മുസ്ലിം സാമൂഹിക ജീവിതത്തിന്റെ നവീകരണത്തിനു നിരവധി ഘടകങ്ങള്‍ സമം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മതത്തിലെ നവോത്ഥാന സംഘ പ്രവര്‍ത്തനം ഇതില്‍ പ്രധാനമാണ്. അന്ധവിശ്വാസങ്ങള്‍ മാത്രം ഉള്ളടങ്ങിയ അനുഷ്ഠാനങ്ങളില്‍നിന്ന് വിശ്വാസത്തെ വിമോചിപ്പിച്ചതും മതത്തിന്റെ വിമോചനപരതയെ അവര്‍ക്ക് പരിചയപ്പെടുത്തിയതും ഇത്തരം സംഘമാണ്. എന്നാല്‍, മറ്റൊരു ദിശയിലൂടെ സമുദായത്തിനകത്ത് വികസിച്ചു വളര്‍ന്ന സര്‍ഗാത്മക, കലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈയൊരു സാമൂഹിക നവീകരണത്തിന് അതിന്റേതായ പങ്കുണ്ട്. ഇതിലൊന്ന,് കഥാപ്രസംഗ കലാപ്രസ്ഥാനമാണ്. ഐക്യ കേരള രൂപീകരണത്തോടെ ദേശത്ത് ജനപ്രിയമായ കലാരൂപമാണ് കഥാപ്രസംഗം. ഒരുകാലത്ത് നമ്മുടെ സാംസ്കാരിക ജീവിതത്തെ ത്രസിപ്പിച്ച ഈ കലാരൂപത്തില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച വിഖ്യാതരായ നിരവധി കലാകാരന്മാരുണ്ടായിരുന്നു. കാഥികരായ സാംബശിവനും കെടാമംഗലവും കൊല്ലം ബാബുവും ആലപ്പി അസീസും ഈ മേഖലയില്‍ പെരുമയെടുത്തവരായിരുന്നു.
എന്നാല്‍, ഈ ഒരു കലാരൂപത്തെ നെഞ്ചേറ്റിയ നിരവധി മുസ്ലിം യുവതികളും അക്കാലത്ത് സജീവമായിരുന്നു. ഇവരൊക്കെയും വളര്‍ന്നുവന്നത് തിരുകൊച്ചിയില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നുമായിരുന്നുവെന്നതും കൗതുകം. പ്രത്യേകിച്ചും ആലപ്പുഴയില്‍ നിന്ന്. ആലപ്പി റംലാ ബീഗം, ആലപ്പി സുഹര്‍ബാന്‍ ബീഗം, ആലപ്പി ആബിദാ ബീഗം, ആലപ്പി ഫാത്തിമാ ബീഗം, ഹരിപ്പാട് ഖദീജാ ബീഗം ഇങ്ങനെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന മുസ്ലിം കാഥികര്‍ നിരവധി. ഇവരുടെയൊക്കെ ആദി ഗുരുവും പ്രചോദന കേന്ദ്രവുമായിരുന്നു ആലപ്പി ഐഷാ ബീഗം. ഒരു മുസ്ലിം പെണ്‍കുട്ടി പൊതുമണ്ഡലത്തിലെത്തി അവിടെ സര്‍ഗാത്മക വ്യവഹാരങ്ങളില്‍ നിരന്തരം ഇടപെടുകയും കെട്ടിയൊരുക്കിയ വേദികളില്‍നിന്ന് സര്‍വ സംഗീത ഉപകരണങ്ങളുടെയും അകമ്പടിയില്‍ പാട്ടുപാടി കഥ പറയുകയും ചെയ്യുക. സഹസ്ര കണക്കിന് ജനം സംഘമായിരുന്ന് അവര്‍ പറയുന്ന ഇസ്ലാമിക ചരിത്രകഥകളും പ്രമാണങ്ങളും സാകൂതം കേട്ടിരിക്കുകയും ചെയ്യുക. ആ പാട്ടും കഥകളും പതിയേ ശ്രോതാക്കളിലേക്ക് നവോത്ഥാന പാഠങ്ങളായി വിനിമയം ചെയ്യപ്പെട്ടു. തീര്‍ച്ചയായും ഈ ഒരു കലാരൂപത്തിനും കേരളീയ മുസ്ലിം സാമൂഹികതയില്‍ ഇടപാടുകളുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. തന്റെ പ്രതിഭ കൊണ്ടും യജ്ഞ കാഠിന്യം കൊണ്ടും ഈ മേഖലയിലേക്ക് ഇരമ്പിയെത്തിയ ആദ്യത്തെ മുസ്ലിം കഥാ പ്രസംഗകയാണ് ഐഷാ ബീഗം. ദീര്‍ഘമായ മുപ്പത് വര്‍ഷക്കാലം തനിക്കൊരു പകരമോ അപരമോ ഇല്ലാതെ ആസ്വാദക ലോകത്തെ ഇളക്കിമറിച്ചുകൊണ്ട് ഐഷാ ബീഗം കഥാപ്രസംഗ വേദികളില്‍ മഹാറാണിയായി ജീവിച്ചു.
തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലെ മുഹമ്മദ് എന്ന ഹമീദ് കണ്ണ്-ഫാത്തിമ ദമ്പതികളുടെ നാലാമത്തെ കണ്മണിയാണ് ഐഷ. ഇത് ആയിരത്തി തൊള്ളായിരത്തി നാല്പത്തി മൂന്നില്‍. കൊഞ്ചിയും കുഴഞ്ഞും വീടകമപ്പാടെ ഉത്സാഹം നിറക്കുന്ന ആ പെണ്‍കുഞ്ഞ് എല്ലാവരുടേയും ഓമനയായി വളര്‍ന്നു. പക്ഷേ, വിധിയുടെ തീര്‍പ്പും നിയോഗവും അതിനൊക്കെയപ്പുറമാണല്ലോ. ഐഷക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ ഉമ്മ ഫാത്തിമ ഭൂജീവിതത്തില്‍ നിന്ന് തിരിച്ചുപോയി. സ്വയം പര്യാപ്തി നേടാത്ത നാലു മക്കളെയും കൊണ്ട് പിതാവ് ഹമീദ് കണ്ണ് വശപ്പെട്ടു. അയാള്‍ മക്കളെയും കൂട്ടി ആലപ്പുഴയിലെത്തി. സഹകരിക്കാന്‍ സുമനസ്സുള്ള ബന്ധുക്കളെയും തേടിയായിരുന്നു ആ യാത്ര; തന്റെ മക്കള്‍ക്ക് സ്നേഹലാളനങ്ങള്‍ ലഭിക്കുന്ന ഒരു മരുപ്പച്ചയും തേടി. ആലപ്പുഴ നഗരത്തിലെ വലിയമരം വാര്‍ഡില്‍ താമസിച്ചിരുന്ന മക്കളില്ലാത്ത ഇബ്രാഹിം വൈദ്യര്-ആമിനാ ദമ്പതികള്‍ ഐഷ മോളെ ഏറ്റെടുത്തു. അവര്‍ക്കിത് സ്വര്‍ഗത്തില്‍നിന്ന് പടച്ചവന് നേരിട്ട് ഇറക്കി നല്കിയ പൊന്‍കനി തന്നെയായിരുന്നു. യോഗവിധികള്‍ അനുസരിച്ച് പച്ചമരുന്നുകള്‍ ഉണ്ടാക്കി വിദൂര ഗ്രാമങ്ങള്‍ തോറും വിറ്റു നടന്നിരുന്ന ഇബ്രാഹിം വൈദ്യര് ഗസലുകളുടെ കടുത്ത ആരാധകന് കൂടിയായിരുന്നു. മലബാറില്‍ നിന്നു വ്യത്യസ്തമായി ആലപ്പുഴ ദേശങ്ങള്‍ അന്ന് ഏറെയും സംഗീതസാന്ദ്രമാണ്. കയര്‍ പിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും റിക്ഷ വലിക്കുന്നവരും വല നെയ്യുന്നവരും മല്‍സ്യം കോരുന്നവരും ചുമട്ടുപണിക്കാരും തുടങ്ങി സര്‍വരും അന്ന് തൊഴില്‍ ഭാരമകറ്റാന്‍ പാട്ടുപാടും. രാത്രികളില്‍ പ്രത്യേകിച്ചും ഇങ്ങനെ പാട്ടുകള്‍ കൊണ്ട് സന്ധ്യകളെ സാന്ദ്രമാക്കുന്ന നിരവധി പാട്ടുകൂട്ടങ്ങള്‍ അന്ന് ആലപ്പുഴയിലും പ്രാന്തങ്ങളിലും സജീവമായിരുന്നു. ഈ സംഘത്തിലെ പ്രധാനിയായിരുന്നു ഇബ്രാഹിം വൈദ്യര്. സ്വന്തമായി കുഞ്ഞുങ്ങളില്ലാത്തതു കൊണ്ടാവാം ഇബ്രാഹീം വൈദ്യര്‍ക്ക് ഐഷയോട് അനന്യമായ കാരുണ്യ വായ്പുണ്ടായിരുന്നു.
