അറ്റം കാണാത്ത മരുഭൂമിയിലൂടെ അബൂബസ്വീര്‍ യാത്ര തുടര്‍ന്നു. ആകെ തളര്‍ന്നുപോയിരുന്നു. കഠിന ചൂട്, ദാഹം, പിന്നെ പിടിക്കപ്പെടുമോ എന്ന ഉള്‍ഭയം. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ആ യാത്ര. ഭയത്തെയും ദൗര്‍ബല്യങ്ങളെയും തള്ളിമാറ്റാനായാല്‍ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാം. മനോബലവും ധീരതയും പകര്‍ന്നു തരുന്ന 'മരുന്ന്' കഴിക്കുകയാണ് ആദ്യപടി. റസൂലിന്റെ വാക്കുകളിലും പ്രവൃത്തികളിലും റസൂലിനൊപ്പം പൊരുതുന്ന അനുയായികളിലുമാണ് ആ മരുന്ന് കാണാനാവുക. വേണമെങ്കില്‍ അതിന്റെ ആയിരമായിരം ഡോസ് കഴിക്കാം.
ഇതൊക്കെ ആലോചിച്ചപ്പോള്‍ അബൂബസ്വീറിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഒറ്റപ്പെടലും ഭീഷണിയും വിശപ്പും ദാഹവുമെല്ലാം അല്‍പനേരത്തേക്ക് മറന്നു. വേണമെങ്കില്‍ മക്കയില്‍ തന്നെ രോഗാതുരമായ, ആ മടുപ്പിക്കുന്ന ജീവിതം തനിക്കും ജീവിച്ചു പോകാമായിരുന്നു; മറ്റു മക്കക്കാരെപ്പോലെ. എങ്കില്‍ ജീവന് നേരെ ഭീഷണിയോ മറ്റു അപകടങ്ങളോ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, പ്രകാശത്തില്‍നിന്ന് എത്രകാലം മുഖം തിരിച്ച് നില്‍ക്കാനാവും? കാലാകാലം ഈ ഇരുട്ടിലും ചെളിയിലും പുതഞ്ഞ് കിടക്കാനാവുമോ? മക്കയില്‍ നടക്കുന്നതും യസ് രിബില്‍ നടക്കുന്നതും തമ്മില്‍ ഭീമമായ അന്തരമുണ്ട്. മുഹമ്മദ് വെളിപ്പെടുത്തുന്ന സത്യങ്ങളും അബൂസുഫ് യാനും കൂട്ടരും പറയുന്ന അസംബന്ധങ്ങളും ചേര്‍ത്ത് വെച്ചാല്‍ ഇത് മനസ്സിലാവുമല്ലോ. അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും കെട്ടുനാറിയ ജീവിതം നയിച്ച് ദൈവപാതയില്‍നിന്ന് പുറം തിരിഞ്ഞ് നില്‍ക്കാന്‍ ഞാന്‍ അന്ധനൊന്നുമല്ലല്ലോ.
വലിയ ആശ്വാസമാണ് അബൂബസ്വീറിന് ഇപ്പോള്‍ തോന്നുന്നത്. ശാന്തമായും സ്വസ്ഥമായും ചിന്തിക്കുന്ന ഒരാളുടെ ആശ്വാസം. മനസ്സില്‍ എന്ത് തോന്നുന്നുവോ അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ട്. താന്‍ വിശ്വസിക്കുന്നതെന്തോ അതിനെ ആശ്ലേഷിക്കാം. വളരെ മനോഹരം തന്നെ. ഇതാണ് യഥാര്‍ഥ ജീവിതം. പക്ഷേ, അപകടങ്ങള്‍ പതിയിരിക്കുകയാണ്. എന്ത് അപകടങ്ങള്‍! അബൂബസ്വീറിന്റെ വാള്‍ ഉറയിലുണ്ട്, ജീവിതം കൈയിലുമുണ്ട്. ഒരു ശക്തിക്കും മരണത്തിന് പോലും അയാളെ പിന്തിരിപ്പിക്കാനാവില്ല. യഥാര്‍ഥത്തില്‍ എന്താണ് മരണം? ചിന്തയില്ലാതെ, തീരുമാന ശേഷിയില്ലാതെ, സ്വാതന്ത്ര്യമില്ലാതെ അതിക്രമികളും വിദ്വേഷ പ്രചാരകരുമായ ആളുകള്‍ക്കിടയില്‍ ജീവിക്കുക. അവര്‍ നിങ്ങളുടെ ബുദ്ധിയുടെയും കേള്‍വിയുടെയും കവാടങ്ങള്‍ കൊട്ടിയടക്കുന്നു; ഒരു വാക്ക് പോലും ഉച്ചരിക്കാന്‍ അനുവദിക്കാതെ. ഇതല്ലേ മരണം?
