണം പലരുടെയും സ്മരണകള്‍ ബാക്കിയായി. ആദ്യകാലത്ത് ജി.ഐ.ഒവിന്റെ മൊബൈല്‍ ഓഫീസ് മൂസ മൗലവിയുടെ സഞ്ചിയും കൊണ്ടോട്ടി അബ്ദുറഹിമാന് സാഹിബിന്റെ ബാഗുമായിരുന്നു. അതില്‍നിന്ന് ഹിറാ സെന്ററിലെ ഇന്നത്തെ ഓഫീസ് വരെയുള്ള പ്രയാണം 20 മുതല്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 'പെണ്‍കുട്ടികള്‍' ഓര്‍ത്തും പേര്‍ത്തും പറഞ്ഞ കാര്യങ്ങള്‍ ഓര്മകളുണര്ത്തുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും ജീവിതശൈലീ രോഗങ്ങളെയും വൈവിധ്യങ്ങളായ വേദനകളെയും അതിജീവിച്ചവര്‍ അതെല്ലാം മറന്ന് 40 വര്‍ഷം മുമ്പുള്ള യുവത്വത്തിലേക്ക്, പ്രസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുപോയത് കാണാനായി.
1984-ല്‍ രൂപീകരിക്കപ്പെട്ട ജി.ഐ.ഒയുടെ ആദ്യ പ്രസിഡന്റ് കെ.കെ ഫാത്തിമ സുഹ്റ ടീച്ചര്‍ മുതല്‍ നിലവിലെ പ്രസിഡന്റ് തമന്ന സുല്‍ത്താന വരെയുള്ളവരുടെ സംസാരം 40 വര്‍ഷത്തെ ചരിത്രത്തെ ഒറ്റ ദിവസംകൊണ്ട് അടയാളപ്പെടുത്തുന്ന ഏടായി മാറ്റാന്‍ തിരൂര്‍ക്കാട് ഇലാഹിയ കോളേജില്‍ ഒരുക്കിയ വേദി സാക്ഷിയായി.
കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട സൗന്ദര്യമത്സരം മുതല്‍ മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം, ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വൈജ്ഞാനിക രംഗത്തെ മുസ്ലിം സ്ത്രീകളുടെ മുന്നേറ്റം... അങ്ങനെ മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളില്‍ ഇസ്ലാം വിഭാവന ചെയ്യുന്ന സ്ത്രീവിമോചനം ലക്ഷ്യംവെച്ച് ജി.ഐ.ഒ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രവും സമകാലികതയും ചരിത്രത്തില്‍ എന്നും അതുല്യമായ അടയാളപ്പെടുത്തലുകളായിരിക്കും.
ഇന്നും തുടരുന്ന നീതി നിഷേധ പ്രവണതകള്‍, മുസ്ലിം സ്ത്രീയുടെ അസ്തിത്വം തകര്‍ക്കുന്ന ലിബറല്‍ ആശയ ധാരകള്‍, ഭരണകൂട അക്രമങ്ങള്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച മുന്‍കഴിഞ്ഞ നേതാക്കളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഇപ്പോഴും നൈരന്തര്യത്തോടെ നിലനിര്‍ത്തുന്ന അവരുടെ പോരാട്ട വീര്യവും അറിവും പ്രവര്‍ത്തകര്‍ക്ക് ഊഷ്മളതയുടെയും സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നവോര്ജത്തിന്റെയും സുന്ദര വേദിയായി മാറുകയായിരുന്നു തിരൂര്‍ക്കാട് ഇലാഹിയ കോളേജ് അങ്കണം.
ഗസ്സയിലെ പോരാളികളോട് ഐക്യപ്പെട്ടുകൊണ്ട് ഇലാഹിയ കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ സംഗീത ശില്പവും പരിപാടിയുടെ ആകര്‍ഷണമായി മാറി. നിലവിലെ ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാന നടത്തിയ എല്ലാവരുടെയും മനസ്സിലേക്ക് ആഴത്തില്‍ പതിക്കുന്ന നന്ദി രേഖപ്പെടുത്തലോടു കൂടി പെയ്തിറങ്ങിയ മഴയുടെ ആരവത്തില്‍ പരിപാടിയുടെ സമാപന നിര്‍വഹണമായി.
ജി.ഐ.ഒവിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര സംഗമം ആയിരുന്നു. 40 വര്‍ഷം തികയുന്ന ഈ വേളയില്‍ ഇത്രയും കാലയളവിലെ ഡാറ്റാസ് കളക്ട് ചെയ്യുകയും ഭാരവാഹികളെ ഒരുമിച്ച് ചേര്‍ക്കുകയും അവരില്‍ നിന്നും എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ രേഖകള്‍ ശേഖരിക്കുകയും ചെയ്തപ്പോള്‍ വരുംതലമുറക്ക് ചരിത്രം കൈമാറലും, അതുപോലെ നിലവിലെ സംസ്ഥാന സമിതിയുടെ വിപ്ലവ നേട്ടവുമായി അത് പരിണമിക്കുകയും ചെയ്തു.