ജോലി കഴിഞ്ഞ് എത്തിയാല്‍ താന്‍ പങ്കാളിയാകുന്ന പാട്ടു കൂട്ടത്തിലേക്കൊക്കെയും ഇബ്രാഹിം വൈദ്യര് ഈ കുഞ്ഞിനെയും തോളിലേറ്റി പോകും. പതിയെ കേട്ടുവന്ന പാട്ടുകളൊക്കെയും ഈ കുഞ്ഞ്്, വീട്ടില്‍ നിന്നും മൂളാന്‍ തുടങ്ങി. പല്ലവിയും അനുപല്ലവിയും മാത്രമല്ല, ശ്രുതിയും താളവും തെറ്റാതെ ഇതൊക്കെയും ഈണത്തില്‍ പാടിത്തീര്ക്കണമെങ്കില് അസാധാരണമായ ഓര്‍മശേഷിയും ജാഗ്രതയും വേണ്ടിയിരുന്നു. അത് ആ കുട്ടി സ്വയം തന്നെ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത് വിസ്മയത്തോടെയാണ് ഈ പോറ്റുമ്മയും ബന്ധുക്കളും കണ്ടുനിന്നത്. ഇബ്രാഹിം വൈദ്യര്‍ക്ക് വലിയ ഉല്‍സാഹമായി. കുഞ്ഞിന്റെ പാട്ട് ഭ്രമം കണ്ട ഇവര്‍ ഐഷയെ കുഞ്ഞുപ്പണിക്കര്‍ ഭാഗവതരുടെ അടുത്ത് ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും പഠിക്കാന്‍ ചേര്‍ത്തു. ആദ്യമായിരുന്നു ആ ദേശത്തു നിന്ന് ഒരു മുസ്ലിം വിദ്യാര്‍ഥിനി സംഗീത ശാലയില്‍ പാടിപ്പഠിക്കാന്‍ എത്തുന്നത്. അവളിലെ സംഗീതത്തിന്റെ പഞ്ചവര്‍ണക്കിളി ഭാഗവതരുടെ ശിഷ്യത്വത്തോടെ ആലാപനത്തിന്റെ പുതിയ ചക്രവാളം തേടിപ്പറക്കാന്‍ പ്രാപ്തയായി. ശ്രുതിയും താളവും ആലാപന സൗകുമാര്യവും മിഴിവാര്ന്ന് നിന്ന ഐഷ തന്റെ ഗാനാലാപനവുമായി പതിയെ പുറത്തേക്കിറങ്ങി. ഇബ്രാഹിം വൈദ്യര് അവള്‍ക്ക് എല്ലാ പിന്തുണയും നല്കി.
