''സ്വന്തമെന്നു പറയാന്‍ നമുക്കെന്തുണ്ട്? കിടപ്പാടങ്ങള്‍ അവര്‍ ബോംബിട്ടു തകര്‍ത്തില്ലേ... നമ്മുടെ മോന് ബസ്സാമിനെ ആ കശ്മലര്‍...!''
''കിനാവിന്റെ ആകാശങ്ങളെ അവര്‍ അന്യാധീനപ്പെടുത്തിയിട്ടില്ലല്ലോ.''
''അതാണ് നമ്മുടെ ശക്തി...''
രിദ് വാന അവളുടെ ഭര്‍ത്താവിന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു.
''മുന്നോട്ടുള്ള പ്രയാണത്തിന്റെ ഇന്ധനവും അതുതന്നെ.''
''ങ്ങാ... ബുല്‍ബുല്‍ എവിടെ?''
ബദീഉസ്സമാന്റെ കണ്ണുകള്‍ ചുറ്റും പറന്നു.
അയാളില്‍ ആധി ആറി തണുത്തിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ഒരു രാത്രിയിലാണ് ജൂത യാങ്കിയുടെ തോക്കുകള്‍ മൂത്ത മകന് ബസ്സാമിന്റെ ജീവന് അപഹരിച്ചത്. അയലത്ത് കുട്ടികളുടെ കൂടെ മണ്ണപ്പം ചുട്ടു കളിക്കുകയാണ് ബുല്‍ബുല്‍.
ചുറ്റും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍. നിലംപരിശായിക്കിടക്കുന്ന ആതുരാലയങ്ങളും വിദ്യാലയങ്ങളും. ഒരു ജനപദത്തിന്റെ പ്രേത കാഴ്ചകള്‍.. ബാക്കി വന്ന ജീവിതങ്ങള്‍ തല്ക്കാലം കെട്ടിയുണ്ടാക്കിയ അഭയാര്‍ഥി ടെന്റുകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നു.
''നോക്കു രിദ് വാന്‍.. കുഞ്ഞുങ്ങള്‍ എത്ര സന്തോഷവാന്മാരാണ്! കിളിക്കൊഞ്ചലിലും കുതൂഹലങ്ങളിലും അവരുടെ ലോകം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.''
''അതെ, അതുകൊണ്ടുതന്നെ അവര്‍ സൗഭാഗ്യവാന്മാര്... ലോകത്തിന്റെ കാപട്യങ്ങളില്‍നിന്നും കാണാ ചരടുകളില്‍നിന്നും അവരെങ്കിലും സ്വതന്ത്രരാകട്ടെ.''
പെട്ടെന്നൊരു കാറ്റ് കയര്‍ പൊട്ടിച്ചു അവിടേക്ക് കടന്നുവന്നു.
''ഈ കാറ്റിന് എന്നും വെടിമരുന്നിന്റെ ഗന്ധമാണല്ലോ രിദ് വാ...''
''പനിനീര് പൂവിന്റെയും...''
''അസ്വസ്ഥപ്പെടുത്തുന്ന ഗന്ധമെങ്ങനെ പനിനീര് മണക്കും!''
''ഇതിനു ചോരയുടെ മണവുമില്ലേ?''
''ഉണ്ട്.''
''ചോര മരണത്തിന്റെ വിളംബരമാണ്. മരണമോ സ്വര്‍ഗത്തിലേക്കുള്ള കിളിവാതില്‍.''
''മാശാ അല്ലാഹ്...'' വാക്കുകളില്‍ വെളിപാടിന്റെ പൊന്‍പതക്കങ്ങള്‍!
സന്ധ്യ കനം വെക്കുന്നു. ഒലിവു കൊമ്പുകളില്‍ ഇരുട്ട് ചേക്കേറിത്തുടങ്ങി.
''ഇങ്ങനെയൊരു പകല്‍ പടിയിറങ്ങിപ്പോയ നേരത്തായിരുന്നല്ലോ അന്നും...''
''വേണ്ട... ഓര്‍മയുടെ തീപടര്പ്പിലേക്ക് ഇനിയും തുഴയേണ്ട.''
''അല്ല രിദ് വാ... സത്യം, എന്നെ എന്തോ വല്ലാതെ ഭ്രമിപ്പിക്കുന്നു..! എന്റെ സ്വപ്നങ്ങളില്‍ ഒരു പൂഞ്ചിറക് പൂക്കുന്നതു പോലെ...''
രിദ് വാനയുടെ കണ്ണുകള്‍ അയാളുടെ തിരയടിക്കുന്ന കണ്ണുകളില്‍ നങ്കൂരമിട്ടു. അവള് അയാളെ മഹാ സമുദ്രമായി ചുറ്റിപ്പൊതിഞ്ഞു.
*** *** ***
ബുല്‍ബുല്‍... നീ എന്റെ രാപ്പാടിയായിരുന്നു..! ഇപ്പോള്‍ മുതല്‍ നീ ജന്നാത്തുല്‍ ഫിര്‍ദൗസിലെ രാജാത്തിയായ രാപ്പാടി!
