സയണിസവും ഫാസിസവും വര്‍ഗീയതയും വംശീയതയുമൊരുക്കുന്ന ഭൂമികയില്‍ പോരാളികള്‍ക്ക് ആവേശമായി ത്തീര്‍ന്ന പ്രതിരോധപ്പാട്ടുകളെകുറിച്ച വര്‍ത്തമാനം പാട്ടിനെ നെഞ്ചേറ്റിയവര്‍ പങ്കുവെക്കുന്നു
ജാബിര്‍ സുലൈം
പ്രണയ ഗാനങ്ങളില്‍ പ്രതിരോധമില്ലെന്നോ പ്രതിരോധപ്പാട്ടുകള്‍ കേവലം വിപ്ലവത്തെക്കുറിച്ച് മാത്രം പറയുന്നതാണെന്നോ ഞാന്‍ കരുതുന്നില്ല.
'ഈമാന്‍' അഥവാ അല്ലാഹുവിനോടുള്ള ദിവ്യാനുരാഗത്തെക്കുറിച്ച് നബി (സ) ഇങ്ങനെ പറഞ്ഞതായി നമുക്കറിയാം; 'വിശ്വാസം വര്‍ധിക്കുകയും കുറയുകയും ചെയ്യും.' സൂക്ഷ്മമായി പഠിച്ചാല്‍ ഈ വാചകത്തെ
നമുക്ക് ജീവിതത്തില്‍ ഇങ്ങനെയും വായിക്കാം. ഈമാന്‍ ഒതുങ്ങിയിരിക്കുകയും വിടര്‍ന്നാടുകയും ചെയ്യും. ഈ രണ്ടു വിധത്തിലാണ് സര്‍ഗാത്മകതയുടെ വഴിയില്‍ എനിക്ക് രചനകളെ കാണാന്‍ സാധിച്ചിട്ടുള്ളത്. ദിവ്യപ്രണയത്താല് നനഞ്ഞ പേനയില്‍നിന്ന് തന്നെയാണ് സന്ദര്‍ഭങ്ങളുടെ നേരിനോടു ചേര്‍ന്ന് പാട്ടുകള്‍ പടപ്പുറപ്പാടിന്റെ ഭേരി മുഴക്കുന്നതും.
താഴ് വരകളില്‍ ചുറ്റിക്കറങ്ങുന്ന കവികളില്‍നിന്ന് ഒരു വിഭാഗത്തെ ഒഴിച്ചു പറഞ്ഞപ്പോള്‍ അവരുടെ പ്രത്യേകതയായി ഖുര്‍ആന്‍ ചൂണ്ടിപ്പറയുന്നത് നാല് കാര്യങ്ങളാണ്. വിശ്വാസിച്ചവര്‍, സല്‍കര്‍മങ്ങള്‍ ചെയ്യുന്നവര്‍, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്, അക്രമങ്ങളെ പ്രതിരോധിക്കുന്നവര്‍.
തീര്‍ച്ചയായും, അവരുടെ ഈമാനിലും അമലിലും ദിക്റിലും കവിത ഉണ്ടായിരുന്നു. അതാവട്ടെ, അക്രമത്തെയും അനീതിയേയും ചെറുക്കുന്ന ജിഹാദിന്റെ നിറമുടുത്ത് ഉണരുകയും ചെയ്തിരുന്നു.
സൂഫീ ചിന്തകളിലും രചനകളിലുമായി നീങ്ങിയിരുന്ന എന്റെ ജീവിതത്തില്‍, ഇക്കാര്യത്തെ എനിക്ക് ബോധ്യമാവുന്നത് എന്‍.ആര്.സി, സി.എ.എ സമരകാലത്താണ്. റബ്ബുമായുള്ള ഏകാന്തതയുടെ ആത്മസുഖത്തിന്റെ തിരശീലക്കു പിറകില്‍ അവന് തന്നെ രൗദ്രമായ കാറ്റായ് വന്നടിക്കാന്‍ തുടങ്ങി. അകത്തിരുന്നവന് പുറത്തിറങ്ങി വിളിക്കും പോലെ...