പന്ത്രണ്ട് വയസ്സു മാത്രമുള്ളപ്പോഴാണ് പാടാനൊരു അരങ്ങ് ഒത്തുവന്നത്. അത് ഗ്രാമത്തിലെ ക്ലബ്ബൊരുക്കിയ നൃത്ത പരിപാടി. അതില്‍ പിന്നണി പാടാന്‍ ഐഷയെയും കൂട്ടിക്കൊണ്ടുപോയത് ഗുരു കുഞ്ഞുപണിക്കര്‍ ഭാഗവതര്‍ തന്നെയായിരുന്നു. ഇതൊരു ശുഭ നിമിത്തമായിരുന്നു. യവനികക്ക് പിന്നില്‍ നിന്നു തേനും വയമ്പും സമം ചേര്ത്ത്് പാടുന്ന ഈ കിളിനാദം ഏതെന്നറിയാന്‍ സദസ്സത്രയും തത്രപ്പെട്ടുനിന്നു. അവരൊന്നടങ്കം സ്തംഭിച്ചു നിന്ന ആലാപനമായിരുന്നു അത്. പരിപാടിയില്‍ ഹാര്‍മോണിയം വായിക്കാന്‍ എത്തിയിരുന്നത് പട്ടണത്തിലെ വിശ്രുതനായ സംഗീത വാധ്യാരായിരുന്ന ആലപ്പി ശരീഫ്. ശരീഫ് കലാ പെരുമയുള്ള കുടുംബത്തില്‍ ജനിച്ച യുവാവാണ്. സമ്പന്നനാണെങ്കിലും ഈ യുവാവ് നിന്നത് സംഗീത ലോകത്ത് മാത്രമാണ്.
ശ്രുതി മധുരം തുള്ളിത്തുളുമ്പിയ ആലാപനത്തിന്റെ ഏറ്റങ്ങള്ക്കനുരോധമായി ശരീഫിന്റെ കൈവിരലുകള്‍ ഹാര്‍മോണിയത്തിന്റെ നാദ തന്ത്രികളിലൂടെ ദ്രുതഗതിയില്‍ വിലാസനൃത്തം ചെയ്തു. അന്നത്തെ ആ സംഗീത പൊരുത്തം അനിര്വചനീയമായിരുന്നെന്ന് പിന്നീട് ഭാഗവതര്‍ അനുസ്മരിച്ചിട്ടുണ്ട്. പാട്ടിന്റെ സമൃദ്ധ സാന്ദ്രിമക്കപ്പുറത്തേക്ക് ആ സംഗീത സംഗമം പതിയേ വളര്‍ച്ച നേടി. പാട്ട് കമ്പക്കാരനും സംഗീതവിദ്വാനുമായ ശരീഫിന് ഗായികയായ ഐഷയെ ജീവിതത്തിലേക്ക് തന്നെ ഏറ്റെടുക്കാന്‍ താല്പര്യമായി. അയാള്‍ നേരിട്ടെത്തി ഇബ്രാഹിം വൈദ്യരോട് ആവശ്യം അറിയിച്ചു. അപ്പോഴാണ് ഐഷ ഇബ്രാഹിമിന്റെ നേര് മകളല്ലെന്നും വളര്‍ത്തു പുത്രി മാത്രമാണെന്നും ശരീഫ് മനസ്സിലാക്കുന്നത്. ഐഷയും തന്റെ പിതൃത്വം ഗൗരവത്തില്‍ ആലോചിക്കുന്നതും അന്നാണ്. അങ്ങനെ പിതാവിന്റെയും ബന്ധുമിത്രാദികളുടെയും സ്നേഹ സമ്മതത്തോടെ ശരീഫ് ആചാരവിധിപ്രകാരം ഗായികയായ ഐഷയെ നിക്കാഹ് ചെയ്ത് ബീടരാക്കി. ഈ ദാമ്പത്യമാണ് സത്യത്തില്‍ പിന്നീട് കേരളം കണ്ട വിശ്രുത കഥാപ്രസംഗയായ ഐഷാ ബീവിയെ നമുക്ക് നല്‍കിയത്. പെണ്‍കുട്ടിയുടെ കലാവാസനയും കവന കൗതുകവും ഭര്‍ത്താവായ ശരീഫ് തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല, മധുരമായി കഥ പറയാനും ഇവള്ക്കാവുമെന്ന് ജന്മനാ കലാകാരനായ ഷെരീഫ് മനസ്സിലാക്കിയിട്ടുണ്ട്.
