വിസ്മയ കുടീരം ഗോല്‍ ഗുംബസ്

കെ.വി ലീല
ആഗസ്റ്റ് 2024

സ്മൃതികുടീരങ്ങളുടെ നാടാണ് കര്‍ണാടകയിലെ ബിജാപൂര്‍. സുല്‍ത്താന്മാരുടെ സ്മാരക സൗധങ്ങള്‍കൊണ്ട് ചരിത്ര വിസ്മയങ്ങള്‍ പേറുന്ന ഇടം. ആദില്‍ ഷാ രാജവംശത്തിന്റെ ഭരണകാലത്ത് നിര്‍മിച്ച വാസ്തുപ്രാധാന്യമുള്ള സ്മാരകങ്ങളാണ് ബിജാപൂരിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഗോല്‍ ഗുംബസ്, ഇബ്രാഹിം റൗസ, ശിവഗിരി ക്ഷേത്രം, ബാരാ കമാന്‍, ബിജാപൂര്‍ ജമാ മസ്ജിദ് തുടങ്ങിയവയാണ് ഈ ഗണത്തില്‍പെട്ട നിര്‍മിതികള്‍. ആ ചരിത്ര വഴികളിലൂടെയായിരുന്നു സഞ്ചാരം.

ദക്ഷിണേന്ത്യയുടെ താജ്മഹല്‍ എന്നറിയപ്പെടുന്ന പ്രസിദ്ധ സ്മാരകമന്ദിരം ഗോല്‍ ഗുംബസ് കാണാനാണ് ആദ്യം പോയത്. പതിനേഴാം നൂറ്റാണ്ടില്‍,  ബിജാപൂര്‍ സുല്‍ത്താനായി വാണിരുന്ന മുഹമ്മദ് ആദില്‍ ഷായുടെ ശവകുടീര മന്ദിരമാണ് ഗോല്‍ ഗുംബസ്. കന്നഡയില്‍ ഇത് ഗോല്‍ ഗുംബദ് എന്നാണറിയപ്പെടുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ പനിനീര്‍ പുഷ്പങ്ങളുടെ മകുടം എന്നത്രേ ഈ വാക്കിന് അര്‍ഥം. 1656 ല്‍ ആണ് ഗോല്‍ ഗുംബസ് പണിതുയര്‍ത്തിയത്.  

വിജയപുര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വണ്ടി വിളിച്ച് ഗോല്‍ ഗുംബസിന്റെ മുന്നിലെത്തി. വിശാലമായ പുല്‍പരപ്പും അതിനു മധ്യത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന സ്മാരക സൗധവും തൊട്ടുമുന്നിലുള്ള പുരാവസ്തു മ്യൂസിയവും ഉള്‍പ്പെടുന്നതാണ് ഗോല്‍ ഗുംബസ് സമുച്ചയം. ടിക്കറ്റ് എടുത്ത് കോമ്പൗണ്ടില്‍ കടന്നപ്പോള്‍ പരിസരത്തെല്ലാം നല്ല തിരക്ക്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം സന്ദര്‍ശകരായുണ്ട്. പുല്‍പ്പരപ്പില്‍ വട്ടം കൂടിയിരുന്ന് വിശ്രമിക്കുന്നവര്‍ വേറെയും. ഗേറ്റില്‍ നിന്ന് ഏതാണ്ട് അരമുക്കാല്‍ കി.മീ മുന്നില്‍ മ്യൂസിയവും അതിനപ്പുറം സുല്‍ത്താന്‍ ആദില്‍ ഷായുടെ സ്മൃതി മന്ദിരവുമാണ്. ആദ്യം പോയത് മ്യൂസിയത്തിലേക്കാണ്.

മ്യൂസിയത്തിനു മുന്നിലെ വലിയ പടിക്കെട്ടുകള്‍ കയറുമ്പോള്‍ തന്നെ  കണ്ണില്‍പ്പെട്ടത് പടുകൂറ്റന്‍ പീരങ്കികളാണ്. അതിശയിപ്പിക്കുന്ന അവയുടെ രൂപവും വലുപ്പവുമാണ് അവയെ  ആകര്‍ഷകമാക്കുന്നത്. അതെല്ലാം അടുത്ത് കാണാനും തൊട്ടറിയാനും സന്ദര്‍ശകരുടെ തിരക്ക്. എല്ലാവരും പീരങ്കികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നു, പടം പിടിക്കുന്നു.