അങ്ങനെ ഫായിസ് അഹ്മദ് ഫായിസിന്റെ 'ഹം ദേഖേങ്കേ' എന്ന ഗാനത്തില്‍ വല്ലാതെ ആകൃഷ്ടനായി.
അതിന്റെ പരിഭാഷ ചെയ്യണമെന്നുദ്ദേശിച്ചിരിക്കെ, സുഹൃത്ത് ഷമീന ബീഗം എഴുതിയ ഒരു പരിഭാഷ ശ്രദ്ധയില്‍ പെട്ടു.
'നാമത് കാണും നമ്മള് കാണും' എന്ന ആ ഗാനം ചെറിയ മാറ്റങ്ങളോടെ ഞാന്‍ പാടി. ശേഷം ആമിര്‍ അസീസിന്റെ 'സബ് യാദ് രഖാ ജായേഗാ' എന്ന ഗാനവും അക്കാലത്ത് എന്നെ ഏറെ സ്വാധീനിച്ചിരുന്നു. ആ ഗാനം രണ്ട് ഭാഗമായി പരിഭാഷ ചെയ്ത് ഞാന്‍ തന്നെ പാടിയിട്ടുണ്ട്. എന്നാല്‍, 'നിങ്ങടെ കൈയിലെ പണ്ടാരടങ്ങിയ' എന്ന് തുടങ്ങുന്ന ഞാന്‍ ചെയ്ത ഒരു പാരഡി ഗാനമായിരുന്നു ആ സമരവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജനകീയമായത്.
ഫലസ്തീന് സംഭവ വികാസങ്ങളെ തുടര്‍ന്നുണ്ടായ രചന അനുഭവങ്ങളിലും ഇതു തന്നെയായിരുന്നു എന്റെ മനസ്സിലാക്കല്‍. ആഴ്ച്ചകളോളം അകം പുകച്ച പ്രണയത്തിന്റെ കൊള്ളിയില്‍ നിന്നു തന്നെയാണ്, പാട്ടായ് പുറപ്പെട്ടപ്പോള്‍ പന്തം കൊളുത്താന്‍ തീയെടുത്തത്.
'ഒരു കുഞ്ഞു പൈതലിന്
ചിതറിയ ചിരിവാരി'
എന്ന വരികളാണ് ആദ്യം വന്നു വീണത്. പിന്നെ അതിന്റെ തേങ്ങലടങ്ങിയ ശേഷമാണ്, പാട്ടായെന്നെ കാത്തിരിക്കേണ്ട എന്ന പല്ലവി പിറക്കുന്നത്. പ്രതിരോധപ്പാട്ടിനെ അറസ്റ്റു ചെയ്യാന്‍ ഒരു ദിവസം പട്ടാളക്കാര്‍ വന്നത്രെ. കയ്യാമം വെക്കാന്‍ തുനിഞ്ഞപ്പോള്‍ പാട്ടിനുള്ളില്നിന്ന് പ്രണയം കൈ നീട്ടിക്കൊണ്ട് പറഞ്ഞു
'ഞാനാണ് പ്രതി.'
സിദ്റത്തുല്‍ മുന്‍തഹ
അടിച്ചമര്‍ത്തുന്നവര്‍ക്ക് ധൈര്യം പകരുന്ന അര്‍ഥവത്തായ വരികള്‍ ഉള്‍ക്കൊള്ളുന്ന ഫായിസ് അഹമ്മദ് ഫൈസിന്റെ 'ഹം ദേഖേങ്കെ' ആണ് എന്റെ പ്രിയ ഗാനം. പീഡനത്തിന്റെ മലകള്‍ പഞ്ഞിപോലെ പറന്നുപോകുമെന്ന കവിയുടെ പ്രത്യാശ ഞാനും മനസ്സിലുറപ്പിച്ചതാണ്. ഉറുദു ഭാഷയോടുള്ള ഇഷ്ടമാണ് ഉറുദു പാട്ടുകളോടുള്ള ഇഷ്ടം കൂട്ടിയത്.
