മാതാപിതാക്കളോടുള്ള പെരുമാറ്റംസ്വയം വിലയിരുത്താന്‍ സഹായിക്കുന്ന സൂചികകള്‍
നിങ്ങള്‍ മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുന്നവനും നല്ല നിലയില്‍ പെരുമാറുന്നവനുമായ സന്തതിയാണോ? നിങ്ങള്‍ക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്ന ചില സൂചികകള്‍ നല്‍കാം.
ഒന്ന്: മാതാപിതാക്കളോട് സംസാരിക്കുമ്പോഴും അവരോട് പെരുമാറുമ്പോഴും ഇടപെടുമ്പോഴും ആദരപൂര്‍വമായ സമീപനം.
രണ്ട്: നല്ല കാര്യങ്ങള്‍ അവര്‍ ആജ്ഞാപിക്കുമ്പോള്‍ അവരോടുള്ള അനുസരണം. തെറ്റായ കാര്യങ്ങള്‍ കല്‍പിക്കുമ്പോള്‍ അവരെ അനുസരിക്കാതിരിക്കലാണ് അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ അടയാളം.
മൂന്ന്: അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ പരിപാലിക്കുകയും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. കാരണം, അവരെ സേവിച്ചും ശുശ്രൂഷിച്ചും നിങ്ങള്‍ക്ക് സ്വര്‍ഗത്തിലെത്താം. ഉമ്മു അയാസുബ്‌നു മുആവിയ മരണമടഞ്ഞപ്പോള്‍ അവരുടെ മകന്‍ ഹമീദ് കരഞ്ഞ് തളര്‍ന്ന് ഒരു മൂലക്കിരിക്കുന്നു. മകനോട് ഒരാള്‍: 'എന്തിനാണ് താങ്കള്‍ കരയുന്നത്?' 'എനിക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള രണ്ട് വാതിലുകള്‍ തുറന്നുകിടപ്പുണ്ടായിരുന്നു. അതില്‍ ഒരു വാതില്‍ അടഞ്ഞു പോയല്ലോ എന്നോര്‍ത്താണ്.''
നാല്: അവര്‍ ഇരുവരുടെയും ജീവിത കാലത്ത് അവരുടെ സൗഖ്യത്തിനും ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമുള്ള പ്രാര്‍ഥന. അവര്‍ മരണമടഞ്ഞാല്‍ അവര്‍ക്ക് മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടിയുള്ള പ്രാര്‍ഥന. മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന ഉപേക്ഷിക്കുന്നത് ജീവിതം ക്ലേശപൂര്‍ണമാകാന്‍ ഹേതുവാകും.''
അഞ്ച്: ഇരുവരെയും സാമ്പത്തികമായി സഹായിക്കുക. പെരുന്നാള്‍, വിവാഹങ്ങള്‍ തുടങ്ങിയ ആഘോഷാവസരങ്ങളില്‍ അവര്‍ക്ക് സമ്മാനങ്ങളും ഉപഹാരങ്ങളും നല്‍കുക.
ആറ്: മാതാപിതാക്കള്‍ പ്രായം ഉള്ളവരായാലും അല്ലെങ്കിലും അവര്‍ക്ക് ചികിത്സാസഹായം നല്‍കുക. ചികിത്സാ നടപടികളില്‍ നിരന്തര ജാഗ്രതയും അന്വേഷണവും വൈദ്യപരിരക്ഷ നല്‍കലും. സഈദുബ്‌നു ആമിര്‍ പറഞ്ഞു: 'എന്റെ സഹോദരന്‍ ഉമര്‍ രാത്രി നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഉറക്കിളച്ച് എന്റെ ഉമ്മയുടെ കാല്‍ തടവിയും തിരുമ്മിക്കൊടുത്തും നേരം വെളുപ്പിച്ചു. അവന്‍ നമസ്‌കരിക്കുന്നതിന്റെ പ്രതിഫലം എനിക്ക് ഉമ്മയെ പരിചരിച്ചു നേടാം.''
ഏഴ്: ഇരുവരെയും സന്ദര്‍ശിച്ചും നിരന്തരം ബന്ധപ്പെട്ടും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയും ഓരോ നിമിഷവും അവര്‍ക്കൊപ്പമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.
എട്ട്: ഇരുവരെയും പഠിക്കാന്‍ സഹായിക്കുക. നവംനവങ്ങളായ സാങ്കേതിക ജ്ഞാനം പിതാവിന് പകര്‍ന്നുകൊടുക്കുന്ന ഒരു മകനെ എനിക്കറിയാം.
ഒമ്പത്: നിങ്ങളെയും നിങ്ങളുടെ മക്കളെയും വളര്‍ത്തുന്നതിലും നിങ്ങളുടെ ജീവിതം സന്തോഷ ഭരിതമാക്കുന്നതിലും അവര്‍ വഹിച്ച മഹത്തായ പങ്ക് ഓര്‍ത്ത് പറയുക, നന്ദി പ്രകടിപ്പിക്കുക, പ്രാര്‍ഥിക്കുക.
പത്ത്: അവര്‍ മരിച്ചാലും അവരുടെ സല്‍പേര് കാത്ത് സംരക്ഷിക്കുക, അവരുടെ വസ്വിയ്യത്ത് നിറവേറ്റുക, അവരുടെ സുഹൃത്തുക്കളോടുള്ള ചങ്ങാത്തം തുടരുക. 'നീ എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നന്ദി പ്രകടിപ്പിക്കുക' എന്ന ഖുര്‍ആന്‍ സൂക്തം വ്യാഖ്യാനിച്ച് സുഫ് യാനുബ്‌നു ഉയൈയ്‌ന (റ) പറഞ്ഞു: 'ഒരാള്‍ അഞ്ച് നേരം നമസ്കരിച്ചാല്‍ അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ചു. മാതാപിതാക്കന്മാരുടെ കാലശേഷം അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചാല്‍ അവരോടുള്ള നന്ദിയും പ്രകടിപ്പിച്ചു.'