ഏറെ വലുപ്പമുള്ള കമാനമാണ് മ്യൂസിയത്തിന്റേത്. അകത്തളങ്ങള്‍ നിറയെ ചരിത്ര സംസ്‌കാരങ്ങളുടെ ശേഷിപ്പുകളും ശേഖരങ്ങളുമാണ്. സുല്‍ത്താന്മാരുടെ ഭരണ കാലഘട്ടങ്ങളെ രേഖപ്പെടുത്തുന്ന ഒരുപാട് വസ്തുക്കള്‍ പല നിലകളുള്ള ഈ കാഴ്ചബംഗ്ലാവില്‍ കാണാം. വൈവിധ്യമേറിയ രൂപവും ചെറുതും വലുതുമായ, പലതരം ലോഹങ്ങള്‍കൊണ്ട് നിര്‍മിച്ച, പ്രാചീന കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ ഇവിടെയുണ്ട്. തടിയിലും കരിങ്കല്ലിലും ലോഹങ്ങളിലും തീര്‍ത്ത ശില്പങ്ങള്‍ അനേകമുണ്ട്. കരിങ്കല്ലില്‍ കൊത്തിയെടുത്ത ഗണപതി, നൃത്തരൂപങ്ങള്‍, ജനാലകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവ പൊട്ടിയും തകര്‍ന്നും പൂര്‍ണരൂപത്തിലും കാണാം. പിച്ചളപ്പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, ചീനഭരണികള്‍, ചില്ല് പ്ലേറ്റുകള്‍, കൂജകള്‍, സ്പൂണുകള്‍ എന്നിങ്ങനെ പാത്രങ്ങളുടെ ഒരു ശ്രേണിതന്നെ ഉണ്ട്. വെള്ളിപ്പാത്രങ്ങളും അലങ്കാരങ്ങള്‍ ഉള്ള മിനുത്ത ചീനപ്പാത്രങ്ങളും ഏറെ ഭംഗിയുള്ളതായി തോന്നി.

വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ ആണ് ഏറെ കൗതുകമായത്. കൈവെള്ളയില്‍ ഒതുങ്ങുന്നതുമുതല്‍ സാധാരണ വലുപ്പമുള്ള ഖുര്‍ആന്‍ വരെ ഇവിടുത്തെ ചില്ലലമാരയില്‍ കാണാം. അറബി, പേര്‍ഷ്യന്‍ ലിപി ഉള്‍പ്പെടെയുള്ള ലിഖിതങ്ങള്‍, സൂഫി സന്യാസിമാരുടെ ഛായാചിത്രങ്ങള്‍, യുദ്ധസാമഗ്രികളായ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, വാളുകള്‍, കഠാരകള്‍, കത്തികള്‍, കുന്തങ്ങള്‍, പടച്ചട്ടകള്‍, ചങ്ങലകള്‍, സുല്‍ത്താന്റെ കാലത്തെ രാജ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കിരീടങ്ങള്‍, അംഗവസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒപ്പം അവയെക്കുറിച്ചുള്ള വിശദാംശങ്ങളും.

മ്യൂസിയത്തിന് പിന്നിലാണ് സുല്‍ത്താന്‍ ആദില്‍ ഷായുടെ സ്മാരക കുടീരം. ഡെക്കാണ്‍ വാസ്തുവിദ്യാ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത വിഖ്യാതമായ ഒരു നിര്‍മിതിയാണിത്.

ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടമുള്ള റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക കഴിഞ്ഞാല്‍, രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് ബിജാപൂരിലെ ഗോല്‍ ഗുംബസ്‌ന്റെ മകുടമാണ്. സമചതുരാകൃതിയിലുള്ള കൂറ്റന്‍ സ്തംഭത്തിനു മുകളില്‍ വൃത്താകൃതിയിലുള്ള വലിയ മകുടവും അനുബന്ധ നിര്‍മ്മിതികളും ചേര്‍ന്ന ശില്പമനോഹരമായ സൗധം. ദൂരക്കാഴ്ചയിലും അടുത്തും വെവ്വേറെ ഭംഗിയില്‍ ഈ സ്മൃതിസമുച്ചയം കാണിക്കളെ ആകര്‍ഷിക്കുന്നു. ഈ വേറിട്ട വാസ്തുചാതുര്യം നേരില്‍ കണ്ടപ്പോള്‍ അത്ഭുതവും കൗതുകവും തോന്നി. കരകൗശലത്തിന്റെ ഉത്തമ മാതൃക.

ഗോല്‍ ഗുംബസിന്റെ മകുടമുള്‍പ്പെടുന്ന മുകള്‍ത്തട്ടിന് എട്ടു കമാനങ്ങള്‍ ഉണ്ട്. ഏഴു നിലകളുള്ള ഗോപുരത്തിന്റെ ഉച്ചിയിലെത്താന്‍ അനേകം പടിക്കെട്ടുകള്‍ കയറണം. വീതി കുറഞ്ഞ കുത്തനെയുള്ള ചെറിയ പിരിയന്‍ പടികള്‍ ആണ്. ഓരോ നിലകളിലും ബാല്‍ക്കണിയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അവിടെ വിശ്രമിക്കാം. ഒപ്പം പുറം കാഴ്ചകളും ആസ്വദിക്കാം. മുകളിലേക്ക് കയറി ഓരോ നിലകളിലുമുള്ള ബാല്‍ക്കണിയില്‍നിന്ന് ചുറ്റുപാടും വീക്ഷിച്ചു. അപ്പോഴെല്ലാം ഗോല്‍ ഗുംബസ് പരിസരങ്ങള്‍ കൂടുതല്‍ മനോഹരമായി തോന്നി.

പാറിപ്പറന്ന്, സ്മാരക മന്ദിരത്തിന്റെ ഭിത്തിയിലും കൊത്തുപണികളിലും മുത്തമിട്ട് പോകുന്ന തത്തക്കൂട്ടങ്ങളും അവയുടെ ചിലമ്പലുകളും പരിസരമാകെ നിറഞ്ഞു നിന്നു. ഗ്രാമത്തനിമയുടെ ചന്തമുള്ള, കാണാക്കാഴ്ചകളായി മാറിയ പലതും ഇവിടെയുണ്ട്. തത്തക്കൂട്ടങ്ങളെ കാണുമ്പോള്‍ ഗൃഹാതുരത നിറയും. പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും. തത്തകള്‍ ഇടയ്ക്കിടെ കൂട്ടമായി വന്ന് തത്തിപ്പാറി അന്തരീക്ഷം ശബ്ദമുഖരിതമാക്കി തിരികെ പറക്കുന്ന വശ്യമായ കാഴ് ച ...
വീണ്ടും പടികള്‍ കയറി സ്മാരക മന്ദിരത്തിന്റെ ഉച്ചിയിലെത്തി. എത്രമനോഹരം ഈ സ്മൃതിസൗധം. എത്രയോ കാലത്തെ അധ്വാനം. കലയും കരവിരുതും കൈമുതലായിരുന്ന പൂര്‍വികരെ നമിച്ചുപോയി.

ഗോല്‍ ഗുംബസിന്റെ മകുടത്തിന് അന്‍പത്തിയൊന്നു മീറ്റര്‍ ഉയരമുണ്ട്. നാല്‍പ്പത്തിയേഴര മീറ്റര്‍ വീതിയും നീളവുമുള്ള സമചതുര സ്തംഭത്തിന് മുകളിലായി നാല്‍പത്തിനാല് മീറ്റര്‍ ചുറ്റളവില്‍ ഉള്ള മനോഹരമായ താഴികക്കുടം. വശങ്ങളില്‍ ശില്‍പസമൃദ്ധി. എട്ട് കമാനങ്ങളുള്ള സമചതുരത്തിലുള്ള  നിര്‍മിതിയുടെ നാലു കോണിലും ഗോപുരങ്ങളുമുണ്ട്. സവിശേഷമായ ഈ വാസ്തു ഭംഗിയാണ് ഗോല്‍ ഗുംബസ് എന്ന സ്മാരക കുടീരത്തെ  ലോകോത്തര നിലവാരത്തില്‍ എത്തിച്ചത്. കരിങ്കല്ലില്‍ തീര്‍ത്ത ഇതിന്റെ അകവും പുറവും നിറയെ കൊത്തുപണികളും കടഞ്ഞെടുത്ത രൂപങ്ങളുമാണ്. താരതമ്യപ്പെടുത്താന്‍ കഴിയാത്ത, വാസ്തുചാതുര്യമുള്ള ഈ കലാനിര്‍മിതി കാണാന്‍ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികള്‍ എക്കാലത്തും ഇവിടെ എത്തുന്നു.