യാത്ര ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. യ യസ് രിബിലെ ഈന്തപ്പനത്തോട്ടങ്ങള്‍ കണ്ടുതുടങ്ങി. സ്വര്‍ഗം പോലെ ശാന്തഗംഭീരമായ പ്രദേശം. മറ്റൊരാള്‍ക്കും അബൂബസ്വീര്‍ കണ്ടത് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. വഴിയില്‍ ചെറിയൊരു കൂരയുണ്ട്. കൂരയുടെ ഉള്ള് വളരെ ഇടുങ്ങിയത്. ഏതാനും കാരക്കച്ചുളകള്‍ മാത്രമേ അവിടെ ഉണ്ടാകാന്‍ ഇടയുള്ളൂ. പക്ഷേ, ആ കൂര, ലോകത്തെ ഏത് കൊട്ടാരത്തേക്കാളും മഹത്വമാര്‍ന്നതായി അബൂബസ്വീറിന് തോന്നി. അദ്ദേഹത്തിന്റെ ചിന്തയും അഭിലാഷങ്ങളും താന്‍ കാണുന്ന എന്തിനും പുതിയ രൂപങ്ങളും ഭാവങ്ങളും ചാലിച്ചു നല്‍കുകയാണ്.
അതെ, യസ് രിബ് സ്വര്‍ഗമാണ്. അവിടെയുള്ളവര്‍ വിശുദ്ധരായ മലക്കുകളും. മുഹമ്മദാണ് മുഴുവന്‍ പ്രതീക്ഷയും. അവിടെ സ്നേഹമുണ്ട്, ആദരവുണ്ട്, നന്മകളുടെ സമൃദ്ധിയുണ്ട്. നരകം എന്നത് തന്റെ ഭൂതകാല ജീവിതമാണ്. ദുഃഖങ്ങളുടെയും വഴിതെറ്റലിന്റെയും അരാജകത്വത്തിന്റെയും ഭൂതകാലം.
''വീട്ടുകാരാ, അസ്സലാമു അലൈക്കും.''
''വ അലൈക്കുമുസ്സലാം വറഹ് മത്തുല്ലാഹ്'
''ഞാന്‍ അബൂബസ്വീര്‍. വെളിച്ചമന്വേഷിച്ച് ഇറങ്ങിയതാണ്. ദൈവത്തിന്റെ തണലില്‍ ചെന്നണയാന്‍ വേണ്ടി.''
വീട്ടുകാരന്റെ മുഖം പ്രശോഭിതമായി.
''വലിയൊരു സദ്പ്രവൃത്തിയാണ് താങ്കള്‍ ചെയ്തത്''
''പ്രയാസമേറിയ യാത്ര ചെയ്ത് ഞാന്‍ പുണ്യാത്മാക്കളുടെ ഭൂമിയില്‍ എത്തിയിരിക്കുകയാണ്.''
''മാന്യസഹോദരാ. ദൈവസഹായം താങ്കള്‍ക്കൊപ്പമുണ്ടാകട്ടെ.''
അബൂബസ്വീര്‍ ഇടത്തോട്ടും വലത്തോട്ടും ശരീരമൊന്ന് ചാച്ച ശേഷം സ്വസ്ഥനായി ചോദിച്ചു.
''റസൂല്‍ ഇപ്പോള്‍ എവിടെയുണ്ട്?''