ബദീഉസ്സമാന്.. താങ്കള്‍ അക്ഷരാര്‍ഥത്തില്‍ കാലത്തിന്റെ അമര ശില്പി. നമ്മള് പണിത കാലത്തിന്റെ മാത്രമല്ല, ഇനി പകുത്തെടുക്കാന്‍ പോകുന്ന കാലത്തിന്റെ കൂടി സ്രഷ്ടാവ്.
രിദ് വാന കൊത്തിയരിയപ്പെട്ട ബുല്‍ബുലിന്റെ ചിറകുകള് തലോടി.. ഉറവയെടുത്ത ചെഞ്ചായ മണികള്‍ തള്ളപ്പക്ഷി കോരിയെടുത്തു.
അവള് പ്രിയപ്പെട്ടവന്റെ കരിഞ്ഞ നെഞ്ചിന് കൂടില്‍ മുഖമമര്‍ത്തി. അവിടെ കണ്‍തുറന്ന അനന്യ സുരഭിലവും അനാദിയുമായ പൂദളങ്ങളില് അവള് ഇന്ദ്രിയങ്ങളെ അഗാധമായി രമിപ്പിച്ചു.
എന്നാലും ഒന്ന് കലിമ ചൊല്ലാന്‍ പോലും സാവകാശം കിട്ടിയില്ലല്ലോ... കണ്ണില്‍ ചോരയില്ലാത്ത കാട്ടാളര്‍...
ഇലാഹീ, എന്നെ മാത്രം എന്തിനു ബാക്കിയാക്കി...?
ചുറ്റും ഫൈറ്റര്‍ ബോംബറുകളുടെ ഗര്‍ജനം. ഖൈമകള്‍ നക്കിത്തുടക്കുന്ന തീ ഗോളങ്ങള്‍. തകര്‍ത്ത് പെയ്യുന്ന വിലാപങ്ങള്‍..
അവള് ചെവി വട്ടം പിടിച്ചു.
ചെന്നായ്ക്കളുടെ മദിരോല്‍സവം അവസാനിച്ചിട്ടില്ല. ഘനാന്ധകാരം ഭൂമിയെ ആവരണം ചെയ്തുകൊണ്ടിരിക്കുന്നു.
എങ്കിലും ഏറ്റം അരുമയായ ഒരു അറിവിന്റെ കോന്തലക്കല് രിദ് വാന ബലിഷ്ഠമായി പിടിച്ചു. സൂര്യ ചന്ദ്ര നക്ഷത്രങ്ങള്‍ കൂത്താടുന്ന ആകാശങ്ങള്‍ കടന്നു രിദ് വാന കുതികൊണ്ടു മുന്നോട്ട് മുന്നോട്ട്..
*** *** ***
''നില്ക്കിന്...എന്താണ് ഒരു കൊട്ടും പാട്ടും?''
കാലാള്‍ മിലിട്ടറി ട്രൂപ്പ് കമാണ്ടര്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘത്തെ കണ്ടു ട്രക്ക് നിര്‍ത്തി.
മുമ്പില്‍ ഒരു ചെറുപ്പക്കാരി നൃത്തം ചെയ്യുന്നു. പിറകില്‍ ദഫു മുട്ടി കുറേ ബാലികാ ബാലന്മാര്.
''ഏയ് പട്ടാളക്കാരേ...''
''ങും...?''
''നിങ്ങളാണോ പടിഞ്ഞാറെ കരയിലെ ഞങ്ങളുടെ പുതിയ ടെന്റിനു ബോംബിട്ടത്?''
''അത്..''
''പേടിക്കേണ്ട... ധൈര്യമായി പറഞ്ഞോ.''
''ഞങ്ങളാണ് അതു ചെയ്തത്. എന്താ പ്രശ്നം?''
അപ്പുറത്തു ഒരു സൈനികന് നെഞ്ച് വിരിച്ചു.
''ബലേ ഭേഷ്... എങ്കില്‍ ഇതാ ഈ ചോക്ക്ലേറ്റ്.''
രിദ് വാന കൈയില്‍ പിടിച്ച ഒരു ബോക്സ് തുറക്കാന്‍ ഒരുമ്പെട്ടു.
പട്ടാളക്കാര്‍ അമ്പരപ്പില്‍ പരസ്പരം കുശുകുശുത്തു.
''ഏയ്, ഇത് ബോംബൊന്നുമല്ല.''
അവള് ചോക്ലേറ്റ് എടുത്തു കമാന്റര്ക്കു നേരെ നീട്ടി.
''ഇത് ഞങ്ങളുടെ പ്രിയപ്പെട്ടവരെ സ്വര്‍ഗത്തിലേക്ക് പറഞ്ഞയച്ചതിനുള്ള പാരിതോഷികമാണ്. ഇത് ഞങ്ങളുടെ ഉത്സവക്കാഴ്ച.''