താമര ഇതളുകള്‍ പോലെയുള്ള കൂറ്റന്‍ മേല്‍ക്കൂരയും അതിനു താഴെയുള്ള വിസ്‌പെറിങ്ങ് ഗാലറി എന്ന അത്ഭുത ബാല്‍ക്കണിയുമാണ് ഗോല്‍ ഗുംബസിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഒരുവട്ടം ശബ്ദിച്ചാല്‍ ആയിരം തവണ അത് പ്രതിധ്വനിക്കുന്നു. അതിന്റെ മുഴക്കം ധാരധാരയായി അന്തരീക്ഷം നിറക്കുന്നു. പലരും ഒച്ചവച്ചു പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ പ്രതിധ്വനികള്‍ കാതടപ്പിക്കുന്നു.
ബാല്‍ക്കണിയില്‍ നിന്ന് താഴേക്കു നോക്കി. സുല്‍ത്താന്‍ ആദില്‍ ഷായുടെ അന്ത്യവിശ്രമശയ്യ. ജാലകങ്ങളുടെ വിടവുകള്‍ക്കിടയിലൂടെ വീഴുന്ന വെളിച്ചത്തില്‍ അത് തിളങ്ങി നിന്നു. വലുപ്പം കൂടിയ ഒരു ഖബര്‍സ്ഥാന്‍ ആണത്. അനേകമാളുകള്‍ ആദരപൂര്‍വം വണങ്ങിപ്പോകുന്നു.
മകുടം ചുറ്റിനടന്ന് വീണ്ടും ഖബറിടത്തിനു സമീപമെത്തി. തണുത്ത അന്തരീക്ഷം. അകത്തളത്തിലെ പടവുകളില്‍ അല്‍പനേരം കൂടി ഇരുന്നു. ഭിത്തിയിലെ കൊത്തുപണികളും പൊഴികളും കാണാന്‍ നല്ല ഭംഗി. വെളിച്ചം നിറഞ്ഞ ജാലകവിടവുകളും സുന്ദരം. തൂണുകള്‍ ഇല്ലാത്ത ഏറ്റവും പഴയ കരിങ്കല്‍ സ്മാരകങ്ങളില്‍ ഒന്ന് എന്ന ഖ്യാതി കൂടി ഗോല്‍ ഗുംബസിനുണ്ട്. അക്ഷരാര്‍ഥത്തില്‍ ഒരു മാന്ത്രിക കുടീരം തന്നെയാണ് ഗോല്‍ ഗുംബസ്.

കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങുമ്പോള്‍ ഉച്ചതിരിഞ്ഞു. വിശപ്പും ദാഹവുമുണ്ട്. കോമ്പൗണ്ടില്‍ തന്നെ കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലാട്രിനുകളും. വെള്ളം കുടിച്ച് താമസിയാതെ പുറത്തിറങ്ങി ഭക്ഷണം കഴിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.
എഴുപതേക്കര്‍ വിസ്തൃതിയുള്ള മണ്ണില്‍ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷത്തില്‍ പഴമയും പ്രതാപവും കൈവിടാതെ തലയുയര്‍ത്തി നില്‍ക്കുന്ന ഗോല്‍ ഗുംബസ് എന്ന ഈ വിസ്മയസൗധം ഇന്ത്യയുടെ അഭിമാനമാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media