ഹാഫിസ് മെരേതി എഴുതിയ 'സഞ്ജീരെ' എന്ന ഗാനമാണ് എന്റെ മറ്റൊരു പ്രിയ ഗാനം.
അര്‍ഥഗാംഭീര്യം കൊണ്ട് മാത്രമല്ല, ഇതിന്റെ വരികളിലെ കാവ്യാത്മകതയും ഏറെ ഹൃദയസ്പര്‍ശിയാണ്. ഭ്രാന്തന്മാര് ജീവിച്ചിരിക്കുന്നിടത്തോളം കാലം തഴച്ചുവളരുന്ന ചങ്ങലകള്‍ തന്നെ സ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറക്കുമത്രെ. എങ്കിലും പരിധിക്കപ്പുറം വളരുന്ന ചങ്ങലകള്‍ കഷണങ്ങളായി തകരും. എല്ലാവരുടെയും ചുണ്ടുകള്‍ തുന്നിക്കെട്ടുമ്പോള്‍ കൈയില്‍നിന്ന് പേനകള്‍ തട്ടിയെടുക്കും. അടിച്ചമര്‍ത്തുന്നവന്റെ കൈകള്‍ മുറിക്കുമ്പോള്‍ ചങ്ങലകള്‍ അറ്റുപോകും. ഇതാണ് സയ്യദിയുടെ മര്യാദ, ആരാച്ചാരുടെയും മര്യാദകള്‍ ഇതാണ്. ചങ്ങലകള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. അവ ഒരുനാള്‍ മുറിക്കപ്പെടും, പക്ഷേ, അവയുടെ അടയാളങ്ങള്‍ നിലനില്ക്കുകതന്നെ ചെയ്യും.
ബധിരര്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്ന നിലവിളിയെക്കുറിച്ച് പറയുന്നുണ്ട് റമി മുഹമ്മദിന്റെ 'സൗഫ നബ്ഖ ഹുന' എന്ന അറബി ഗാനം. എല്ലാ അഭിലാഷങ്ങളും സാക്ഷാത്കരിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന അവര്‍
ഉയരങ്ങളിലേക്ക് നടന്ന്, കൊടുമുടികളുമായി ആശയവിനിമയം നടത്തുന്നതിനെക്കുറിച്ച് വാചാലരാവുന്നുണ്ട്.
ജന്മഭൂമിയെക്കുറിച്ച് പറയുന്നു... 'ഞങ്ങള്‍ ഇവിടെ നില്ക്കും. അതിനാല്‍ വേദന മാറും. എല്ലാവര്ക്കും ഒരുമിച്ച് നില്ക്കാം, പ്രതിവിധിയും പേനയുമായി. രോഗത്തോട് മല്ലിടുന്നവരാല് നമുക്കെല്ലാം മാപ്പ് ലഭിക്കും...'
യുദ്ധത്തിന്റെ കൊടുമുടിയില്‍ ഡോക്ടര്‍മാരും പത്രപ്രവര്‍ത്തകരും വളരെ മനോഹരമായും ആത്മവിശ്വാസത്തോടെയും ഈ പാട്ട് പാടിയപ്പോള്‍ മുതലാണ് ഈ ഗാനം ശ്രദ്ധിച്ചത്.