''വിശന്നും ദാഹിച്ചും താങ്കള്‍ വളരെ ക്ഷീണിതനായിരിക്കുന്നു. അല്‍പനേരം ഇരുന്നാല്‍, വഴിയില്‍നിന്ന് കഴിക്കാന്‍ ഞാന്‍ കുറച്ചു ഭക്ഷണം ഉണ്ടാക്കിത്തരാം.''
അപ്പോള്‍ അബൂബസ്വീറിന്റെ കണ്ണുകള്‍ വിവരിക്കാനാവാത്ത പലതരം വികാരങ്ങളാല്‍ ഇളകിക്കളിക്കുകയായിരുന്നു.
''എനിക്ക് ഹബീബായ റസൂലിനെ ഉടനെ കാണണം. വഴി പറഞ്ഞുതന്നാലും.''
കുടിലിലെ പാര്‍പ്പുകാരന്‍ കൊണ്ടുവന്ന തണുത്ത വെള്ളവും ഒരു കപ്പ് പാലും കുടിച്ചപ്പോള്‍ കണ്ണുകളുടെ ഇളകിക്കളി നിന്നു. കുറച്ച് കാരക്കച്ചുളകള്‍ കൂടി തിന്നപ്പോള്‍ അബൂബസ്വീറിന്റെ ശരീരം ഒന്നുണര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങി.
''ഞാന്‍ റസൂലിനെ കണ്ടുമുട്ടുമ്പോള്‍ എന്റെ ഭൂതകാലവും അതിന്റെ സങ്കടങ്ങളും ഞാന്‍ ആ കാല്‍ക്കല്‍ ഇറക്കിവെക്കും. എന്റെ ജീവനും ജീവിതവും ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കും. ഞാന്‍ പറയുക ഇങ്ങനെയായിരിക്കും: അബൂബസ്വീര്‍ തന്റെ ജീവിതവും താന്‍ ഉടമപ്പെടുത്തിയത് മുഴുവനും ഇതാ അല്ലാഹുവിന്നായി നല്‍കിയിരിക്കുന്നു. ഉടമപ്പെടുത്തിയത് എന്ന് പറയാന്‍ തുഛമായ വസ്തുക്കളേ ഉള്ളൂ എങ്കിലും.''
''സന്തോഷിച്ചുകൊള്ളൂ, അബൂബസ്വീര്‍. ഒരാള്‍ മുസ്ലിമായി എന്നറിഞ്ഞാല്‍, റസൂലിന് എന്തൊരു സന്തോഷമാണെന്നോ. ഭൂമി മുഴുവന്‍ സ്വര്‍ണവും വെള്ളിയും നിറഞ്ഞ് കണ്ടാലും അവിടുത്തേക്ക് അത്ര സന്തോഷം ഉണ്ടാവില്ല.''
''സ്വര്‍ണത്തെക്കുറിച്ചും വെള്ളിയെക്കുറിച്ചും പറയാതിരിക്കൂ. മണ്ണ് മൂടിക്കിടക്കുന്ന വിലപിടിച്ച ഖനിജങ്ങളെക്കുറിച്ച് പറയൂ.''
''ഖനിജങ്ങളോ, അതെന്താണ് അബൂബസ്വീര്‍?''
''വിലപിടിച്ച ഖനിജം എന്നാല്‍ മനുഷ്യന്‍ തന്നെ. ആ ഖനിജത്തെ മണ്ണിനടിയില്‍നിന്ന് ചേറും ചെളിയും കളഞ്ഞ് ശുദ്ധി ചെയ്തെടുക്കുകയാണ് റസൂല്‍.''
''താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരി.''
അബൂബസ്വീറിന് ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
''സുഹൃത്തേ, വഴി പറഞ്ഞു തന്നാലും.''
കുടിലുകാരന്‍ വേവിച്ച ഒരു ആടിന്റെ തുടയും അല്‍പം റൊട്ടിയും വെച്ചു നീട്ടിയപ്പോള്‍ അത് കൈകൊണ്ട് തടഞ്ഞ് അബൂ ബസ്വീര്‍ പറഞ്ഞു.
