സഹായ ഹസ്തവുമായി 'സഹായി'

തുഫൈല്‍ മുഹമ്മദ്
ആഗസ്റ്റ് 2024

തെക്കന്‍ കേരളത്തിലെ കൊച്ചു പൊന്നാനിയെന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ വടുതല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് 'സഹായി'.
പേരുപോലെ തന്നെ മറ്റുള്ളവരെ സഹായിച്ചും തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള മൂലധനത്തിനായുള്ള സഹായധനം നല്‍കിയും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നല്‍കിയും രണ്ട് പതിറ്റാണ്ടായി മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ് ഈ കൊച്ചു സംഘം.
2015-ല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്താണ് സഹായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്‍ഫാക്ക് എസ്.ഡി.എസിന്റെ (Sustainable development Society) അംഗീകാരത്തോടെയാണ് പ്രവര്‍ത്തനം.

പ്രവര്‍ത്തന രീതി
സഹായി സംഗമം അയല്‍ക്കൂട്ടായ്മയിലെ അംഗങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ഒരുമിച്ച് കൂടും. ഡെപ്പോസിറ്റ് തുക ശേഖരിക്കുകയും വായ്പ വേണ്ടവര്‍ക്ക് അയല്‍ക്കൂട്ടം വഴി അവരുടെ പരസ്പര ജാമ്യത്തില്‍ തുക നല്‍കുകയും ചെയ്യുന്നു. ഡെപ്പോസിറ്റിന്റെ ഇരട്ടിയില്‍ കുറയാത്ത തുകയാണ് വായ്പയായി നല്‍കാറുള്ളത്. വനിതകള്‍ക്കാണ് മുഖ്യമായും വായ്പ കൊടുക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നത് കാരണം വനിതാ അംഗങ്ങളില്‍ മിതവ്യയം, സമ്പാദ്യ ശീലം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആഴ്ചയില്‍ അമ്പത് രൂപ മുതല്‍ ആയിരം രൂപ വരെയാണ് ശേഖരിക്കുന്നത്. സൊസൈറ്റിയുടെ നടത്തിപ്പിനാവശ്യമായ തുക അംഗങ്ങളില്‍നിന്ന് സര്‍വീസ് ചാര്‍ജ്, മെമ്പര്‍ഷിപ്പ് ഫീ എന്നിവയിലൂടെ ഈടാക്കുന്നു. ഉത്തരവാദിത്വവും കാര്യക്ഷമതയുമാണ് സഹായി സംഗമം വനിതകളുടെ മുഖമുദ്ര. 90 ശതമാനത്തിലധികവും വനിതകളാണെങ്കിലും പുരുഷന്മാരുടെ പിന്തുണയും പ്രോത്സാഹനവും വനിതാ മെമ്പര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്.

വായ്പ എന്തിനെല്ലാം?
ചെറുകിട വ്യവസായം, കൈത്തൊഴില്‍, വ്യാപാരം, കൃഷി, വീട്ടുപകരണങ്ങളും ഫര്‍ണീച്ചറുകൾ വാങ്ങുന്നതിന്, വീട് വാങ്ങല്‍, വീട് അറ്റകുറ്റപ്പണി, ഇരുചക്ര - മുച്ചക്ര വാഹനങ്ങള്‍ വാങ്ങല്‍, വിവാഹം, വിദ്യാഭ്യാസം, ചികിത്സാവശ്യങ്ങള്‍.... ഇങ്ങനെ നീളുന്നു വായ്പ അനുവദിക്കല്‍. പലിശയില്‍നിന്ന് അംഗങ്ങളെ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. സഹായിയിലെ പല അംഗങ്ങളേയും ഇതിനകം പലിശാധിഷ്ഠിത മൈക്രോഫിനാന്‍സ് സംവിധാനങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.
പൂര്‍ണമായോ ഭാഗികമായോ നിലവിലെ വായ്പാ സംവിധാനത്തില്‍ സംരംഭകരായിട്ടുള്ളവരാണ് പ്രസ്തുത കേന്ദ്രങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍ഫാക്ക് ബൈത്തുസ്സകാത്തുമായി ചേര്‍ന്ന് അഞ്ച് അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാന്‍ 1,76,000 രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു. കോഴി വളര്‍ത്തല്‍, സ്റ്റിച്ചിങ് യൂനിറ്റ്, പശു വളര്‍ത്തല്‍, പാള പ്ലെയിറ്റ് നിര്‍മാണം എന്നിവയ്ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാന്റ് അനുവദിച്ചത്.  

ജീവകാരുണ്യ രംഗത്തും സജീവം
സൊസൈറ്റിയുടെ ഭാഗമായ കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിക്കല്‍ ഗൈഡന്‍സില്‍ വനിതാ മെമ്പര്‍മാര്‍ വോളണ്ടിയര്‍മാരായി സേവനം അനുഷ്ഠിക്കുന്നുണ്ട്. കനിവിന്റെ സേവനം മെമ്പര്‍മാരും അവരുടെ കുടുംബാംഗങ്ങളും പ്രയോജനപ്പെടുത്താറുണ്ട്. പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണം, വാട്ടര്‍ ബെഡ്, വീല്‍ ചെയര്‍, വാക്കര്‍, ബൈപാപ്പ് മെഷീന്‍ തുടങ്ങിയവ ആവശ്യക്കാരായ രോഗികള്‍ക്ക് വനിതാ അംഗങ്ങള്‍ എത്തിച്ചുകൊടുക്കാറുണ്ട്. കനിവിന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണലിന്റേയും കോതമംഗലത്തെ പീസ് വാലിയുടേയും നിര്‍ലോഭമായ പിന്തുണയുമുണ്ട്. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായി മുന്നോട്ട് പോകുന്ന സഹായി സംഗമത്തിലെ വനിതാ മെമ്പര്‍മാരുടെ പ്രവര്‍ത്തനം എട്ട് വര്‍ഷമായി ചേര്‍ത്തല താലൂക്കിലെ വിവിധ ഭാഗങ്ങളിലായി പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. സഹായിയുടെ കരുത്തുറ്റ സാരഥികളായും സന്നദ്ധ പ്രവര്‍ത്തകരായും മികവ് തെളിയിച്ച ഈ കൂട്ടായ്മ ജോലിത്തിരക്കുകളിലെ ഇടവേളകളില്‍ മനസ്സിനും ശരീരത്തിനും ഊര്‍ജമേകുന്ന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്. കൂട്ടായ്മയിലെ പലര്‍ക്കും ഇത്തരം യാത്രകള്‍ ജീവിതത്തില്‍ വേറിട്ട അനുഭവമാണ് നല്‍കുന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media