''എന്ത് അസംബന്ധമാണ് ഇവളീ പുലമ്പുന്നത്? തുടച്ച് മാറ്റിന് ഇവറ്റകളെ.''
ലീഡര്‍ ആരോടെന്നില്ലാതെ അമര്‍ഷം കൊണ്ടു.
സൈനികര്‍ റിവോള്‍വര്‍ രിദ് വാനക്കെതിരെ ചൂണ്ടി. ''ആണ്‍കുട്ടികളാണെങ്കില്‍ വെക്കിനെടാ വെടി.''
രിദ് വാനയുടെ കാരിരുമ്പാര്‍ന്ന കൈവിരല്‍ ചൂണ്ടലില്‍നിന്ന് സൈനിക ദളത്തിലേക്ക് ഒരു അഗ്നിയുടെ അമ്പ് പാഞ്ഞു.
*** *** ***
''നൂറാ, നീ ആ ചാനല്‍ മാറ്റ്. പ്ലീസ്.''
''അരോചകമായോ? കോമഡി ഷോ ആയാലോ?''
''ഒരു അഗ്നിപര്‍വത മുഖത്താണ് ഞാനിപ്പോള്‍.''
''ങും..?''
''നിരപരാധികളുടെ ആര്‍ത്തനാദവും തിരിമുറിയാത്ത കരള്‍ ചോരയും. ഇടനെഞ്ചില്‍ തീ പടരാന്‍ വേറെ എന്തു വേണം നൂറാ.''
''ഈ ട്രാജഡി ലോകത്തിന് ഏറ്റവും വലിയ കോമഡിയാണ്. കൊട്ടാരക്കെട്ടുകളിലും അരമനകളിലും ഇത് വില കുറഞ്ഞ ഫലിതം മാത്രം.''
''കവിതക്കുള്ള കണ്ടന്റു പോലും ഈ ദൃശ്യങ്ങള്ക്കില്ലാതായിരിക്കുന്നു.''
''ചെകുത്താന്റെ കോപ്രായങ്ങളും വീരസ്യങ്ങളും ഉദ്ധരണികള്‍ക്ക് കോപ്പും കോളുമാണ് ആത്വിഖാ''
നൂറയുടെ മുഖത്തെ മാംസപേശികളില്‍ കഠോരമായ ഒരു വെയില് തിളക്കുന്നത് ആത്വിഖ കണ്ടു.
ആത്വിഖ മരവിപ്പിന്റെ ഗട്ടറിലേക്ക് ആണ്ടാണ്ടു പോകുന്നത് നൂറ കണ്ടു.
''മനുഷ്യന് വിഡ്ഡിയും നന്ദികെട്ടവനുമാണെന്ന വിശുദ്ധ വാക്യം വെറുതെയല്ല.''
''ഭൂമിയോട് ഒട്ടിപ്പിടിച്ച് ജീവിതത്തെ കെട്ടിപ്പിടിച്ച് നമ്മളിങ്ങനെ.''
''മരണത്തെ കാമിച്ച് പിത്തലാട്ടങ്ങളുടെ നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പുന്ന നക്ഷത്ര ജന്മങ്ങള് അങ്ങനെ...''
''നമ്മളെന്ത് ആക്റ്റിവിസ്റ്റുകളാണ്. ആത്വിഖാ. മനുഷ്യത്വത്തോട് ചേര്ന്നുനില്ക്കുന്നുവെന്ന് പറയാന്‍ നമുക്കെന്ത് അര്‍ഹത!''
''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവത്യാഗം ചെയ്യുന്നവന് ആരെന്ന് ബോധ്യപ്പെടാതെ നിങ്ങള്‍ക്ക് സ്വര്‍ഗ പ്രവേശം സാധ്യമാണോ എന്ന് വേദാക്ഷരങ്ങള്‍ നമ്മെ നോക്കിയാണ് കൊഞ്ഞനം കുത്തുന്നത്.''
''ഭൂമിയില്‍ മര്‍ദിതര്‍ക്കുവേണ്ടി എന്ത് ചെയ്തുവെന്ന് ചോദിക്കപ്പെടുമ്പോള്‍ നമുക്ക് എന്ത് ഉത്തരമാണുള്ളത്?''
''ജീവിതം വിഡ്ഢി പറഞ്ഞ കഥയായി നുരുമ്പിപ്പോകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്തേ പറ്റൂ...''
''നമുക്ക് തണുത്തുറഞ്ഞ ഈ പകല്‍ രാവുകള്‍ ഒന്ന് മാറ്റിപ്പണിയാം...''
''ഈ കവി ഭാവനക്കപ്പുറത്താണ് കാര്യം..''
''മുഴുവന്‍ തടവറകളില്‍നിന്നും പുറത്തുകടക്കാന്‍ നമുക്ക് എങ്ങനെ കഴിയുമെന്നതാകട്ടെ ഇനിയങ്ങോട്ട് നമ്മുടെ ഉറക്കം കെടുത്തുന്നത്!''
വര: സിയ കൊളത്തറ