ഒരുനാള്‍ ഒരു പാട്ട് പരിപാടി കഴിഞ്ഞ് വീടെത്തിയപ്പോള്‍ ശരീഫ് തന്റെ ആഗ്രഹം പ്രിയതമക്ക് മുന്നില്‍ അവതരിപ്പിച്ചു. ഐഷ ഒന്ന് ഞെട്ടി. മൈക്കിനു മുന്നില്‍ കണ്ണുപൂട്ടി പാട്ടുപാടുകയല്ലാതെ ജനത്തെ നോക്കി കഥ പറയുകയെന്നത് അവള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. നിരന്തര പ്രോത്സാഹനത്തില്‍ ഐഷ കഥ പറയാന്‍ സന്നദ്ധയായി. ആലപ്പുഴ കായലിലെ ബോട്ട് യാത്രയില്‍ ഒരു മുസ്ലിയാര് വായിച്ചിരുന്ന കഥാ പുസ്തകമാണ് പില്ക്കാലത്ത് ഐഷാ ബീഗത്തെ എണ്ണം പറഞ്ഞ കഥാപ്രസംഗകയാക്കിയത്. ആ പുസ്തകമാണ് ബീവി ആസൂറാ. ഒരു സ്ത്രീ ഏറ്റെടുക്കേണ്ടിവന്ന സര്‍വ പീഡാനുഭവങ്ങളുമാണ് ഏറെ അതിഭാവുകത്വത്തോടെ ഈ കഥാ പുസ്തകം നമ്മോട് പറയുന്നത്. ശരീഫ് സുഹൃത്തുക്കളുടെ സഹായത്തോടെ ഈ കഥ ഒരു കഥാപ്രസംഗമാക്കി വികസിപ്പിച്ചു. മലയാള കവിതാ ശകലങ്ങളും മാപ്പിളപ്പാട്ടിന്റെ തേനിശലുകളും മനോഹരങ്ങളായ ഉപകഥകളും നാടന്‍ പാട്ടുകളും സമം ചേര്‍ത്ത് കഥ ഭംഗിയാക്കി. സ്വന്തം നാട്ടിനടുത്തു തന്നെയുള്ള കലാസമിതിക്ക് വേണ്ടി ശരീഫും സംഘവും പൊതു വേദിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. ഐഷ പാടിപ്പറഞ്ഞു. ഐഷയുടെ അരങ്ങേറ്റം ഗംഭീരമായി. അതോടെ ഐഷ ഐഷാ ബീഗമായി. സദസ്സൊന്നടങ്കം ശ്വാസം പിടിച്ചു നിന്നത് കേട്ടു രസിച്ചു.
തുടര്‍ന്ന് നിരവധി വേദികളില്‍ ഐഷാ ബീവി ആസൂറയുടെ കഥ വീര വനിത എന്ന പേരില്‍ അവതരിപ്പിച്ചു. അപ്പോഴേക്കും പുതിയ കഥ പിറന്നു; 'സ്ത്രീധനം'. അക്കാലത്തെ എഴുത്തുകാരനും സാഹിത്യപ്രവര്‍ത്തകനും ആയിരുന്ന ഗഫൂര്‍ വട്ടപ്പള്ളിയാണ് ഈ കഥാപ്രസംഗം തയ്യാറാക്കിയത്. ഇത് 'ധീര വനിത'യുടെ സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് കേരളത്തില്‍ എങ്ങും ആസ്വാദകര്‍ ആത്മാവില്‍ ഏറ്റെടുത്തു. അതിലെ ഓരോ ഈരടികളും അക്കാലത്തെ പെണ്‍കൊടികള്‍ നാടാകെ മൂളി നടന്നു.
'സ്ത്രീധന മെന്നൊരനാചാരം ,
പുരുഷന് നല്കുമൊരാദായം.