''സുഹൃത്തേ, അതിന്റെയൊന്നും ആവശ്യമില്ല. എന്നെ പോകാന്‍ അനുവദിക്കണം. എനിക്ക് ഒരു വഴികാട്ടിയെയും ആവശ്യമായി വരില്ല. ഏതൊരു മനുഷ്യനും സത്യം തേടി പുറപ്പെട്ടാല്‍ അത് കണ്ടെത്തുക തന്നെ ചെയ്യും.''
തന്റെ ഒട്ടകപ്പുറത്ത് കയറി അബൂബസ്വീര്‍ അതിനെ ഊക്കില്‍ തെളിച്ചു. മറ്റെയാള്‍ പിറകില്‍നിന്ന് വിളിച്ചു പറഞ്ഞു.
''റസൂലിനെ പള്ളിയില്‍ കാണാം. ഒന്നുകില്‍ അദ്ദേഹം നമസ്‌കരിക്കുകയായിരിക്കും; അല്ലെങ്കില്‍ ജനങ്ങളോട് സംസാരിക്കുകയായിരിക്കും.''
റസൂലിന്റെ പള്ളി. ആളുകള്‍ അടക്കം പറഞ്ഞു.
''ഇതാ സദ് വൃത്തനായ ഒരു മനുഷ്യന്‍. ഒരുപാട് നന്മകള്‍ ഉള്ളയാള്‍.''
ആ മധുരോദാരമായ കൂടിക്കാഴ്ച! അബൂബസ്വീറിന് ആ നിമിഷങ്ങള്‍ ഭാവന ചെയ്യാന്‍ പോലുമാവുന്നില്ല. സ്നേഹക്കടല്‍ ഇരമ്പുകയാണ് മനസ്സില്‍. ഇതാ റസൂലിന്റെ മുഖം. ആ പ്രദേശമൊന്നാകെ തിരുമുഖം പ്രകാശം പരത്തുന്ന പോലെ തോന്നി. താന്‍ സ്വപ്നം കണ്ട മഹിതമായ ജീവിത മൂല്യങ്ങള്‍ അവിടെയൊന്നാകെ പ്രസരിക്കുന്ന പോലെയും.
''റസൂലേ, താങ്കളിലേക്ക് എത്താന്‍ ഞാന്‍ വൈകിപ്പോയി. കുറെക്കാലം എന്റെ മനസ്സ് എന്നെ കീഴ് പെടുത്തി വെച്ചു. നഷ്ടപ്പെട്ട കാലങ്ങളെയോര്‍ത്ത് സങ്കടപ്പെടാന്‍ ഞാന്‍ അങ്ങയുടെ സന്നിധിയില്‍ വന്നിരിക്കുകയാണ്. എന്റെ പാപങ്ങള്‍ പൊറുത്ത് കിട്ടാന്‍ താങ്കള്‍ പ്രാര്‍ഥിക്കണം. ഞാനിതാ വിളംബരം ചെയ്യുന്നു: അല്ലാഹു അല്ലാതെ ഇലാഹില്ല; താങ്കള്‍ അവന്റെ അടിമയും ദൂതനുമാകുന്നു...''
റസൂല്‍ പുഞ്ചിരിച്ചു. വന്നതിലുള്ള സന്തോഷം, തൃപ്തി, സ്വാഗതമോതല്‍ എല്ലാം ആ പുഞ്ചിരിയിലുണ്ട്.
'അവിശ്വാസത്തിന്റെ ആ ദേശത്തേക്ക് ഇനിയെനിക്ക് ഒരു തിരിച്ചു പോക്കില്ല.''
അബൂബസ്വീര്‍ സന്മാര്‍ഗം പുല്‍കിയതിലുള്ള സന്തോഷം റസൂല്‍ ഒട്ടും മറച്ചുവെച്ചില്ല. ഈമാനിന്റെ മികച്ച പ്രകാശനമാണ് അബൂബസ്വീറിന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത്. പക്ഷേ, താന്‍ തന്റെ ജീവിത കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ റസൂലിന്റെ തിരുമുഖത്ത് അല്‍പം കാളിമ പടരുന്നത് അബൂബസ്വീര്‍ അത്ഭുതത്തോടെ കണ്ടു.