ഫൈസല്‍ എളേറ്റില്‍
പല സമൂഹങ്ങളുടെയും പോരാട്ടത്തിന്റെ കഥയും രാഷ്ട്രീയവും പ്രതിഫലിക്കപ്പെട്ടത് കവിതകളിലൂടെയും പാട്ടുകളിലൂടെയുമാണ്. ലോകത്തിന്റെ ചരിത്രം തന്നെ ഇതില്‍ സാക്ഷിയാണ്. നമ്മുടെ കേരളത്തിന്റെ ചരിത്രത്തില്‍ ചോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് ഖാസി മുഹമ്മദ് എഴുതിയ ഫത്ഹുല്‍ മുബീന് എന്ന കാവ്യം നല്കിയ പിന്തുണ ചെറുതല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഒന്നാം ഘട്ടം ആരംഭിച്ച 1857 ന് പത്ത് വര്‍ഷംമുമ്പ് എഴുതപ്പെട്ട ചേറൂര് പടപ്പാട്ട് നിരോധിച്ചുവെന്നത് ചരിത്രമാണ്. മോയിന്‍കുട്ടി വൈദ്യര്, കമ്പളത്ത് ഗോവിന്ദന് നായര്‍ തുടങ്ങിയവരുടേതുള്‍പ്പെടെ നിരോധിക്കപ്പെടുകയോ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയോ ചെയ്ത പാട്ടുകൃതികള്‍ ഏറെയാണ്. ഇന്നത്തെ കാലത്തും ഇതിന്റെ പ്രസക്തിയേറെയാണ്. കര്‍ഷക സമരത്തിലും പൗരത്വ പ്രശ്നത്തിലും കലാകാരന്മാരും കവികളും തങ്ങളുടെ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടവര്‍ ഏറെയും സര്‍ഗധനരായ എഴുത്തുകാരും കലാകാരന്മാരുമാണ്. ഫലസ്തീന് വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങളെ രേഖപ്പെടുത്തിയ കവിതകളും പാട്ടുകളും വലിയ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. മഹ് മൂദ് ദര്‍വീശിന്റെ പ്രസിദ്ധമായ കവിതകള്‍ ഓരോ മനുഷ്യന്റെയും ഹൃദയത്തെ തൊടുന്നവയാണ്. ദൈവത്തിലുള്ള വിശ്വാസവും പിറന്ന നാടിനോടുള്ള ആത്മവീര്യവും ഒന്നുപോലെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ആവേശമാണ് ഈ കവിതകള്‍ പോരാളികളില്‍ സൃഷ്ടിക്കുന്നത്. പലപ്പോഴും ഇത്തരം സമരങ്ങളിലെ ആത്മീയ വശം ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നതും സൂചിപ്പിക്കേണ്ടതുണ്ട്. ദര്‍വീശിന്റെ 'ശിരസ്സും അമര്‍ഷവും' എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു:
'എന്റെ ജന്മനാടേ, ഈ മരയഴികളിലൂടെ തീക്കൊക്കുകള്‍ മിഴിയിലാഴ്ത്തി തണുപ്പിക്കുന്ന ഗരുഡന് നാടേ! എനിക്ക് മരണത്തിന് മുന്നിലുള്ളത് ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം, എന്റെ മരണപത്രത്തില്‍ ഞാനപേക്ഷിച്ചിട്ടുണ്ട്, എന്റെ ഹൃദയം ഒരു വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്, എന്റെ നെറ്റി ഒരു വാനമ്പാടിക്കു വീടായും, ഹേ,ഗരുഡന്, നിന്റെ ചിറകുകള് ഞാനര്‍ഹിക്കുന്നില്ല, എനിക്കിഷ്ടം ജ്വാലയുടെ കിരീടം.' ഈ വരികളില്‍ ചെറുത്തു നില്‍പ്പിന്റെ മാനസികമായ കരുത്ത് പ്രകടമാണ്. തിരിച്ചുവരുമെന്നുറപ്പുള്ളവര്ക്കേ മടങ്ങി വരുമെന്ന് പറയാനാവൂ. ഗസ്സയിലെ വിമോചന പോരാളികളുടെ മനസ്സറിയുന്ന, കുട്ടികളുടെ വിശ്വാസത്തിന്റെ പ്രതിഫലനം കേള്‍ക്കുന്ന ആര്‍ക്കും ഇത്തരം വരികള്‍ പ്രചോദനം തന്നെയാണ്.