സ്ത്രീകള്‍ പുരുഷനെ വിലയ്ക്ക് വാങ്ങും
ദുഷിച്ച കാലിക്കച്ചവടം'
ശരം പായുന്നത് പോലുള്ള മാന്ത്രിക ശബ്ദത്തില്‍ ഐഷാ ബീഗത്തിന്റെ ചോദ്യങ്ങള്‍ ഓരോന്നും അന്ന് സാമൂഹിക അനാചാരത്തിന്റെ വേതാളങ്ങളെ നിരന്തരം പൊള്ളിച്ചു. ഐഷാ ബീഗത്തിന്റെ ഖ്യാതി കേരളമാകെ വിശ്രുതിയായി. അമ്പലമുറ്റങ്ങളും കളിക്കണ്ടങ്ങളും മൈതാന വിസ്തൃതികളും സ്കൂള്‍ തുറസ്സുകളും ഐഷയുടെ നാദവീചികള്‍ കേട്ട് പ്രകമ്പനം കൊണ്ടു. പുതിയ കഥകള്‍ വന്നുകൊണ്ടേയിരുന്നു. ഖുറാസാനിലെ പൂനിലാവ്, പ്രേമ കുടീരം, വൈര മോതിരം, ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍, മുള്‍കിരീടം ഇതൊക്കെയും ഐഷാ ബീഗം പാടിപ്പറഞ്ഞ കഥകളാണ്. അപ്പോഴേക്കും ശരീഫിന്റെ നേതൃത്വത്തില്‍ ഭദ്രതയുള്ളൊരു കഥാപ്രസംഗ ട്രൂപ്പ് രൂപം കൊണ്ടു. വട്ടപ്പള്ളി ഗഫൂര്‍, ശരീഫ്, എ.എം കോയ തുടങ്ങിയവര്‍ ഗ്രൂപ്പിന്റെ പ്രധാനികളായി. 'ഇബ്രാഹിം നബിയും ഇസ്മായേലും', 'കര്‍ബല' ഇതൊക്കെയും മതപ്രസംഗ വേദികളില്‍ നിന്നുള്ളതിനേക്കാള്‍ വിശ്വാസികള്‍ കേട്ട് പഠിച്ചത് ഐഷാ ബീഗത്തിന്റെ കഥാപ്രസംഗത്തിലൂടെയാണ്.
ഒരു ബലി പെരുന്നാള്‍ ദിനത്തിലാണ് ഐഷാ ബീഗത്തിന്റെ അരങ്ങേറ്റം. പിന്നീട് മുപ്പതാണ്ടോളം ഒരു പെരുന്നാള്‍ പോലും വീട്ടില്‍ നിന്ന് ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നും തിരക്ക്. ഇതിനിടയില്‍ നിരവധി ഗള്‍ഫു പര്യടനങ്ങള്‍. പഴയ അനാഥത്വവും ദാരിദ്ര്യവും അവസാനിച്ചു. ഐഷാ ബീഗത്തിന്റെ കഥാപ്രസംഗ അവതരണത്തില്‍ ആവേശിതരായി അക്കാലത്ത് നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെട്ടു.
ഇങ്ങനെ പാടിയും പറഞ്ഞും മലയാളിയുടെ ഭാവുകത്വത്തെ ത്രസിപ്പിച്ച ഐഷാ ബീഗം പക്ഷേ, അപ്പോഴും സ്വന്തം ജീവിതത്തില്‍ കരയുകയായിരുന്നു. പെറ്റുമ്മയുടെയും പിതാവിന്റെയും സ്നേഹ പരിമളമാസ്വദിക്കാന്‍ അവര്‍ക്കായിട്ടില്ല. കഥാപ്രസംഗത്തിന്റെ സംഘര്‍ഷ യാത്രകളില്‍ തന്നെയാണ് ഐഷ നിരന്തരം ഉമ്മയാകുന്നത്. പക്ഷേ, ഈ മക്കളെയൊന്നും വേണ്ട രീതിയില്‍ ഓമനിക്കാന്‍ അവര്‍ക്കായതുമില്ല. പതിനേഴാം വയസ്സില്‍ ജനിച്ച മകന് നസീര്‍ രണ്ടാം വയസ്സില്‍ മരിച്ചു. രണ്ടാമത്തെ മകനും അതുപോലെ മരിച്ചുപോയി. മൂന്നാമത്തെ മകന് നിഷാദ് പത്ത് വയസ്സ് വരെ മാത്രമേ ജീവിച്ചുള്ളൂ. ഏത് സ്ത്രീയും ഉലഞ്ഞു തകര്‍ന്നു പോകുന്ന സന്ദര്‍ഭമാണിത്. ജീവനോടെ ശേഷിച്ചു കിട്ടിയത് ഒരു മകന് മാത്രം. ഐഷാ ബീഗത്തിന് ഒരുപാട് സമ്മര്‍ദങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നിരുന്നു. ട്രൂപ്പ് പാളാതെ കൊണ്ടുനടക്കണം. ഉപജീവനമാണത്. കലാകാരന്മാരുടെ ഇടയിലെ ലോല ബന്ധങ്ങള്‍ ഉടയാതെ നോക്കണം. വീട്ടുകാര്യങ്ങള്‍ നടക്കണം. മക്കളുടെ മരണം. അസ്വാദകരുടെ സ്നേഹ സമ്മര്‍ദം.