നിര്‍ണായക നിമിഷം. പെട്ടെന്ന് അബൂബസ്വീറിന്റെ ചിന്തയിലേക്ക് ഹുദൈബിയാ സന്ധി, അതില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ഒക്കെ കടന്നുവന്നു. തിരിച്ച് മക്കയിലേക്ക് തന്നെ പോകേണ്ടി വരുമോ? ആ തിരിച്ചുപോക്ക് അസാധ്യം. അബൂബസ്വീര്‍ അസ്വസ്ഥനായി ചോദിച്ചു.
''എന്താണ് തിരുദൂതരേ?''
അപ്പോള്‍ റസൂല്‍ ഒന്നും പറഞ്ഞില്ല. തീരുമാനം പിന്നേക്കായി നീട്ടി. ഏതാനും ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ആമിര്‍ ഗോത്രത്തിലെ ഒരാള്‍ ഒരെഴുത്തുമായി നബിയുടെ അടുക്കലെത്തി. അബൂബസ്വീര്‍ എന്നൊരാള്‍ യജമാനന്റെ കണ്ണ് വെട്ടിച്ച് മക്കയില്‍നിന്ന് മദീനയിലേക്ക് ഓടിപ്പോന്നിരിക്കുന്നു, അയാളെ തിരിച്ച് കൊടുക്കണം. ഹുദൈബിയാ സന്ധിപ്രകാരം അതാണല്ലോ വ്യവസ്ഥ.
ഇത് കേട്ടപ്പോള്‍ ഉമര്‍ബ്നുല്‍ ഖത്താബിന് കോപം അടക്കാനായില്ല. മുമ്പ് പറഞ്ഞത് തന്നെ അദ്ദേഹം ആവര്‍ത്തിച്ചു. ഇതൊരു ചൂരും ചുണയുമില്ലാത്ത ഉപാധിയാണ്. റസൂല്‍ അത് അംഗീകരിക്കാന്‍ പാടില്ലായിരുന്നു. സ്വഹാബികളും പരിഭ്രാന്തരായി അടക്കം പറയുന്നു. ശ്വാസമയക്കാന്‍ പ്രയാസപ്പെട്ട് അബൂബസ്വീര്‍ ഒരിടത്ത് ഇരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഒരെത്തും പിടിയും കിട്ടുന്നില്ല.
ഒടുവില്‍ റസൂല്‍ പറഞ്ഞു:
''അബൂബസ്വീര്‍, ഈ ആളുകളുമായി നമുക്കൊരു ഉടമ്പടിയുണ്ട്. അത് താങ്കള്‍ക്കറിയാമല്ലോ. നമ്മുടെ ദീനില്‍ സന്ധിവ്യവസ്ഥകള്‍ ഒരിക്കലും ലംഘിക്കാന്‍ പാടില്ല. അല്ലാഹു താങ്കള്‍ക്കും ഒരു രക്ഷാമാര്‍ഗം തുറന്നു തരാതിരിക്കില്ല. ആയതിനാല്‍ താങ്കള്‍ മക്കയിലേക്ക് തിരിച്ച് പോകണം.''
അബൂബസ്വീര്‍ ചാടിയെണീറ്റു. മുഖമാകെ വിളറിപ്പോയിരുന്നു. കൈകാലുകള്‍ വിറച്ചു.
'ദൈവദൂതരേ, ഈ ദീന്‍ കാരണം എന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അവിശ്വാസികളായ അതിക്രമികളിലേക്ക് എന്നെ തിരിച്ചയക്കുകയാണോ? ഓടിപ്പോന്ന അടിമയോട് ഒട്ടും കാരുണ്യം കാണിക്കുന്നവരല്ല അവര്‍.''