ഇമാം മജ്ബൂര്
ഫൈസ് അഹ്മദ് ഫൈസിന്റെ 'ഹം ദേഖേങ്കെ'എന്ന ഇഖ്ബാല്‍ ബാനു പാടി പ്രശസ്തമാക്കിയ പാട്ട് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. മറ്റൊന്ന് ഹിച്ച് കോക്കിന്റെ സ്തൂപം നീക്കം ചെയ്യാനുള്ള സമരവുമായി ബന്ധപ്പെട്ട് കമ്പളത്ത് ഗോവിന്ദന് നായര്‍ എഴുതിയ അന്നിരുപത്തൊന്നില് എന്ന പാട്ടാണ്. കീഴാള പക്ഷത്തുനിന്ന് അധികാരികള്‍ക്കെതിരെ എഴുതപ്പെട്ട ചില പാട്ടുകള്‍ ഞങ്ങള്‍ കണ്‍സര്‍ട്ടുകളില്‍ പാടാറുണ്ട്; പൊയ്കയില്‍ അപ്പച്ചന്റേത് അടക്കം.
കൂടാതെ ഫലസ്തീന് പ്രശ്നവുമായി ബന്ധപ്പെട്ട വിവിധ ജോനറുകളില്‍ ഉള്ള പാട്ടുകളും ശ്രദ്ധിക്കാറുണ്ട്. പാടാറുമുണ്ട്.
ഡോ. ജാബിര്‍ സുലൈം എഴുതിയ ഒരു പാട്ടും ഒരു അറബിഗാനവും ഈയിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വന്‍ സപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ഏതെങ്കിലും അര്‍ഥത്തില്‍ സൂഫിസത്തോടോ മറ്റേതെങ്കിലും മിസ്റ്റിക് ട്രഡീഷനോടോ ചേര്‍ന്നുവരുന്ന പാട്ടുകളും, ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും ഉള്ളതുപോലെ സൂഫി അര്‍ഥത്തിലൂടെ സമീപിക്കാന്‍ പറ്റിയ പാട്ടുകളും കീഴാള പക്ഷത്തില്‍ നിന്നും മറ്റും എഴുതപ്പെട്ട റവലൂഷണറി വരികളുമാണ് ഞങ്ങള്‍ കണ്‍സര്‍ട്ടില്‍ പാടിക്കൊണ്ടിരിക്കുന്നത്. 'Songs of Soul and Soil' എന്നാണ് ഞങ്ങള്‍ പറയുന്നത് തന്നെ. ഈ കണ്‍സെപ്റ്റ് തന്നെയാണ് പ്രധാനം. സംഗീതം കൊണ്ടും ഇന്‍ഫ്രാസ്ട്രക്ചര്‍ കൊണ്ടും ഞങ്ങളെക്കാള്‍ മേലെ നില്ക്കുന്ന കണ്സള്ട്ടുകള്ക്കിടയില് ഞങ്ങളെ വ്യത്യസ്തമാക്കുന്നതും ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന കണ്ടന്റ് തന്നെയാണ്.
സംഗീതത്തോട് ഗൗരവപ്പെട്ട സമീപനം സ്വീകരിക്കുന്ന, സംഗീതത്തിനും അതിന്റെ പരിശീലനത്തിനും അത്രയും പ്രാധാന്യം നല്കുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ദൈവാനുഗ്രഹത്താല്‍ ഞാന്‍ വരുന്നത്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളില്‍ അഥവാ സംഗീതാത്മകമായ എലമെന്റില്‍ ആണ് എന്റെ ശ്രദ്ധ ആദ്യം സഞ്ചരിക്കുക. ഞങ്ങളുടെ കോണ്സെപ്റ്റിനനുസരിച്ചുള്ള വരികള്‍, പാട്ടുകള്‍, കാവ്യങ്ങള്‍ തുടങ്ങിയവ ആലാപനത്തിന് ഉതകുന്ന വിധത്തില്‍ വിവിധ ഭാഷകളില്‍നിന്ന് ബിന്‍സി മാഷ് (സമീര്‍ ബിന്‍സി) തെരഞ്ഞെടുക്കുന്നവയാണ്. കണ്‍സര്‍ട്ടിലെ സംഗീതപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും നിര്‍ദേശം നല്‍കുന്നതും എന്റെ ജ്യേഷ്ഠ സഹോദരനും കണ്‍സര്‍ട്ടിലെ തബലവാദകനും കൂടിയായ അക്ബര്‍ ഗ്രീന്‍ ആണ്. ഈ ചേര്‍ന്നു പോക്കാണ് Songs of Soul and Soil നെ യാഥാര്‍ഥ്യമാക്കുന്നത്.