വേദികളില്‍ നിന്നു വേദികളിലേക്ക് പിടഞ്ഞോട്ടത്തിനിടയിലാണ് കനത്ത പ്രഹരം അവരെ തേടിയെത്തിയത്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴ് ഏപ്രില്‍ 30. അന്നത്തെ കഥ പറച്ചില് ഇടുക്കിയിലാണ്. രാത്രി വളരെ വൈകി. പിറ്റേന്നത്തെ വേദി മദ്രാസിലും. മാസങ്ങള്‍ക്ക് മുമ്പേ തിയ്യതി കുറിച്ചതാണ്. അഡ്വാന്‍സും കൈപറ്റിയതാണ്. പോകാതിരിക്കാന്‍ തരമില്ല. ഇടുക്കിയില്‍ നിന്ന് പാതിരാത്രിയില്‍ സംഘം മദ്രാസിലേക്ക് യാത്രയായി. സമയം പ്രഭാതത്തോടടുക്കുന്നു. കാറിനകത്തുള്ളവരൊക്കെയും ഉറക്കത്തിലേക്ക് വഴുതി. വണ്ടി മദ്രാസിനടുത്ത് ദിണ്ടി വനത്തിലെത്തിയിട്ടേയുള്ളൂ. ഡ്രൈവര്‍ മയങ്ങിയതാവാം. വണ്ടി നിയന്ത്രണം വിട്ടു പുളഞ്ഞ് മറിഞ്ഞു. ട്രൂപ്പിന്റെ മുഖ്യ കാര്യദര്‍ശി എം.എം കോയ മരിച്ചു. ബാക്കിയുള്ളവര്‍ക്ക് ഗുരുതര പരിക്ക്. പരിപാടികളില്‍ നിന്നുള്ള വരുമാനം നിന്നു. ട്രൂപ്പിലെ അംഗങ്ങള്‍ക്ക് വിദഗ്ധ ചികില്‍സക്ക് വമ്പന്‍ ചെലവ് ആവശ്യവുമായി വന്നു. ദേഹസുഖം വീണ്ടെടുക്കുന്നതിന് മുമ്പേ ഐഷാ ബീഗത്തിന് വേദികള്‍ തേടി പോകേണ്ടിവന്നു. കുറേക്കാലം ഇവര്‍ കസേരയില്‍ ഇരുന്നാണ് കഥാപ്രസംഗം അവതരിപ്പിച്ചത്.
പ്രായവും ജീവിത സംഘര്‍ഷങ്ങളും കുടുംബ പ്രതിസന്ധികളും അപകടവും സംഘം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ അവര്‍ അവശതയിലേക്ക് പതുങ്ങിപ്പോയി. എണ്‍പതുകളുടെ അന്ത്യത്തോടെ കിതച്ചു നിന്ന കഥാപ്രസംഗ വേദികളില്‍ നിന്ന് ഐഷാ ബിഗം പടിയിറങ്ങി. സ്രഷ്ടാവ് തനിക്ക് ബാക്കിയാക്കി തന്ന ഏക മകന് അന്‍സാര്‍ ജീവിതത്തില്‍ വല്ലാതെയൊന്നും പച്ചപിടിച്ചുമില്ല. ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ മരണം ഐഷക്ക് കൂടുതല്‍ ആഘാതമായി. കടുത്ത ഒറ്റപ്പെടലിനൊടുവില്‍ ആ വിശ്രുത കലാകാരി രണ്ടായിരത്തി പതിനഞ്ച് ആഗസ്റ്റ് പതിനൊന്നിന് ദൈവ സന്നിധിയിലേക്ക് തിരിച്ചുപോയി. തന്റെ ആലാപന വിസ്മയം കൊണ്ടും ആഖ്യാന സുഭഗത കൊണ്ടും ജനങ്ങളെ ദീര്‍ഘ വര്‍ഷങ്ങളോളം ഉന്മിഷത്താക്കിയ ഈ കലാകാരിക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.