അബൂബസ്വീറിന് ഭൂമി വട്ടം കറങ്ങുന്നതായി തോന്നി. മക്കയിലേക്ക് പോകാതെ നിവൃത്തിയില്ല. തന്നെയും വഹിച്ച് വാഹനം അവിടെ എത്തുമ്പോള്‍ എന്തൊക്കെ അപമാനങ്ങളാണ് സഹിക്കേണ്ടി വരിക. എങ്ങനെയൊക്കെ പീഡിപ്പിക്കാമോ, എങ്ങനെയൊക്കെ അഭിമാനം ക്ഷതപ്പെടുത്താമോ അതൊക്കെ അവര്‍ ചെയ്യും. ഇനിയൊരു അടിമയും ഓടിപ്പോകാതിരിക്കാന്‍, അവര്‍ക്ക് പാഠമാകാന്‍. പക്ഷെ, മക്കയിലേക്ക് മടങ്ങിപ്പോവുക! അത് അസാധ്യമാണ്. ഈ അപമാനത്തേക്കാള്‍ ഉത്തമം മരണമാണ്. അബൂബസ്വീര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിട്ടുണ്ടെങ്കില്‍, ആ ദീനില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല...
റസൂലിന്റെ ശബ്ദം കേട്ടാണ് അബൂബസ്വീര്‍ ചിന്തയില്‍നിന്നുണര്‍ന്നത്. അവിടുന്ന് നേരത്തെ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയാണ്. റസൂലിന്റെ ആജ്ഞ പിന്‍പറ്റുകയല്ലാതെ നിവൃത്തിയില്ല. അബൂബസ്വീര്‍ തലതാഴ്ത്തി ആമിര്‍ ഗോത്രക്കാരന്റെ പിന്നാലെ നടന്നു. അവര്‍ മക്കയിലേക്ക് തിരിച്ചുപോവുകയാണ്. ആമിര്‍ ഗോത്രക്കാരന്റെ കൂടെ സഹായിയായി ഒരു അടിമയും ഉണ്ട്.
അവിടെക്കൂടിയ ജനങ്ങള്‍ക്കുണ്ടായ വേദനയും സങ്കടവും! അബൂബസ്വീറിനെ വാഹനത്തില്‍ കയറ്റി മക്കയിലേക്ക് കൊണ്ടുപോവുകയാണ്. അവര്‍ക്ക് ഇത്രമാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ.
''ഇത് അല്ലാഹുവിന്റെ കല്‍പ്പനയാണ്, റസൂലിന്റെ കല്‍പ്പനയാണ്. അബൂബസ്വീറിനും അദ്ദേഹത്തെപ്പോലുള്ളവര്‍ക്കും അല്ലാഹു രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കാതിരിക്കില്ല.''
അബൂബസ്വീര്‍ നടക്കാന്‍ പാടുപെട്ടു. കാല്‍പാദങ്ങള്‍ കനം തൂങ്ങുന്ന പോലെ. ശരീരം തളരുകയാണ്. ദൃഷ്ടി എവിടെയും ഉറക്കുന്നില്ല. മനസ്സ് വിപ്ലവബോധത്താല്‍, സങ്കടത്താല്‍ തിളച്ചു മറിയുകയാണ്. തനിക്ക് ചിന്തിക്കാന്‍ സ്വാതന്ത്ര്യമില്ലേ? തനിക്ക് ശരിയെന്ന് തോന്നുന്നത് വിശ്വസിച്ചു കൂടേ? തന്റെ സത്യദീനിലേക്കുള്ള വഴിമുടക്കുന്നത് എന്തായിരുന്നാലും അത് അല്ലാഹുവിന് ഇഷ്ടമല്ല; അത് ഹുദൈബിയാ സന്ധിയുടെ വ്യവസ്ഥകളായിരുന്നാലും ശരി. അല്ലാഹുവേ, മാപ്പ്... ഈ സംഭവങ്ങള്‍ക്ക് പിറകിലൊക്കെ നമുക്ക് മനസ്സിലാകാത്ത യുക്തികള്‍ ഒളിഞ്ഞിരിപ്പുണ്ടാവും.
ഇനി അബൂബസ്വീര്‍ സ്വയം തന്നെ ഒരു രക്ഷാമാര്‍ഗം കണ്ടെത്തുകയില്ല എന്ന് ആരറിഞ്ഞു!
(തുടരും)