പതിനൊന്ന്: അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുക.
മാതാപിതാക്കന്മാരെ വെറുപ്പിക്കുന്ന സന്തതിയാണോ?
അത് പരിശോധിക്കാനുമുള്ള ചില മാപിനികള്‍
ഒന്ന്: അവരില്‍നിന്ന് അകലം പാലിക്കുക, ബന്ധം മുറിക്കുക. അവരെ തിരിഞ്ഞു നോക്കാതിരിക്കുക.
രണ്ട്: സംസാരംകൊണ്ട് അവരെ കുത്തിനോവിക്കുക, വാക്കുകൊണ്ട് അവരെ മുറിവേല്‍പിക്കുക, പെരുമാറ്റത്താല്‍ അവഹേളിക്കുക, പ്രവൃത്തികൊണ്ട് ദുഃഖിപ്പിക്കുക.
മൂന്ന്: അവരുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുക, അര്‍ഥനകള്‍ അവഗണിക്കുക.
നാല്: ശബ്ദമുയര്‍ത്തി സംസാരിക്കുക. വെറുപ്പു സ്ഫുരിക്കുന്ന പദങ്ങള്‍ പ്രയോഗിക്കുക, അവരുടെ മുമ്പില്‍ വെച്ച് കുത്തുവാക്കുകള്‍ പറയുകയും അവരെ അപഹസിക്കുകയും ചെയ്യുക.
അഞ്ച്: അവരുടെ അഭിപ്രായങ്ങളെ അനാദരവോടെ തള്ളിക്കളയുക, അവരെ നിന്ദിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന പദപ്രയോഗങ്ങള്‍ നടത്തുക.
ആറ്: അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാതിരിക്കുക.
ഏഴ്: അവര്‍ക്ക് വേണ്ടി ഒരു ത്യാഗവും സഹിക്കാതിരിക്കുക.
എട്ട്: അവരെ അവഗണിക്കുക, അവരെക്കുറിച്ച് അന്വേഷിക്കാതിരിക്കുക.
ഒമ്പത്: അവരെക്കുറിച്ച് കളവ് പറയുക, പരിഹസിക്കുക, ശകാരിക്കുക.
പത്ത്: മാതാപിതാക്കളെ മറ്റുള്ളവരുടെ മുമ്പില്‍ വെച്ചും, അവരുടെ സ്‌നേഹിതന്മാരുടെ അരികത്തും അധിക്ഷേപിക്കുക. അവരെക്കുറിച്ച് ചീത്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുക.
പതിനൊന്ന്: അവരുടെ മുമ്പില്‍ കുടുംബ പ്രശ്‌നങ്ങളുടെ കെട്ടഴിക്കുകയും സഹോദരങ്ങള്‍ തമ്മില്‍ ശണ്ഠകൂടുകയും ചെയ്യുക.
പന്ത്രണ്ട്: അവരെക്കാള്‍ ഭാര്യക്കും മക്കള്‍ക്കും പരിഗണന നല്‍കുകയും അനുസരിക്കുകയും ചെയ്യുക.
പതിമൂന്ന്: അവരുടെ മരണം കൊതിക്കുക.
പതിനാല്: അവരെ വൃദ്ധസദനങ്ങളില്‍ നടതള്ളി അവഗണിക്കുക.
പതിനഞ്ച്: അവരോടുള്ള അനാദരവ് ശരീര ചേഷ്ടകളിലൂടെയോ കണ്‍ചലനങ്ങളിലൂടെയോ അവരുടെ മുന്നിലുള്ള ഇരുത്തത്തിലൂടെയോ പ്രകടിപ്പിക്കുക.
മാതാപിതാക്കളെ വെറുപ്പിക്കുകയെന്നത് തൗബ വേണ്ട കുറ്റമാണ്. അലി (റ) പറഞ്ഞു: അത്ഭുതമാണ്. സൂറത്തു ലുഖ്മാന്‍ വായിച്ച ശേഷവും മാതാപിതാക്കന്മാരെ വെറുപ്പിക്കുന്ന മക്കളുണ്ടോ? ''എനിക്കും നിന്റെ മാതാപിതാക്കള്‍ക്കും നന്ദി ചെയ്യുക'' എന്നാണ് അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളത്. മാതാപിതാക്കള്‍ക്കുള്ള സ്ഥാനം മഹത്തരമാണ്. ഒരു ചൊല്ലുണ്ട് 'ഞാന്‍ ദുന്‍യാവിനെ കാണുന്നത് എന്റെ പിതാവിന്റെ കണ്ണ് കൊണ്ടാണ്. ജീവിതത്തിന്റെ ചൂട് ഞാന്‍ അനുഭവിക്കുന്നത് ഉമ്മയെ സ്പര്‍ശിക്കുമ്പോഴാണ്.
മേല്‍ കൊടുത്ത മാപിനികള്‍ വെച്ച് അളന്ന് നോക്കുക, നിങ്ങള്‍ നിങ്ങളുടെ മതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുന്നവനാണോ? വെറുപ്പിക്കുന്നവനാണോ?
വിവ: പി.കെ.ജെ