മൃദുല വാര്യര്‍
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് നേരെയുള്ള പ്രതിരോധമായി സന്തോഷ് വര്‍മ എഴുതിയ വരികള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. 'ത്രാണ' എന്ന പേരില്‍ ഇറങ്ങിയ ആ പാട്ട് ഞാന്‍ പാടിയതാണ്. 'കൂരമ്പ് കൊള്ളുന്ന സ്ത്രീത്വങ്ങളെങ്ങുമേ
കാരുണ്യമെന്തെ മറക്കുന്നു ഉലകമിവിടെ' എന്ന് തുടങ്ങുന്ന പാട്ട് ഞാന്‍ ആദ്യമായി കമ്പോസ് ചെയ്ത പാട്ടുകൂടിയാണ്.
തലമുറ ചെയ്യുന്ന എല്ലാത്തിനെയും കുറ്റപ്പെടുത്തുന്ന, എപ്പോഴും തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിക്കുന്ന പ്രവണതയെ വിമര്‍ശിക്കുന്ന പാട്ടാണ് 'മാരോ മാരോ'. ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന, അവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന്, എങ്ങനെ നടക്കണം എന്തൊക്കെ ചെയ്യണം എന്ന് സമൂഹങ്ങ് തീരുമാനിക്കുന്നു. അങ്ങനെ സമൂഹമെന്ത് വിചാരിക്കും എന്ന് കരുതി ഇഷ്ടമുള്ള കാര്യങ്ങളില്‍ ചിലത് മാറ്റിവെക്കുന്നു. അതിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒരു പാട്ടാണിത്. എ.ആര് റഹ്മാന് ആണ് ഇതിന്റെ മ്യൂസിക്. പ്രകൃതിക്ക് നേരെയുള്ള ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പാട്ട്. പൂച്ചക്കും പട്ടിക്കും സകല ജീവജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി. മനുഷ്യരെ മാത്രമല്ല, എല്ലാ ജീവികളെയും ജീവിക്കാന്‍ അനുവദിക്കണം. ഇങ്ങനെ ഇതര ജീവികളുടെ ജീവിതത്തിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം ചിത്രികരിക്കുന്ന 'എന്ജോയ് എന്‍ജാമി' എന്ന പാട്ടും എനിക്ക് ഏറെ ഇഷ്ടമാണ്.
ദാന റാസിഖ്
പോരാട്ട മാര്‍ഗ്ഗത്തിലെ ഫലസ്തീനി പോരാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നഹാസ് മാള രചിച്ച് സോളിഡാരിറ്റി നിർമിച്ച 'ഉയിരേകി ഗസ്സ' എന്ന് തുടങ്ങുന്ന പാട്ടാണ് ഏറെ ഇഷ്ടം. യുദ്ധത്തിന്റെ ആവേശം, പ്രതിരോധം ഇവ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് ആ പാട്ട് പാടിയത്.
ഫലസ്തീനി കവി മുഹമ്മദ് ദര്‍വീഷ് എഴുതിയ 'ഇക്ബാദല്....' എന്ന കവിത ഫഹീദലി ട്യൂണ്‍ ചെയ്തത് ഞാന്‍ ആലപിച്ചിരുന്നു. ഫലസ്തീനുമായി ബന്ധപ്പെട്ട ആ വരികള്‍ പാടുമ്പോള്‍ അവ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അതിന്റെ വരികളും ഈണവും വളരെ റലവെന്റ് ആണ്.